3/4/15

OPKP PART 2



Also Read 
OPKP 1                 
OPKP 3

2

കൊച്ചി നഗരം - ഒരു ഇടത്തരം ടൌണ്‍.
ഒരു ചുവപ്പ് ഫോർഡ് ഇക്കോസ്പോർട്ട് ..ഒരു ആവറേജ് സ്പീഡിൽ അത് മുന്നോട്ടു പോവുകയാണ്
കാർ വരുന്ന വഴിയിലായി, റോഡിനു കുറുകെ, യാതൊരു മുന്നറിയിപ്പും നൽകാതെ, തന്റെ ബൈക്ക് പെട്ടന്ന് മുന്നോട്ട് എടുക്കാൻ ശ്രമിക്കുന്ന ഒരു യുവാവ്.
കാർ ഡ്രൈവർ ഇത് പ്രതീക്ഷിക്കുന്നില്ല. കാർ പെട്ടന്ന് നിർത്താൻ ഡ്രൈവർക്ക് കഴിഞ്ഞു എങ്കിലും പാളിപ്പോയ ബൈക്ക് കാറിൽ തട്ടി മറിയുന്നു. ബൈക്കിലെ യുവാവ് റോഡിലേക്ക് വീണെങ്കിലും അയാൾക്ക് സുരക്ഷിതാനാണ്.
റോഡിൽ നിന്നും എഴുന്നേറ്റ് അയാൾ കാർ ഡ്രൈവറെ ചീത്ത വിളിച്ചുകൊണ്ട് ബൈക്കിന് നേരെ ഓടുന്നു. ബൈക്കിന്റെ മുൻഭാഗം അല്പ്പം ചളുങ്ങിയിട്ടുണ്ട്.
യുവാവ് കാറിന്റെ ഡോറിൽ ശക്തിയായി ഇടിച്ചുകൊണ്ട്: ഇറങ്ങി വാടാ... #!!#!!
കാറിന്റെ ഡോർ തുറന്ന് ഒരു മുപ്പതു വയസു പ്രായം തോന്നിക്കുന്ന ചെറുപ്പക്കാരൻ പുറത്തേക്കിറങ്ങുന്നു. അതെ സമയം കാറിന്റെ മുന്നിലെ പാസഞ്ചർ സീറ്റിന്റെ ഡോർ തുറന്നു ഒരു യുവതിയും പുറത്തേക്കിറങ്ങുന്നു. രണ്ടു പേരും പരിഭ്രാന്തരാണ്.
ബൈക്കിലെ യുവാവ് ക്രുദ്ധനായി ചെറുപ്പക്കാരന്റെ കോളറിനു പിടിച്ചു കൊണ്ട്: എങ്ങോട്ട് നോക്കിയാടാ വണ്ടി ഓടിക്കുന്നത്?
ചെറുപ്പക്കാരൻ കുതറിമാറിക്കൊണ്ട്: സിഗ്നല് തരാതെ താൻ പെട്ടന്ന് റോഡ്‌ ക്രോസ് ചെയ്തത് തെറ്റല്ലേ?
ബൈക്കിലെ യുവാവ്: താൻ എന്നെ ഡ്രൈവ് ചെയ്യാൻ പഠിപ്പികയാണോ? കേടായ ബൈക്കിന്റെ കാശ് തന്നിട്ട് പോയാൽ മതി...
യുവാവ്: താൻ പോടോ... റോഡിൽ കയറി അഭ്യാസം കാട്ടിയിട്ട്.. ഉവ്വ് താൻ കുറേ കാശ് വാങ്ങിക്കും..
അതും പറഞ്ഞു അയാൾ കാറിലേക്ക് തിരിച്ചു നടക്കുന്നു... യുവതിയും ചെറുപ്പക്കാരനും കാറിന്റെ ഡോർ തുറന്നു അകത്തേക്ക് കയറുന്നു. ബൈക്കിലെ യുവാവ് ഇത് പ്രതീക്ഷിക്കുന്നില്ല... അയാൾ ഓടിച്ചെന്നു കാറിന്റെ ഡ്രൈവർ-ഡോർ ബലമായി പിടിച്ചു തുറന്നു കാറിനു മാർഗ തടസം സൃഷ്ടിച്ചു കൊണ്ട് നില്ക്കുന്നു..
ഇതിനിടെ കാറിനു ചുറ്റും ആളുകൾ കൂടുന്നു... സ്ഥലവാസികളാണ്. അവർ നാട്ടുകാരനായ ബൈക്കിലെ യുവാവിനെ സപ്പോർട്ട് ചെയ്തു കൊണ്ട് കാറിനു ചുറ്റും രണ്ടും കല്പ്പിച്ചു നില്ക്കുകയാണ്.. ചിലർ കാറിൽ ആഞ്ഞടിക്കുന്നുണ്ട് ....ഗത്യന്തരമില്ലാതെ ചെറുപ്പക്കാരനും ഭാര്യയും കാറിൽ നിന്നും വീണ്ടും പുറത്തേക്ക് ഇറങ്ങുന്നു...
ചെറുപ്പക്കാരൻ നാട്ടുകാരെ യാഥാർഥ്യം പറഞ്ഞു മനസ്സിലാക്കിക്കാൻ കിണഞ്ഞു ശ്രമിക്കുന്നുണ്ട്...
"ഞാൻ പെട്ടന്ന് വണ്ടി നിർത്തിയത് കൊണ്ട് വലിയ ഒരു അപകടം ഒഴിവായി..എന്നിട്ടിപ്പോ ..! നിങ്ങളിൽ സംഭവം കണ്ടിട്ടുള്ളവർ .പറയട്ടെ.."
നാട്ടുകാർ പക്ഷെ അയാള്ക്ക് ചെവി കൊടുക്കുന്നില്ല.
അത് വരെ മിണ്ടാതിരിക്കുകയായിരുന്ന ചെറുപ്പക്കാരന്റെ ഭാര്യ ആണെന്ന് തോന്നിക്കുന്ന യുവതി ബൈക്കിലെ യുവാവിനോട്: എക്സ്യൂസ് മീ.. നിങ്ങൾ ഞങ്ങളെ പോകാൻ അനുവദിക്കണം.... തെറ്റ് നിങ്ങളുടെ ഭാഗത്ത് തന്നെയാണ്... മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടാണ് നിങ്ങൾ ബൈക്ക് ഓടിച്ചിരുന്നത് ... അത് തെറ്റാണ് എന്നറിയില്ലേ...
ബൈക്കിലെ യുവാവ് കൂടുതൽ ക്രുദ്ധനായി: "നീയാരാടീ നിയമം പഠിപ്പിച്ചു തരാൻ?? എന്റെ കൂടെ വാ.... നിനക്ക് ഞാൻ പഠിപ്പിച്ചു തരാം.... നിയമം.."
ചെറുപ്പക്കാരൻ: മര്യാദക്ക് സംസാരിക്കണം... തന്റെ ഭാര്യയോട് സംസാരിക്കുന്നത് പോലെ താൻ എന്റെ ഭാര്യയോട് സംസാരിക്കരുത്...
കൂടുതൽ പ്രകോപിതനായ ബൈക്കിലെ യുവാവ് ചെറുപ്പക്കാരന് നേരെ കുതിക്കുന്നു... അടിക്കാൻ കയ്യോങ്ങിക്കൊണ്ട്: സംസാരിച്ചാൽ താൻ എന്തോ ചെയ്യും?
പെട്ടന്നൊരു ശബ്ദം:
"ഹാണ്ട്സ് അപ്പ്!!
അതേ ഹാണ്ട്സ് അപ്പ്ന്ന് .. 
നെന്നോട് തന്നെ...
ഇനി ഒരു സ്റ്റെപ്പ് മുന്നോട്ട് വന്നാൽ ..
അങ്ങട് ചുട്ടു കളയും പന്നീ..."
എല്ലാവരും നോക്കുമ്പോൾ ആക്സിടന്റ് ആയ കാറിന്റെ പിൻസീറ്റിൽ നിന്നും പുറത്തെക്കിറങ്ങുന്ന ഒരു രൂപം.. കയ്യിൽ തോക്ക്
ഒരു മുപ്പത്തഞ്ച് വയസ്സ് തോന്നിക്കുന്ന ചെറുപ്പക്കാരൻ 
കപ്പടാ മീശ 
മുണ്ടും ജുബ്ബയും 
കട്ടിയുള്ള ഒരു സ്വർണ ചെയിൻ...
തൃശ്ശൂര് സ്ലാങ്ങും കൂടെ ആയപ്പോൾ ഒരു കുന്നംകുളം മുതലാളിയുടെ മട്ടും ഭാവവും..
ആദ്യം ഒന്ന് പതറിയെങ്കിലും മനസംയമനം വീണ്ടെടുത്തുകൊണ്ട് ബൈക്കിലെ യുവാവ്: "ബെസ്റ്റ്!!... നാടകക്കാർ ഇനിയുമുണ്ടോ കാറിൽ... എല്ലാരും ഇങ്ങോട്ട് ഇറങ്ങി വന്നാട്ടെ..."
തോക്ക് കയ്യിൽ പിടിച്ച ചെറുപ്പക്കാരൻ പെട്ടന്നൊരു കുതിപ്പിന് ബൈക്ക്കാരൻ യുവാവിന്റെ കുത്തിനു പിടിച്ച് തോക്ക് അയാളുടെ താടിക്ക് മുട്ടിച്ചു കൊണ്ട്: ആരാടാ നാടകക്കാരാൻ? ബാലേട്ടൻ .. ബാലേട്ടൻ-ന്നു വിളിക്കണം ശവീ...
ചെറുപ്പക്കാരൻ ഇത് പ്രതീക്ഷിക്കുന്നില്ല..പ്രതീക്ഷിക്കാത്ത ഈ ആക്രമണം അയാളെ പരാജയപ്പെടുത്തിക്കളഞ്ഞു... ചുറ്റും നോക്കുമ്പോൾ... തോക്കേന്തിയ പുതിയ കഥാപാത്രം സൃഷ്ടിച്ച ആഘാത്തിൽ, അത് വരെ അയാളെ സപ്പോർട്ട് ചെയ്തു കൊണ്ട് നിന്ന നാട്ടുകാരും നിന്ന് പരുങ്ങുകയാണ്...
മൊബൈൽ ഫോണ്‍ ചെവീലു ഘടിപ്പിച്ചോണ്ട് വണ്ടി ഓടിച്ച് റോഡിൽ വേണ്ടാതീനം കാണിച്ചതും പോര കുടുംബത്തിൽ പിറന്ന പെണ്ണുങ്ങളെ നടുറോഡിൽ അപമാനിക്കുന്നോടാ കന്നാലീ...
പെട്ടന്ന് നാട്ടുകാരുടെ ഇടയിൽ നിന്നും ഒരു മധ്യവയസ്ക്കൻ മുന്നോട്ടു കയറി വന്നു ബാലേട്ടന്റെ പിടിച്ചു മാറ്റി സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ട്: പോട്ടെ മോനെ വിട്ടേക്ക് (തോക്ക് തൊട്ടു നോക്കിക്കൊണ്ട്): ഇത് പൊട്ടുമോ?
ബാലേട്ടൻ മധ്യവയസ്ക്കനോട്: ഇത്ര നേരം അമ്മാവനെ ഇവിടെ ഒന്നും കണ്ടില്ലാ...
മധ്യവയസ്കൻ: ഞാൻ ഇവിടുത്തെ സ്കൂളിലെ ഒരു മാഷാ... അല്ല നമുക്കൊരു മധ്യസ്ഥത ശ്രമിച്ചൂടെ? ഇതിപ്പോ ബൈക്ക് കേടു വന്ന സ്ഥിതിക്ക്....ഇവനൊരു പണീം കൂലീം ഇല്ലാത്തോനാ... നന്നാക്കാനുള്ള കാശ് കൊടുത്ത് അങ്ങ് വിട്ടൂടെ?
കാറിലെ ചെറുപ്പക്കാരൻ പെട്ടന്ന് മുന്നോട്ട് കയറിക്കൊണ്ട്: മാഷെ.. എന്റെ കുറ്റം കൊണ്ടാണെങ്കിൽ ഞാൻ പൈസ എപ്പോഴേ കൊടുത്തേനെ...? ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല... ഇവനാണ് മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ട് വണ്ടി ഓടിച്ച്...
ബൈക്ക്കാരൻ: ഞാൻ മൊബൈൽ ഫോണ്‍ ഉപയോഗിച്ച് കൊണ്ടാണ് വണ്ടി ഓടിച്ചത് എന്ന് താൻ പറയുന്നല്ലേ ഉള്ളൂ? തെളിവ് വല്ലതുമുണ്ടോ ??
മധ്യവയസ്ക്കൻ: അത് ശരിയാണല്ലോ? മോനെ.... അപ്പൊ പിന്നെ..?
ബാലേട്ടൻ, ബൈക്ക്കാരനോട്, മുന്നിൽ, റോഡിനരുകിലായി നില്ക്കുന്ന ഒരു പില്ലർ ചൂണ്ടിക്കാട്ടിക്കൊണ്ട്:
ഡാ ഗടിയേ ... നെനക്കറിയോ ...ആ പോസ്റ്റിനു മുകളില് ഫിറ്റ് ചെയ്തിരിക്കുന്ന കുന്ത്രാണ്ടം എന്താണെന്ന്?.... ഹഹഹഹ... അറിയില്ലേല് പറഞ്ഞു തരാം: സീസീട്ടീവിയാ....!! താൻ റോഡില് ഒപ്പിച്ച കുരുത്തക്കേട്‌ മുഴുവനുമതിൽ പതിഞ്ഞിട്ടുണ്ട്രാ ... !! അപ്പൊ മാഷെ.. പോവുകയല്ലേ പോലീസ് സ്റ്റേഷനിലേ ക്ക്? അവര് അങ്ങട് തീർപ്പാക്കട്ടേന്നു...
മാഷ്‌: എനിക്ക് സ്കൂളിൽ പോകാൻ സമയായി.. അപ്പൊ പിന്നെ.. ഞാൻ അങ്ങട്...
ബാലേട്ടൻ: അങ്ങനെ അങ്ങ് പോയാലോ മാഷെ... മധ്യസ്ഥത്തതിനു വന്നതല്ലേ? പോലീസ് സ്റ്റേഷനിലെക്ക് മാഷ്‌ എന്തായാലും വരണം...ഡോക്ടറെ കാണാനായി ഹോസ്പിറ്റലിലേക്ക് തിരക്കിട്ട് പോകുകയായിരുന്ന ഗർഭിണിയായ എന്റെ സഹോദരിയെ നടുറോഡിൽ അപമാനിച്ചു എന്ന പരാതി എന്റെ വകയും അങ്ങട് ഇരിക്കട്ടേന്നു .. ന്തേ?
മാഷ്‌ ദയനീയമായ മുഖഭാവത്തോടെ: ഞങ്ങക്ക് പരാതി ഒന്നും ഇല്ലാത്ത സ്ഥിതിക്ക്.. ഇനി... എന്തിനാ...
ബാലേട്ടൻ: ആശ്ചര്യത്തോടെ ചുറ്റും നോക്കിക്കൊണ്ട്: പരാതി ഇല്ലേ?? (ദയനീയാവസ്ഥയിൽ നില്ക്കുന്ന ബൈക്ക്കാരനെ ചൂണ്ടിക്കാട്ടിക്കൊണ്ട്) : അത് പറയേണ്ടത് ഇയാളല്ലേ? ഇയാള്ക്കായിരുന്നല്ലോ പരാതി...
മാഷ്‌, ഇപ്പൊ കരയും എന്ന മട്ടിൽ, ചെറുപ്പക്കാരനെ ചൂണ്ടിക്കൊണ്ട്: എന്റെ മോനാ... മര്യാദക്ക് ബൈക്ക് ഓടിക്കണം എന്ന് എത്ര പറഞ്ഞാലും കേള്ക്കെണ്ടേ?? സാറ് ക്ഷമിക്കണം...ഇതങ്ങു വിട്ടേക്കണം...
ബാലേട്ടൻ, ആശ്ചര്യത്തോടെ: അമ്മാവൻ .. സോറി മാഷ്‌... ആള് കൊള്ളാലോ? എന്താ അഭിനയം... ! എന്താ ആ ഒരു ..എന്താ പറയ്യാ...എന്നാപ്പിന്നെ പറഞ്ഞ പോലെ..
കാറിലേക്ക് തിരിഞ്ഞു നടക്കുന്ന ബാലേട്ടനും ചെറുപ്പക്കാരനും ഭാര്യയും. കാറ് പോകുന്ന വഴിയെ അത് നോക്കിനില്ക്കുന്ന നാട്ടുകാരും, മാഷും മകനും. കാർ അകന്നു പോകുന്നു.
കാറ് സ്ക്രീനിൽ നിന്നും മറഞ്ഞപ്പോൾ.. ബാലേട്ടൻ കാട്ടിക്കൊടുത്ത പില്ലറിനു നേരെ നോക്കിക്കൊണ്ട് മാഷോട് ഒരു നാട്ടുകാരാൻ: എന്നാലും എന്റെ മാഷെ, ഈ CCTV എന്ന കുന്ത്രാണ്ടം നമ്മുടെ സർക്കാര് ഇവിടെ ഫിറ്റ് ചെയ്തിട്ട്, ഇത്ര കാലായിട്ടും നമ്മള് അറിഞ്ഞില്ലല്ലോ...!
CCTV-യിലേക്ക് കൗതുകപൂർവ്വം നോക്കി നില്ക്കുന്ന ഒരു കൂട്ടം ജനങ്ങളുടെ പുറകിൽ നിന്നുള്ള ദൃശ്യത്തോടെ രംഗം അവസാനിക്കുന്നു...
----
കഴിഞ്ഞ രംഗത്തിന്റെ തുടർച്ച. കാറിൽ ചെറുപ്പക്കാരനും യുവതിയോടുമോപ്പം ബാലേട്ടൻ.
ഡ്രൈവ് ചെയ്തുകൊണ്ട് ചെറുപ്പക്കാരൻ: ഇതിപ്പോ ഒരു ചടങ്ങായേനെ..സഹായിച്ചതിന് വളരെ നന്ദി. ലിഫ്റ്റ്‌ ചോദിച്ചു താങ്കള് വഴിയിൽ നിന്നും കയറിയപ്പോൾ ഒരു ശല്യമായാണ് ആദ്യം തോന്നിയത്.. ഹഹഹഹ
ബാലേട്ടൻ: സഹായം.. അതെന്റെ രക്തത്തില് അലിഞ്ഞു ചേർന്നതാ .. ന്തേ?
ചെറുപ്പക്കാരൻ, പെട്ടന്ന്: അല്ല ആശാനെ... എന്റെ ഭാര്യ എന്നാണു ഗർഭിണി ആയത്? ഞാൻ അറിഞ്ഞില്ലല്ലോ....!
ബാലേട്ടൻ, ഒരു ചമ്മിയ ചിരിയോടെ: പിടിച്ചു നിക്കണ്ടേ ഗഡീ... ഒരു കാച്ചങ്ങട് കാച്ചിയതല്ലെ. (പെട്ടന്ന് തൃശൂര് സ്ലാങ്ങ് കളഞ്ഞു മലബാർ സ്ലാങ്ങിൽ): നിങ്ങക്ക് ബേറൊന്നും തോന്നരുത്.. ഒരു കളി കളിച്ചതാ...
യുവതി: അല്ല.. അപ്പൊ തൃശൂര് സ്ലാങ്ങും തട്ടിപ്പാ? ഈ പേര് ഒറിജിനലാണോ?
ബാലേട്ടൻ: ബാലേട്ടൻ എന്നന്നെയാ എന്റെ പേര്. പിന്നെ ഈ വേഷോം തോക്കും ല്ലാം ഒരു സെറ്റപ്പാ... ഞാനേ.. ഒരു ഷോർട്ട് ഫിലിമില് അഭിനയിക്കാൻ വേണ്ടീട്ടാണ് കൊച്ചീലെക്ക് വരുന്നത്... ന്റെ ഒരു ഫ്രെണ്ടിന്റെ വർക്കാ ... ഒന്ന് ഇമ്പ്രസ്സ് ചെയ്യിക്കാൻ കൊസ്റ്റ്യൂമിൽ തന്നെ പോയിക്കളയാം എന്ന് വച്ചു...ന്നെ ആ Lake Placid അപ്പാർറ്റ്മെന്റിന്റെ മുന്നില് ഒന്നിറക്കിത്തന്നാൽ മതി...
പെട്ടന്ന് കാർ സഡൻബ്രേക്ക് ഇട്ടുകൊണ്ട് ചെറുപ്പക്കാരൻ: ബാലേട്ടൻ? താങ്കളാണോ സാത്തിന്റെ ഷോർട്ട് ഫിലിം നിർമ്മിക്കാൻ പോകുന്ന ബാലേട്ടൻ?
ബാലേട്ടൻ: ഛെ പബ്ലിക് ഒക്കെ അറിഞ്ഞോ? ഈ സാത്തിന്റെ ഒരു കാര്യം!
ചെറുപ്പക്കാരൻ: വെറും പബ്ലിക്ക് അല്ല മാഷെ... ഞാനാണ് പടത്തിന്റെ റൈറ്റർ... പ്രസിദ്ധ ഷോർട്ട് ഫിലിം തിരക്കഥാകൃത്ത് "എന്റെകേരളം വിനോദ്കുമാർ" ഹോഹോഹോ ... എനിക്ക് വയ്യ....
ബാലേട്ടൻ: സോറി മിസ്റ്റർ എന്റെ കേരളം...
എന്റെ കേരളം: അത് കൊഴപ്പമില്ല.... എന്നാലും എന്റെ ബാലേട്ടാ... അഭിനയം കലക്കി!  ഒരു CCTV! നിങ്ങളുടെ കഥാപാത്രത്തെ ഞാനൊന്ന് മാറ്റി എഴുതാൻ പോകുന്നൂ.... ഹഹഹോഹോഹഹ..
ബാലേട്ടൻ, ചെറിയ സംശയത്തോടെ കാറിലുള്ള യുവതിയെ നോക്കിക്കൊണ്ട്: അതെ മിസ്റ്റർ എന്റെ കേരളം, നിങ്ങൾ ഭാര്യയെയും കൊണ്ടാണോ സിനിമാ ക്യാമ്പിൽ താമസിക്കാൻ പോകുന്നത്?
എന്റെ കേരളം: ഹോഹോഹോ..ആരുടെ ഭാര്യ? എന്റെ ബാലേട്ടാ.. നിങ്ങക്ക് ലിഫ്റ്റ് തന്നത് പോലെ ഈ കുട്ടിക്കും ഞാനൊരു ലിഫ്റ്റ്‌ കൊടുത്തതല്ലേ. സത്യത്തിൽ കാറിൽ ലിഫ്റ്റ്‌ ചോദിക്കുന്നവര് എനിക്ക് ഒരു ബലഹീനതയാണ് ബാലേട്ടാ....
ചിരി അടക്കാൻ പാട് പെടുന്ന യുവതി..
ബാലേട്ടൻ, പെട്ടന്ന് യുവതിയോട്: ഞാൻ കുട്ടിയുടെ ക്ലിപ്പ് കണ്ടിരുന്നൂ.
ഞെട്ടുന്ന എന്റെ കേരളം..അയാൾ പതുക്കെ: ക്ലിപ്പോ? എപ്പോ?
വണ്ടി ചെറുതായി ഒന്ന് വിറക്കുന്നു..
യുവതിയുടെ ഭാവം മാറുന്നു... ചുവന്ന മുഖത്തോടെ അവൾ എന്റെ കേരളത്തോട്: സാറൊന്നു വണ്ടി നിർത്തിക്കെ.... ഞാൻ ഇവിടെ ഇറങ്ങിക്കൊള്ളാം ..
വണ്ടിയിൽ നിന്നിറങ്ങി നടന്നു പോകുന്ന യുവതിയെ നോക്കിക്കൊണ്ട് എന്റെ കേരളം: എന്ത് പണിയാണ് ബാലേട്ടാ നിങ്ങളീ കാണിച്ചത്. ക്ലിപ്പിന്റെ കാര്യമൊക്കെ ഇങ്ങിനെ പബ്ലിക്ക് ആയിട്ട് പറയ്യാ? ആ.. കിളി പോയി... ക്ലിപ്പ് എങ്കിൽ ക്ലിപ്പ്... എന്റെ മൊബൈലിലൊട്ട് തട്ടിക്കേ ..
ബാലേട്ടൻ: ശേ.. വമ്പിച്ച തെറ്റിധാരണ..! റോഡിലെ ബഹളത്തിനിടയിൽ ആ കുട്ടിയുടെ ക്ലിപ്പ് താഴെ വീണു കിടക്കുന്നത് ഞാൻ കണ്ടിരുന്നൂ.. അതെടുത്ത് അവർക്ക് കൊടുക്കാൻ പക്ഷെ മറന്നു പോയി....അത് പറഞ്ഞപ്പോഴാ...
എന്റെ കേരളം, ബാലേട്ടനെ ഒന്ന് നോക്കി ദീർഘനിശ്വാസം വിട്ടുകൊണ്ട്: പശു ചത്തു... മോരിലെ പുളിയും പോയി...
ബാലേട്ടൻ: അയ്യോ അതെപ്പോ??
എന്റെ കേരളം: തനിക്ക് ഞാൻ വച്ചിട്ടുണ്ട് ട്ടാ ... തോന്നക്കൽ പഞ്ചായത്തിലെ അരി താൻ കുറെ പെറുക്കും ...
അകന്നകന്നു പോകുന്ന കാർ

************

അതേ സമയം: കൊച്ചി, ഒരു ലോക്കൽ ബസ്‌ സ്റ്റാന്റ്
വിശാഖ് MS സമയം നോക്കി. രണ്ടു മണി കഴിഞ്ഞു പത്തു മിനുട്ട് ആയിരിക്കുന്നൂ. ബസ് പുറപ്പെടേണ്ട സമയമായി. സീറ്റ് എല്ലാം നിറഞ്ഞിട്ടുണ്ട്. ടിക്കെറ്റ് എല്ലാം കൊടുത്തു കഴിഞ്ഞു.
അതിനിടെ ഒരു അമ്മാവൻ വന്ന് ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന ഷൈജുവിനോട്: പദ്മ ജങ്ക്ഷനിൽ എത്താൻ എത്ര സമയം എടുക്കും മോനെ?
ബസ്സ്‌ സ്റ്റാർട്ട്‌ ചെയ്യുന്നതിനിടയിൽ അമ്മാവനെ ഒന്ന് അടിമുടി നോക്കിക്കൊണ്ട് നിസ്സാരമായി ഷൈജു പറഞ്ഞു: മുപ്പത്തഞ്ച് മിനുട്ടാണ്‌ കണക്ക്. പക്ഷെ നമ്മുടെ ബസ്സിനു ഇരുപത്തഞ്ച് മിനുട്ട് മതി....അല്ലേടാ വിശാഖേ? അമ്മാവൻ കയറ് ... ഞങ്ങള് എത്തിച്ചു തരാം...
വിശാഖ് മുഖത്ത് ഒരു ചിരി വരുത്തി വെറുതെ തലയാട്ടി. പിന്നെ മനസ്സില് പറഞ്ഞു. തെണ്ടി. ഇവനെ ഇന്നെങ്കിലും ട്രാഫിക്ക് പോലീസ് പിടിച്ച് ഓവർ സ്പീഡിനു കേസ് ... അല്ലെങ്കില് ഒരു ഫൈൻ എങ്കിലും ചാർജ് ചെയ്യണേ...എവിടെ? ഒന്നും നടക്കാൻ പോകുന്നില്ലാ....ജീവനും കയ്യില് പിടിച്ചാണ് ഈ ബസ്സില് ജോലി ചെയ്യുന്നത്. എന്റെ മുത്തപ്പാ...ഞാനിതാ...എന്നെയും ഈ ബസ്സിനേം അങ്ങ് ഏൽപ്പിച്ചിരിക്കുന്നൂ ... ഇനി എല്ലാം നിന്റെ കയ്യിൽ...
നെറ്റിയിലെ വിയർപ്പ് തുടച്ച്..."ടിക്കറ്റ് ടിക്കറ്റ്... എന്ന് പരമാവധി ശബ്ദത്തിൽ വിളിച്ചു പറഞ്ഞു കൊണ്ട് വിശാഖ് വീണ്ടും കണ്ടക്ക്ടറായി.
ബസ് ഇപ്പോൾ സാമാന്യം നല്ല വേഗതയിൽ ഓടിക്കോണ്ടിരിക്കുകയാണ്. കുറെ മുന്നിലായി SA ട്രാവൽസിന്റെ പുറകു വശം കാണാം. കണക്കു പ്രകാരം ഒന്നര മിനുട്ട് മുമ്പേ പോകേണ്ട ആ ബസ്സിനെ പിന്നിലാക്കാനുള്ള വ്യഗ്രതയിലാണ് ഷൈജു. സ്ഥിരമായി നടക്കാറുള്ള ഒരു കലാപരിപാടി.
കിളി കാസിയെ വിശാഖ് കണ്ണ് കാണിച്ചു. കാര്യം മനസ്സിലാക്കിയ കാസി...ഒരു സിങ്കിൾ ബെല്ല്...അഞ്ചു സെക്കണ്ട് കഴിഞ്ഞു പിന്നെ ഒരു സിങ്കിൽ ബെല്ല്.... ബസ് സ്ലോ ചെയ്തു. .. സഹികെട്ട ഷൈജു കാസിയെ നോക്കി കണ്ണുരുട്ടി. വിശാഖ് ഒരു ദീർഘനിശ്വാസം വിട്ടു. SA ട്രാവൽസ് തല്ക്കാലം രക്ഷപ്പെട്ടു...നമ്മളും.
പക്ഷെ പറഞ്ഞിട്ട് കാര്യമില്ല. കണ്ണും മൂക്കും ഇല്ലാത്ത ഓട്ടം വീണ്ടും തുടങ്ങി.
ഒരു സ്റ്റോപ്പിൽ നിന്നും ബസ്സിലേക്ക് കയറുന്ന പ്രായമായ ഒരു സ്ത്രീ. അവർ ഡോർ സ്റ്റെപ്പിലെക്ക് കാലെടുത്ത് വച്ച ഉടനെ തന്നെ ബസ് മുന്നോട്ട് എടുത്തു കഴിഞ്ഞു. ബസ്സിന്റെ സ്പീഡ് കാരണം അവർക്ക് ബാലൻസ് കിട്ടിയില്ല. മുകളിലേക്ക് കയറിയപ്പോൾ അവർ അടി തെറ്റി വീഴാൻ പോയി. വീഴാൻ പോയ ആ സ്ത്രീയെ പെട്ടന്ന് ഒരു കൈ താങ്ങി. വിശാഖ് ഒന്ന് നിശ്വസിച്ചു .. ഭാഗ്യം അമ്മച്ചി കഷ്ടിച്ച് രക്ഷപ്പെട്ടു...
ആ കൈകളുടെ ഉടമ അവരെ സുരക്ഷിതമായി താനിരുന്ന സീറ്റിലേക്ക് ഇരുത്തി.
ബഹുമാനവും നന്ദിയും വാരിവിതറിയ ഒരു നോട്ടം വിശാഖ് എമ്മെസ് ആ മനുഷ്യന് നേരെ എറിഞ്ഞെങ്കിലും അയാളുടെ പരുപരുത്ത മുഖഭാവത്തിൽ തട്ടി അതൊക്കെ തവിട്പൊടിയായി. Lake Placid-സ്റ്റൊപ്പിലെക്ക് ആണീ രക്ഷകൻ ചേട്ടൻ ടിക്കറ്റ് എടുത്തിരിക്കുന്നത്.. വിശാഖ് ഓർത്തു.
സീറ്റ് ഒഴിഞ്ഞു കൊടുത്തതിനു ശേഷം രക്ഷകൻ ചേട്ടൻ അല്പ്പം മുന്നോട്ട്, ഡോറിനു അടുത്തേക്ക് കയറി നിന്നു.
ബസ് ഇപ്പോൾ അതി വേഗതയിൽ പോയിക്കൊണ്ടിരിക്കുകയാണ്. മുന്നിലുള്ള വാഹനങ്ങളെ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി ഓവർടെയ്ക്ക് ചെയ്തു പോകുന്ന ബസ് സ്പീഡ് കാരണം ആടിഉലയുന്നുമുണ്ട്. വിശാഖ് കുറ്റബോധത്തോടെ ആളുകളുടെ നോട്ടം അവഗണിച്ച് തന്റെ ജോലി തുടരാൻ ശ്രമിച്ചു. നാശം, ഒരു കോണ്‍സെന്ട്രെഷൻ കിട്ടുന്നില്ല...
ഒരു യുവതിയും മൂന്ന് വയസ്സുതോന്നിക്കുന്ന ഒരു പെണ്‍കുട്ടിയും ബസ്സിലേക്ക് കയറി.. ആടിഉലയുന്ന ബസിൽ ബാലൻസ് കിട്ടാതെ കുഞ്ഞ് തെറിച്ചു പോയി...യുവതി ഉൾപ്പെടെ കുറച്ചു സ്ത്രീകൾ നിലവിളിച്ചു പോയി .. വീഴാൻ പോയ കുഞ്ഞിനെ രണ്ടു കൈകൾ താങ്ങി. വിശാഖ് നോക്കി. അതെ, അമ്മച്ചിയെ രക്ഷിച്ച ആ ചേട്ടൻ തന്നെ!
ഇന്നെന്തെങ്കിലുമൊക്കെ നടക്കും എന്ന് ഉള്ളില് ഒരു ആന്തലോടെ ചിന്തിച്ചു തീർന്നില്ല ... അതിനു മുന്നേ ബസ്സ്‌ റോഡിൻറെ സൈഡ് പിടിച്ചു സ്റ്റോപ്പ്‌ ചെയ്തതും.....പിന്നെ പടക്കം പൊട്ടുന്നത് പോലെ രണ്ടു അടിയുടെ ശബ്ദവും!
വിശാഖ് ഓടി മുന്നിലെത്തിയപ്പോഴേക്കും ആ രക്ഷകൻ ചേട്ടൻ ഷൈജുവിനെ പിടിച്ചു പൊക്കി , കരണക്കുറ്റി നോക്കി ഒന്ന് കൂടെ പൊട്ടിച്ച്, ഡ്രൈവറുടെ ഡോറിലൂടെ എടുത്ത് താഴേക്കിട്ടിരുന്നു. പിന്നെ അയാൾ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു ബസ് സ്റ്റാർട്ട്‌ ചെയ്തു.
വിശാഖ് ഗദ്ഗദകണ്ടനായി ആ കാഴ്ച കണ്ടു നിന്നു... പെട്ടന്ന് രക്ഷകൻ ചേട്ടൻ ചീറി: തന്റെ മൊബൈൽ ഇവിടെ വയ്ക്കെടോ...
തന്നോടാണ് ആ കല്പ്പന എന്ന് മനസ്സിലാക്കാൻ വിശാഖ് രണ്ടു സെക്കണ്ട് എടുത്തു....മൊബൈൽ പറഞ്ഞ സ്ഥലത്ത് വച്ച്, അവൻ പതുക്കെ രക്ഷകൻ ചേട്ടനോട് പറഞ്ഞു: ഞാൻ ആരെയും വിളിച്ചു പറയാൻ ഒന്നും പോകുന്നില്ല... എവിടെ വേണമെങ്കിലും ഞാൻ ചേട്ടന്റെ ഭാഗം പറയാം... വണ്ടി വിട്ടോ...
അതിനിടെ പുറകിൽ നിന്നും കാസി ഓടി മുന്നിലെത്തിയിരുന്നു. കാസി എന്തിനുള്ള പുറപ്പാടാണ് എന്ന് വിശാഖ് അന്തിച്ചു നില്ക്കുന്നത്തിനിടയിൽ... അവന്റെ വക ഒരു സാഷ്ടാങ്ക നമസ്ക്കാരം.... രക്ഷകൻ ചേട്ടന്. പിന്നെ പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്ത് ഒരു ചോദ്യം: സാർ ഇതും വയ്ക്കണോ?
വിശാഖ് കണ്ണ് കാണിച്ചു... ചളമാക്കാതെ പോടേ .... ഒരു ചമ്മിയ ചിരി സമ്മാനിച്ച് കാസി പുറകിലോട്ടു പോയി... വണ്ടി മുന്നോട്ടും...
യാത്രക്കാരുടെ മുൻ നിരയിൽ ഇരിക്കുന്ന ഒരു ചെറുപ്പക്കാരൻ വിശാഖിനെ കണ്ണ് കാണിച്ചു വിളിച്ചു. എന്നിട്ട് ചെവിയിൽ മന്ത്രിച്ചു: മാവോവാദി ആണെന്ന് തോന്നുന്നു...!
അടുത്തിരുന്ന നമ്മുടെ അമ്മാവൻ ഇത് കേട്ടെന്ന് തോന്നുന്നു. വിശാഖിനോടും ചെറുപ്പക്കാരനോടുമായി അയാൾ പറഞ്ഞു: മരണപ്പാച്ചിൽ പായുന്ന ശകടത്തിൽ കയറുന്നവൻ മാവോവാദി ആയില്ലെങ്കിലെ അത്ഭുതമുള്ളൂ... മിണ്ടാണ്ട് ഇരിയെടോ..
മറൈൻ ഡ്രൈവിനു അടുത്തുള്ള അവസാനത്തെ സ്റ്റോപ്പിൽ ബസ് ഓരം ചേർത്ത് നിർത്തി, രക്ഷകൻ ചേട്ടൻ പുറത്തിറങ്ങി. ബസ്സിൽ ബാക്കിയായ യാത്രക്കാർ അപ്പോഴും അങ്ങിനെ അന്തിച്ചു നിൽക്കുകയാണ്. അവരോടായി, ഒന്നും നടന്നിട്ടില്ലാത്ത മട്ടിൽ, വിശാഖ് വിളിച്ചു പറഞ്ഞു: ലാസ്റ്റ് സ്റ്റൊപ്പ്....ലാസ്റ്റ് സ്റ്റൊപ്പ്.. എല്ലാരും ഇറങ്ങിക്കോ....
ഇതാ വണ്ടിയുടെ കീ... ഇങ്ങനെ ഇനി വണ്ടി ഓട്ടിയാൽ തല കാണില്ലാന്ന് പറഞ്ഞേക്ക് തന്റെ ഡ്രൈവറോട് ...
വിശാഖ് ഞെട്ടി പുറംതിരിഞ്ഞു. രക്ഷകൻ ചേട്ടൻ അവന്റെ കൈ പിടിച്ചു നിവർത്തി കീ അതിൽ പിടിപ്പിച്ച് പുറം തിരിഞ്ഞു നടന്നു തുടങ്ങി...
പെട്ടന്ന് കിട്ടിയ ഒരു ധൈര്യത്തിൽ വിശാഖ് വിളിച്ചു: ചേട്ടാ ഒരു മിനുട്ട്... ഒന്ന് നിക്കണേ..
അയാൾ നിന്നപ്പോൾ വിശാഖ് ഓടി അടുത്തെത്തി... പിന്നെ മടിച്ചു മടിച്ചു ചോദിച്ചു: പരിചയപ്പെടാൻ പറ്റിയില്ല... ചേട്ടന്റെ പേര്?
കീലേരി... ചുവന്ന കണ്ണുകൾ കൊണ്ട് വിശാഖിനെ ഒന്ന് ഉഴിഞ്ഞ് ആ മനുഷ്യൻ ഉത്തരം പറഞ്ഞു.
ദൈവമേ...കീലേരി അച്ചു?
അല്ല കസിനാ... കീലേരി ദാമു
കണ്ടതിൽ സന്തോഷം. ഞാൻ കീലേരി അച്ചു സാറിന്റെ ഒരു ഫാനാണ്.. ചേട്ടനെന്താ പരിപാടി?
ക്വോട്ടെഷൻ തന്നെ... പിന്നെ അതില്ലാത്തപ്പോൾ കാറ്ററിംഗ് ... രണ്ടും നൈസ് ആയിട്ട് ചെയ്തു കൊടുക്കും. ഒരു ഈച്ച പോലും അറിയാതെ.... എന്നാൽ പിന്നെ കാണാം...
യാത്ര പറഞ്ഞു കീലേരിയേട്ടൻ എങ്ങോട്ടോ പോയി..... കുറച്ചു നേരം അങ്ങേരു പോയ വഴി നോക്കി തരിച്ചങ്ങനെ നിന്നശേഷം വിശാഖ് തന്റെ വഴിക്കും പോയി.
(End of part 2)
Read OPKP 1
             OPKP 3


1 comment:

  1. നല്ല എഴുത്ത്.. ട്വിറ്ററില്‍ പരിചയമുള്ളവരെ കഥാപാത്രങ്ങള്‍ ആക്കിയപ്പോള്‍ വായിക്കാന്‍ രസമുണ്ട്..

    ReplyDelete