6/17/13

മലർന്നു പറക്കാൻ ഒരു കാക്ക


ആമുഖം

"ബലിച്ചോർ ഒരുക്കി കാത്തിരിക്കുമ്പോൾ മാത്രമാണ് നമ്മൾ ഇപ്പോൾ കാക്കകളെ കുറിച്ച് ഓർക്കാറുള്ളത്.

പിന്നെ 'കാക്ക മലർന്നു പറക്കുന്നോ' എന്ന് പരിഹസിക്കാനും.

ഇതൊഴിച്ചാൽ, ഈ കറുത്ത പക്ഷി നമുക്ക് തീർത്തും അന്യമായിരിക്കുന്നു!"

താൻ എഴുതിയ വാചകങ്ങൾ നചികേതസ് തിരിച്ചും മറിച്ചും വായിച്ചു. തൃപ്തി വരാതെ, ലാപ്ടോപ്പ് അടച്ചുവച്ച് അയാൾ എഴുന്നേറ്റു. പിന്നെ മുറിയുടെ ജാലകം വലിച്ചു തുറന്നു.

പുഴുങ്ങിയ നെല്ലിന്റെ മണമുള്ള വിയറ്റ്നാം കാറ്റ് മുറിയിലേക്ക് ഇരച്ചുകയറി. അയാൾക്ക് അപ്പോൾ നാട്ടിലെ കൊയ്ത്തുകാലം ഓർമ്മ വന്നു. മടുപ്പോടെ അയാൾ തിരിച്ച് തന്റെ സീറ്റിൽ വന്നിരുന്നു.

ഗൂഗിൾ പ്ലസ് കമ്പനിക്ക് വേണ്ടി അവരുടെ മൂന്നാം വാർഷികം പ്രമാണിച്ച് ഒരു സ്റ്റാറ്റസ് മെസേജ് എഴുതിക്കൊടുക്കാൻ വിയറ്റ്നാമിലെ പ്രസിദ്ധമായ ഈ റിസോർട്ടിൽ മുറിയെടുത്തിട്ട് ഇന്നേക്ക് ഒരാഴ്ച തികയുന്നു. ഇത് വരെ ഒന്നും ശരിയായിട്ടില്ല.

വിട്ടിട്ടു പോകാമെന്ന് വച്ചതാണ് - ഇന്നലെ വെറുതെ മലയാളം ന്യൂസ് പോർട്ടലുകളിലൂടെ കണ്ണോടിച്ചപ്പോൾ ഞെട്ടിപ്പോയി!! പ്രശസ്ത സ്റ്റാറ്റസ് റൈറ്റർ ആയ  നചികെതസിനെ ഗൂഗിൾ പ്ലസ് കരാർ ചെയ്തിരിക്കുന്ന വാർത്തയായിരുന്നു ശ്രദ്ധാകേന്ദ്രം.

"സ്റ്റാറ്റസ് റൈറ്റർ" അഥവാ "അവസ്ഥ എഴുത്തുകാരൻ" - മനുഷ്യന്റെ ഓരോ അവസ്ഥകൾ!

നചികേതസിന്റെ മുഖം പെട്ടന്ന് പ്രകാശമാനമായി. മനുഷ്യന്റെ "അവസ്ഥയും" സാങ്കേതികവിദ്യയും സമ്മേളിപ്പിച്ചുള്ള അതിമനോഹരമായ ഒരു സ്റ്റാറ്റസ് എഴുതി ഗൂഗിൾ പ്ലസ് കമ്പനിക്കു മെയിൽ ചെയ്തു.

രണ്ടു മിനുട്ട് കഴിഞ്ഞില്ല, പ്രസ്തുത സ്റ്റാറ്റസ് അപ്പ്രൂവ് ചെയ്തുകൊണ്ടുള്ള ഗൂഗിൾ പ്ലസ് ചെയർമാന്റെ മറുപടി മെയിലിൽ!

അത്രയും ദിവസം അവഗണിക്കപ്പെട്ടു കിടന്നിരുന്ന ഉറക്കം ഒക്കെ ഒന്നിച്ചു വന്നപ്പോൾ നചികേതസ് പുതപ്പിനടിയിലേക്ക് ചുരുണ്ട് കയറി.

വീണ്ടും ഒരിക്കൽ കൂടി അവഗണിക്കപ്പെട്ട കാക്കയ്ക്ക് പക്ഷെ ഉറക്കം വന്നില്ല!

നചികേതസ് ആദ്യമെഴുതി ഉപേക്ഷിച്ച  സ്റ്റാട്ടസ് മെസേജിൽ ഇരുന്നു അത് തന്റെ സ്രഷ്ട്ടാവിനെ രൂക്ഷമായി നോക്കി, ചിറകുകൾ കുടഞ്ഞു.

പിന്നെ തുറന്നുകിടന്നിരുന്ന ജാലകത്തിലൂടെ പറന്നകന്നു.
***************


ഹിമാലയത്തിന്റെ താഴ്വരയിലെ  എട്ടാം വളവിൽ ആരെയോ പ്രതീക്ഷിച്ചു നിന്നിരുന്ന ത്രിശൈല ഗുരുവിന്റെ ചുണ്ടിൽ  ഒരു മ്രുദുസ്മിതം വിരിഞ്ഞു.

അടുത്തടുത്ത് വരുന്ന ഒരു ചിറകടി അയാൾ ശ്രവിച്ചു. യുഗാന്തരങ്ങളുടെ കാത്തിരിപ്പ് വെറുതേ ആയില്ല. ആ നിമിഷം സമാഗതമായിരിക്കുന്നു.

അവസാനം കാക്ക തന്നെ തേടി വരികയാണ്!!

മലർന്നു പറക്കാൻ ഒരു കാക്ക. 
കുനിഞ്ഞു കിടന്ന് ഇഴഞ്ഞു നീങ്ങുന്ന മൌഡ്യം ഇനി ഇവന്റെ കൂടെ മലർന്നു പറക്കും - അല്ല പറക്കണം.

1
മനോഹരമായ അക്കേഷ്യാമരങ്ങൾ കുട പിടിക്കുന്ന  ഗ്രാമവീഥിയിലൂടെ എമ്മേ ധവാൻ ടാക്സിയിൽ സഞ്ചരിക്കുകയായിരുന്നു.

ടാക്സി ഡ്രൈവർക്ക് വഴി നല്ല നിശ്ചയമില്ലായിരുന്നു. ധവാൻ പക്ഷെ ഡ്രൈവർക്ക് ധൈര്യം കൊടുത്തു കൊണ്ടിരുന്നു:

"ചുമ്മാ വണ്ടി ഓടിക്കെന്റെ ഏട്ടാ  ... സന്ധ്യക്ക്‌ മുമ്പ് കരിക്കോട്ടക്കരിയിലെ അമ്മാവന്റെ വീട്ടിൽ എത്തിച്ചു തരണം."

"കുഞ്ഞിനു വഴി നല്ല നിശ്ചയമാണെങ്കിൽ പിന്നെ എനിക്കെന്താ? ഉച്ചയൂണിനു തന്നെ എത്തിച്ചു തരാം," ഡ്രൈവർ ഉഷാറായി.

ഒരു റെയിൽവേ ഗേറ്റിനു മുന്നിൽ എത്തിയപ്പോൾ ഡ്രൈവർ വണ്ടിയുടെ വേഗം കുറച്ചു. 

മുന്നിലെ റോഡിനെ മുറിച്ചു കൊണ്ട് കാവൽക്കാരനില്ലാത്ത ഒരു റെയിൽപ്പാളം, റെയിൽപ്പാളം കഴിഞ്ഞാൽ പിന്നെ വലത്തോട്ടും ഇടത്തോട്ടും ഓരോ റോഡുകൾ -- ഏതു വഴിയെ പോകണം? അയാള് ധവാനെ പ്രതീക്ഷയോടെ നോക്കി. 

"പാളത്തിലൂടെ, അതായത് ട്രെയിൻ പോകുന്ന വഴിയിലൂടെ വിട്ടോ  - അതാവുമ്പോ പെട്ടന്നെത്താം, " ധവാൻ പറഞ്ഞു.

ഡ്രൈവർക്ക് ചിരി വന്നു - ഈ കുഞ്ഞിന്റെ ഒരു തമാശ! റെയിൽപ്പാളത്തിലൂടെ കാർ ഓടിക്കാനോ?അയാൾ ധവാനെ നോക്കി വെറുതെ ഇളിച്ചു കാണിച്ചു.

"എന്താടോ നോക്കുന്നത്? വണ്ടി എടുക്കെടോ..." ധവാൻ 

"കുഞ്ഞേ വലത്തോട്ടോ  ഇടത്തോട്ടോ?" ഡ്രൈവർ 

"വിഡ്ഢീ .. തനിക്ക് ചെവി കേൾക്കില്ലേ? റെയിൽപ്പാളത്തിലൂടെ വണ്ടി എടുക്കെടോ..." ധവാൻ ഡ്രൈവറുടെ ഷർട്ടിന്റെ കോളറിനു പിടിത്തമിട്ടു."

ഡ്രൈവർ ഒരു പുതിയ മനുഷ്യനായി. അയാൾക്ക് തന്റെ ഭാര്യയേയും കുട്ടിയേയും കാണണം എന്ന് തോന്നി. ഡ്രൈവിംഗ് സീറ്റിന്റെ വാതിലും തുറന്നു അയാൾ പുറത്തേക്ക് കുതിച്ചു, എങ്ങോട്ടെന്നില്ലാതെ ഓടി -- വഴി അപ്പോൾ അയാൾക്കൊരു പ്രശ്നമായിരുന്നില്ല!

ഓടുന്ന ഡ്രൈവറെ ശ്രദ്ധിക്കാതെ ധവാൻ വണ്ടിയിൽ നിന്നും പുറത്തേക്കിറങ്ങി. അയാൾ നിസംഗനായി പാളത്തിലൂടെ മുന്നോട്ടു നടന്നു തുടങ്ങി. സന്ധ്യക്ക്‌ മുമ്പ് കരിക്കോട്ടക്കരി എത്തണം.

എല്ലാം കണ്ടു കൊണ്ട് നിൽക്കുകയായിരുന്ന കാക്ക ചെന്ന് ധവാനെ കൊത്തിയെടുത്ത് ആകാശത്തിന്റെ അത്യുന്നതങ്ങളിലേക്ക് ഊളിയിട്ടു.


**************
കരിക്കോട്ടക്കരി പുഴയിൽ കുളിച്ചു കൊണ്ടിരിക്കുന്ന കാക്കയേയും നോക്കി ധവാൻ പൂഴിമണ്ണിൽ വെറുതെ ഇരുന്നു. കുളി കഴിഞ്ഞു കയറി വന്ന കാക്ക ധവാനോട് യാത്ര പറഞ്ഞു.

മലർന്നു പറന്നകലുന്ന കാക്കയേയും നോക്കി ധവാൻ ഇരുന്നു. പിന്നെ ഒരു വൃക്ഷത്തിൽ പിടിച്ചു കയറി അയാളും ആകാശത്തേക്ക്  തുഴഞ്ഞു കയറി. ഇങ്ങനെ മലർന്നു പറക്കാൻ എന്ത് രസം!
**************
വഴി തെറ്റി എന്ന് ബോധ്യമായപ്പോൾ സായിപ്പ് ഡ്രൈവറോട് വണ്ടി നിർത്താൻ പറഞ്ഞു. ഡ്രൈവർ സ്വയം ശപിച്ചു. നാശം .. ഈ റെയിൽപ്പാളത്തിന്നടുത്ത് എത്തുമ്പോൾ എപ്പോളും പ്രശ്നങ്ങളാണല്ലോ!

സായിപ്പ് അക്ഷമനായി എന്തൊക്കെയോ ഒച്ചയിടുന്നുണ്ട്! ഡ്രൈവർ  ചുറ്റും നോക്കി - വഴി ചോദിക്കാം എന്ന് വച്ചാൽ ഒറ്റ മനുഷ്യനെയും കാണാനില്ലാലോ.

റെയിൽപ്പാളത്തിന്റെ വശത്തുള്ള അക്കേഷ്യാമരങ്ങൾ വകഞ്ഞു മാറ്റി എമ്മേ ധവാൻ കാറിനടുത്തെത്തി.

വീണ്ടും ഒരിക്കൽ കൂടി ഓടാൻ തുടങ്ങിയ ഡ്രൈവറെ കൈ പിടിച്ചു നിർത്തി ശാന്തനായി അയാൾ പറഞ്ഞു: എന്നോട് ക്ഷമിക്കണം - മലർന്നു പറക്കാൻ ഈ അടുത്താണ് ഞാൻ പഠിച്ചത്. ആരണ്യ ഹൌസിലേക്കല്ലേ? ഈ ഇടതു വശത്തുള്ള റോഡിലൂടെ പോകാം.

2
കാക്ക എത്തുമ്പോൾ ധർമ്മൻ ചാണ്ടി  തന്റെ ഓഫീസിലിരുന്ന് "കഥയില്ലാത്ത ജീവിതങ്ങൾ" എന്നാ ടീവി പരിപാടി കണ്ടു കണ്ണീർ വാർക്കുകയായിരുന്നു.

ഭാര്യമാരുടെ സങ്കടങ്ങളും ഭർത്താക്കാന്മാരുടെ മൌനദുഖങ്ങളും കണ്ടു ധർമ്മൻ സാർ എങ്ങലടിച്ച് കരയാൻ തുടങ്ങി.

അത് കഴിഞ്ഞ്, ഞാനാരാ മേനോന്റെ മറ്റ്വിഗ്ര ബുക്ക്സ് പബ്ലിഷ് ചെയ്ത "കുടുംബ സമാധാനം തോക്കിൽ കുഴലിലൂടെ" എന്ന പുസ്തകം എടുത്ത് അദ്ദേഹം വായന തുടങ്ങി.

ഇത് തന്നെ തക്ക സമയം എന്ന് കരുതി കാക്ക ധർമ്മൻ ചാണ്ടിയെയും കൊത്തി പറന്നകന്നു. കൊത്തിയെടുക്കുന്നതിടയിൽ താഴെ വീണു പോയ പുസ്തകത്തിന്റെ നിലവിളി ആരും കേട്ടില്ല.

******************
ശംഖുമുഖം ബീച്ചിലെ സിമന്റ് ബഞ്ചിലിരുന്നു കാക്കയും ധർമ്മൻ ചാണ്ടിയും കടല കൊറിച്ചു.

നൂറ്റാണ്ടുകളുടെ മനസംഘർഷങ്ങൾ മുടിയായി തലയിൽ തിങ്ങി വളർന്നു കണ്ണും മുഖവും മൂടിയത്  ഒക്കെയും വടിച്ചു കളഞ്ഞു, മൊട്ടത്തലയിൽ പുതിയ ഭാവം കണ്ടെത്തിയ ധർമ്മൻ ചാണ്ടിയെ കാക്ക ചാഞ്ഞും ചരിഞ്ഞും നോക്കി സംതൃപ്തി പൂണ്ടു.

കുറച്ചു കഴിഞ്ഞപ്പോൾ ഒരു ലോഡ് റബ്ബർ ഷീറ്റും ചുമന്നു കൊണ്ട ഒരു വലിയ രൂപം  അവർക്ക് മുന്നിലൂടെ നടന്നു പോയി. ഒളിച്ചിരുന്ന ധർമ്മൻ ചാണ്ടി അയാളെ കാലു വച്ചു വീഴ്ത്തി. ആ ഭാരിച്ച ശരീരം പൂഴിമണ്ണിലൂടെ അകലേക്ക് ഉരുണ്ടു പോയി. 

ഇനി ഒരാള് കൂടി വരാനുണ്ട് - കത്തുന്ന സൂര്യന്റെ മുഖം കണ്ണാടിയാക്കി ഗുരു പറഞ്ഞു.

അധിക സമയം കഴിഞ്ഞില്ല, ആനകളെയും തെളിച്ചുകൊണ്ട് സുന്ദരനായ ഒരു യുവാവ് അത് വഴി വന്നു. കാക്ക ധർമ്മൻ ചാണ്ടിയെ തോണ്ടി. പിന്നെ സംശയിച്ചില്ല, ധർമ്മൻ ചാണ്ടി അയാളെയും കാലു വച്ച് വീഴ്ത്തി.

ആനകളുടെ ചിതറിയോട്ടം സൃഷ്ട്ടിച്ച കൂട്ടപ്പൊരിച്ചിലിൽ കൈ വിട്ടു പോയ ഒരു പിഞ്ചുകുഞ്ഞിനു അതിന്റെ അമ്മയെ കണ്ടു പിടിച്ചു കൊടുത്തതിനു ശേഷം  ധർമ്മൻ ചാണ്ടി കാക്കയുടെ കൂടെ  മുകളിലേക്ക് ഉയർന്നു.

പിന്നെ മലർന്നു പറന്നു.

3
കംസൻ അലറി - "നാളെ രാവിലെ കൊട്ടാരത്തിന്റെ പുറത്ത് ഒരു മദയാനയെ നിർത്തണം. മത്സരത്തിൽ പങ്കെടുക്കാൻ വരുന്ന കൃഷ്ണനെയും ബലരാമനെയും അത് ചവിട്ടി അരക്കുന്നത് എനിക്ക് കാണണം ...... ഹഹഹഹഹഹഹ...ഹഹഹഹഹഹഹഹ..."

"കട്ട്" ... സംവിധായകാൻ കാറി.  "മിസ്റ്റർ സാത്ത് .. നിങ്ങളുടെ ആ അട്ടഹാസം ശരിയാവുന്നില്ല ... ഇന്ന് പായ്ക്കപ്പ്. നാളെ ഒന്ന് കൂടി നോക്കണം."

ഡബ്ബിംഗ് തീയേറ്ററിലെ തണുപ്പിലിരുന്നും സാത്ത് വിയർത്തു.

പുരാണകഥകളിലെ ദുഷ്ട്ടകഥാപാത്രങ്ങൾക്ക് ശബ്ദം കൊടുക്കാൻ തുടങ്ങിയത് മുതൽ നേരിടുന്ന പ്രശ്നമാണിത്. അട്ടഹാസം  ശരിയാവാൻ ഒരു നാലഞ്ചു ടെയിക്ക് വേണ്ടി വരുന്നു!!

ഒരു അഞ്ചു മിനിട്ട് നിർത്താതെ ഉറക്കെ ചിരിക്കുക എന്നൊക്കെ പറഞ്ഞാൽ ചില്ലറക്കാര്യമാണോ? ഇവന്മാരുടെ ഒരു കൊലച്ചിരി!!

ഏതു ക്രിയേറ്റിവ് ജീനിയസിന്റെ തലയിലാണാവോ പുരാണത്തിലെ ദുഷ്ട്ടകഥാപാത്രങ്ങൾ ഇങ്ങനെ അലറിച്ചിരിക്കണം എന്ന് തോന്നിപ്പിച്ചത് ...!

സ്റ്റുഡിയോയിലെ റസ്റ്റ്‌റൂമിൽ കാക്ക സാത്തിനെ കാത്തിരുന്നു. പിന്നെ അയാളെയും കൊത്തിയെടുത്ത് ജാലകത്തിലൂടെ അത് പുറത്തേക്ക് പറന്നു.


***********************

ത്രീ ഡീ കംസൻ രണ്ടാം ദിവസം...

ഡബ്ബിംഗ് തീയെട്ടെരിൽ കംസൻ ഉറഞ്ഞു തുള്ളി. അയാളുടെ അട്ടഹാസം സ്റ്റുഡിയോ ചുമരുകൾ തകർത്ത് പുറത്തേക്ക് ചിതറിത്തെറിച്ചു. സംവിധായകനും കൂട്ടരും ജീവനും കൊണ്ടോടി.

താഴെ ഡബ്ബിംഗ് തീയെട്ടരിനെ മദയാന ചവിട്ടിയരക്കുമ്പോൾ മുകളിൽ സാത്ത് മലർന്നു പറക്കുകയായിരുന്നു. 

പറന്നു പറന്നു സാത്ത് ക്രൂരമങ്കലയ്ക്കു മുകളിലെത്തി. കൂടെ പറക്കുകയായിരുന്ന കാക്ക അയാളെ കണ്ണ് കാണിച്ചു. ക്രൂരമായ ഒരു ഗൂഡസ്മിതം സാത്തിന്റെ ചുണ്ടുകളിൽ വിരിഞ്ഞു.

സാത്ത് ഒരു താരാട്ട് പാട്ട് ഉറക്കെ ചൊല്ലി.

താഴെ, സമയവും കയ്യിൽ പിടിച്ച്, ഓഫീസ്കളിലേക്കും തൊഴിൽശാലകളിലേക്കും  കുതിക്കുകയായിരുന്ന ജനം ..... പെട്ടന്ന് ഉറക്കം വന്നത് കാരണം അന്ന് അവധിയെടുത്തു.

ഉറങ്ങാതെ വാശി പിടിച്ചു കരയുകയായിരുന്ന പിഞ്ചുകുഞ്ഞുങ്ങൾ ശാന്തമായി ഉറങ്ങാൻ തുടങ്ങി. തക്കുടുവും.


4
തമ്പാനൂർ റെയിൽവേ സ്റ്റേഷന് പുറത്തെ ആൽമരത്തിൻ ചോട്ടിൽ അപ്പുക്കുട്ടൻ ബസ്സ്‌ കാത്തു നില്ക്കാൻ തുടങ്ങിയിട്ട് ഏറെ നേരമായി.

കൂടെ നിന്നിരുന്ന പെണ്‍കുട്ടികളുടെ സാന്നിധ്യം അവന്റെ മനസ്സിനെ ഇളക്കിയില്ല.

സിവിൽ സർവീസ് കോച്ചിംഗ്  ഇൻസ്റ്റിട്ട്യൂട്ടിൽ പത്തു മണിക്ക് തുടങ്ങാൻ പോകുന്ന ക്ലാസ് മാത്രമായിരുന്നു അവന്റെ മനസ്സിൽ.

മുകളിലെ ആൽമരത്തിന്റെ ചില്ലയിൽ വിശ്രമിക്കുകയായിരുന്ന കാക്ക പരിചയഭാവത്തിൽ അപ്പുക്കുട്ടനെ നോക്കി ചിരിച്ചു. പിന്നെ അയാളുടെ തലയിലേക്ക് കാഷ്ട്ടിച്ചു.

ഇപ്പ്രവാശ്യം സമർത്ഥമായി ഒഴിഞ്ഞു മാറിയ അപ്പുക്കുട്ടൻ പിന്നെ അവിടെ നിന്നില്ല.

ബസ്‌സ്റ്റോപ്പിൽ നിന്നും ഉയർന്നുപൊങ്ങി ഇൻസ്റ്റിട്ട്യൂട്ടിലെക്ക് അയാൾ  മലർന്നു പറന്നു.ശേഷിപ്പ്

ജനിമൃതികൾക്ക് അപ്പുറത്ത് നിന്ന് കാക്ക തിരിഞ്ഞുനോക്കി 

പുറകിൽ കത്തുന്ന കടലിലേക്ക് ഒരു ലോഡ് പുഛം അവൻ വാരി വിതറി. പിന്നെ മലർന്നു പറന്നു ...


Disclaimer: This blog is a pure work of imagination. Any resemblance to real persons, living or dead is purely coincidental.

7 comments:

 1. “എല്ലാം കണ്ടു കൊണ്ട് നിൽക്കുകയായിരുന്ന കാക്ക ചെന്ന് ധവാനെ കൊത്തിയെടുത്ത് ആകാശത്തിന്റെ അത്യുന്നതങ്ങളിലേക്ക് ഊളിയിട്ടു“ കുറച്ചധികം കഞ്ചാവടിച്ചെഴുതിയതായിരിക്കും അല്ലേ..?

  ReplyDelete
 2. കൂടുതൽ ആരും തിരഞ്ഞെടുക്കാത്ത ഒരു ബിംബത്തിലൂടെ എഴുതിയതിന്ന് അഭിനന്ദനങ്ങൾ...

  തുടരുക ഈ എഴുത്ത്

  ReplyDelete
  Replies
  1. നന്ദി സുഹൃത്തെ - ഒരാൾക്കെങ്കിലും കഥ മനസ്സിലായല്ലോ എന്നോർക്കുമ്പോൾ ... :D

   Delete
 3. eppolatheyum poole tanne variety theme vechu variety aaki :) this one deserves credit :) #stars.. keep writing.... :)

  ReplyDelete
 4. Fantastic .. i like the way of presentation.. keep it up. be a creative thinker always . best wishes .

  ReplyDelete
 5. Thanks Praveen!! Appreciated!

  ReplyDelete