5/16/13

THE GHOSTS OF KROORAMANGALA - 5ആറു മാസങ്ങൾക്ക് ശേഷം
ലണ്ടൻ നഗരം, രാത്രി

നഗരത്തിന്റെ ഒരു കോണിൽ സ്ഥിതി ചെയ്യുന്ന ഒരു ഹോട്ടലിന്റെ പുറത്ത് നിന്നുള്ള ദൃശ്യം.

ഹോട്ടലിന്റെ ഉള്ളിലെ ഒരു മുറി - ഫോണ്‍ ബെല്ലടിക്കുന്നു - ഫോണ്‍ കടന്നെടുക്കുന്ന ഒരു കൈ.

അത് വിനു അച്ചായനാണ്.

ഫോണിൽ സംസാരിക്കുന്ന അച്ചായൻ: മുനു! അതെ, നാളെ 11 മണിക്കാണ് അവാർഡ് ഫങ്ക്ഷൻ.

ഫോണിൽ മുനു എന്തോ ചോദിച്ചു: അതിനു മറുപടിയായി അച്ചായൻ: "രാവിലെ 10 മണിക്ക് ഇവിടെ വരാം എന്നാണു അദ്ദേഹം  പറഞ്ഞിരിക്കുന്നത്. അതേ, ഒരു തരത്തിൽ പറഞ്ഞാൽ, നാളത്തെ ഫങ്ക്ഷനെക്കാളും ഞാൻ കാത്തിരിക്കുന്നത് ഈ കൂടിക്കാഴ്ചയാണെന്ന് എനിക്ക് തോന്നുന്നു!"

ഫോണ്‍ വച്ച് തന്റെ ലാപ്‌ടോപ്പിന് മുന്നിൽ വന്നിരിക്കുന്ന അച്ചായൻ. തന്റെ ഇനിയും പബ്ലിഷ് ചെയ്തിട്ടില്ലാത്ത ഒരു ബ്ലോഗ്‌: "The Krooramankala Diaries" - അതിലൂടെ  അയാൾ കണ്ണോടിക്കുന്നു.

**************************

ക്രൂരമങ്കലയുടെ കഥ തുടരുന്നു: വിനു അച്ചായന്റെ ബ്ലോഗിലൂടെ ...

ഫാദർ ഡിങ്കൻ വട്ടോളി ക്രൂരമങ്കലയിൽ എത്തിയ ദിവസം രാവിലെ വിക്ക്രുത്തമ്പുരാന്റെ ഒരു ഫോണ്‍ കോൾ ആണ് എന്നെ ഉണർത്തിയത്. പൊതുവെ ശാന്തശീലനായ തമ്പുരാൻ ഇപ്പ്രാവശ്യം അല്പ്പം ക്ഷുഭിതനായിരുന്നു.

"പറ്റുമെങ്കിൽ എന്നെ പെട്ടന്ന് വന്നു ഒന്ന് കാണണം. താങ്കളെ കരുതി മാത്രമാണ് ഞാൻ മൂപ്പന് ഇന്റർവ്യൂ  അനുവദിച്ചത്. പക്ഷെ അദ്ദേഹം ഇത് വരെ എത്തിയിട്ടില്ല!"

വട്ടോളി അച്ചനെയും മുനുവിനെയും കൂട്ടി ഞാൻ പാലസിലേക്ക് നടക്കുമ്പോൾ ഞാൻ ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു. സ്വപ്നമായിരുന്ന ഇന്റർവ്യൂ ഉപേക്ഷിച്ച് മൂപ്പൻ ഇതെവിടെ പോയി?

മത്തായിച്ചനെ പോലെ ഇനി മൂപ്പനും വല്ല .... ? എന്തോ അങ്ങിനെ ഒരു സാധ്യത തള്ളിക്കളയാനാണ് എന്റെ മനസ്സ് പറഞ്ഞത്. ക്രൂരമങ്കലയിൽ നടക്കുന്ന വിചിത്ര അനുഭവങ്ങളുടെ പട്ടികയിൽ ഒന്ന് കൂടി ചേർക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല!

തമ്പുരാൻ വട്ടോളി അച്ചനെ ഹാർദ്ദവമായി സ്വീകരിച്ചു. അച്ചൻ സത്യത്തിൽ "ഡോക്ടർ" ഫാദർ ഡിങ്കൻ വട്ടോളി ആണെന്ന് തമ്പുരാൻ പറയുമ്പോൾ ആണ് ഞാനറിയുന്നത്!

തമ്പുരാന്റെ മകൻ ഞാനാരാ മേനോൻ പഠിപ്പിക്കുന്ന പ്രസിദ്ധമായ ലണ്ടനിലെ ഗെയിറ്റ്വേ യൂനിവേർസിറ്റിയിൽ നിന്നുമാണ് അച്ചൻ മനശാസ്ത്രത്തിൽ റിസർച്ച് ചെയ്തത്!

മൂപ്പന്റെ റൂം ഇന്നലെ ഞാൻ കണ്ടത് പോലെ തന്നെ കിടന്നു! എല്ലാ സാധനങ്ങളും അടുക്കും ചിട്ടയിലും അത് പോലെ. മൂപ്പൻ സാധാരണ കൊണ്ട് നടക്കാറുള്ള ബാഗ്‌ അവിടെ കാണാൻ കഴിഞ്ഞില്ല. സെൽ ഫോണിൽ വിളിച്ചു നോക്കിയെങ്കിലും സ്വിച്ച് ഓഫ്‌ ആയിരുന്നു.

തമ്പുരാൻ ഒന്ന് തണുത്തിരുന്നു: "പത്രപ്രവർത്തകനല്ലേ? വല്ല പുതിയ വാർത്തയും തേടി ഇറങ്ങിക്കാണും. തിരിച്ച് വരുമ്പോൾ എന്നെ വന്നു ഒന്ന് കാണാൻ പറയണം ആ വിദ്വാനോട്." 

തമ്പുരാൻ ഞങ്ങളെ വിട്ടു പോകാൻ തുടങ്ങിയപ്പോൾ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് വട്ടോളി അച്ചൻ ചോദിച്ചു:

"ഈ കൊട്ടാരത്തിന്റെ ചരിത്രം അറിയാൻ ആഗ്രഹമുണ്ട്. കൂടാതെ അങ്ങയുടെ പൂർവ്വികരുടെ എണ്ണച്ചായാചിത്രങ്ങളുടെ പ്രസിദ്ധമായ ആ ശേഖരവും ഒന്ന് കാണണമെന്നുണ്ട്. തമ്പുരാന് അല്പ്പം സമയം ഞങ്ങളുടെ കൂടെ ചിലവഴിക്കാൻ കഴിയുമോ?"

ഞാൻ പലപ്പോഴും തമ്പുരാനോട് ആവശ്യപ്പെടാൻ കൊതിച്ചിരുന്ന ഒരു കാര്യമായിരുന്നു അത്!

******************************

ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ ദിവസത്തിന്റെ ഏകദേശം പകുതി ഭാഗവും തമ്പുരാൻ ഞങ്ങളുടെ കൂടെ ചിലവഴിച്ചു. അനേകം നിലവറകൾ അദ്ദേഹം ഞങ്ങൾക്കായി തുറപ്പിച്ചു.

ക്രൂരമങ്കല പാലസിന്റെ പ്രതാപം വിളിച്ചോതുന്ന പല കഥകളും ചിഹ്നങ്ങളും ഏറെ സന്തോഷത്തോടെ തമ്പുരാൻ ഞങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടി. ചരിത്രമുറങ്ങിക്കിടക്കുന്ന ആ ഇടനാഴികളിലൂടെ ഞങ്ങൾ ഏറെ സഞ്ചരിച്ചു.

ക്രൂരമങ്കല രാജവംശം മനോഹരമായി ചിത്രീകരിച്ച ചിത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന അറയിൽ ഞങ്ങൾ എത്തി. അവിടെ ഒരു ചിത്രം ഞങ്ങളുടെ ശ്രദ്ധ ആകർഷിച്ചു. ഒരു പഴയ BMW! 

"1928ൽ BMW കമ്പനി കാർ നിർമ്മാണം ആരംഭിച്ചപ്പോൾ പുറത്തിറക്കിയ ആദ്യ ശ്രേണിയിലെ 10 കാറുകളിൽ ഒന്ന് ആണിത്."തമ്പുരാൻ പറഞ്ഞു.
രണ്ടു നിമിഷം നിർത്തിയതിനു ശേഷം അദ്ദേഹം തുടർന്നു: 

അക്കാലത്ത് ക്രൂരമങ്കല ഭരിച്ചിരുന്നത് കാറുകൾ ഹരമായിരുന്ന സാത്ത് എന്നാ രാജാവായിരുന്നു.  ചരിത്രത്തിലെ ആദ്യ BMW കാറുകളിൽ ഒന്ന് സാത്ത് തമ്പുരാൻ കരസ്ഥമാക്കുകയായിരുന്നു! തമ്പുരാന്റെ BMW പ്രേമത്തിനു ഒരു പ്രധാന കാരണം വിദേശത്ത് പഠിച്ചു വന്ന മകൾ ഇന്ദുമതി ആയിരുന്നു.കടുത്ത മത്സരങ്ങളെ അതിജീവിച്ച് ഈ കാർ ഇവിടെ എത്തിക്കാൻ അച്ഛനും മകളും  ഏറെ കഷ്ട്ടപ്പെട്ടു."

വട്ടോളി അച്ചൻ പെട്ടന്ന് ചോദിച്ചു: ആ കാർ ഇപ്പോൾ എവിടെയുണ്ട് തമ്പുരാനെ?

"ക്രൂരമങ്കലയുടെ ചരിത്രം തിരുത്തിക്കുറിച്ച ഒരു കാർ ആണിത്. 

1929ൽ പേർഷ്യൻ സ്വേച്ചാധികാരി റിയൽ ഷുക്കൂർ ക്രൂരമങ്കല  ആക്രമിച്ചപ്പോൾ സുൽത്താന്റെ പ്രധാനലക്‌ഷ്യം ഈ കാർ സ്വന്തമാക്കുക എന്നതായിരുന്നു. അതിലദ്ദേഹം വിജയിച്ചു."

അടുത്തടുത്ത് സ്ഥാപിച്ചിരുന്ന രണ്ടു വലിയ ചിത്രങ്ങളിലേക്ക് തമ്പുരാൻ വിരൽ ചൂണ്ടി. സാത്ത് തമ്പുരാനും മകൾ ഇന്ദുമതിയും!

തമ്പുരാൻ തുടർന്നു: 

"അഭിമാനസ്തംഭമായിരുന്ന BMW നഷ്ട്ടപ്പെട്ടത് തമ്പുരാനെ മാനസികമായി തകർത്തു. ട്വിട്ടെരിലും ബ്ലോഗ്ഗിങ്ങിലും സജീവമായിരുന്ന സാത്ത് തമ്പുരാൻ അതൊക്കെ ഉപേക്ഷിച്ച് ഫെയിസ്ബുക്കിൽ മാത്രമായി ഒതുങ്ങിക്കൂടി. കൊട്ടാരത്തിൽ ഒതുങ്ങി നില്ക്കേണ്ട വാർത്തകളും വിവരങ്ങളും ട്വിറ്റെർ, ബ്ലോഗ് എന്നിവ വഴി അനാവശ്യമായി ശത്രുക്കളിലെക്ക് എത്തുകയായിരുന്നു എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.

ക്രൂരമങ്കല-ബ്ലോഗിങ്ങിന്റെ സുവർണ്ണകാലം അതോടു കൂടി ഒരു പരിധിവരെ അവസാനിച്ചു എന്ന് പറയാം. പിന്നീട് പുതുതലമുറക്കാരുടെ കഠിനപ്രയത്നം വേണ്ടി വന്നു, വീണ്ടും ബ്ലോഗിങ്ങിൽ നഷ്ട്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാൻ. 

ഇന്ദുമതിയുടെ വിവാഹം തീരുമാനിച്ചിരുന്ന സമയത്തായിരുന്നു ഈ ദുരന്തങ്ങൾ. വിവാഹജീവിതം വേണ്ടെന്നു വച്ച് സാത്ത് തമ്പുരാനെ ശുശ്രൂഷിച്ച് അവർ ശിഷ്ട്ടകാലം കഴിക്കുകയായിരുന്നു."

അതിസുന്ദരിയായ ആ രാജകുമാരിയുടെ ചിത്രത്തിലേക്ക് നോക്കി ഞാൻ ഒരു നിമിഷം നിന്നു. ആ സൌന്ദര്യത്തെക്കാളേറെ എന്നെ ആകർഷിച്ചത് ആ കണ്ണുകളിൽ തളം കെട്ടിക്കിടന്നിരുന്ന വിഷാദഭാവമായിരുന്നു.

പെട്ടെന്ന് എന്റെ കണ്ണുകൾ സാത്ത് തമ്പുരാന്റെ ചിത്രത്തിലേക്ക് തെന്നി മാറി. ആ കണ്ണുകളിൽ ഞാൻ അത് വരെ ശ്രദ്ധിക്കാതിരുന്ന ഒരു രൂക്ഷത എനിക്കനുഭവപ്പെട്ടു.

എന്റെ മനസ്സ് വായിച്ചെന്ന പോലെ അച്ചൻ പറഞ്ഞു:

"ഈ പാലസിലേക്ക് വരുന്ന ഔട്ട്‌സൈടെർസിനെ വളരെ സംശയത്തോടെ നിരീക്ഷിക്കുന്ന "two invisible eyes" ഇവിടെ വന്ന പലർക്കും അനുഭവപ്പെട്ടിട്ടുണ്ട് എന്ന് മേനോൻ സാർ പറഞ്ഞു കേട്ടിട്ടുണ്ട്. ക്രൂരമങ്കലയുടെ ഒരു guardian angel പോലെ സാത്ത് തമ്പുരാന്റെ ആത്മാവ് ഈ കൊട്ടാരത്തിനെ സംരക്ഷിക്കുകയാണത്രെ!"

അച്ചൻ പറഞ്ഞത് കേട്ട് തമ്പുരാൻ ഉറക്കെ ചിരിച്ചു. തമാശ പോലെ അദ്ദേഹം പറഞ്ഞു: "നിങ്ങളൊക്കെ സൂക്ഷിക്കണം! നമുക്ക് ഈ കറക്കം ഇന്നിവിടെ അവസാനിപ്പിക്കാം. ഒരു പത്തു മിനുട്ട് - ഫാദരിനൊട് എനിക്കൊന്നു തനിച്ച് സംസാരിക്കണം."

ഫാദറിനെ തമ്പുരാന്റെ കൂടെ വിട്ടു ഞങ്ങൾ പുറത്തേക്കിറങ്ങി.

പുതിയ അറിവുകൾ! അറിയാൻ അല്പ്പം വൈകിയോ?എന്റെ കൂടെ നടക്കുന്ന മുനുവും ഏറെ ചിന്താകുലനായി കാണപ്പെട്ടു! എന്തൊക്കെയോ ആലോചിച്ചു നടക്കുന്നതിനിടയിൽ എന്റെ റൂം എത്തിയത് ഞാൻ അറിഞ്ഞില്ല.

****************************

ഞാൻ എന്റെ കിടക്കയിൽ മലർന്നു കിടന്നു. ഉറക്കം വരുന്നില്ല. ബ്ലോഗിങ് സ്കൂളിന്റെ ഉത്ഘാടനം ഇങ്ങടുത്തു വരുന്നു. ഒരു പാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. മത്സരത്തിലേക്ക് വേണ്ട ബ്ലോഗ്‌ എഴുതി തീർക്കണം. അതിനിടയിൽ ആവശ്യമില്ലാത്ത കാര്യങ്ങൾ മനസ്സിലേക്ക് വലിച്ചിടേണ്ട എന്ന് ഞാൻ തീരുമാനിച്ചു.

മത്തായിച്ചൻ എവിടെയോ സുരക്ഷിതനായി കഴിയുന്നുണ്ടാവും എന്നെന്റെ മനസ്സ് പറഞ്ഞു. വട്ടോളി അച്ചൻ  ഇനിയുള്ള അന്യെഷണങ്ങൾ നടത്തട്ടെ. പിന്നെ മൂപ്പൻ - കാട്ടുതീ ചാനലിൽ വിളിച്ചപ്പോൾ മൂപ്പന്റെ കീഴ്ജീവനക്കാർ ഒന്നും വിട്ടു പറഞ്ഞില്ല. പുതിയ വല്ല വാർത്തയുമായി  മൂപ്പന്റെ ഒരു ഫോണ്‍ കോൾ ഞാൻ ഏതു നിമിഷവും പ്രതീക്ഷിച്ചു.

ഞാൻ എഴുന്നേറ്റു. എന്റെ ലാപ്ടോപ്പ് തുറന്നു.

ക്രൂരമങ്കല സിറ്റിയിലെ അതീന്ദ്രിയശക്തികളെ കുറിച്ചുള്ള ഒരു ബ്ലോഗ്‌ ആണ് ഞാൻ ബ്ലുക്കർ ഫൈനലിലേക്ക് അയക്കാൻ നിശ്ചയിച്ചിരിക്കുന്നത്. ഒരു മോഡേണ്‍ സിറ്റിയിലെ പ്രേത സാന്നിധ്യം നല്ലൊരു വിഷയമായി എനിക്ക് തോന്നി.

അനുഭവസ്ഥരായ നഗരവാസികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ ഞാൻ ഒരു ഇ-മെയിൽ ID അന്നൗൻസ് ചെയ്തിരുന്നു.

പൊടിപ്പും തൊങ്ങലും വച്ച സാങ്കൽപ്പികമെന്നു തോന്നിക്കുന്ന വിവരണങ്ങളുമായി അനേകം സന്ദേശങ്ങൾ ആ അക്കൌണ്ടിൽ വന്നു കിടന്നിരുന്നു. അതൊക്കെ ഓരോന്നായി ഞാൻ ഡിലീട്ട് ചെയ്തു. പക്ഷെ അന്ന് വന്ന ഒരു ഇ-മെയിൽ എന്റെ ശ്രദ്ധയെ ആകർഷിച്ചു!

സിറ്റിയിൽ നിന്നും ഏകദേശം 70  കിലോമീറ്ററോളം അകലെ സ്ഥിതി ചെയ്തിരുന്ന സെയിന്റ് ജോണ്‍സ് മെന്റൽ ഹോസ്പിറ്റലിൽ ആണ് ആ സന്ദേശം എന്നെ എത്തിച്ചത്!

******************************

ആശുപത്രിയിലേക്ക് പോകുമ്പോൾ ഡിങ്കൻ വട്ടോളി അച്ചനെയും ഞാൻ ഒപ്പം കൂട്ടി. വട്ടോളി അച്ചന്റെ സാമീപ്യം ആ സാഹചര്യങ്ങളിൽ ഞാൻ ഏറെ ഇഷ്ട്ടപ്പെട്ടു. പാലസിലെ എന്റെ അനുഭവങ്ങളും മൂപ്പനുമായുള്ള അവസാന കൂടിക്കാഴ്ചയും ഒക്കെ ഞാൻ അച്ചനെ ധരിപ്പിച്ചു.

എന്നെ സംസാരിക്കാൻ വിട്ട്, ഇടക്ക് ചില ചോദ്യങ്ങൾ ചോദിച്ച് അദ്ദേഹം ഞാൻ പറഞ്ഞതൊക്കെ കേട്ടിരുന്നു. സംഭാഷണത്തിന്റെ അവസാനം, ഒരു ഉപദേശം മാത്രം അദ്ദേഹം എനിക്ക് തന്നു: 

"മനസാന്നിധ്യം കൈ വിടാതെ മുന്നോട്ടു പോവുക. വളരെ വിചിത്രങ്ങൾ എന്ന് തോന്നുന്ന അനുഭവങ്ങൾ ഇനിയും ഉണ്ടായേക്കാം. എല്ലാത്തിലും ഒരു ലോജിക്ക് കണ്ടെത്താൻ ശ്രമിക്കുക."

ആശുപത്രിയിൽ ഞങ്ങളെ സ്വീകരിച്ചത് കിംഗ്‌ ലൂയി എന്നാ ചെറുപ്പക്കാരനായിരുന്നു. എനിക്ക് മെയിൽ അയച്ചത് അദ്ദേഹമായിരുന്നു. അദ്ദേഹം ഞങ്ങളെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ മിടുക്കനായ ഒരു ചെറുപ്പക്കാരനെ ഞങ്ങൾ കണ്ടു. മനോരോഗിയെന്നു വിശ്വസിക്കാൻ പ്രയാസം.

"ഇത് കൂക്കി. എന്റെ ഒരു സുഹൃത്ത്. സ്നേഹിച്ചിരുന്ന പെണ്ണ് വിട്ടു പോയപ്പോൾ ഉണ്ടായ ചെറിയ ഒരു ഷോക്ക്. ഒരു തരം ഹാലൂസിനേഷൻ! അച്ചായന്റെ ഏറ്റവും പുതിയ ബ്ലോഗ്‌ വായിച്ചപ്പോൾ ഇവന്റെ അനുഭവം ഒന്ന് പങ്കിടണമെന്നു തോന്നി," ലൂയി പറഞ്ഞു.

ഞങ്ങൾ എല്ലാവരും മുറിക്ക് പുറത്തുള്ള പുൽത്തകിടിയിലെക്കിറങ്ങി. ഞങ്ങളോടൊപ്പം നടന്നു കൊണ്ട് കൂക്കി തനിക്കുണ്ടായ അനുഭവം വിവരിക്കാൻ തുടങ്ങി. എനിക്ക് വിഷമം തോന്നി. ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത ഒരു സംഭവം. ഇന്നത്തെ ദിവസം വെറുതെ കളഞ്ഞു! 

ഞങ്ങൾ തിരിച്ച് കൂക്കിയുടെ മുറിയിലേക്ക് പോകാൻ തുടങ്ങുമ്പോളാണ് അത് സംഭവിച്ചത്. ആശുപത്രിയുടെ പുറത്ത് നല്ല തിരക്കുണ്ടായിരുന്നു. ഞങ്ങളുടെ മുന്നിലായി നടന്നു പോവുകയായിരുന്ന ഒരു പെണ്‍കുട്ടിയെ ചൂണ്ടി കൂക്കി അലറി: "അതവളാണ്. എന്റെ ഇന്ദു!!!"

ഞങ്ങൾക്ക് തടയാൻ കഴിയുന്നതിനു മുമ്പ് കൂക്കി പെട്ടന്ന് മുന്നോട്ടോടി. പെണ്‍കുട്ടി ഒന്ന് തിരിഞ്ഞു നോക്കി. കൂക്കിയുടെ വരവ് കണ്ടു ഭയന്ന് കാണണം, പെണ്‍കുട്ടിയും ഓടാൻ തുടങ്ങി. ചുറ്റുമുള്ള ആളുകൾ കാര്യമറിയാതെ പകച്ചു നിന്നു.

അതിനിടെ കൂക്കിയുടെ പുറകെ അച്ചനും ഓടാൻ തുടങ്ങിയിരുന്നു. കൂക്കിയെ തടയാൻ ആയിരിക്കുമത് എന്നാണു ഞാൻ കരുതിയത്. പക്ഷെ എന്നെ അമ്പരപ്പിച്ചു കൊണ്ട് കൂക്കിയെയും കടന്നു അച്ചൻ മുന്നോട്ടോടി, പെണ്‍കുട്ടിയെ പിന്തുടരാൻ തുടങ്ങി.

പെണ്‍കുട്ടിയുടെ പുറകെ അച്ചനും ഒരു ബ്ലോക്കിലേക്ക് കയറി ഞങ്ങളുടെ കണ്ണിൽ നിന്നും മറഞ്ഞു

കൂക്കി പുൽത്തകടിയിൽ തളർന്നിരുന്നു. അയാൾ കിതക്കുന്നുണ്ടായിരുന്നു. ഞങ്ങൾ കൂക്കിയെ എഴുന്നെൽപ്പിച്ച് മുറിയിലേക്ക് നടത്തി.

അല്പ്പം കഴിഞ്ഞപ്പോൾ അച്ചൻ തിരിച്ചെത്തി. "രക്ഷപ്പെട്ടു കളഞ്ഞു," അദ്ദേഹം പറഞ്ഞു.

ലൂയി വിഷമത്തോടെ പറഞ്ഞു: "കൂക്കിയിൽ നിന്നും ഇങ്ങനെ ഒരു പെരുമാറ്റം ആദ്യമായാണ്‌." 

അച്ചൻ അയാളുടെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു: "താങ്കളുടെ സുഹൃത്ത് തികച്ചും നോർമലാണ്. പക്ഷെ ചെറിയ ഒരു വിഭ്രാന്തി. ഞാൻ ഇടയ്ക്കു വരാം. എന്തെങ്ങിലും ആവശ്യമുണ്ടെങ്കിൽ അറിയിക്കണം. ഇതാണ് എന്റെ നമ്പർ."

തിരിച്ചുള്ള യാത്രയിൽ അച്ചൻ തികച്ചും മൌനിയായിരുന്നു. പക്ഷെ എനിക്ക് പറയാതിരിക്കാൻ കഴിഞ്ഞില്ല: "ആ പെണ്‍കുട്ടിയെ അച്ചൻ പിന്തുടർന്നത് അല്പ്പം കടന്നു പോയി. ആളുകൾ ഇടപെടാഞ്ഞത് ഞങ്ങളുടെ ഭാഗ്യം!"

ഞങ്ങൾ ഔട്ട്‌ഹൌസിൽ എത്തിയിരുന്നു. സ്വന്തം മുറിയിലേക്ക് കയറും മുൻപേ അദ്ദേഹം എനിക്ക് മറുപടി തന്നു: "പ്രശസ്ത ബ്ലോഗർ ഒരു കാര്യം ശ്രദ്ധിച്ചില്ല. കൂക്കിയുടെ പ്രേത കാമുകിയുടെ പേര്: ഇന്ദു! ഇന്നലെ ഞങ്ങൾ പരിചയപ്പെട്ട ഇന്ദുമതിയെ ഇത്ര വേഗം മറന്നുവോ?"

******************************

വട്ടോളി അച്ചന്റെ ആ വാക്കുകൾ എന്നെ കൂടുതൽ ചിന്താക്കുഴപ്പത്തിൽ  ആക്കി. 'ലോജിക്കൽ' ആയിട്ട് മാത്രം ചിന്തിക്കാൻ ആവശ്യപ്പെട്ടിരുന്ന അച്ചന്റെ പുതിയ കണ്ടുപിടിത്തം എനിക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല.

എനിക്ക് ഒറ്റയ്ക്കിരിക്കാൻ ബുദ്ധിമുട്ട് തോന്നി. ആരോടെങ്കിലും സംസാരിക്കണം മുനു എന്തോ ആവശ്യത്തിനു നാട്ടിലേക്ക് പോയിരുന്നു. ഞാൻ അച്ചന്റെ മുറിയിലേക്ക് ചെന്നു. പക്ഷെ വാതിൽ പുറത്ത് നിന്നും പൂട്ടിയിരിക്കുന്നു! ഈ സമയത്ത് അച്ചനിത് എവിടെ പോയി?

ഞാൻ തിരിച്ച് എന്റെ മുറിയിലേക്ക് വന്നു. ഭക്ഷണം കഴിച്ച് കിടക്കയിൽ കയറി കിടന്നു. കിടന്ന പാടെ ഉറങ്ങിയെന്നു തോന്നുന്നു! വാതിലിനു ആരോ മുട്ടുന്നത് കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്. സമയം നോക്കി: രാത്രി 1 മണി കഴിഞ്ഞിരിക്കുന്നു.


വാതിൽ തുറക്കാനായി ഞാൻ ചാടി എഴുന്നേറ്റു. പെട്ടന്ന് വിക്ക്രുത്തമ്പുരാന്റെ വാക്കുകൾ എന്റെ മനസ്സിൽ മിന്നി. "സൂക്ഷിക്കണം. ചുറ്റും ദുഷ്ട്ടശക്തികളാണ്." ഞാൻ വിളിച്ചു ചോദിച്ചു: ആരാണവിടെ?

"മുനുവാണ് അച്ചായാ, വാതിൽ തുറക്ക്."

ഞാൻ ഒരു നിമിഷം മടിച്ചു നിന്നു. മുനു ഇപ്പോൾ നാട്ടിൽ എത്തിയിരിക്കണം. അവനെന്തിന് പെട്ടന്ന് തിരിച്ചു വരണം? പെട്ടന്നുള്ള ഒരു തോന്നലിൽ ഞാൻ മുനുവിന്റെ നമ്പർ ഡയൽ ചെയ്തു. എന്നെ ഞെട്ടിച്ചു കൊണ്ട് അങ്ങേത്തലക്കൽ പകുതി ഉറക്കത്തിൽ അവൻ മറുപടി പറഞ്ഞു:

"എന്താ അച്ചായാ ഈ സമയത്ത്? ഞാൻ നല്ല ഉറക്കമായിരുന്നു."

മറുപടി ഒന്നും പറയാതെ ഞാൻ ഫോണ്‍ തിരിച്ചു വച്ചു. പിന്നെ വാതിലിനു നേരെ തിരിഞ്ഞു വിറയാർന്ന ശബ്ദത്തിൽ ചോദിച്ചു: "നിങ്ങൾ മുനു അല്ല എന്നെനിക്കറിയാം. സത്യം പറ നിങ്ങളാരാണ്‌."

ഒരു പെണ്‍കുട്ടിയുടെ ചിലങ്ക കിലുങ്ങുന്നത് പോലെയുള്ള ചിരിയാണ് മറുപടിയായി എനിക്ക് ലഭിച്ചത്! പിന്നെ ഒരു കാലടി ശബ്ദം അകന്നു പോകുന്നതും ഞാനറിഞ്ഞു!

എനിക്ക് ക്ഷമ നശിച്ചു. പേടി തോന്നുന്നുണ്ടെകിലും വിചിത്രമായ അനുഭവങ്ങളുടെ ഈ പരമ്പരക്ക് ഒരു അവസാനം കാണണമെന്ന് എന്റെ മനസ്സ് പറഞ്ഞു. രണ്ടും കല്പ്പിച്ച് ഞാൻ വാതിൽ തുറന്നു.

പുറത്തൊന്നും ആരും ഉണ്ടായിരുന്നില്ല! ഇടനാഴിയിലെ പതിഞ്ഞ ഇരുട്ടിലൂടെ ഞാൻ കുറച്ചു ദൂരം മുന്നോട്ടു നടന്നു.


പെട്ടന്ന് പുറകിൽ നിന്നും രണ്ടു കൈകൾ എന്റെ തോളിൽ അമർന്നു! എനിക്ക് ശ്വാസം നിന്ന് പോകുന്നത് പോലെ തോന്നി. ബലിഷ്ട്ടമായ ആ കൈകൾ എന്നെ മുറുകെ പിടിച്ചിരിക്കുകയാണ്!

ഞാൻ ആ മനുഷ്യനെ പുറകോട്ടു തള്ളി. ഹാളിലെ ചെറിയ വെളിച്ചത്തിൽ ആ മുഖം ഞാൻ കണ്ടു:

ഗോപാലകൃഷ്ണൻ! മാന്നാർ മത്തായിച്ചന്റെ സുഹൃത്ത് ഗോപാലകൃഷ്ണൻ!!

ക്രൂര ആറാം ഭാഗത്തോടെ ഈ കഥ അവസാനിക്കുന്നതാണ്.
Kroora 6 to be released on May 18

2 comments:

  1. വെയ്റ്റിങ്ങ് ഫോർ ക്രൂര 6 ബാലേട്ടാ .

    ReplyDelete
  2. പതിവുപോലെ കഥ തകർത്തു. ഈ ഡയലോഗൊക്കെ കിടു. “ക്രൂര ആറാം ഭാഗത്തോടെ ഈ കഥ അവസാനിക്കുന്നതാണ്...” ബാലേട്ടാ യൂ റൂൾ..

    ReplyDelete