4/29/13

THE GHOSTS OF KROORAMANGALA - 4


കഥ ഇതുവരെ:

ഇന്ത്യൻ ബ്ലോഗിങ് സംസ്കാരത്തിന്റെ നെടുംതൂണായ ക്രൂരമങ്കല പാലസ് . പാലസിന്റെ ഇപ്പോളത്തെ അധികാരിയായ വിക്ക്രുത്തമ്പുരാൻ തുടങ്ങാൻ പോകുന്ന ബ്ലോഗിങ് സ്കൂളിനു നേതൃത്വം നല്കാൻ ബ്ലോഗിങ് പ്രതിഭയായ കോട്ടയം വിനു അച്ചായൻ ക്രൂരമങ്കല പാലസിൽ എത്തുന്നു. കൂട്ടിനു നെട്ടൂരാനച്ചനും മുനു പീവീയും. വിക്ക്രുതമ്പുരാന്റെ ഒരു ഇന്റർവ്യൂ നേടിയെടുക്കണം എന്ന മോഹത്തോടെ കാട്ടുതീ ചാനൽ MD മലമൂപ്പനും ഇവരോടൊപ്പം ചേരുന്നു. അതിനിടെ നെട്ടൂരാനച്ചന്റെ സന്തതസഹചാരി മാന്നാർ മത്തായിച്ചനെ ക്രൂരമങ്കലയിൽ നിന്നും ദുരൂഹ സാഹചര്യങ്ങളിൽ കാണാതാവുന്നു.

അതിനിടെ വിക്ക്രുത്തമ്പുരാന്റെ വിദേശത്തുള്ള മകൻ ഞാനാരാ മേനോനും വിനു അച്ചായനും പ്രസിദ്ധമായ ബ്ലുക്കർ ബ്ലോഗിങ് പ്രൈസിനുള്ള ഫൈനലിൽ പ്രവേശിക്കുന്നു. ബ്ലുക്കർ പ്രൈസ് എന്നാ മോഹം കാത്തു സൂക്ഷിച്ചിരുന്ന മറ്റൊരു പ്രശസ്ഥബ്ലോഗർ ജോർജ് ബ്ലാഷ്കെ ബ്ലോഗിങ് രംഗത്ത് വിക്ക്രുത്തമ്പുരാന്റെ ആജന്മശത്രുവാണ്. തന്റെ ശിങ്കിടികളായ രാംജി റാവു, മഹേന്ദ്ര വർമ്മ എന്നിവരുടെ സഹായത്തോടെ അയാൾ വിക്ക്രുത്തമ്പുരാനെതിരെ കരുക്കൾ നീക്കുന്നു.

മിസ്റ്റർ നായർ എന്ന യുവ ബ്ലോഗർ ക്രൂരമങ്കലയുടെ ബ്ലോഗിങ് സംസ്കാരത്തെ കുറിച്ച് പഠിക്കാൻ തമ്പുരാന്റെ സഹായം തേടുന്നു. 

കൂക്കി എന്ന ചെറുപ്പക്കാരന്റെ പ്രണയാഭ്യാർത്ഥന നിരസിച്ചുകൊണ്ട് ഇന്ദു എന്ന പെണ്‍കുട്ടി അയാളെ വിട്ടു പോകുന്നു. പോകുന്നതിനു മുമ്പ്, താൻ സത്യത്തിൽ ക്രൂരമങ്കലയിൽ സാധാരണമനുഷ്യരുടെ ഇടയിൽ കഴിയുന്ന അനേകം പ്രേതങ്ങളിൽ ഒരാളാണ് എന്ന സത്യം അവൾ കൂക്കിയെ അറിയിക്കുന്നു 

ഇനി തുടർന്ന് വായിക്കുക: 


കുട്ടൂസന്റെ ശബ്ദം:

മത്തായിച്ചനെ കാണാതായിട്ട് ഇന്നേക്ക് രണ്ടു ദിവസം തികയുന്നു.

ബ്ലോഗ്‌ സ്കൂൾ സംരംഭത്തിനു തടയിടാൻ ഉത്സാഹിക്കുന്ന ദുഷ്ട്ടശക്തികളുടെ പ്രവൃത്തിയാണ്‌ മത്തയിച്ചന്റെ തിരോധാനം എന്ന വാദത്തിൽ വിക്ക്രുത്തമ്പുരാൻ ഉറച്ചു നിന്നു. എന്നാൽ അന്യേഷകർ ഇപ്പോളും ഇരുട്ടിൽ തപ്പുകയാണ്‌!

അതിനിടെ മാർപാപ്പയുടെ സാന്നിധ്യത്തിൽ റോമിൽ നടക്കാൻ പോകുന്ന ഒരു പ്രത്യേക പരിപാടിയിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിൽ നിന്നുള്ള സംഘത്തിൽ നെട്ടൂരാനച്ചനും ഉൾപ്പെടുന്നു. നെട്ടൂരനച്ചൻ ആ ക്ഷണം സ്വീകരിച്ചു. അച്ചൻ അന്ന് രാത്രി പുറപ്പെടുകയാണ്.

തനിക്കു പകരം കാര്യങ്ങൾ നടത്താനും മത്തയിച്ചനെ കണ്ടെത്താനും വിനു അച്ചായാനെ സഹായിക്കാനായി അദ്ദേഹം ഡൽഹിയിൽ പ്രവർത്തിക്കുന്ന തന്റെ പ്രധാന ശിഷ്യനും വിശ്വസ്ഥനുമായ  ഫാദർ ഡിങ്കൻ വട്ടോളിയെ ക്രൂരമങ്കലയിലേക്ക് വിളിപ്പിക്കുന്നു.
**************************

ക്രൂരമങ്കലപാലസിന്റെ ഔട്ട്‌ഹൌസ് - വൈകുന്നേരം - വിനു അച്ചായന്റെ മുറി 

മുറിയിൽ അച്ചായനെ കൂടാതെ നെട്ടൂരാനച്ചൻ, മുനു എന്നിവർ സംഭാഷണത്തിൽ. മത്തായിച്ചന്റെ കാര്യമാണ് പ്രധാന സംഭാഷണ വിഷയം.

മൂപ്പനാകട്ടെ വിക്ക്രുത്തമ്പുരാനെ ഇന്റർവ്യൂ  ചെയ്യാൻ അനുവാദം കിട്ടിയതിന്റെ ത്രില്ലിലാണ്. പിറ്റേന്ന് നടക്കാൻ പോകുന്ന കൂടിക്കാഴ്ചക്കുള്ള ഒരുക്കങ്ങളിലാണ് അയാൾ.

വിനു അച്ചായന്റെ ഫോണ്‍ ശബ്ദിക്കുന്നു. ഫോണ്‍ അറ്റൻഡ് ചെയ്തുകൊണ്ട് പുറത്തെ ലോണിലേക്കിറങ്ങുന്ന അച്ചായൻ.

അങ്ങേത്തലക്കൽ ഗോപാലകൃഷ്ണനാണ്. "മാന്നാർ മത്തായി സ്പീക്കിങ്ങി"ലെ സംഭവങ്ങൾക്ക് ശേഷം സ്റ്റെല്ലയെ വിവാഹം  കഴിച്ച ഗോപാലകൃഷ്ണൻ ഇപ്പോൾ ഭാര്യയോടും അമ്മയോടും ഒപ്പം USലാണ്. 

ഗോപാലകൃഷ്ണൻ: എന്തവാടേ ഇത്?. നമ്മടെ  മത്തായിച്ചൻ എവടെ? രണ്ടൂസമായി വിളിക്കുന്നു - ഫോണ്‍ സ്വിച്ച് ഓഫാണല്ലോ?

അച്ചായൻ: ഗോപാലകൃഷ്ണോ, മത്തായിച്ചനെ നെട്ടൂരാനച്ചൻ ഒരു സ്ഥലം വരെ പറഞ്ഞയച്ചിരിക്കുവാ. തിരിച്ചെത്തുമ്പോ ഞാൻ അങ്ങോട്ട്‌ വിളിക്കാൻ പറയാം. 

ഗോപാലകൃഷ്ണൻ: ഇങ്ങേരുടെ ഒരു കാര്യം! ആവശ്യത്തിനു നോക്കുമ്പോ ആളെ കിട്ടില്ല! അച്ചായോ ഞാൻ രണ്ടു ദെവസം കഴിഞ്ഞു അങ്ങോട്ട്‌ വരുകാ... 

(പെട്ടന്ന് ഗോപാലകൃഷ്ണന്റെ പുറകിൽ നിന്നും ഒരു വലിയ ശബ്ദം)

ഗോപാലകൃഷ്ണൻ: അയ്യോ!

അച്ചായൻ: എന്നതാ? എന്താ അവിടെ ഒരു ശബ്ദം?

ഗോപാലകൃഷ്ണൻ: അയ്യോ അമ്മേ!!  എന്റമ്മ!!! അച്ചായാ, അമ്മ കട്ടിലിൽ നിന്ന് വീണു. വച്ചാട്ടെ വച്ചാട്ടെ .. ഫോണ്‍ വച്ചാട്ടെ ... ഞാൻ പിന്നെ വിളിക്കാം.

ഫോണ്‍ കട്ട് ചെയ്തു അകത്തേക്ക് നടക്കുന്ന അച്ചായൻ.

പെട്ടന്ന് അച്ചായൻ തിരിഞ്ഞു നിന്നു. എന്തോ ഒരു പ്രത്യേകത പോലെ.

പെട്ടന്ന് തന്നെ കാര്യം മനസിലായി. അല്പ്പം അകലെ ആയി ഒരു പഴയ BMW  കിടക്കുന്നു. കാറിൽ ആരെയും കാണാനില്ല. ഇവിടെ വന്നിട്ട് ഇത്ര സമയമായിട്ടും അങ്ങനെ ഒരു കാറ് ശ്രദ്ധയിൽ പെട്ടിരുന്നില്ല.

ഒരു നിമിഷം - അയാൾ ഒന്ന് ഞെട്ടി: കാറിന്റെ ഹെഡ്ലാമ്പുകൾ ഒന്ന് മിന്നിയോ? അല്ല തനിക്കു വെറുതെ തോന്നിയതോ?

ഒരു തണുത്ത കാറ്റ് ഇരമ്പിയാർത്തുവന്നു അച്ചായനെ പൊതിഞ്ഞു കൊണ്ട് കടന്നു പോയി. അയാൾ സ്വയമറിയാതെ കാറിന്റെ സമീപത്തേക്ക് നടന്നു തുടങ്ങി.

പെട്ടന്ന് പുറകിൽ നിന്നൊരു വിളി: അച്ചായോ എങ്ങോട്ടാ? ഒന്ന് നിന്നേ?

ബ്രേക്കിട്ടത് പോലെ അച്ചായൻ നിന്നു. മുനു ഓടി അടുത്തെത്തി 

"അച്ചായോ ആ ഫാദർ വട്ടോളിയെ കണ്ടാൽ  എങ്ങിനെ മനസ്സിലാവും? നാളെ റെയിൽവേ സ്റ്റേഷനിൽ പോയി പിക്ക് ചെയ്യാൻ പറഞ്ഞു നെട്ടൂരാനച്ചൻ."

"വട്ടോളി അച്ചനെ ഞാനും ഇതുവരെ കണ്ടിട്ടില്ല. ഫോണ്‍ നമ്പർ ഇല്ലേ? സ്റ്റേഷനിൽ എത്തീട്ട് വിളിച്ചു നോക്ക്."

മുനു ഒപ്പം നടക്കാൻ തുടങ്ങി. അച്ചായൻ കാർ ഇരിക്കുന്ന സ്ഥലത്തേക്ക് നോക്കി. അയാൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല!!

ആ കാർ അവിടെ കാണാനില്ല! അങ്ങിനെ ഒരു കാർ അവിടെ പാർക്ക് ചെയ്തിരുന്നതിന്റെ അടയാളം പോലുമില്ല!


**************************

മുൻരംഗത്തിന്റെ തുടർച്ച 

തന്റെ മുറിയിലേക്ക് തിടുക്കപ്പെട്ട്  കയറുന്ന അച്ചായൻ. അയാളുടെ ഫോണ്‍ ശബ്ദിക്കുന്നു. വിക്ക്രുത്തമ്പുരാൻ!

"അച്ചായനെ ഒന്ന് വിളിക്കണം എന്ന് തോന്നി. മത്സരത്തിനു അയക്കേണ്ട ബ്ലോഗിന്റെ രചന ഒക്കെ എങ്ങിനെ പോകുന്നു?"

"ഒന്ന് രണ്ടു വിഷയങ്ങൾ മനസ്സിലുണ്ട് തമ്പുരാനെ - കുറച്ചു ദിവസങ്ങൾ രാത്രി ഒന്ന് ഇരിക്കേണ്ടി വരും - എഴുതി തീർക്കാൻ. 

തമ്പുരാൻ: നന്നായി പരിശ്രമിക്കുക - പക്ഷെ ഞാൻ ഇപ്പോൾ ഇപ്പോൾ വിളിച്ചത്  വേറെ ഒരു പ്രധാന കാര്യം പറയാനാണ്.

ഒരു നിമിഷം നിർത്തി തമ്പുരാൻ തുടർന്നു: നമ്മുടെ രണ്ടാളുടെയും വിശ്വാസപ്രാമാണങ്ങൾ വ്യത്യസ്തങ്ങളായിരിക്കാം - പക്ഷെ ദുരന്തങ്ങൾക്ക് മതമെന്നൊ ജാതിയെന്നോ ഇല്ലല്ലൊ.... 

അച്ചായനു ഒന്നും മനസ്സിലാവുന്നില്ല

തമ്പുരാൻ: നമ്മൾ ഒരു സംരംഭം തുടങ്ങാൻ പോകുന്ന ഈ സമയം - അത്  അച്ചായനെ സംബന്ധിച്ചിടത്തോളം വെല്ലുവിളികളുടെ കാലമായിരിക്കും - സൂക്ഷിക്കണം - വഴി തെറ്റിക്കാനും അപായപ്പെടുത്താനും ഒരു പട തന്നെ അങ്ങയുടെ പുറകെ ഉണ്ടാവും - മനശക്തി കൊണ്ട് അതൊക്കെ നേരിടണം.

അച്ചായന് എന്ത് മറുപടി പറയണം എന്ന് നിശ്ചയമില്ല - അല്പ്പം മുമ്പ് തനിക്ക് നേരിട്ട അനുഭവം തമ്പുരാനോട്‌ പറഞ്ഞാലോ എന്നൊരു നിമിഷം അയാൾ ആലോചിച്ചു - അതിനിടയിൽ തമ്പുരാൻ ഫോണ്‍ ഡിസ്ക്കണെക്ക്റ്റു ചെയ്തിരുന്നു.


*************************


ക്രൂരമങ്കലപാലസ് ഔട്ട്‌ഹൌസ് – മൂപ്പന്‍റെ മുറി – രാത്രി

മുറിയിലേക്ക് തിടുക്കപ്പെട്ടു കടന്നു വരുന്ന അച്ചായൻ.

അവരുടെ തിടുക്കം കണ്ടു മൂപ്പനു ചെറിയ ഒരു അമ്പരപ്പ്: എന്ത് പറ്റി അച്ചായോ? മത്തയിച്ചന്റെ വല്ല വിവരവും?

തനിക്ക് പുറത്തു വച്ചു നേരിട്ട അനുഭവത്തേക്കുറിച്ചും വിക്ക്രുതമ്പുരാൻ തന്നെ ഉപദേശത്തെക്കുറിച്ചും വിശദമായി മൂപ്പനോട് പറയുന്ന അച്ചായൻ.

മൂപ്പൻ: അത്ഭുതമായിരിക്കുന്നു! നാളെ ഇന്റർവ്യൂവിനു ഞാൻ തയ്യാറാക്കിയ ചില ചോദ്യങ്ങൾ ഉണ്ട്  - ഏകദേശം നിങ്ങളുടെ അനുഭവങ്ങളുമായി ബന്ധപ്പെട്ടവ.

അച്ചായൻ, അത്ഭുതത്തോടെ: അതേതു ചോദ്യങ്ങളാണ് മൂപ്പാ? 

മൂപ്പൻ: പത്തു വർഷങ്ങൾക്ക്  മുൻപ്  തമ്പുരാന്റെ ബ്ലോഗിങ് സ്കൂൾ സംരഭം തകർന്നതിന്റെ പിറകിൽ അധികമാരും അറിയാത്ത ചില രഹസ്യങ്ങൾ ഉണ്ടെന്നാണ് എന്റെ നിഗമനം. സാധാരണ മനുഷ്യന് അപ്രാപ്പ്യമായ ചില ശക്തികൾ തന്റെ സംരഭത്തിനെതിരെ പ്രവർത്തിച്ചൂ എന്ന് മാത്രമേ ഇതേ വരെ തമ്പുരാൻ പറഞ്ഞിട്ടുള്ളൂ.

പക്ഷെ ഈ ഇന്റർവ്യൂവിന് വേണ്ടി ഞാൻ നടത്തിയ ചില അന്യേഷണങ്ങൾ വളരെ പ്രധാനപ്പെട്ട ചില വിവരങ്ങൾ എനിക്ക് നല്കി. ഒരു മാധ്യമപ്രവർത്തകന്റെ സ്വാർത്ഥതയാകാം - പൂർണ്ണവിവരങ്ങൾ ലഭിച്ചതിനു ശേഷം എല്ലാം പുറത്ത് പറയാം എന്ന് കരുതി ഇരിക്കുകയാണ് ഞാൻ. 

താൽപ്പര്യത്തോടെ മൂപ്പൻ പറയുന്നത് ശ്രദ്ധിക്കുന്ന അച്ചായൻ. മൂപ്പൻ തുടരുന്നു:

ഇന്ന് നിങ്ങൾ ഏറ്റെടുക്കാൻ പോകുന്ന ജോലി തമ്പുരാൻ അന്ന് ഏൽപ്പിച്ചിരുന്നത് അക്കാലത്തെ പ്രതിഭാധനനനായ ഒരു ബ്ലൊഗ്ഗറെ ആയിരുന്നു. ശ്രീ നിഷ്ക്കു നാഗമ്പടം - ബ്ലോഗിങ് സ്കളിന് സാരഥ്യം വഹിക്കാൻ ഇവിടെയെത്തിയ അദ്ദേഹത്തെ സ്കൂൾ തുടങ്ങാൻ വെറും ഒരാഴ്ച മാത്രമുള്ളപ്പോൾ മാനസിക നില തെറ്റിയ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കെണ്ടി വന്നു.

സ്തബ്ധനായി മൂപ്പനെ ശ്രദ്ധിക്കുന്ന അച്ചായൻ.

കൊട്ടാരത്തിന്റെ ചിലവിൽ അദ്ദേഹത്തെ ചികിത്സിച്ചു.ഒരു വിധം സുഖമായപ്പോൾ തമ്പുരാൻ താല്പ്പര്യം എടുത്ത് വിദേശത്ത് എന്തോ ജോലി ലഭിച്ച നിഷ്കു പിന്നീട് മാധ്യമശ്രദ്ധയിൽ നിന്നും, പൊതു ശ്രദ്ധയിൽ നിന്നു തന്നെയും എന്നെന്നെക്കുമായി മറയുകയായിരുന്നു!

ക്രൂരമങ്കല പാലസിനെ അനാവശ്യമായി മാധ്യമ ശ്രദ്ധയിൽ കൊണ്ട് വരുന്നതിനു കൊട്ടാരത്തിലെ എല്ലാവരും എതിരായിരുന്നു - അവരുടെ അഭ്യർത്ഥന മാനിച്ച് തമ്പുരാനും നിഷ്ക്കുവും കൂടുതൽ അന്യെഷണങ്ങൾക്ക് മുതിർന്നില്ല എന്ന് വേണം കരുതാൻ 

താൻ തയ്യാറാക്കിയ ചോദ്യങ്ങളുടെ ഫയൽ ഒരു നിമിഷം എടുത്ത് അതിലൂടെ ഒന്ന് കണ്ണോടിച്ചുകൊണ്ട് മൂപ്പൻ തുടർന്നു:

എന്റെ അഭിമുഖ സംഭാഷണത്തിൽ ഇതുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾ ചോദിക്കാനാണ് തീരുമാനം. തമ്പുരാൻ തനിക്ക് അറിയാവുന്നത് തുറന്നു പറയാൻ തയ്യാറാവുകയാണെങ്കിൽ ഇപ്പോൾ നടക്കുന്ന  പുറകിൽ പ്രവർത്തിക്കുന്ന ശക്തികളെ പുറത്തു കൊണ്ടുവരാൻ കഴിഞ്ഞേക്കും.

ചിന്താഭരിതമായ വിനു അച്ചായന്റെ മുഖം. അച്ചായൻ: കൊട്ടാരത്തിനെതിരെ പ്രവർത്തിക്കുന്ന ശക്തികളെ കുറിച്ച് തമ്പുരാന്  ഉത്തമബോധ്യം ഉണ്ടെങ്കിൽ, ഈ അവസരത്തിൽ കൂടുതൽ ദുരന്തങ്ങൾ ഉണ്ടാവാതിരിക്കാൻ അദ്ദേഹം ചില കാര്യങ്ങൾ എങ്കിലും തുറന്നു പറയാൻ തയാറാവേണ്ടിയിരിക്കുന്നു. 

പെട്ടന്ന് വാതിലിനു പുറത്ത്  ഒരു കാൽപ്പെരുമാറ്റം കേട്ടത് പോലെ തോന്നി അവർക്ക്. വാതിലിനു പുറത്ത് കൂടെ ആരോ കടന്നു പോയത് പോലെ! വസ്ത്രം ഉലയുന്ന ശബ്ദം മൂപ്പൻ വ്യക്തമായി കേട്ടു.

വാതിൽ തുറന്നു പുറത്തേക്ക് നോക്കുന്ന മൂപ്പനും അച്ചായനും - ആരെയും കാണാനില്ല. പക്ഷെ അവർ കാണാതെ അവർക്ക് പുറകിൽ ഒരു രൂപം ഇരുളിന് മറവിലേക്ക് പിൻവാങ്ങുന്നു!

വാതിൽക്കൽ നിന്ന് കൊണ്ട് മൂപ്പൻ: ഞാൻ കരുതി നമ്മുടെ നെട്ടൂരാനച്ചനോ മറ്റോ ആയിരിക്കുമെന്ന്. എത്ര മണിക്കാണ് അച്ചന്റെ ഫ്ലയിറ്റ്?

അച്ചായൻ: നെട്ടൂരാനച്ചൻ ഉടൻ പുറപ്പെടും. പോകാൻ ഒരുങ്ങുന്ന സമയമായത് കൊണ്ട് ഞാൻ ഈ കാര്യങ്ങൾ ഒന്നും അദ്ദേഹത്തോടു പറഞ്ഞിട്ടില്ല. 

മൂപ്പൻ: അത് നന്നായി - വെറുതെ എന്തിനാ ഈ സമയത്ത് അദ്ദേഹത്തെ ... 

മൂപ്പനോട്‌ യാത്ര പറഞ്ഞു തന്റെ മുറിയിലേക്ക് പോകുന്ന അച്ചായൻ.

തന്റെ മുറിയുടെ വാതിൽ ചേർത്തടച്ച് തിരിഞ്ഞ മൂപ്പന്റെ മുഖം വിളറി വെളുത്തു: വിക്ക്രുത്തമ്പുരാനോട് ചോദിക്കാൻ തയ്യാറാക്കിയ ചോദ്യങ്ങൾ അടങ്ങിയ ഫയൽ താഴെ തറയിൽ കിടന്നു ആളിക്കത്തുകയാണ്. 

എന്ത് വേണമെന്ന് അറിയാതെ കത്തിക്കൊണ്ടിരിക്കുന്ന കടലാസുകൾക്ക്  നേരെ ഓടിച്ചെന്ന മൂപ്പൻ അപ്പോളാണ് അത് ശ്രദ്ധിച്ചത് - കുറച്ചകലെ മുറിയുടെ മൂലയിൽ കസേരയിൽ ഇരിക്കുന്ന ഒരു സ്ത്രീ രൂപം! കർട്ടന്റെ നിഴൽ വീഴുന്നത് കാരണം മുഖം വ്യക്തമല്ല.

"നിങ്ങളാരാണ്‌? ഇവിടെ എങ്ങിനെ എത്തി?" ക്ഷോഭത്തോടെ, ചിലമ്പിച്ച ശബ്ദത്തിൽ മൂപ്പൻ അലറി .. 

തൊട്ടടുത്ത സെക്കണ്ടിൽ  ഇന്ദു മൂപ്പന്റെ തൊട്ടു മുന്നിൽ എത്തി. അവളുടെ കണ്ണുകളിൽ നിന്നും അഗ്നി ചിതറി. അവൾ കയ്യുയർത്തി അയാളുടെ മുഖത്ത് സ്പർശിച്ചു. ഒരു മയിൽ‌പ്പീലിയുടെ പോലെ മൃദുവായ സ്പർശം മൂപ്പനറിഞ്ഞു.

കത്തിതീരാറായ കടലാസ് കൂമ്പാരത്തിനു സമീപം തന്നെ മൂപ്പൻ കുഴഞ്ഞു വീണു. മൂപ്പനെയും കൊണ്ട്  ഇന്ദു ഇരുട്ടിന്റെ ആഴങ്ങളിൽ മറഞ്ഞു.


********************************


രാത്രി - ഏകദേശം അതെ സമയം 

നന്തി ഹിൽസ്  - ബാംഗ്ലൂർ. ചുറ്റി വളഞ്ഞു പോകുന്ന റോഡിലൂടെ കുതിച്ചു പായുന്ന ഒരു SUV. അതിൽ ബ്ലാഷ്കെ, രാംജി റാവു, മഹേന്ദ്രൻ എന്നിവർ. 

നന്തി ഹിൽസിലെ ബ്ലാഷ്ക്കെയുടെ "ബ്ലൂ ഫൌണ്ടേൻ" റിസോർട്ട് . പോർട്ടിക്കോയിൽ വന്നു നിന്ന വാഹനത്തിൽ നിന്നും ഇറങ്ങി ഉള്ളിലേക്ക് കയറി പോകുന്ന ബ്ലാഷ്ക്കെയും കൂട്ടരും. 

വളരെ വിശാലമായ അനവധി മുറികളും ഇടനാഴികളും ഗോവണികളു പിന്നിട്ട് സംഘം മുന്നോട്ട് . 

റിസോർട്ടിന്റെ ഉള്ളറകളിലെ മുറികളിൽ ഒന്ന് പതുക്കെ തുറന്നു ഉള്ളിൽ കയറുന്ന സംഘം. അവർക്ക് പുറംതിരിഞ്ഞു ചാരുകസേരയിൽ ഒരാൾ  - മുന്നിലുള്ള ജയന്റ് സ്ക്രീനിൽ മിന്നി മറയുന്ന ഏതോ സിനിമയിൽ കണ്ണും നട്ടിരിക്കുകയാണ് അയാൾ. 

പുറകിൽ ആഗതരുടെ കാൽപ്പെരുമാറ്റം  കേട്ട ആ മനുഷ്യൻ ടെലിവിഷൻ ഓഫ്‌ ചെയ്ത്  എഴുന്നേൽക്കുന്നു - ഇപ്പോൾ നമുക്ക് അയാളുടെ മുഖം കാണാം: മത്തായിച്ചൻ!

ബ്ലാഷ്ക്കെ മുന്നോട്ടു വന്നു മത്തായിച്ചന്റെ കൈ പിടിച്ചു കുലുക്കിക്കൊണ്ട്: എന്താ മത്തായിച്ചാ - എങ്ങനെ ഉണ്ട് നന്തി ഹിൽസ് - ഇഷ്ട്ടപ്പെട്ടോ?

മത്തായിച്ചൻ: എന്റെ ബ്ലാഷ്ക്കെ - എന്നെ കൊണ്ട് ഒന്നും പറയിക്കരുത്! ഇങ്ങനെ ഇവിടെ പൂട്ടിയിട്ട് കുറെ സിനിമകളും കാണിച്ചാൽ ഞാൻ എങ്ങിനെ അഭിപ്രായം പറയാനാ? 

മഹേന്ദ്രൻ: മത്തായിച്ചൻ ചൂടാവാതെ - ഏറിയാൽ രണ്ടു ദിവസം കൂടി അടിച്ചു പൊളിച്ച് നമുക്ക് ഇവിടെ അങ്ങ് കൂടാം - അത് കഴിഞ്ഞു മത്തായിച്ചനെ ഞങ്ങൾ എത്തിക്കേണ്ട സ്ഥലത്ത് എത്തിച്ചുകൊള്ളാം... 

മത്തായിച്ചൻ, ക്ഷുഭിതനായി, മഹേന്ദ്രനെ അടിക്കാൻ കയ്യോങ്ങിക്കൊണ്ട് - അവന്റെ ഒടുക്കത്തെ ഒരു മാജിക്ക്! നീ മായാജാലം പഠിക്കാനാണോടാ ജയിലിൽ പോയത്? നെനക്ക് ഞാൻ വച്ചിട്ടുണ്ട് - നെനക്ക് ഞാൻ വച്ചിട്ടുണ്ട്. 

ബ്ലാഷ്ക്കെ മുന്നോട്ട് വന്നു: മത്തായിച്ചൻ ഒരു രണ്ടു ദിവസം കൂടി ഇവിടെ ഒന്ന് ഇരുന്നു തന്നാൽ മതി - എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാളെ  ചില കാര്യങ്ങൾ കണ്ടു പിടിക്കാൻ ഞാൻ ക്രൂരമങ്കല പാലസിലേക്ക് വിട്ടിട്ടുണ്ട് - അയാള് ഒന്ന് തിരിച്ചെത്തിക്കൊള്ളട്ടെ - അത് വരെ മത്തായിച്ചൻ ഇവിടെ വേണം. 

രാംജി: മത്തായിച്ചോ - പഴയ കളി തന്നെ! നമ്മുടെ പയ്യന് എന്തെങ്ങിലും പറ്റിയാൽ ഞങ്ങൾ ഇറക്കാൻ പോകുന്ന തുറുപ്പുചീട്ടാണ് ഈ മത്തായിച്ചൻ! ഈ അവസരത്തിൽ മത്തായിച്ചനെ തിരിച്ചു കിട്ടാൻ വേണ്ടി വിക്ക്രുത്തമ്പുരാൻ എന്തും ചെയ്യും എന്നാണു ഞങ്ങളുടെ കണക്കുകൂട്ടൽ!

**************************

അതെ സമയം - ക്രൂരമങ്കല
ക്രൂരമങ്കല ഗസ്റ്റ് ഹൗസിന്റെ ഇടനാഴിയിലൂടെ നടന്ന്  പിറകു വശത്തെ ചെറിയ ഒരു വാതിൽ  തള്ളിത്തുറന്നു പതുക്കെ നീങ്ങുന്ന ഒരു രൂപം.

ഇരുട്ടിന്റെ മറവിൽ ക്രൂരമങ്കല പാലസ് ലക്ഷ്യമാക്കി ഒരു കള്ളനെ പോലെ: മിസ്റ്റർ നായർ!


**************************

പ്രഭാതം - റെയിൽവേ സ്റ്റേഷൻ - ഒരു ട്രെയിൻ വന്നെത്തിയതിന്റെ തിരക്കുകൾ 

ട്രെയിനിൽ നിന്നിറങ്ങി പ്ലാറ്റ് ഫോർമിലൂടെ ബാഗും തൂക്കി നടന്നു വരുന്ന ഫാദർ ഡിങ്കൻ വട്ടോളി - ഒരു മുപ്പതു വയസു പ്രായം.

ബ്രൌണ്‍ നിറത്തിലുള്ള ഒരു കാസ്സോക്ക് ആണ് വേഷം. തന്റെ മൊബൈലിൽ വരുന്ന മുനുവിന്റെ ഫോണ്‍ അറ്റൻഡ് ചെയ്ത ശേഷം അദ്ദേഹം സ്റ്റേഷന് പുറത്തേക്ക് നടക്കുന്നു. 

ക്രൂരമങ്കല പാലസിലേക്ക് പോകാൻ ഒരു ടാക്സിയുമായി റെഡി ആയി നില്ക്കുന്ന മുനു. ചെറുപ്പക്കാരനായ അച്ചന്റെ വസ്ത്രധാരണ രീതി  അവനെ ആകർഷിച്ചിച്ചിട്ടുണ്ട്.

മുനുവിന്റെ മനസ്സ് വായിച്ചെന്ന പോലെ ഫാദർ: നോക്കണ്ട! ലിജോ "ആമേൻ" എടുക്കുന്നതിനു വളരെ മുമ്പ് തന്നെ ഞാൻ ഇത് ധരിക്കുന്നുണ്ട്! 

ഒന്ന് പരുങ്ങുന്ന മുനു. ഫാദർ ഡിങ്കന്റെ ബാഗും സാധനങ്ങളും വണ്ടിയിൽ കയറ്റാൻ അവൻ സഹായിക്കുന്നു. റെയിൽവേ സ്റ്റേഷനെ ചുറ്റിവളഞ്ഞു പോകുന്ന റോഡിലൂടെ പതുക്കെ നഗരത്തിന്റെ തിരക്കിലേക്ക് ഊളിയിടുന്ന വണ്ടി. 

മുൻസീറ്റിലിരിക്കുന്ന മുനു പതുക്കെ പിറകോട്ടു തിരിഞ്ഞ്: ഞാൻ കരുതി അച്ചനും നെട്ടൂരാനച്ചനെ പോലെ നല്ല പ്രായം കാണുമെന്നു. ഇതിപ്പോ ആ നമ്മുടെ വിനു അച്ചായന്റെ പ്രായം  കാണുമായിരിക്കും.

മറുപടി ഒന്നും പറയാതെ മുനുവിനെ ഒന്ന് രൂക്ഷമായി നോക്കുന്ന ഫാദർ. മുനു തന്റെ സീറ്റിലേക്ക് പിൻവാങ്ങുന്നു. 

ക്രൂരമങ്കല പത്തു കിലോമീറ്റെർ എന്ന് കാണിക്കുന്ന ബോർഡും പിന്നിട്ടു കുതിച്ചു പായുന്ന വണ്ടി. റോഡിപ്പോൾ വിജനമാണ്. തണുത്ത കാറ്റ് വണ്ടിക്ക് അകത്തേക്ക് വീശുന്നുണ്ട്. പതുക്കെ ഒരു മയക്കത്തിലേക്ക് വീഴുന്ന മുനു.

പെട്ടന്ന് വണ്ടിയുടെ വേഗം ക്രമാതീതമായി വർദ്ധിക്കുന്നു. ഇടക്കൊക്കെ നേർവരയിൽ നിന്നും തെന്നി അത് വശങ്ങളിലേക്ക് പാളുന്നുണ്ട്. ഞെട്ടി ഉണരുന്ന മുനു. 

ക്രോധത്തോടെ ഡ്രൈവറുടെ നേരെ നോക്കിയ മുനു ഒന്ന് നിലവിളിച്ചു! ഡ്രൈവിംഗ് സീറ്റ് കാലിയാണ്. വണ്ടി സ്വയം മുന്നോട്ടു കുതിക്കുകയാണ്!! റോഡിൽനിന്നും അല്പ്പം ഉയർന്നു അത് പറക്കുകയാണോ എന്നവൻ സംശയിച്ചു. ഒരു അലർച്ചയോടെ മുനു കണ്ണുകൾ മുറുക്കിയടച്ചു 

പെട്ടന്ന് ബലിഷ്ട്ടമായ രണ്ടു കൈകൾ തന്റെ തോളുകളിൽ മുറുകെ പിടിക്കുന്നതായി അവനു അനുഭവപ്പെട്ടു അവന്റെ നെറ്റിയിൽ ഒരു നിമിഷം ആ കൈകൾ അമർന്നു. പിന്നെ അത് മുനുവിനെ ശക്തിയായി പിടിച്ചു കുലുക്കി.

വണ്ടിയുടെ അമിത വേഗത താനേ കുറയുന്നതതായി മുനുവിനു തോന്നി. അവൻ കണ്ണുകൾ തുറന്നു. പുറകിലൂടെ വട്ടോളി അച്ചൻ തന്നെ മുറുകെ പിടിച്ചിരിക്കുന്നതാണെന്ന് അവനു മനസ്സിലായി.

ഡ്രൈവിംഗ് സീറ്റിലേക്ക് നോക്കിയ അവനൊന്നു ഞെട്ടി. യൂനിഫൊർമിട്ട ഡ്രൈവർ അത് പോലെ തന്നെ അവിടെ ഉണ്ട്!! വേഗത വളരെ കുറച്ച് പതുക്കെ വണ്ടി റോഡിൻറെ ഒരു വശത്തേക്ക് മാറ്റി നിർത്തുന്ന ഡ്രൈവർ. 

അയാൾ ക്ഷമാപണപൂർവ്വം: എന്ത് സംഭവിച്ചു എന്ന് എനിക്ക് മനസ്സിലായില്ല. പെട്ടന്ന് ഒരു കാരണവുമില്ലാതെ വണ്ടിയുടെ നിയന്ത്രണം നഷ്ട്ടപ്പെടുകയായിരുന്നു. ഇങ്ങനെ ഒരു അനുഭവം ആദ്യമാണ്. 

വട്ടോളി അച്ചൻ പതുക്കെ ഡ്രൈവറുടെ തോളിൽ തട്ടി, എന്നിട്ട് വണ്ടിയെടുക്കാൻ ആങ്ങ്യം കാട്ടുന്നു.

ഒന്നും മനസ്സിലാവാതെ നില്ക്കുന്ന മുനുവിനോട് അയാൾ: ദി ഗ്രേറ്റ്‌ ഗോസ്റ്റ്സ് ഓഫ് ക്രൂരമങ്കല! താൻ പേടിക്കേണ്ടടോ! ഞാനില്ലേ കൂടെ?

ഒന്നും മനസ്സിലാവാതെ മുനു വീണ്ടും അച്ചനെ നോക്കി. ഒരു കുഴപ്പവും ഇല്ല എന്ന് ആഗ്യം കാട്ടുന്ന അച്ചൻ. 

ക്രൂരമങ്കല 1 കിലോമീറ്റർ എന്ന ബോർഡും കടന്നു ടാക്സി മുന്നോട്ടേക്ക്. ഒരു നിശ്വാസത്തോടെ തന്റെ സീറ്റിലേക്ക് ചാരിയിരിക്കുന്ന ഫാദർ വട്ടോളി.


 (തുടരും...)

4 comments:

 1. ഫാദര്‍ ഡിങ്കന്‍ വട്ടോളി, ആ ജീന്‍സും കൂളിങ്ങ്ലാസും വെച്ച് വന്നാ മതിയര്‍ന്ന് . പിന്നെ പുള്ളി പുത്യസ്ഥലത്ത് വന്ന ഒരു നാരങ്ങാവെള്ളം (കുലുക്കിസര്‍ബത്ത് ) കുടിക്കുന്ന പതിവുണ്ട് കൂടെ ഒരു പഴംപോരീം. വട്ടോളിഅച്ചോ സീ യു ഇന്‍ ക്രൂരമങ്കല പാലസ്.

  ReplyDelete
 2. ഗിയോര്ഗ് ബ്ലാഷ്കെ4/29/13, 1:47 PM

  SUV ടെ പേര് വക്കാഞ്ഞത് മോശമായി പോയി.Porsche Cayenne. അത് പോലെ ഡിങ്കൊയിസതിനെ ക്രിസ്റ്റ്യാനിട്ടിക്കു അടിയറ വച്ചതിനെയും ശക്തമായി അപലപിക്കുന്നു.

  ReplyDelete
 3. ഒന്ന് സിമ്പിള്‍ ആക്കോ? സത്യം പറഞ്ഞാല്‍ കെമിസ്ട്രി ടെസ്റ്റ്‌ബുക്ക്‌ പോലുണ്ട്. സംഭവമായിരിക്കാം. പക്ഷെ പിടിക്കിട്ടുന്നില്ല.

  ReplyDelete

 4. പനി നന്നായി കുറഞ്ഞില്ല അതുകൊണ്ട് നല്ല കോണ്‍സന്റ്രേഷന്‍ കിട്ടിയില്ല
  ഒന്ന് ഓടിച്ചു വായിച്ചതേ ഉള്ളൂ .. ശരിക്കും പറഞ്ഞാല്‍ ഇത്തരം ഡിക്റ്ററ്റീവ് കഥകള്‍ക്കും ബുജി കഥകള്‍ക്കും അഭിപ്രായം എഴുതാനുള്ള അറിവും ഇല്ല.. ഇന്ദു വിന്റെ ഭാഗം വരുമ്പോള്‍ മാത്രം ഒരു സന്തോഷം..:)

  ReplyDelete