5/23/13

THE GHOSTS OF KROORAMANGALA - FINAL PART




കഴിഞ്ഞ രംഗത്തിന്റെ തുടർച്ച 


എന്റെ മുറിയിലെ കസേരയിൽ ഇരുന്നു ഗോപാലകൃഷ്ണൻ കിതച്ചു:

"എയർപോർട്ടിൽ നിന്നും ക്രൂരമങ്കലയിൽ വന്നിറങ്ങുമ്പോൾ സമയം നട്ടപ്പാതിര. അച്ചായനെ ഫോണ്‍ ചെയ്തിട്ട് കിട്ടിയില്ല. ഒരു വിധത്തിൽ വഴി ചോദിച്ച് പാലസിലേക്ക് വണ്ടി വിട്ടെങ്കിലും വഴിക്ക് ബ്രേക്ക് ഡൌണായി. അപ്പോളാണ് ഒരാള് ലിഫ്റ്റ് ഓഫർ ചെയ്തത്. ഒരു പഴയ BMW! പിന്നെ എനിക്കൊന്നും ഓർമ്മയില്ല! ബോധം തെളിയുമ്പോൾ ഇവിടെ ഈ ഇടനാഴിയിൽ കിടക്കുകയാണ്!"

ഗോപാലകൃഷ്ണൻ അപ്പോൾ തന്നെ അടുത്തുള്ള ഒരു ഹോട്ടലിലേക്ക് മാറി.

പിറ്റേന്ന് പ്രഭാതമാവാൻ ഞാൻ കാത്തിരുന്നു. ഡിങ്കൻ വട്ടോളി അച്ചനെ എത്രയും പെട്ടന്ന് കാണണം.

പക്ഷെ പിറ്റേന്നും അതിന്റെ അടുത്ത ദിവസങ്ങളിലും അച്ചന്റെ മുറി അടഞ്ഞു കിടന്നു!


*******************************

അച്ചായൻ ഗോപാലകൃഷ്ണനെ കണ്ടുമുട്ടിയ ആ രാത്രി കഴിഞ്ഞു പിറ്റേന്ന് പുലർച്ചെ സമയം ഏകദേശം 2 മണി. ക്രൂരമങ്കല പാലസ് - ഉൾവശം - ഒരു നീണ്ട ഇടനാഴി 

ഇടനാഴിയിലെ അരണ്ട വെളിച്ചത്തിൽ ഒരു രൂപം നടന്നു പോകുന്നതിന്റെ പിന്നിൽ നിന്നുള്ള ദൃശ്യം 

ഇടനാഴിയുടെ അങ്ങേ അറ്റത്തു ഒരു ചെറിയ അറയുടെ വാതിലിനു മുന്നിൽ ഒരു നിമിഷം നില്ക്കുന്ന രൂപം. വാതിൽ തുറന്നു ഉള്ളിൽ പ്രവേശിക്കുന്നു.

നമ്മൾ ഇപ്പോൾ വാതിലിനു തൊട്ടു പുറത്ത് ഇടനാഴിയിൽ.

ഉള്ളിൽ എന്തോ തിരയുന്നതിന്റെ ശബ്ദ കോലാഹലം. 

മുറിക്കുള്ളിലെ ദൃശ്യം: അടഞ്ഞു കിടക്കുന്ന ഒരു ജാലകത്തിനു തിരിഞ്ഞു, നമുക്ക് പുറംതിരിഞ്ഞ്, ആ രൂപം നില്ക്കുകയാണ്.

പെട്ടന്ന് ആ മുഖം നമുക്ക് നേരെ തിരിക്കുന്നു. മുറിയിലെ അരണ്ട വെളിച്ചത്തിലും നമുക്കിപ്പോൾ വ്യക്തമായി കാണാം: വിക്ക്രുത്തമ്പുരാൻ!

താൻ പ്രതീക്ഷിച്ചതെന്തോ കാണാൻ കഴിയാത്തതിന്റെ വെറുപ്പും നിരാശയും ഇടകലർന്ന രൂക്ഷമായ മുഖഭാവവുമായി  വിക്ക്രുത്തമ്പുരാൻ!!

വിക്ക്രുത്തമ്പുരാൻ പതുക്കെ മുറിയിൽ നിന്നിറങ്ങി പുറത്തെ വരാന്തയിലൂടെ നടന്നകലുന്നു.

തമ്പുരാൻ നടന്നകന്നപ്പോൾ സമീപത്തെ ഒരു തൂണിന്റെ മറവിൽ നിന്നും പുറത്തേക്ക് വരുന്ന വട്ടോളി അച്ചനും മിസ്റ്റർ നായരും.

നായർ: അച്ചോ കൃത്യസമയത്ത് അങ്ങെത്തിയത് കൊണ്ട് ഞാൻ രക്ഷപ്പെട്ടു. തമ്പുരാൻ എന്നെ ഇവിടെ ഇട്ടു പൂട്ടിയിട്ട് രണ്ടു ദിവസമായി!

നായരെയും കൊണ്ട്  അവിടം വിടുന്ന വട്ടോളി അച്ചൻ.


*******************************

പ്രഭാതം
ക്രൂരമങ്കല പാലസ്

ക്രൂരമങ്കല പാലസിന്റെ ഗേറ്റിന് കുറച്ചകലെ ആയി വന്നു നില്ക്കുന്ന ഒരു ആംബുലൻസ്. സർവ്വസജ്ജമായ ആംബുലൻസിന്റെ ഡ്രൈവിംഗ് സീറ്റിന്റെ വാതിൽ തുറക്കുന്നു. പുറത്തേക്കിറങ്ങുന്ന ഡ്രൈവർ: മാന്നാർ മത്തായിച്ചൻ!!

ക്രൂരമങ്കല പാലസ് ഔട്ട്‌ഹൗസിലെ വിനു അച്ചായന്റെ മുറി.
കതക് ഉള്ളിൽ നിന്നും പൂട്ടിയിരിക്കുന്ന മുറിയുടെ ഇടനാഴിയിൽ നിന്നുമുള്ള ദൃശ്യം. അടുത്ത് വരുന്ന ഒരു കാലടി ശബ്ദം. മുറിയുടെ വാതിലിനു താഴെയുള്ള വിടവിലൂടെ ഒരു വെളുത്ത എൻവെലപ്പ്‌ മുറിക്കുള്ളിലേക്ക് നിക്ഷേപിക്കുന്ന ഒരു കൈ.

ആ കാലടി ശബ്ദം അകന്നകന്നു പോകുന്നു.

ക്രൂരമങ്കല പാലസ് - വിക്ക്രുത്തമ്പുരാന്റെ ഉറക്കമുറി - പുറത്ത് നിന്നുള്ള ദൃശ്യം.

അടുത്ത് വരുന്ന കാലടി ശബ്ദം. നേരത്തെ നമ്മൾ കണ്ട ആ കൈ - അത് തമ്പുരാന്റെ മുറിയുടെ കതകിനു സമീപത്തുള്ള ചെറിയ ജാലകപ്പടിയിൽ പിടിച്ചു നില്ക്കുന്നു. അത് മിസ്റ്റർ നായരാണ്! അയാൾ ചുറ്റും ശ്രദ്ധിക്കുകയാണ്.

നായർ പതുക്കെ വിക്ക്രുത്തമ്പുരാന്റെ മുറിയെ അഭിമുഖീകരിക്കുന്നു. 

വീണ്ടും അച്ചായന്റെ മുറി.
ഉറക്കമുണർന്നു എഴുന്നേൽക്കുന്ന അച്ചായൻ. തറയിൽ കിടക്കുന്ന എൻവെലപ്പ്‌ അയാൾ കുനിഞ്ഞെടുക്കുന്നു. അതിൽ ഒരു സന്ദേശം:  "രാവിലെ 8 മണിക്കുള്ള കാട്ടുതീ ന്യൂസ് കാണുക."

അച്ചായന് ഒന്നും മനസ്സിലാവുന്നില്ല. അയാളാ എൻവെലപ്പ്‌ തിരിച്ചും മറിച്ചും നോക്കി. ഓടിച്ചെന്നു മുറിയിലുള്ള ടീവീ ഓണ്‍ ചെയ്യുന്നു. കാട്ടുതീ ന്യൂസ് തുടങ്ങുകകായാണ്. 

ന്യൂസ്‌ ആങ്കറെ കണ്ടു ഞെട്ടിത്തരിക്കുന്ന അച്ചായൻ: മലമൂപ്പൻ!!!

"കാട്ടുതീയുടെ പ്രഭാത വാർത്തകളിലേക്ക് സ്വാഗതം", മൂപ്പൻ വായിച്ചു തുടങ്ങി. പ്രത്യേകത ഒന്നും തോന്നിക്കാത്ത ഒരു പിടി വാർത്തകൾ. ഇതൊരു തമാശ ആയിരുന്നോ എന്ന് അച്ചായൻ ചിന്തിച്ചു തുടങ്ങിയ വേളയിൽ ആ വാർത്ത വന്നു.
"പ്രശസ്തമായ ക്രൂരമങ്കല പാലസിലെ ഇപ്പോളത്തെ രാജാവ് ശ്രീ വിക്ക്രമൻ മുത്തു തമ്പുരാൻ നാടുനീങ്ങി."

അച്ചായനു തന്റെ ഹൃദയം നിലച്ചു പോയത് പോലെ തോന്നി. താഴെ വീഴാതിരിക്കാൻ ഇരിക്കുന്ന കസേരയുടെ കൈവരികളിൽ അയാൾ മുറുകെ പിടിച്ചു.
വാർത്ത തുടരുകയാണ്...
തമ്പുരാന്റെ വിയോഗത്തിൽ രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ അനുശോചിച്ചു. സോഷ്യൽ മീഡിയ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച ക്രൂരമങ്കല രാജവംശത്തിന്റെ അമരക്കാനായിരുന്ന തമ്പുരാൻ ഏറെ നാളുകളായി വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. 1938 ൽ ഇപ്പോൾ ബംഗ്ലൂരിന്റെ ഭാഗമായിരിക്കുന്ന പണ്ടത്തെ ക്രൂരമങ്കല സംസ്ഥാനത്ത് ജനിച്ച വിക്ക്രമൻ മുത്തു തമ്പുരാൻ ....
ഒരു ഹ്രസ്വമായ ജീവചരിത്രവായനക്ക് ശേഷം കാട്ടുതീ മറ്റു വാർത്തകളിലേക്ക് കടന്നു.

അതെ സമയം - ബ്ലാഷ്ക്കെയുടെ വില്ല
കാട്ടുതീ ചാനലിൽ വിക്ക്രുത്തമ്പുരാന്റെ മരണം സംബന്ധിച്ച വാർത്ത അവിശ്വസനീയതയോടെ കേട്ടിരിക്കുന്ന ബ്ലാഷ്ക്കെ, രാംജി റാവു, മഹേന്ദ്രൻ എന്നിവർ.

വാർത്ത കഴിഞ്ഞതും ആഹ്ലാദത്തോടെ നൃത്തം ചെയ്യാൻ ആരംഭിക്കുന്ന മഹേന്ദ്രൻ: "ബ്ലാഷ്ക്കെജീ ഇനിയാരെ പേടിക്കണം? ഇനി അങ്ങ് തന്നെ കിരീടം വയ്ക്കാത്ത ബ്ലോഗു രാജാവ്!!"

ക്ഷോഭത്തോടെ എഴുന്നേൽക്കുന്ന ബ്ലാഷ്ക്കെ, അയാള് മഹേന്ദ്രന്റെ കവിളത്ത് ആഞ്ഞടിക്കുന്നു. രാംജി ഇരുന്നിടത്ത് നിന്ന് അറിയാതെ എഴുന്നേറ്റുപോയി!

ബ്ലാഷ്കെ: യൂ ബ്ലഡി ഫൂൾ! ഒരാള് മരിച്ചു എന്ന് കേൾക്കുമ്പോൾ സന്തോഷിക്കുകയാണോ വേണ്ടത്? വിക്ക്രു ഇല്ലാതെ ഇനി എന്ത് ബ്ലോഗ്‌ എഴുത്ത്? വിക്ക്രുവിനെ പോലെ ഒരു വലിയ മനുഷ്യനോട് മത്സരിക്കുന്നു എന്നതായിരുന്നു എന്റെ ഏറ്റവും വലിയ ലഹരി. അത് നഷ്ട്ടപ്പെട്ടിരിക്കുന്നു!

നിരാശയോടെ തന്റെ മുറിയിലേക്ക് പോകുന്ന ബ്ലാഷ്കെ. അത് നോക്കി നില്ക്കുന്ന മഹേന്ദ്രനും രാംജിയും.

വീണ്ടും അച്ചായന്റെ മുറി
ഒരു ആംബുലൻസിന്റെ സൈറണ്‍ മുഴങ്ങുന്നതിന്റെ വിദൂരശബ്ദം അച്ചായൻ കേട്ടു. അയാൾ പതുക്കെ എഴുന്നേറ്റു, തന്റെ മുറിക്കു പുറത്തേക്ക് നടന്നു.

ആളുകളും ആരവവും പ്രതീക്ഷിച്ചു പുറത്തേക്ക് നോക്കിയ അച്ചായന് അത്ഭുതം. ഒരു മരണം നടന്നതിന്റെ യാതൊരു ലാഞ്ചനയും എങ്ങും കാണാനില്ല! 

തിരിച്ച് തന്റെ മുറിയിലേക്ക് കയറുന്ന അച്ചായൻ. കാട്ടുതീ ചാനെലിൽ ഇപ്പോൾ പരസ്യമാണ്. മൂപ്പൻ വീണ്ടും സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു:

"മാന്യപ്രേക്ഷകർ ക്ഷമിക്കണം. അല്പ്പം മുൻപ് ഞങ്ങൾ സംപ്രേക്ഷണം ചെയ്ത "ക്രൂരമങ്കലയിലെ വിക്ക്രമൻ മുത്തു തമ്പുരാൻ അന്തരിച്ചു" എന്ന വാർത്ത തെറ്റായിരുന്നു. അദ്ദേഹം പൂർണ്ണാരോഗ്യവാനായിരിക്കുന്നു. തമ്പുരാനോടും ക്രൂരമങ്കല പാലസിനോടും ഞങ്ങൾ മാപ്പ് ചോദിക്കുന്നു. തമ്പുരാനെ നേരിട്ട് കണ്ടു മാപ്പ് പറയാനായി ഞങ്ങൾ അങ്ങോട്ട്‌ പുറപ്പെടുകയാണ്."

ദേഷ്യം കൊണ്ട് ചുവന്ന മുഖവുമായി അച്ചായൻ. എന്ത് ചെയ്യണമെന്നു അയാൾക്ക് നിശ്ചയമില്ല. അയാൾ മൊബൈൽ ഫോണ്‍ കടന്നെടുക്കുന്നു. മൂപ്പന്റെ നമ്പർ ഡയൽ ചെയ്തു. ആരും കോൾ റിസീവ് ചെയ്യുന്നില്ല. 

പെട്ടന്ന് കതകിനു കീഴെ മറ്റൊരു വെളുത്ത എൻവലപ്പ് കിടക്കുന്നത് അയാൾ ശ്രദ്ധിക്കുന്നു. അച്ചായൻ അത് കുനിഞ്ഞെടുത്തു വായിക്കുന്നു:

"ഹോട്ടൽ ലൂസിയ ഇന്റർനാഷണൽ - സ്യൂട്ട് നമ്പർ 9 - 11 മണി"


*******************************

ഹോട്ടെൽ ലൂസിയ
ടാക്സിയിൽ വന്നിറങ്ങുന്ന അച്ചായൻ. 


Suite No 9 - ഫാദർ വട്ടോളിയുടെ ഹോട്ടൽ റൂം!

റൂമിൽ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങളുമായി ഫാദർ ഡിങ്കൻ വട്ടോളി ഇരുന്നു. കൂടെ മത്തായിച്ചൻ, മലമൂപ്പൻ, പിന്നെ മിസ്റ്റർ നായറും!!

കൂടുതൽ വിശദീകരണങ്ങൾക്കൊന്നും മുതിരാതെ അച്ചൻ ആ കഥ പറയാൻ തുടങ്ങി.

ബ്ലോഗുകളുടെ സംഗീതം നിലച്ചു പോയിരുന്ന ക്രൂരമങ്കലയുടെ കഥ. ബ്ലോഗുകൾ പിറക്കാത്ത ക്രൂരമങ്കലയെ ഒരിക്കലും ഉൾക്കൊള്ളാൻ കഴിയാതെ, പല മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഇല്ലാത്ത ഒരു ബ്ലോഗിങ് സംസ്കാരം ക്രൂരമങ്കല പാലസിന് ചുറ്റും പടുത്തുയർത്താൻ ശ്രമിച്ച, ഇപ്പോളും ശ്രമിച്ചു കൊണ്ടിരിക്കുന്ന, ഒരു രാജാവിന്റെ കഥ!

പ്രശസ്ഥരായ പല ബ്ലോഗർമാർക്കും ജന്മം നല്കിയ ക്രൂരമങ്കല പാലസ് ഒരു 1990 കാലത്തോടെ പൂർണ്ണമായും ബ്ലോഗിങ് സംസ്കാരത്തോട് വിട പറഞ്ഞിരുന്നു. സാത്ത് തമ്പുരാന്റെ കാലത്ത് തുടങ്ങിയ തകർച്ച! കാര്യമായ പ്രോത്സാഹനങ്ങൾ ഒന്നും ലഭിക്കാഞ്ഞതിനാൻ കൊട്ടാരത്തിലെ പുതുതലമുറ ബ്ലോഗിങ്ങിനെ പൂർണ്ണമായും തിരസ്ക്കരിച്ചു.

എന്നാൽ കുലീനമായ ഒരു സംസ്കാരത്തിന്റെ തകർച്ചയിൽ ഏറെ വേദനിച്ച ഒരു രാജാവുണ്ടായിരുന്നു - വിക്ക്രമൻ മുത്തു തമ്പുരാൻ. ന്യൂ ജെനെരെഷൻ ബ്ലോഗിങ്ങിനു മുന്നിൽ ക്രൂര ബ്ലോഗിങ് തലകുനിക്കുന്നത് അദ്ദേഹത്തിനു താങ്ങാൻ കഴിഞ്ഞില്ല.

ചെറുപ്പത്തിൽ പ്രോത്സാഹനം ലഭിക്കാഞ്ഞതിനെ തുടർന്ന് ബ്ലോഗ്‌ എഴുത്തിൽ ഒരു സ്ഥാനത്ത് എത്താൻ സാധിക്കാതിരുന്ന അദ്ദേഹം പക്ഷെ തന്റെ മകൻ ഞാനാരാ മേനോൻ ഒരു വലിയ ബ്ലോഗറായിക്കാണാൻ ആഗ്രഹിച്ചു, അതിനായുള്ള എല്ലാ പരിശീലനങ്ങളും നല്കി.

പക്ഷെ തമ്പുരാനു വലിയ ഒരു ആഘാതം ഏൽപ്പിച്ചു കൊണ്ട് ഞാനാരാ മേനോൻ വിദേശത്തെക്ക് ചേക്കേറുകയാണ് ചെയ്തത്. ബ്ലോഗിങ്ങിൽ പിതാവ് ഉദ്ദേശിച്ച ഒരു സ്ഥാനത്ത് എത്താൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.

ആകെ തകർന്ന വിക്ക്രുത്തമ്പുരാന്റെ മനസ്സ് പതുക്കെ തെറ്റായ ഒരു ദിശയിലേക്ക് നീങ്ങുകയായിരുന്നു. ബ്ലോഗിങ്ങിൽ ഇപ്പോളും മുൻപന്തിയിൽ തന്നെ ആണ് ക്രൂരമങ്കല പാലസ് എന്ന് ലോകത്തെ വിശ്വസിപ്പിക്കാൻ സമനില തെറ്റിയ ആ  മനസ്സ് പല മാർഗ്ഗങ്ങളും തേടി.

ബ്ലോഗിങ്ങിനെ പ്രോത്സാഹിപ്പിക്കാൻ എന്നാ വ്യാജേനെ തമ്പുരാൻ പല പ്രവർത്തങ്ങളും നടത്തി. ഒരു ബ്ലോഗ്‌ തരംഗം പാലസിന് ചുറ്റും പടുത്തുയർത്താ തമ്പുരാൻ വാരിക്കോരി പണം ചിലവഴിച്ചു. "ക്രൂരമങ്കല രാജ കുടുംബത്തിൽ നിന്നു ആരും ബ്ലോഗുകൾ എഴുതുന്നില്ല" എന്ന യാഥാർഥ്യത്തെ മൂടി വയ്ക്കാനുള്ള പ്രവർത്തനങ്ങളായിരുന്നു അതൊക്കെ!

നിഷ്ക്കു നാഗമ്പടം എന്ന അക്കാലത്തെ പ്രതിഭാധനനായ ഒരു യുവബ്ലോഗർ 'ബ്ലോഗിംഗ് രംഗത്ത് ക്രൂരമങ്കല പാലസിന്റെ തകർച്ച" എന്ന വിഷയത്തെ കുറിച്ച് ഒരു ബ്ലോഗ്‌ എഴുതാൻ തീരുമാനിച്ചതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു!

തമ്പുരാന്റെ ആ പ്രത്യേക മാനസികാവസ്ഥ ഒരു ക്രിമിനൽ സ്വഭാവം കൈക്കൊള്ളുകയായിരുന്നു!
പത്തു വർഷം മുൻപ് ഒരു ബ്ലോഗിങ് സ്കൂൾ തുടങ്ങുക എന്ന വ്യാജേന നിഷ്ക്കു നാഗമ്പടത്തെ തമ്പുരാൻ ക്രൂരപാലസിൽ എത്തിച്ചു. ഇന്ദ്രജാലത്തിൽ അഗ്രഗണ്യനായിരുന്ന തമ്പുരാൻ പിന്നീട് തന്റെ മാന്ത്രികവിദ്യകൾ ഉപയോഗിച്ച് നിഷ്ക്കുവിന്റെ മനസ്സിന്റെ കടിഞ്ഞാൻ തന്റെ കയ്യിലാക്കി.

ലോകത്തിന്റെ ശ്രദ്ധയിൽ നിന്നും പതുക്കെ മറഞ്ഞ നിഷ്ക്കുവിന്റെ ബ്ലോഗുകൾ പക്ഷെ ഇപ്പോളും നമ്മളെ ആകർഷിക്കുന്നുണ്ട്!!

ഒരു നിമിഷം നിർത്തി അച്ചൻ തുടർന്നു: ഞാനാരാ മേനോന്റെ പേരില് പ്രസിദ്ധീക്രുതമാവുന്ന ബ്ലോഗുകൾ വർഷങ്ങളായി മേനോന് വേണ്ടി എഴുതുന്നത് നിഷ്ക്കുവാണ്. ബ്ലുക്കർ പ്രൈസിന്റെ ഫൈനലിൽ കടന്ന ബ്ലോഗ്‌ അടക്കം!

ചോദ്യങ്ങൾ ഒന്നും ചോദിക്കാൻ ശേഷി ഇല്ലാതെ കേട്ടിരിക്കുന്ന അച്ചായൻ.

നിഷ്ക്കുവിന്റെ മാനസിക നില തെറ്റി അദ്ദേഹം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ മാത്രമാണ് കാര്യങ്ങൾ കൈ വിട്ടു പോയി എന്ന കാര്യം ഞാനാരാ മേനോൻ മനസ്സിലാക്കുന്നത്!

ഒരു വശത്ത് മാനസിക നില തെറ്റി ഒരു ക്രിമിനൽ സ്വഭാവത്തിന്റെ പടിവാതിൽക്കൽ എത്തി നില്ക്കുന്ന പിതാവ്. മറുവശത്ത് നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരന്റെ ജീവിതം.

മനശാസ്ത്രത്തിൽ പ്രഗത്ഭനായിരുന്ന മേനോൻ നിഷ്ക്കുവിനെ ചികിത്സിച്ചു ഭേദമാക്കി. എന്നാൽ വിക്ക്രുത്തമ്പുരാന്റെ കാര്യത്തിൽ വളരെ വ്യത്യസ്തമായ ഒരു ചികിത്സാ രീതി ആണ് അദ്ദേഹം പിന്തുടർന്നത്. He never confronted his Dad with the truth! 

പകരം തമ്പുരാനെ തമ്പുരാന്റെ ഇഷ്ട്ടത്തിനു വിട്ടു. അദ്ദേഹത്തിനു ഇഷ്ട്ടമുള്ള കാര്യങ്ങൾ ചെയ്യാൻ അനുവദിച്ചു. കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കിയ നിഷ്ക്കു മേനോന്റെ സഹായത്തിനെത്തി. നല്ല ഒരു പ്രതിഫലം നല്കി, തന്റെ കൂടെ നിർത്തി, നിഷ്ക്കുവിനെ മേനോൻ തന്റെ ഗോസ്റ്റ് റൈറ്റർ ആക്കി.

നിഷ്ക്കു മേനോന്റെ പേരിൽ ബ്ലോഗുകൾ എഴുതാൻ തുടങ്ങി. മധ്യവയസ്സിൽ തന്റെ ബ്ലോഗിങ് പാടവം തിരിച്ചറിഞ്ഞ മകനെ കണ്ടു തമ്പുരാൻ സന്തോഷിച്ചു. പതുക്കെ അദ്ദേഹം പൂർവ്വസ്ഥിതിയിലേക്ക് മടങ്ങി വരികയായിരുന്നു. 

അപ്പോളാണ് ബ്ലുക്കർ പ്രൈസിന്റെ ഫൈനലിൽ നിഷ്ക്കു മേനോന് വേണ്ടി എഴുതിയ ബ്ലോഗും അച്ചായന്റെ ബ്ലോഗും എത്തുന്നത്.

പുരസ്കാരത്തിന്റെ ഫൈനൽ ലൈനപ്പ് വളരെ മുൻപേ അറിഞ്ഞ തമ്പുരാന്റെ കണ്ണുകൾ ഇപ്പ്രാവശ്യം വിനു അച്ചായന്റെ മേൽ ഉടക്കി. ഈ ന്യൂ ജെനറേഷൻ ബ്ലോഗർ ഫൈനലിൽ മേനോനെ പിൻതള്ളാനുള്ള സാധ്യത മുൻകൂട്ടിക്കണ്ട തമ്പുരാൻ പതുക്കെ വീണ്ടും പഴയ തമ്പുരാനാവുകയായിരുന്നു!

അങ്ങിനെ പത്തു വർഷത്തിനു ശേഷം വീണ്ടും ഒരു ബ്ലോഗിങ് സ്കൂൾ നാടകം. അദ്ദേഹം അച്ചായനെ ക്രൂര പാലസിൽ എത്തിച്ചു.

അച്ചായാ, താങ്കളെ മറ്റൊരു നിഷ്ക്കു ആക്കി മാറ്റാനുള്ള പ്രവർത്തനങ്ങളാണ് അതിനു ശേഷം നടന്നതൊക്കെ. പക്ഷെ താങ്കൾ എങ്ങിനെയോ പിടിച്ചു നിന്നു!

വിനു അച്ചായൻ ക്രൂരമങ്കലയിൽ എത്തുന്നതിനു മുൻപ് തന്നെ, പഴയ "ദുഷ്ട്ടശക്തികൾ" ക്രൂരമങ്കല പാലസിനെ വീണ്ടും വേട്ടയാടുകയാണോ എന്നൊരു സംശയം നെട്ടൂരനച്ചൻ അടക്കമുള്ളവരിൽ ജനിപ്പിക്കാൻ തമ്പുരാൻ ശ്രമം തുടങ്ങിയിരുന്നു. ആദ്യ ഇര മത്തായിച്ചൻ ആയിരുന്നു.

കഴിവുറ്റ ഒരു മാന്ത്രികനായിരുന്ന തമ്പുരാന്  (ആ കഴിവ് അദ്ദേഹം രഹസ്യമാക്കി വയ്ക്കുകയായിരുന്നു) തന്റെ ഇരകളിൽ സ്ഥലകാലവിഭ്രമം ഉണ്ടാക്കാൻ വലിയ വിഷമം നേരിട്ടില്ല. ക്രൂരമങ്കല ചരിത്രവുമായി വളരെ ബന്ധപ്പെട്ടു കിടക്കുന്ന സാത്ത് തമ്പുരാന്റെയും BMW കാറിന്റെയും ഒക്കെ കഥകൾ അദ്ദേഹം വിദഗ്ധമായി തന്റെ പദ്ധതികളിൽ വിളക്കിച്ചേർക്കുകയായിരുന്നു.

മത്തായിച്ചൻ: കുറ്റം പറയരുതല്ലോ - തമ്പുരാൻ പാവം, എന്നെ ഒന്ന് കാര്യമായി പേടിപ്പിക്കുക മാത്രമായിരുന്നു ലക്‌ഷ്യം. പക്ഷെ തമ്പുരാൻ വിചാരിച്ചതിലും അധികം പേടിച്ചു പോയ എനിക്ക് ബോധം നഷ്ട്ടപ്പെട്ടു. എന്നെ അദ്ദേഹത്തിന് വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. അവിടുന്നാണ് ബ്ലാഷ്ക്കെയും പാർട്ടികളും എന്നെ പൊക്കി കൊണ്ട് പോയത്.

നന്ദി ഹിൽസ് ആയാലും മനുഷ്യന് ബോറടിക്കില്ലേ? ഞാൻ തടവ്‌ ചാടി. അക്കാര്യം മനസ്സിലാക്കിയ ബ്ലാഷ്ക്കെ നേരെ ക്രൂരമങ്കലയിലെക്ക് വിട്ടു - കൈയ്യിൽ കിട്ടിയത് ഗോപാലകൃഷ്ണനെ!!

തന്റെ പല പദ്ധതികളുമായി ക്രൂരമങ്കലയിൽ കറങ്ങുകയായിരുന്ന വട്ടോളി അച്ചനാണ് പിന്നെ ഗോപാലകൃഷ്ണനെ ബ്ലാഷ്ക്കെയുടെ കയ്യിൽ നിന്നും രക്ഷിച്ച് അച്ചായന്റെ മുറിക്ക് പുറത്ത് കൊണ്ടുവന്നു കിടത്തിയത്...!

കാര്യമൊന്നും അറിയാതെ ഏകദേശം ആ സമയത്ത് ക്രൂരമങ്കലയിൽ എത്തിയ എന്നെ അച്ചൻ ഒപ്പം കൂട്ടി.

ബ്ലാഷ്കെ എന്തിനാണ് വഴിയിൽ കിടന്നു കിട്ടിയ മത്തായിച്ചനെ തട്ടിക്കൊണ്ടു പോകുന്നത്? അച്ചായൻ ചോദിച്ചു.

മത്തായിച്ചൻ, മിസ്റ്റർ നായരെ തൊട്ടു കൊണ്ട്: അതിന്റെ ഗുട്ടന്സ് ഇതാ ഇവൻ പറയും. 

നായർ: BATMEN എന്നാ സംഘടന തുടങ്ങിയ ഞാനും കൂട്ടുകാരും അതിന്റെ പ്രവർത്തനങ്ങൾ നടത്താൻ ഫണ്ടില്ലാതെ വിഷമിക്കുമ്പോളാണ് ബ്ലാഷ്ക്കെയുടെ ഒരു ഓഫർ: ക്രൂര പാലസിൽ ചെന്ന് സാത്ത് തമ്പുരാന്റെ പഴയ ആ BMW ന്റെ ഫോട്ടോ രഹസ്യമായി എടുത്ത് കൊടുത്താൽ ആവശ്യമായ ഫണ്ടിംഗ് നടത്താം, എന്നു.

ബ്ലാഷ്ക്കെ തന്റെ "ദാസൻ ഓട്ടോ ഫെയർ" എന്ന ബ്ലോഗിന് ഒരു രണ്ടാം ഭാഗം പ്ലാൻ ചെയ്യുകയായിരുന്നു. അതിന്റെ പോസ്റർ ആയി സാത്ത് തമ്പുരാന്റെ BMW വിന്റെ ഫോട്ടോ പബ്ലിഷ് ചെയ്ത്  വിക്ക്രുത്തമ്പുരാനെ ഞെട്ടിക്കുകയായിരുന്നു ഉദ്ദേശം. ആ സമയത്താണ് ബ്ലാഷ്കെക്ക് മത്തായിച്ചനെ കിട്ടുന്നത്. ഞാൻ അഥവാ തമ്പുരാന്റെ കയ്യിലകപ്പെടുകയാണെങ്കിൽ മത്തായിച്ചനെ വച്ച് ഒരു കളി കളിക്കാമെന്ന് ബ്ലാഷ്കെ പ്ലാൻ ചെയ്തു.

ഞാൻ ക്രൂര ബ്ലോഗിങ്ങിനെ കുറിച്ച് പഠിക്കാൻ എന്നുള്ള വ്യാജേന കൊട്ടാരത്തിൽ കയറിപ്പറ്റി. പക്ഷെ ആദ്യ കൂടിക്കാഴ്ചയിൽ തന്നെ എന്റെ ഉദ്ദേശത്തെക്കുറിച്ച് തമ്പുരാൻ മനസ്സിലാക്കിയിരുന്നു! 

ഉദ്ദേശം സാധിക്കാൻ ഞാൻ ഒരു രാത്രി പാലസിൽ നുഴഞ്ഞു കയറി. ചിത്രം സൂക്ഷിച്ചിരുന്ന നിലവറയുടെ പുറത്ത് പക്ഷെ എന്നെ പ്രതീക്ഷിച്ചെന്ന പോലെ തമ്പുരാൻ നിന്നിരുന്നു!!

അദ്ദേഹത്തിന്റെ മന്ത്രശക്തിയിൽ ബോധം നശിച്ച എന്നെ അദ്ദേഹം അവിടെയുള്ള ഒരു കല്ലറയിൽ തടവിലാക്കി. എന്നെയും രക്ഷിച്ചു കൊണ്ടാണ് വട്ടോളി അച്ചൻ അന്ന് ക്രൂരമങ്കല പാലസിൽ നിന്നും അപ്പ്രത്യക്ഷനയത്.

മുറിയുടെ കോളിംഗ് ബെൽ ശബ്ദിക്കുന്നു. കതകിനു സമീപം ഇരിക്കുകയായിരുന്ന വിനു അച്ചായൻ എഴുന്നേറ്റു വാതിൽ തുറക്കുന്നു - പുറത്ത് നില്ക്കുന്ന പെണ്‍കുട്ടിയെ കണ്ടു അയാളുടെ മനസ്സ് ഒന്ന് പിടഞ്ഞു!!

ഇന്ദുമതി തമ്പുരാട്ടി??

അച്ചായന്റെ നടുക്കം മനസ്സിലാക്കിയെന്ന പോലെ ആ പെണ്‍കുട്ടി ചിരിച്ചു കൊണ്ട്: "ഞാൻ നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല. ഞാൻ ഇന്ദു - ഞാനാരാ മേനോന്റെ മകൾ, തമ്പുരാന്റെ കൊച്ചു മകൾ!"

ചിരിച്ചു കൊണ്ട് എഴുന്നെല്ക്കുന്ന വട്ടോളി അച്ചൻ ഇന്ദുവിനെ സ്വാഗതം ചെയ്യുന്നു. 

അച്ചായന്റെ അടുത്ത് വന്നിരുന്ന് തന്റെ കഥ തുടരുന്ന വട്ടോളി അച്ചൻ 

ഞാൻ ഞാനാരാ മേനോൻ സാറിന്റെ കീഴിൽ ഗവേഷണം നടത്തിയിരുന്നല്ലോ. എനിക്ക് അന്ന് മുതലേ ഇന്ദുവിനെ അറിയാം. വിക്ക്രുത്തമ്പുരാന്റെ പ്രശ്നങ്ങളെ കുറിച്ചും മേനോൻ സാർ വിശദമായി എന്നോട് പറഞ്ഞിരുന്നു. തമ്പുരാന്റെ വിഭ്രാന്തമായ മനസ്സിന് അല്പ്പം ആശ്വാസം പകരാൻ, ഒരു തെറാപ്പി പോലെയാണ് അദ്ദേഹം തന്റെ മകൾ ഇന്ദുവിനെ ക്രൂരമങ്കലയിലേക്ക് അയച്ചത്.

പാലസിൽ എത്തിയ ഇന്ദു തമ്പുരാന്റെ കീഴിൽ മഹേന്ദ്രജാലം അഭ്യസിക്കാൻ തുടങ്ങി. ട്രാവലിംഗ്  ക്രെയിസ് ആയിരുന്ന ഇന്ദു തമ്പുരാന്റെ അനുവാദത്തോടെ ധാരാളം യാത്രകൾ നടത്തി. അങ്ങിനെയാണ് കൂക്കിയെ പരിചയപ്പെടുന്നത്. അപ്പോഴേക്കും ഇന്ദുവിനു തിരിച്ച് ലണ്ടനിൽ എത്തേണ്ട സമയമായിരുന്നു. തന്നോട് വളരെ അടുത്ത് പോയിരുന്ന കൂക്കിയെ ചെറിയ ഒരു മാന്ത്രിക പ്രകടനത്തിലൂടെ ഞെട്ടിക്കുക എന്ന് മാത്രമേ ഇന്ദു ഉദ്ദേശിച്ചിരുന്നുള്ളൂ.

പക്ഷെ കണക്കുകൂട്ടലുകൾ തെറ്റി. താൻ കാരണമാണ് കൂക്കിയുടെ മനസ്സിന്റെ സമനില നഷ്ട്ടപ്പെട്ടത് എന്ന് മനസ്സിലായ ഇന്ദു  കൂക്കി പ്രവേശിപ്പിക്കപ്പെട്ട ആശുപത്രിക്ക് അടുത്ത് ഒരു ഹോട്ടലിലേക്ക് മാറി.

കൂക്കിയും കിംഗ്‌ ലൂയിയും അറിയാതെ തന്നെ കൂക്കിയുടെ ചികിത്സയ്ക്ക്  ആവശ്യമായ സഹായങ്ങൾ അവൾ ചെയ്തു പോന്നു. അതിനിടക്കാണ്, അന്ന് നമ്മൾ കൂക്കിയെ സന്ദർശിച്ച ദിവസം, അവിചാരിതമായി കൂക്കി ഇന്ദുവിനെ കണ്ടത്. കളി കൈവിട്ടുപോയേക്കാം എന്ന് ഭയന്നാണ് അന്ന് ഞാൻ ഇന്ദുവിനു പുറകെ ഓടിയത്. ഇന്ദുവിനോട്‌ സൂക്ഷിക്കാൻ ഉപദേശിച്ച ശേഷം ഞാൻ നിങ്ങളുടെ അടുത്തേക്ക് തിരിച്ചു വന്നു.

മലമൂപ്പന്റെ തിരോധാനം - ഇന്റർവ്യൂവിനു വേണ്ടിയുള്ള മൂപ്പന്റെ ഗവേഷണം ഞാനാരാ മേനോനെ അലട്ടി. മൂപ്പൻ ചികഞ്ഞെടുത്ത വിവരങ്ങൾ ചോദ്യങ്ങളായി തമ്പുരാന് മുന്നിൽ വന്നാലുണ്ടാകാവുന്ന പ്രകടമായ ഭവിഷ്വത്തുകളെക്കുറിച്ച് ഓർത്തപ്പോൾ അദ്ദേഹം വേറെ ഒന്നും ചിന്തിച്ചില്ല - ഇന്ദു ഒരിക്കൽ കൂടി പാലസിൽ എത്തി, മൂപ്പനെ ഹിപ്പ്നോട്ടയിസ് ചെയ്തു കീഴ്പ്പെടുത്തി തന്റെ ഒപ്പം കൊണ്ട് പോയി.

പിന്നീട് മൂപ്പനോടു കാര്യങ്ങൾ തുറന്നു പറഞ്ഞു. സംഭവങ്ങളുടെ കിടപ്പ് മനസ്സിലാക്കിയ മൂപ്പനും ഇന്ദുവിന്റെയും മേനോൻ സാറിന്റെയും ഒപ്പം നില്ക്കാൻ തീരുമാനിക്കുകയായിരുന്നു.

ഏകദേശം ആ സമയത്താണ് മേനോൻ സാർ തമ്പുരാന്റെ  പുതിയ പ്രശ്നങ്ങളിൽ ഇടപെടാനും വിനു അച്ചായനു ആവശ്യമായ പിന്തുണ നല്കാനും എന്നോട് അഭ്യർഥിച്ചത്. നെട്ടൂരനച്ചന്റെ പകരക്കാരനായി അങ്ങിനെ ഞാൻ ക്രൂരമങ്കലയിൽ എത്തി.

അന്ന് പകൽ തമ്പുരാൻ എന്നോട് ഒറ്റയ്ക്ക് സംസാരിക്കണം എന്ന് ആവശ്യപ്പെട്ടത് അച്ചായൻ ഓർക്കുന്നുണ്ടാവും. ആ സംഭാഷണത്തിനിടയിൽ ക്രൂരമങ്കലയിലെ "ബ്ലോഗെഴുത്ത് ഇല്ലായ്മ" ഞാൻ സൂചിപ്പിച്ചു. അത് തമ്പുരാനെ തികച്ചും പ്രകോപിതനാക്കി. അന്നത്തെ പെരുമാറ്റത്തിൽ നിന്നും അദ്ദേഹം തികച്ചും ഒരു maniac ആയി മാറുകയാണെന്ന് എനിക്ക് മനസ്സിലായി. ഉടനെ എന്തെങ്ങിലും ചെയ്തെ തീരൂ. 

പക്ഷെ, ചികിത്സ എങ്ങിനെ ആയിരിക്കണം? അതെനിക്ക് പെട്ടന്ന് നിശ്ചയിക്കാൻ സാധിച്ചില്ല. മിസ്റ്റർ നായരെ രക്ഷപ്പെടുത്തിയ ആ രാത്രി അങ്ങനെ ഞാൻ ഔട്ട്‌ഹൗസിലെ എന്റെ മുറി വിട്ടു, അച്ചായനോട് പോലും പറയാതെ. 

നായരെയും കൊണ്ട് ഇന്ദുവിന്റെ അടുത്തേക്കുള്ള യാത്രക്കിടയിലാണ് എനിക്ക് ഗോപാലകൃഷ്ണനെ രക്ഷിക്കേണ്ടി വന്നത്.  പിന്നീട് ഇന്ദുവിന്റെ വീട്ടിൽ വച്ചു ഞങ്ങൾ തമ്പുരാന്റെ ബ്ലോഗിങ് ഫിക്സേഷൻ മാറ്റാനുള്ള പല മാര്ഗ്ഗങ്ങളും ആലോചിച്ചു. ഒരു ഷോക്ക് ട്രീട്ട്മെന്റ്റ് ആയിരുന്നു എന്റെ ആശയം.

ഷോക്കിൽ നിന്നും ഉണരുമ്പോൾ തമ്പുരാൻ പുതിയ ഒരു മനുഷ്യനായിരിക്കണം. ഈ ജീവിതത്തിൽ നാം നേടി എന്ന് കരുതുന്നതൊന്നും ശാശ്വതമല്ല എന്ന വളരെ അടിസ്ഥാനപരമായ തത്വം അദ്ദേഹത്തിലേക്ക് അങ്ങനെ ഒരു ട്രീട്ട്മെന്റിലൂടെ കണ്‍വേ ചെയ്യാൻ കഴിഞ്ഞാൽ ലക്‌ഷ്യം നേടാൻ കഴിയും എന്നെനിക്ക് തോന്നി.

ആ ഘട്ടത്തിലാണ് വളരെ വിചിത്രമായ ഒരു ഉപായവുമായി മൂപ്പൻ രംഗത്തെത്തിയത്. കാട്ടുതീ ചാനൽ ഉപയോഗിച്ച് ഒരു പരീക്ഷണം.

തമ്പുരാന്റെ വ്യാജ മരണ വാർത്ത കാട്ടുതീ സംപ്രേക്ഷണം ചെയ്യുക. സ്വന്തം മരണ വാർത്ത കേൾക്കേണ്ടി വരുന്ന ഒരാൾക്ക് അതൊരു ഷോക്ക് തന്നെയാവും. ഈ ജീവിതത്തിന്റെ വ്യാർത്ഥതയെ കുറിച്ച് അയാൾ ഒരു നിമിഷം ചിന്തിക്കും. ആ ഷോക്കിൽ നിന്നും പുതിയ ഒരു തമ്പുരാൻ ഉരുത്തിരിയും. അതായിരുന്നു പ്ലാൻ. 

ചാനലിന്റെ വിശ്വാസ്യതയെ തന്നെ തുരംഗം വയ്ക്കുന്ന ആ പരീക്ഷണത്തിനു പ്രതിഫലമായി മൂപ്പൻ ആവശ്യപ്പെട്ടത് ചാനലിന്റെ ഡയരക്ടർ ബോർഡിൽ തമ്പുരാനെ അംഗമാക്കുക എന്നതായിരുന്നു. പ്രശ്നങ്ങളെല്ലാം തീർന്നാൽ തമ്പുരാനോട്‌ സംസാരിച്ച് സമ്മതിപ്പിക്കാം എന്ന് മേനോൻ സാർ സമ്മതിച്ചു.

അങ്ങിനെ ഇന്ന് രാവിലെ കാട്ടുതീ തമ്പുരാന്റെ വ്യാജമരണ വാർത്ത സംപ്രേക്ഷണം ചെയ്തു.ആംബുലൻസ് അടക്കമുള്ള ചികിത്സാ സൌകര്യങ്ങൾ ഒരുക്കി നിർത്തി ഞങ്ങൾ തമ്പുരാന്റെ പ്രതികരണത്തിനു വേണ്ടി കാത്തു നിന്നു. എന്നാൽ ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് സമനില ഒട്ടും കൈവിടാതെ ചാനലിന്റെ ഓഫീസിൽ വിളിച്ച് വാർത്ത തെറ്റാണ് എന്ന് പറയുകയാണ്‌ തമ്പുരാൻ ചെയ്തത്. ഉടനെ ഞങ്ങൾ തിരുത്തും സംപ്രേക്ഷണം ചെയ്തു. 

മലമൂപ്പൻ സംസാരിക്കാൻ തുടങ്ങി 

ചാനൽ അറിയിച്ചത് പോലെ തമ്പുരാനെ നേരിട്ട് കണ്ടു മാപ്പ് പറയാനായി ഞാൻ  പാലസിലെത്തി. പ്രമുഖ വ്യക്തികളുടെ ചരമ വാർത്തകൾ മുൻകൂട്ടി എഴുതി എഡിറ്റ് ചെയ്തു വയ്ക്കുന്ന സമ്പ്രദായമുണ്ടല്ലൊ. തമ്പുരാനെ കുറിച്ചു തയ്യാറാക്കിയ അത്തരം ഒരു വാർത്തയുടെ കോപ്പി അറിയാതെ ഞങ്ങൾ വായിച്ചു പോയതാണ് ഇങ്ങനെ ഒരു തെറ്റ് പറ്റാൻ കാരണം എന്ന് ഞാൻ തമ്പുരാനെ അറിയിച്ചു.

ഇപ്പ്രാവശ്യം തമ്പുരാന്റെ പ്രതികരണം അപ്പ്രതീക്ഷിതമായിരുന്നു! അദ്ദേഹത്തിന്റെ കൈകൾ വിറച്ചു. കുറച്ചു നേരം എന്നെ വെറുതെ ഇരുന്ന ശേഷം അദ്ദേഹം കുഴഞ്ഞു വീണു. ഞങ്ങൾ ഉടനെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. ഞങ്ങൾ പ്ലാൻ ചെയ്തിരുന്ന  മെന്റൽ ഷോക്ക് അപ്പോളാണ് സംഭവിച്ചത്!

അച്ചൻ വീണ്ടും സംസാരിക്കാൻ തുടങ്ങി: തമ്പുരാന് ബോധം തെളിഞ്ഞിരിക്കുന്നു. അദ്ദേഹം ഒരു പുതിയ മനുഷ്യനാണ്. പഴയ കാര്യങ്ങൾ ഏറെ അദ്ദേഹം എന്നോട് സംസാരിച്ചു. പലതും തുറന്നു പറഞ്ഞു. അദ്ദേഹം ഇപ്പോൾ എന്റെ ചികിത്സയിലാണ്. ഒന്ന് ശാന്തമായാൽ തമ്പുരാനെ ലണ്ടനിലേക്ക് കൊണ്ടുപോകാനാണ്‌ മേനോന്റെ പ്ലാൻ.  ഇന്ദുവിനോടും കൂടെ ചെല്ലാൻ അദ്ദേഹം ആവശ്യപ്പെടുന്നു. എന്നാൽ കൂക്കിയെ പഴയ കൂക്കി ആക്കിയിട്ട് മാത്രമേ ഒരു തിരിച്ചു പോക്ക് ഉള്ളൂ എന്നാണു ഇന്ദുവിന്റെ തീരുമാനം.

അച്ചായൻ ഇന്ദുവിനെ നോക്കി. അവൾ എഴുന്നേറ്റ് അച്ചായന് അടുത്തേക്ക് വന്നു.

"അച്ചായൻ ക്ഷമിക്കണം. എല്ലാം ഒരു യക്ഷിക്കഥ പോലെ തോന്നുണ്ടാവും. ഞങ്ങൾക്ക് ചെയ്തു തന്ന എല്ലാ സഹായങ്ങൾക്കും വളരെ നന്ദിയുണ്ട്. ബ്ലുക്കർ പ്രൈസിൽ നിന്നും അഛൻ പിന്മാറുകയാണ്. അത് അങ്ങേക്ക് തന്നെ കിട്ടാൻ എന്റെ എല്ലാ ആശംസകളും."

ആകെ മരവിച്ച മുഖഭാവവുമായി എഴുന്നെല്ക്കുന്ന അച്ചായൻ.  അയാൾ വട്ടോളി അച്ചന്റെ ഒപ്പം ബാല്ക്കണിയിലേക്ക് - പുറം കാഴ്ച്ചകളിലേക്ക് വെറുതെ കണ്ണയച്ചുകൊണ്ട് രണ്ടു പേരും...


*********************************

ലണ്ടൻ - അച്ചായന്റെ മുറി - അച്ചായൻ എഴുതിക്കൊണ്ടിരുന്നത് പൂർത്തിയാക്കുകയാണ്

"6 മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. പദ്ധതിപ്രകാരം വിക്ക്രുത്തമ്പുരാൻ മേനോൻ സാറിന്റെ കൂടെ കഴിയാൻ ലണ്ടനിലേക്ക് പോയി. മനസ്സിന്റെ കടിഞ്ഞാൻ വീണ്ടെടുത്ത കൂക്കിയെ വിട്ടു ഇന്ദു പിന്നെ എങ്ങും പോയില്ല. സർജാപ്പുര റോഡിലെ ഫ്ലാറ്റിൽ രണ്ടു പേരും സുഖമായി കഴിയുന്നു. മൂപ്പൻ ഇന്നൊരു വിലയേറിയ ചാനൽ മുതലാളിയാണ്. വട്ടോളി അച്ചൻ സെയിന്റ് ജോണ്സ് ഹോസ്പിറ്റലിൽ ചേർന്ന് ജോലി ചെയ്യുന്നു.

മേനോൻ സാറുമായുള്ള  കരാർ തമ്പുരാന്റെ മാറ്റത്തോടെ അവസാനിപ്പിച്ച നിഷ്ക്കു ഇപ്പോൾ ഒരു പുതിയ പേരിൽ സ്വന്തമായി ബ്ലോഗുകൾ എഴുതാൻ തുടങ്ങിയിരിക്കുന്നു. യാദൃശ്ചികം എന്ന് പറയട്ടെ, മേനോൻ  പിൻവാങ്ങിയ ഒഴിവിൽ ബ്ലുക്കർ പ്രൈസ്ന്റെ ഫൈനലിൽ  മത്സരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് നിഷ്ക്കുവിന്റെ ഒരു ബ്ലോഗ്‌ ആണ്!

ഇന്ന് ബ്ലുക്കർ പ്രൈസ് പ്രഖ്യാപിക്കുന്ന ദിവസം. മാധ്യമങ്ങൾ ഏറെ സാധ്യത കല്പ്പിക്കുന്നത് എന്റെ The Krooramangala Diariesനാണ്. Award ceremony  നടക്കുന്ന സ്ഥലത്തേക്ക് പോകാൻ സമയമായിരിക്കുന്നു.

വിക്ക്രുത്തമ്പുരാൻ ചടങ്ങിനു മുൻപ് കാണണം എന്ന് പറഞ്ഞിട്ടുണ്ട്. പരിപാടി നടക്കുന്ന സ്ഥലത്തേക്ക് ഈ ഹോട്ടെലിൽ നിന്നും ഒന്നിച്ചു പോകാം എന്നാണു അദ്ദേഹം പറഞ്ഞിരിക്കുന്നത്.


അതാ കോളിംഗ് ബെൽ മുഴങ്ങുന്നു. അതദ്ദേഹമാണ്!

തമ്പുരാനെ ഏറെ കാലത്തിനു ശേഷം കാണുകയാണ്. എന്റെ ഹൃദയമിടിപ്പിനു വേഗത കൂടുകയാണ്!! ഞാൻ അദ്ദേഹത്തെ സ്വീകരിക്കട്ടെ..."

**********************************

ലണ്ടൻ നഗരത്തിന്റെ മറ്റൊരു ദൃശ്യം - തെംസ് നദിയോട് ചേർന്ന ബ്ലുക്കർ പ്രൈസ് സമ്മാന വേദി.

നിറഞ്ഞു കവിഞ്ഞ സദസ്സ്. മുൻനിരയിൽ ഞാനാരാ മേനോൻ, ഇന്ദു, കൂക്കി, വിക്ക്രുത്തമ്പുരാൻ എന്നിവർ. 

മേനോൻ അസ്വസ്ഥനാണ്. പരിപാടി തുടങ്ങേണ്ട സമയമായിട്ടും വിനു അച്ചായനെ കാണാനില്ല!

എവിടെ പോയി കിടക്കുന്നു? മൊബൈലിലും ഹോട്ടെൽ റൂമിലെ ഫോണിലും വിളിക്കാൻ ശ്രമിച്ചിട്ടും കിട്ടുന്നില്ല. റിപ്പോർട്ടർമാർ വന്നു അന്യെഷിക്കുന്നു. എല്ലാവരുടെയും മുഖം സംഘർഷഭരിതമാണ്.

സ്റ്റെയിജിലെക്ക് കടന്നു വരുന്ന ബ്ലുക്കർ ഫൌണ്ടേഷൻ ചെയർമാൻ. ഒരു ആമുഖപ്രസംഗത്തിനു ശേഷം അദ്ദേഹം വിജയിയെ അന്നൗൻസ് ചെയ്യുന്നു.

"Once in five years, we announce the Blukkar prize! The latest edition of this award goes to Janko Nishq for his astounding blog: Ten Years In London - The Tale of a Ghost Writer..!!!"

ഒരു നിമിഷത്തെ നിശബ്ധത - പിന്നെ കാതടപ്പിക്കുന്ന കരഘോഷം. തികച്ചും അപ്പ്രതീക്ഷിതമായ ഒരു ഫലപ്രഖ്യാപനമാണത്!! അധികമൊന്നും അറിയപ്പെടാത്ത ഒരാൾ ബ്ലുക്കർ പ്രൈസ് കരസ്ഥമാക്കിയിരിക്കുന്നു!!

സദസ്സിന്റെ മധ്യഭാഗത്തെ തന്റെ സീറ്റിൽ നിന്നും എഴുന്നേൽക്കുന്ന ജാങ്കോ നിഷ്ക്കു. അഭിനന്ദനങ്ങൾ ഏറ്റു വാങ്ങിക്കൊണ്ട്, സദസ്സിനു മുന്നിലൂടെ അദ്ദേഹം സ്റ്റെയിജിലെക്ക്.

സ്റ്റെയിജിലെക്ക് നടന്നു പോകുന്ന നിഷ്ക്കു തമ്പുരാന്റെ കാഴ്ചപ്പാടിൽ. ഒരു നിമിഷം അവരുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞുവോ?

**********************************

തെംസ് നദിയുടെ മറ്റൊരു ദൃശ്യം. 

ബ്ലുക്കർ പ്രൈസ് പാർട്ടിയിൽ നിന്നും പുറത്തേക്ക് വരുന്ന ജാങ്കോ നിഷ്ക്കു. സംഘാടകർ അദ്ദേഹത്തെ കാത്തിരിക്കുന്ന കാറിലേക്ക് നയിക്കുന്നു. അദ്ദേഹം തിരിച്ചു പോവുകയാണ്.

തെംസ് റിവർ  ബ്രിട്ജിലൂടെ കാർ പായിക്കുന്ന നിഷ്ക്കു. നദിക്കു കുറുകെയുള്ള മനോഹര കാഴ്ചകളിലേക്ക് കണ്ണെറിഞ്ഞ്, രാത്രിയുടെ സൌന്ദര്യം ആസ്വദിച്ച് അദ്ദേഹം ഡ്രൈവ് ചെയ്യുകയാണ്.

ഒരു നിമിഷം, റോഡിനു ഒത്ത നടുക്ക് ആരോ പെട്ടന്ന് ആരോ കയറി നിന്നു. ബ്രേക്കിൽ ആഞ്ഞു ചവിട്ടുന്ന നിഷ്ക്കു.

ആ ആഘാതത്തിൽ റോഡിൽ നിന്നും തെന്നി മൂന്നു കാരണം മറഞ്ഞു ബ്രിഡ്ജിന്റെ കൈവരിയിലേക്ക് ക്രാഷ് ചെയ്തു പിന്നെ നദിയിലേക്ക് മറിയുന്ന കാർ.

പോലീസ് വാഹനങ്ങളുടെയും ആംബുലൻസിന്റെയും സൈറണ്‍.  അടുത്ത് വരുന്ന ആ വാഹനങ്ങളുടെ വെളിച്ചത്തിൽ നിഷ്ക്കുവിന്റെ അപകടത്തിനു ഇടയാക്കിയ  ആ മനുഷ്യന്റെ മുഖം നമുക്കിപ്പോൾ വ്യക്തമായി കാണാം - വിക്ക്രു തമ്പുരാൻ!

അപകടത്തിനിടയിൽ കാറിൽ നിന്നും തന്റെ കാൽക്കീഴിലേക്ക് തെറിച്ചു വന്ന ഒരു വസ്തു കുനിഞ്ഞെടുക്കുന്ന തമ്പുരാൻ - അത് നിഷ്ക്കുവിനു അല്പ്പം മുൻപ് ലഭിച്ച ബ്ലുക്കർ പ്രൈസിന്റെ സുവർണ ശില്പ്പമാണ്!

ആ ശില്പ്പം തന്റെ ശരീരത്തോട് ചേർത്ത് പിടിച്ച് മുന്നോട്ടു നടന്നു പതുക്കെ ദൂരെ ഇരുളിൽ മറയുന്ന വിക്ക്രുത്തമ്പുരാൻ ...

സ്ക്രീനിൽ: ക്രൂരമങ്കലയുടെ കഥ ഇവിടെ അവസാനിക്കുന്നില്ല - ശത്രുക്കളെ വകവരുത്തി രാജ്യം തിരിച്ചു പിടിച്ച രാജാവിനെ ക്രൂരമങ്കല കാത്തിരിക്കുന്നു ....


************************

1 comment:

  1. കിടിലം. കുറേ നാളായി ഒന്നുറങ്ങീട്ട്

    ReplyDelete