3/6/15

OPKP PART 3ALSO READ
            OPKP 1
            OPKP 2

3

ലെയിക്ക് പ്ലാസിഡ് അപ്പാർട്ട്മെന്റ്നു മുന്നില് ഓട്ടോയിൽ വന്നിറങ്ങുന്ന ച്യാരനും അഷ്ഫറും. പതുക്കെ സംശയിച്ച് കൊണ്ട് റിസപ്ഷനിലേക്ക് കയറുന്ന രണ്ടുപേരും.
റിസപ്ഷനിലെ സെക്ക്യൂരിറ്റി ഗാർഡിനോട് ച്യാരൻ: ഫ്ലാറ്റ് നമ്പർ 7/13/3 -- ഞങ്ങള് വാടകയ്ക്ക് എടുത്തതാ
ഗാർഡ്, രണ്ടു പേരെയും സൂക്ഷിച്ചു നോക്കിയിട്ട്: സാറമ്മാര് ഇരുന്നാട്ടെ. ഒരു പത്തു മിനുട്ട് വെയിറ്റ് ചെയ്യണം..
ആർക്കോ തിരക്കിട്ട് ഫോണ്‍ ചെയ്യുന്ന ഗാർഡിനെ ശ്രദ്ധിച്ചുകൊണ്ട് സംശയത്തോടെ ച്യാരൻ: PAKC!
അഷ്ഫർ: എന്താ??
ച്യാരൻ: "പുല്ല്, വന്റെ കോണോത്തെ കാലിഫോർണിയ" - ന്ന്
അഷ്ഫർ: ന്ദേ ...?
ച്യാരൻ: ഡാ ന്യൂ ജെൻ കോഡ് ആണ്.... പുശ്ചം വാരിവിതറാൻ തോന്നുമ്പോ ഇത് ഉപയോഗിക്കാം. ഓണ്‍സൈറ്റ് പോകാൻ ചാൻസ് മിസ്സായപ്പോൾ ഞാൻ സൃഷ്ടിച്ചതാണ്. വലിയ അർത്ഥമൊന്നുമില്ല...
ച്യാരൻ പറഞ്ഞു തീരുന്നതിനു മുമ്പ് അവിടേക്ക് ഇരച്ചെത്തുന്ന ഒരു ടവേറ SUV.
വണ്ടിയിൽ നിന്നും ഇറങ്ങുന്ന ഒരു സംഘം. അവർ റിസപ്ഷനിലെക്ക് കുതിക്കുന്നു...
ഗാർഡിനെ ചോദ്യഭാവത്തിൽ നോക്കുന്ന സംഘത്തിലെ പ്രധാനി, ഒരു 22 വയസ്സുള പെണ്‍കുട്ടി...
ഒന്നും മനസ്സിലാവാതെ മിഴിച്ചിരിക്കുന്ന ച്യാരനെയും അഷ്ഫറിനെയും ചൂണ്ടിക്കാട്ടുന്ന ഗാർഡ്
പെണ്‍കുട്ടി വേഗത്തിൽ നടന്ന് ച്യാരന്റെയും അഷ്ഫറിന്റെയും സമീപത്തെത്തി.
അഷ്ഫർ പെട്ടന്ന് ചാടി എഴുന്നേറ്റ്: സോറി കുട്ടീ... അത് കുട്ടിയുടെ ബാഗ് ആയിരുന്നോ? ഞങ്ങള് അറിഞ്ഞില്ല....
പെണ്‍കുട്ടി അത് ശ്രദ്ധിക്കാതെ, ഭവ്യതയോടെ: ഞങ്ങൾ ടൈംലൈൻ ചാനലിൽ നിന്നാണ്. ഒരു ഇന്റർവ്യൂ എടുത്തോട്ടെ?
ചമ്മുന്ന അഷ്ഫർ. അവൻ ച്യാരനെ തോണ്ടുന്നു: ച്യാരൻ ഗാർഡിനെ നോക്കുന്നു.
ഗാർഡ്: സാറ് ക്ഷമിക്കണം. ഇവര് രാവിലെ മുതല് വിളിയോട് വിളിയായിരുന്നൂ... ഫ്ലാറ്റ് നമ്പർ 7/13/3ൽ താമസിക്കാൻ പോകുന്നവരെ ഇന്റർവ്യൂ ചെയ്യാൻ പെർമിഷൻ വേണം... അവര് എത്ത്യാൽ അറിയിക്കണം എന്നൊക്കെ പറഞ്ഞ് ...
അഷ്ഫർ: അല്ല... ഇവിടെ വാടകയ്ക്ക് താമസിക്കാൻ വരുന്ന എല്ലാരെയും നിങ്ങള് ഇന്റർവ്യൂ ചെയ്യാറുണ്ടോ?
പെണ്‍കുട്ടി: രണ്ടു വർഷം മുമ്പ് പ്രമാദമായ ഒരു ഇരട്ടക്കൊല നടന്ന ഫ്ലാറ്റ് വീണ്ടും തുറക്കുമ്പോൾ അവിടെ എത്തുന്ന ആദ്യത്തെ താമസക്കാരല്ലേ സാർ നിങ്ങള്. അതാണ്‌ പ്രത്യേകത. കൂടാതെ നിങ്ങൾ ഇവിടെ താമസിക്കുന്നത് ഒരു സിനിമ കണ്‍സീവ് ചെയ്യാനാണ് എന്നും ഞങ്ങൾക്ക് വിവരം കിട്ടിയിട്ടുണ്ട്.
അന്യോന്യം നോക്കുന്ന ച്യാരനും അഷ്ഫറും -- രണ്ടു പേരുടെയും മുഖം വിളറിയിട്ടുണ്ട്. തങ്ങൾ താമസിക്കാൻ പോകുന്ന ഫ്ലാറ്റിന്റെ പൂർവ്വകാലചരിത്രം അവർ ആദ്യമായാണ്‌ അറിയുന്നത് എന്ന് വ്യക്തം.
ഗാർഡ്: ചേതമില്ലാത്ത ഒരു ഉപകാരമല്ലേ സാറേ... ഒരു രണ്ടു വാക്ക് അവരോട് ഒന്ന് സംസാരിച്ചേക്ക്.... ടീവീല് വരുന്നതല്ലേ...
അഷ്ഫർ: അതിനു കുട്ടീ ഞങ്ങള് അറിഞ്ഞി ...
ച്യാരൻ, ഇടക്ക് കയറി, അഷ്ഫറിനെ വിലക്കിക്കൊണ്ട്: അതെ ഞങ്ങള് അറിഞ്ഞിടത്തോളം ഇതൊരു കുഴപ്പം പിടിച്ച ഫ്ലാറ്റ് ഒന്നുമല്ല.. രണ്ടു കൊല്ലം മുമ്പ് നടന്ന ഒരു സംഭവം.. ഞങ്ങളത് കാര്യമാക്കുന്നില്ല.
പെണ്‍കുട്ടി ക്യാമറ ഓണ്‍ ചെയ്യാൻ ക്യാമറമാന് ആണ്ഗ്യം കൊടുത്തുകൊണ്ട്: അപ്പൊ തുടങ്ങാം. ഇത്രയും ദുരൂഹമായ ഇരട്ടക്കൊല നടന്ന ഫ്ലാറ്റുതന്നെ താമസിക്കാൻ തിരഞ്ഞെടുക്കാൻ എന്തെങ്കിലും പ്രത്യേകകാരണം?
ച്യാരൻ: അങ്ങിനെ ഒന്നുമില്ല. സമാധാനത്തോടെ ഞങ്ങളുടെ പ്രോജക്ട്ട് ഡിസ്ക്കസ് ചെയ്യാൻ ഒരു സ്ഥലം.. അത്രയേ ഞങ്ങൾ ഉദ്ദേശിച്ചുള്ളൂ...
പെണ്‍കുട്ടി: ഒരു നെഗറ്റീവ് എനെർജി എന്തായാലും അവിടെ കാണുമല്ലോ? സമാധാനമായി ഇരുന്നു ക്രിയേറ്റിവ് ആയിട്ടുള്ള ഒരു ജോലി ചെയ്യാൻ പറ്റുമെന്ന് കരുതുന്നുണ്ടോ?
ച്യാരൻ: കുട്ടി, "എമ്മേ ധവാൻ എമ്മേ ധവാൻ" എന്ന് കേട്ടിട്ടുണ്ടോ?
പെണ്‍കുട്ടി: അതാരാ?
ച്യാരൻ: ഹമ്മേ...എന്റെ മാനേജരാ! ആ അവതാരത്തിന്റെ കൂടെ ദിവസം 10 മണിക്കൂറു ചിലവഴിക്കുന്ന എനിക്ക്.. (ആറാം തമ്പുരാൻ സ്റ്റൈലിൽ) ഇതൊക്കെ ഒരു പൂ പറിക്കുന്ന പോലെ നിസ്സാരമായ കാര്യമാണ് കുട്ടീ..
പെണ്‍കുട്ടി: അപ്പോൾ നിങ്ങൾ പ്രേതങ്ങളിൽ വിശ്വസിക്കുന്നില്ലേ?
അഷ്ഫർ: മനുഷ്യന്മാരെ വിശ്വസിക്കാൻ പറ്റാത്ത കാലമാ.... പിന്നെയല്ലേ പ്രേതങ്ങളെ! ഇതൊക്കെ എന്ത്..!
പെണ്‍കുട്ടി: ഞാൻ ഉദ്ദേശിച്ചത്, കൊലപാതങ്ങൾ നടന്ന ഈ ഫ്ലാറ്റിൽ താമസിച്ച് മനസമാധാനത്തോടെ ജോലി ചെയ്യാൻ കഴിയും എന്ന് തോന്നുന്നുണ്ടോ?
അഷ്ഫർ: എന്റെ കുട്ടീ.... ഞങ്ങള് ഒന്ന് താമസം തുടങ്ങിക്കോട്ടെ.. പ്രേതങ്ങളെ കണ്ടുകിട്ടിയാൽ എക്സ്ക്ലൂസിവ് കുട്ടിക്ക് തന്നെ ഞങ്ങള് തരാം..പോരെ?
പെണ്‍കുട്ടിയും കൂടെയുള്ളവരും ചിരിക്കുന്നു. 
പെണ്‍കുട്ടി, എല്ലാവരോടുമായി: എന്നാൽ നമുക്ക് ഫ്ലാറ്റിലേക്ക് നീങ്ങാം. അടുത്ത കുറച്ചു ചോദ്യങ്ങൾ അവിടെ വച്ചാണ്.
പുറത്ത് ചെടിക്ക് വെള്ളം നനയ്ക്കുന്ന കുഞ്ഞമ്മു. ഒരു ഉണങ്ങിയ റോസ് അവൾ പറിച്ചു ദൂരെ എറിഞ്ഞു. മുള്ള് കൊണ്ട് ചെറുതായി ചോര പൊടിഞ്ഞു. അവൾ പതുക്കെ റിസപ്ഷൻ ലക്ഷ്യമാക്കി നടന്നു.

ച്യാരൻ, ചാനലിലെ പെണ്‍കുട്ടിയോടായി: ഇതെന്താ ഡോക്ക്യുമെന്ററിയോ?
പെണ്‍കുട്ടി: ഒരു കമ്പ്ലീറ്റ്‌ ഇന്റെർവ്യൂ ആണ് സാർ ഞങ്ങൾ പ്ലാൻ ചെയ്യുന്നത്. 
മനസ്സില്ലാമനസ്സോടെ തങ്ങളുടെ ബാഗ് കയ്യിലെടുത്ത് ഫ്ലാറ്റിലേക്ക് പോകാൻ തയ്യാറായി അഷ്ഫരും ച്യാരനും.
സെക്ക്യൂരിറ്റി, റിസപ്ഷനിലേക്ക് വരുന്ന കുഞ്ഞമ്മുവിനെ ശ്രദ്ധിക്കുന്നു. അയാൾ: എടീ കുഞ്ഞമ്മൂ ഈ സാറമ്മാർക്ക് ആ ഫ്ലാറ്റിലേക്കുള്ള വഴി ഒന്ന് കാട്ടിക്കൊടുത്തെ....
കുഞ്ഞമ്മുവിനെ പിന്തുടരുന്ന സംഘം
**********
ഫ്ലാറ്റ് - INTERIOR
ഫ്ലാറ്റിനു അകത്ത് ഇരുട്ട് പരന്നിരുന്നു. ലൈറ്റ്സ് ഓരോന്നായി ഓണ്‍ ചെയ്യുന്ന കുഞ്ഞമ്മു.
അഷ്ഫർ: ചുറ്റും നോക്കിക്കൊണ്ട്: ഇതത്ര സ്ക്വയർ ഫീറ്റ് കാണും? ചുരുങ്ങിയത് ഒരു രണ്ടായിരം? ലക്ഷ്വറി തന്നെ മച്ചൂ ലക്ഷ്വറി..
പെട്ടന്ന് മൊബൈൽ നോക്കിക്കൊണ്ട് അഷ്ഫർ: ഡാ എന്റെ കേരളത്തിന്റെ വാട്ട്സപ്പ് മെസേജ്... ഇതൊന്നു നോക്കിയേ...
മെസേജ് വായിക്കുന്ന ച്യാരൻ: "Guys, me and Balettan on the way. And we got a teacher with us. please cooperate.."
ച്യാരൻ, പേടിയോടെ, പതുക്കെ അഷ്ഫറിനോടായി: ഡാ ഇയാളിത് ചളമാക്കും. ഏതോ ടീച്ചറെയും പൊക്കിക്കൊണ്ടാണ് രണ്ടും വരുന്നത്.. ഛെ
അഷ്ഫർ: ഡാ അവര് ടീച്ചറെയും കൊണ്ട് ഇങ്ങെത്തുന്നതിനു മുമ്പ് ഈ ചാനല് കാരെ ഒഴിവാക്കണം.. അല്ലേൽ പ്രശ്നാ,,,
ച്യാരാൻ, reporter പെണ്‍കുട്ടിയോടായി: Could you make it fast please?
പെണ്‍കുട്ടി: Sure! ആഹ്ലാപൂർവ്വം: We are the only channel which has got the permission to shoot this interior. Really an exclusive ..!
അവൾ തുടരുന്നു: രണ്ടു ഷോട്ട്സ് ആണ് നമ്മൾ പ്ലാൻ ചെയ്യുന്നത്. ഒന്ന് ഒരു മൃതദേഹം കിടന്നിരുന്ന ഈ സെന്റർ ഹാളിൽ. മറ്റേ ഷോട്ട് രണ്ടാമത്തെ മൃതദേഹം കിടന്നിരുന്ന മുഖ്യ കിടപ്പ് മുറിയുടെ ബാത്ത്റൂമിൽ വച്ച്. ഓക്കെ അല്ലെ?
ച്യാരന്റെ മുഖം മാറുന്നു. ഇതൊക്കെ പുതിയ അറിവുകളാണ്.
ഷൂട്ടിങ്ങിന്റെ വിവിധ ദൃശ്യങ്ങൾ കുഞ്ഞമ്മുവിന്റെ കണ്ണുകളിലൂടെ... അവളുടെ മുഖത്ത് ഒരു പ്രത്യേകഭാവം.
ഫ്ലാറ്റിന്റെ ഉൾവശം മുഴുവൻ ഷൂട്ട് ചെയ്യുന്ന സംഘം. അതിനു ശേഷം ബാത്ത്റൂമിൽ നിന്നും പിന്നെ സെന്റർ ഹാളിൽ നിന്നും ഇന്റർവ്യൂസ്. ചോദ്യങ്ങൾക്ക് ഉത്തരം പറയുന്ന ച്യാരനും അഷ്ഫരും.

വീണ്ടും സെന്റർ ഹാൾ -- പാക്കപ്പ് ടൈം.
ബാത്ത്റൂമിലെ ഷൂട്ടിനു ശേഷം അവിടുത്തെ ക്യാമറ പൊക്കി എടുത്ത് പുറത്തേക്ക് വരാൻ തുടങ്ങുന്ന ക്യാമറമാൻ.
അയാളെ തടഞ്ഞുകൊണ്ട് കുഞ്ഞമ്മു. അവൾ സംസാരിച്ചു: സാറ് പുറത്തേക് ഇറങ്ങിക്കോ. ക്യാമറ ഞാൻ പാക്ക് ചെയ്തു തരാം.
ക്യാമറമാൻ പുറത്തേക്ക് ഇറങ്ങിയതിനു ശേഷം ക്യാമറ കയ്യിലെടുക്കുന്ന കുഞ്ഞമ്മു. അവളുടെ കയ്യിൽ ഭാരമുള്ള ക്യാമറ ഒരു പുഷ്പം പോലെ കിടന്നു. അവൾ അതിനെ ഒന്നു തഴുകി...പിന്നെ പുറത്തേക്ക് നടന്നു...
സെന്റർ ഹാളിൽ പാക്കപ്പിന്റെ തിരക്കിൽ ചാനൽ ക്രൂ. അവളാ ക്യാമറ അവരുടെ സമീപം വച്ച് മാറി നിന്നു.
പെട്ടന്ന് കറന്റ് പോയി ...
ഒരു നിമിഷത്തെ നിശബ്ദത...
അതിനെ ഭേദിച്ച് കൊണ്ട് സെന്റർ ഹാളിൽ നിന്നും പുരുഷസ്വരത്തിലുള്ള ഒരു കരച്ചിൽ...പിന്നെ അതൊരു ചിരിയായി മാറി... പൊട്ടിച്ചിരി...
ഭയന്ന് പോയ സംഘം ... ച്യാരൻ, അഷ്ഫർ ...ഒന്ന് നിലവിളിക്കാൻ പോലും ശക്തിയില്ലാതെ...
അതൊന്നും ശ്രദ്ധിക്കാതെ ഫ്ലാറ്റിൽ നിന്നും പുറത്തിറങ്ങി ഇടനാഴിയിലൂടെ നടന്നകലുന്ന കുഞ്ഞമ്മു...
ഒരു നിമിഷാർധനേരത്തേക്ക് കറന്റ് വീണ്ടും വന്നു. ആ വെളിച്ചത്തിൽ സെന്റർ ഹാളിലുള്ളവർ ആ കാഴ്ച കണ്ടു: ദേഹമാസകലം ചോര ഒലിപ്പിച്ചു കൊണ്ട് ഒരു പുരുഷരൂപം... പിന്നെ വീണ്ടും കറന്റ് പോയി..
കൂട്ടനിലവിളി... ഫ്ലാറ്റിൽ നിന്നും ഇറങ്ങിയോടുന്ന ചാനൽ ക്രൂ, കൂടെ ച്യാരൻ, അഷ്ഫർ ...
ലിഫ്റ്റിനു കാത്തുനിൽക്കാതെ സ്റ്റെയർകേസിലൂടെ അവർ താഴേക്ക്...
താഴെ ലോണിലൂടെ പ്രധാന ഗേറ്റിനു നേരെ കുതിക്കുന്ന ചാനൽ ക്രൂ. സെക്ക്യൂരിട്ടിയെ തിരയുന്ന ച്യാരനും അഷ്ഫറും.
പെട്ടന്ന് ച്യാരന്റെ ഫോണ്‍ ശബ്ദിച്ചു.
ആരാന്നു പോലും നോക്കാതെ ഫോണ്‍ അറ്റൻഡ് ചെയ്യുന്ന ച്യാരൻ.
ഹലോ
ഹലോ എടാ ച്യാരാ... ഇത് ഞാനാ സാത്ത് .. പ്ലീസ് കംബാക്ക് ...
ന്ദേ ..! എടൊ മനുഷ്യാ..നിങ്ങ എവിടാ? എന്തിനാ ഇപ്പ തംബാക്കു?
എടാ ഫ്ലാറ്റിലേക്ക് തിരിച്ചു വാന്ന് ... കംബാക്ക്, കംബാക്ക് റ്റു ദി ഫ്ലാറ്റ്
ന്ദേ കംബാക്കോ? അപ്പ നിങ്ങ അവിടെ ഉണ്ടോ?
ഫോണ്‍ കട്ടാകുന്നു.
ഒരു നിമിഷം സംശയിച്ചു നിന്ന ശേഷം ഫ്ലാറ്റിലേക്ക് ലിഫ്റ്റ്‌ വഴി തിരിച്ചു പോകുന്ന ച്യാരനും അഷ്ഫറും.
വാതിൽ തുറന്നു കിടക്കുന്നുണ്ട്. ഉള്ളിൽ ഇപ്പോൾ വെളിച്ചമുണ്ട്...
സെന്റർ ഹാളിൽ സാത്ത്. കൂടെ ഒരു ചെറുപ്പക്കാരൻ. ദേഹമാസകലം ചോര എന്ന് തോന്നിപ്പിക്കുന്ന ചുവന്ന ചായം കോരി ഒഴിച്ചിട്ടുണ്ട്. കക്ഷി ചിരി അടക്കാൻ കഴിയാതെ കഷ്ടപ്പെടുകയാണ്.
ച്യാരനും അഷ്ഫറും രണ്ടു പേരെയും കുറച്ചു നേരം മാറി മാറി നോക്കി...അവർക്ക് കാര്യം മനസ്സിലായി.
ച്യാരൻ: സാത്ത് സാർ ... ഇതൊരുമാതിരി ചെയ്ത്തായിപ്പോയി. ആ പോയവന്മാരിൽ ആരെങ്കിലും പനി പിടിച്ച് ചത്താൽ താങ്കൾ ഉത്തരം പറയേണ്ടി വരും.
സാത്തിന്റെ മുഖത്ത് ഒരു ന്യൂട്രൽ എക്സ്പ്രെഷൻ. നിർവ്വികാരത.
സാത്ത്, ബ്ലഡ്‌ കോസ്റ്റ്യൂമിൽ നില്ക്കുന്ന യുവാവിനെ ചൂണ്ടി: മീറ്റ് മിസ്റ്റർ കുട്ടമ്മാഷ്. ഇവിടെ അടുത്താണു വീട്. നമ്മുടെ സ്റ്റിൽ ഫോട്ടോഗ്രാഫർ.
അഷ്ഫർ: അല്ല എന്താണ് ഉദ്ദേശം?
ച്യാരൻ: ആ ചാനല്കാര് സത്യമറിഞ്ഞാൽ വല്ല കേസിനും പോകും ഹേ
സാത്ത്: ഇതിലും വലിയ ഡ്രാമാറ്റിക്ക് ലോഞ്ച് നമ്മുടെ പടത്തിനു കിട്ടാനുണ്ടോ? ഒരു കേസിനും പോകില്ലെട ച്യാരാ.... നോക്കിക്കോ സോഷ്യൽ മീഡിയ ഇതൊരു ആഘോഷമാക്കും ...എങ്ങനുണ്ട്?
കുട്ടമ്മാഷ് സാത്തിന്റെ കൈ പിടിച്ചു കുലുക്കിക്കൊണ്ട്: സമ്മതിച്ചു മാഷെ.. നിങ്ങ പുലിയാണ് കേട്ടാ...
സാത്ത്: എന്റെ ഫെയിസ്ബുക്ക് പോസ്റ്റുകൾ പത്രവാർത്തയായി, സോഷ്യൽ മീഡിയയിലെ വിഡ്ഢികൾ അങ്ങോട്ടും ഇങ്ങോട്ടും കടിച്ചു കീറുന്ന ആ ദിവസം... അതാണ് ഞാൻ സ്വപ്നം കാണുന്ന ഇന്ത്യ...
അഷ്ഫർ: പുലിയുടെ കാര്യം പറഞ്ഞപ്പോഴാണ് ഓർത്തത് ... ഒരു ആടിനെ തിന്നേണ്ട വിശപ്പുണ്ട്... വല്ലോം കിട്ടുമോ?
പെട്ടന്ന് സാത്തിന്റെ ഫോണ്‍ ശബ്ദിക്കുന്നു. ഫോണിൽ ഒരു നിമിഷം സംസാരിച്ചതിനു ശേഷം സാത്ത് മറ്റുള്ളവരോടായി: ബാലേട്ടനും എന്റെ കേരളം വിനോദ് കുമാറും താഴെ എത്തിയിട്ടുണ്ട്...
ച്യാരൻ, അല്പ്പം പതർച്ചയോടെ: സാത്തേ സംഗതി വശപ്പിശകാ .. ആ EK ഏതോ ടീച്ചറെയും പൊക്കിക്കൊണ്ടാണ് വന്നിരിക്കുന്നത്...
കുട്ടമ്മാഷ്: അയ്യോ, എന്റെ കലൂർ പള്ളി ഗണപതി മുതലിയാരേ... എന്റെ കല്ല്യാണം ഒക്കെ വരുന്നതാ... ഈ ചുവപ്പ്കളറ് ഒന്ന് കഴുകിയിട്ട് ഞാനങ്ങു പോകും.. ഗുഡ് ബൈ..
കോളിംഗ് ബെൽ മുഴങ്ങുന്നു. മുഖം ഒക്കെ ഒന്ന് തുടച്ചു, മുടി ഒക്കെ ഒതുക്കുന്ന ച്യാരൻ. മുഖത്ത് ടെൻഷൻ. സാത്ത് പോയി വാതിൽ തുറക്കുന്നു..
ആദ്യം കാണുന്നത് ഒരു ബോട്ടിൽ
ടീച്ചേർസ് വിസ്ക്കി ... !
കുപ്പി ഉയർത്തിപിടിച്ചു കൊണ്ട് എന്റെ കേരളം പ്രവേശിക്കുന്നു, പുറകിലായി ബാലേട്ടൻ ..
സാത്ത്, ച്യാരനോടായി: ദാ നെന്റെ ടീച്ചർ എത്തിയിട്ടുണ്ട്... സമാധാനയല്ലോ?
എന്റെ കേരളം: ഹോഹോഹിഹി ... എങ്ങനെയുണ്ട് .. എങ്ങനെയുണ്ട് ? അല്ല ഒരു അവതാരത്തെ പരിചയപ്പെടുത്താൻ മറന്നു. ഇതാണ് നമ്മടെ PRODUCER ബാലേട്ടൻ. നിങ്ങളെല്ലാം ഓണ്‍ലയിനിൽ പരിചയപ്പെട്ടതല്ലേ ഉള്ളൂ.. നേരില് ആദ്യായി കാണാനുള്ള ഭാഗ്യം എനിക്കായിരുന്നു...
ബാലേട്ടൻറെ കൈ പിടിച്ചു കുലുക്കിക്കൊണ്ട് സാത്ത് എന്റെ കേരളത്തോട്: അതുകൊണ്ട് any side effects?
എന്റെ കേരളം, എന്തോ ഓർമ്മിച്ചുകൊണ്ട്: ഹേ .. ഇല്ലില്ല..പക്ഷെ കുറച്ചു special effects ഉണ്ടായിരുന്നൂട്ടോ ...ഹിഹിഹി
ബാലേട്ടൻ എല്ലാവരെയും ഒന്ന് നോക്കിക്കൊണ്ട്: കീലേരി എത്തിയില്ല അല്ലെ? ഫുഡ് ഒരു പ്രശ്നമാകുമോ?
അഷ്ഫർ: അയ്യോ...
കിട്ടിയ അവസരം മുതലാക്കിക്കൊണ്ട് ച്യാരൻ: ചാനലിലൊക്കെ നമ്മടെ സിനിമേടെ വാർത്ത വരുന്നത് പ്രമാണിച്ച് ഇന്നത്തെ ഡിന്നർ സാത്ത് സാറിന്റെ വക... എവിടെ സാത്ത് സാർ എവിടെ?
ചുറ്റും നോക്കിക്കൊണ്ട് ബാലേട്ടൻ: അല്ല ഇവിടെ ഉണ്ടായിരുന്നല്ലോ .. എവിടെ? സാത്ത് എവിടെ?
എന്റെ കേരളം, റൂമുകളിൽ ഒക്കെ കയറി നോക്കിയതിനു ശേഷം: മുങ്ങി മോനെ.. സാത്ത് സാർ മുങ്ങി...
പെട്ടന്ന് ച്യാരന്റെ ഫോണ്‍ ശബ്ദിച്ചു. ച്യാരൻ ഫോണ്‍ എടുത്തു, ലൌഡ് സ്പീക്കറിൽ ഇട്ടു കൊണ്ട്: അല്ല സാത്ത് സാർ, നിങ്ങളിത് എവിടെ പോയി?
സാത്ത്: അതെ.. ഞാൻ ഒരാളെ കാണാൻ ഇറങ്ങിയതാ.. ഭക്ഷണം എന്താന്നു വച്ചാൽ...
ച്യാരൻ: വച്ചാൽ...?
സാത്ത്: ഓർഡർ ചെയ്ത്....
ച്യാരൻ: ഓർഡർ ചെയ്ത്....?
സാത്ത്: അതിന്റെ കാശ് കൊടുത്തെക്കണം. എന്റെ പങ്ക് അവിടെ വച്ചേക്ക്... ഞാൻ വന്നിട്ട് കഴിച്ചോളാം...
ഫോണ്‍ ഡിസ്ക്കനക്ട്ട്.

************


TIMELINE ചാനൽ ഓഫീസ്...
പ്രൊഡക്ഷൻ റൂമിൽ ച്യാരനെ ഇന്റര്വ്യൂ ചെയ്ത പെണ്‍കുട്ടിയും വേറെ കുറച്ചു പേരും...അവിശ്വസനീയമായ എന്തോ കണ്ടത് പോലുള്ള ഭാവം എല്ലാരുടെയും മുഖത്ത് ...
ഓണ്‍ലൈൻ എഡിറ്റർ: ഞാൻ പറയുന്നത് സത്യമാണ്. നിങ്ങൾ Lake Placid ഷോട്ട്സ് എന്ന് പറഞ്ഞു തന്ന ഡ്രൈവ് ശൂന്യമായിരുന്നു മാഡം. അതിൽ ഒന്നും ഉണ്ടായിരുന്നില്ല... ചിലപ്പോ എല്ലാം ഇറെസ് ആയിപ്പോയതാവാം... may be some virus...?
പെണ്‍കുട്ടി ഷോക്കിലാണ് .. അവള്ക്ക് അത് വിശ്വസിക്കാൻ ..കഴിയുന്നില്ല..
ക്യാമറമാൻ -- അയാൾ കരച്ചിലിന്റെ വക്കിലാണ്...
ഫോണ്‍ ശബ്ദിച്ചു...പെണ്‍കുട്ടി ഫോണ്‍ കടന്നെടുത്തു. ന്യൂസ് എഡിറ്ററുടെ ശബ്ദം: It is late now. Are we running the Lake Placid story tonight or not? Come on.. tell me..
പെണ്‍കുട്ടി: No sir. We can not. It is a haunted place. The whole story is haunted...I am so sorry..
ഫോണ്‍ താഴെ വച്ച് അവൾ വീണ്ടും തല താഴ്ത്തി ഇരുന്നു...

*************

രാത്രി - ഏറെ വൈകി. Lake Placid ഫ്രന്റ്‌ ഗേറ്റ്. കീലേരി ഒരു ഓട്ടോയിൽ വന്നിറങ്ങുന്നു. കനത്ത മഴ.
ഒരു കുട ചൂടിക്കൊണ്ട് ഓടി വന്നു പാസഞ്ചർ ഗേറ്റ് തുറന്നു കൊടുക്കുന്ന ഗാർഡ്. ഗാർഡിനോട്‌ എന്തോ സംസാരിച്ച ശേഷം, അയാള് കൊടുത്ത രെജിസ്റ്റരിൽ പേര് എഴുതി അകത്തേക്ക് പോകുന്ന കീലേരി.
ലിഫ്റ്റ്‌ ലക്ഷ്യമാക്കി നടക്കുന്ന കീലേരി. പെട്ടന്ന് കറന്റ് പോകുന്നു.
കൂരിരുട്ട്...
പുറകിൽ ഒരു കാലടി ശബ്ദം. ടോർച്ച് തെളിച്ചു കൊണ്ട് ഒരു രൂപം. ഒരു ഗാർഡ് ആണ്. കീലേരിക്ക് വെളിച്ചം കാട്ടിക്കൊണ്ട് മുന്നേ നടക്കുന്ന ഗാർഡ്.
കീലേരി: സഹായത്തിനു നന്ദി. ഇവിടെ ജനറേറ്റർ ഇല്ലേ?
ഗാർഡ്: ഡീസൽ തീർന്നിരിക്കുകയാണ് സാർ. വാങ്ങിക്കാൻ ആള് പോയിട്ടുണ്ട്...
കീലേരി: അപ്പൊ ലിഫ്റ്റ്‌ ?
പെട്ടന്ന് മുന്നിലെ പ്രകാശം അണഞ്ഞു. വീണ്ടും ഇരുട്ട്.
കീലേരി: എടൊ എന്ത് പറ്റി ?
മറുപടി ഒന്നുമില്ല. തന്റെ പുറകിൽ ആരോ നില്ക്കുന്നത് പോലെ കീലേരിക്ക് തോന്നി... വളരെ അടുത്ത്. ഉച്ച്വാസം കഴുത്തിൽ പതിയുന്നുണ്ടോ?
ലിഫ്റ്റ് ഉപയോഗിക്കുന്നത് കുറയ്ക്കണം. സ്റ്റെപ്പുകൾ കയറാൻ ശീലിക്കണം. ലീഡ് എ ഹെൽത്തി ലൈഫ് മാൻ...
ചെവിയിൽ പതുക്കെ ആരോ മന്ത്രിച്ചു....
കീലേരി ഞെട്ടിത്തിരിഞ്ഞു... ഇല്ല ആരുമില്ല... വെറും തോന്നലാണോ? ആ ശബ്ദം വ്യക്തമായി കേട്ടതാണല്ലോ...
And yes, always try to use some tools for protection. Like.. a knife, a torch...and avoid these situations my boy..
പുറകിൽ നിന്നും വീണ്ടും ആ ശബ്ദം...
ഒരു നിമിഷാർധം ... ബാഗിൽ നിന്നും കീലേരി ഗണ്‍ വലിച്ചെടുത്തു.... അയാൾ അലറി: കത്തിയും ടോർച്ചും ഒന്നുമല്ല... ഗണ്‍ ഉണ്ടെടാ ഗണ്‍.. കാച്ചിക്കളയും പന്നീ... കളിക്ക്വാ നീയ്?
പെട്ടന്ന് ലൈറ്റ് വന്നു. കീലേരി ചുറ്റും നോക്കി.. ആരുമില്ല.. പെട്ടന്ന് ആരോ ഓടി അകലുന്ന ശബ്ദം.. ആ ദിശ ലക്ഷ്യമാക്കി കീലെരിയും ഓടി..
കീലേരി വ്യക്തമായി കണ്ടു.. തൊട്ടു മുന്നിലായി വെള്ള വസ്ത്രം ധരിച്ച ഒരു രൂപം... അത് ഫ്രന്റ്‌ ഗേറ്റിനു നേരെ ഓടുകയാണ്...
ഒരു കുതിപ്പ്..
ആ രൂപം കീലേരിയുടെ കയ്യിലമർന്നു ..
കീലേരി ആ രൂപത്തെ തിരിച്ചു നിർത്തി. മഴയത്ത് നനഞ്ഞു കുതിർന്ന ഒരു ചെറുപ്പക്കാരൻ. പേടികൊണ്ട് വിറക്കുന്നുണ്ട് ..
വിക്കി വിക്കി ചെറുപ്പക്കാരൻ പറഞ്ഞു: എന്നെ ഒന്നും ചെയ്യരുത്....
കീലേരി: ആരാടാ നീയ്? നാടകക്കാരനാ? ആളെ ഊളയാക്ക്വാ?
ചെറുപ്പക്കാരൻ: അയ്യോ സാർ .. ഞാനൊന്നും അറിയില്ല... എന്നെ ഒന്നും ചെയ്യരുത്....
പെട്ടന്ന് അവിടേക്ക് ഓടി വരുന്ന ഒരു ഗാർഡ്: എന്താ സാർ , എന്താ കാര്യം?
കീലേരി, ഗാർഡിനോടായി: എടൊ കറന്റ് പോയപ്പോൾ ടോർച്ചും കൊണ്ട് താൻ ഒരു ഗാർഡിനെ എന്റടുത്തെക്ക് അയച്ചിരുന്നില്ലേ? അയാൾ എവിടെ?
ഗാർഡ്: അയ്യോ സാർ, ഞങ്ങൾ ആരെയും അയച്ചില്ലല്ലൊ. ജെനറേറ്റർ പ്രവർത്തിപ്പിക്കുന്ന തിരക്കിലായിരുന്നൂ എല്ലാവരും..
കീലേരി, അയാൾക്ക് അതൊരു ഷോക്ക് ആണ്. ഒരു നിമിഷം എടുത്തതിനു ശേഷം, തന്റെ മുന്നില് നിന്ന് വിറയ്ക്കുന്ന ചെറുപ്പക്കാരനെ ചൂണ്ടി കീലേരി ഗാർഡിനോട്‌ ചോദിച്ചു: ഇവനേതാടോ?
ഗാർഡ്: സാറിനു പോകേണ്ടിയിരുന്ന അതെ ഫ്ലാറ്റിലേക്ക് വന്ന വേറെ ഒരു വിസിറ്ററാ .. സാറ് അകത്തേക്ക് വന്ന ഉടനെയാണ് ഇയാൾ എത്തിയത്... സാറിന്റെ പുറകെ വിട്ടോളാൻ ഞാനാ പറഞ്ഞത്. അപ്പോഴാ കറന്റ് പോയത്.
കീലേരി, സംശയത്തോടെ ചെറുപ്പക്കാരനോട്: താനെന്തിനാ പിന്നെ എന്നെ കണ്ടപ്പോൾ ഓടിയത്...
ചെറുപ്പക്കാരൻ, ഭയം വിട്ടുമാറാത്ത മുഖവുമായി, ചുറ്റും നോക്കിക്കൊണ്ട്: ഇരുട്ടത്ത് ആരോ എന്റെ കഴുത്തിനു പിടിച്ചു ... ഞാനൊരുവിധത്തിൽ കുതറി ഓടുകയായിരുന്നു..അപ്പൊ ലൈറ്റ് വന്നു... അപ്പോഴാ താങ്കള് എന്റെ പുറകെ ഓടി വരുന്നത് കണ്ടത്...
കീലേരി: എന്താ തന്റെ പേര്?
ചെറുപ്പക്കാരൻ: നമ്പൂതിരി..... അർജുനൻ നമ്പൂതിരി...
(End of part 3)


1 comment:

  1. dhithu polichothotta.. eagerly waiting for the 4th part..

    ReplyDelete