7/29/14

കൊളമാക്കാ അമ്പോഫ്ലൈറ്റിന്റെ ജാലകത്തിലൂടെ പുറകിലേക്ക് ഓടിമറയുന്ന മേഘങ്ങളിലേക്ക് നോക്കി ഡിങ്കൂസ് പങ്കിൽ ഇരുന്നു.
ബാങ്ക്ലൂരിൽ നിന്നും സ്റ്റോക്ക്ഹോമിലേക്കുള്ള ലുഫ്ത്താൻസാ ഫ്ലൈറ്റിന്റെ ബിസിനസ്‌ ക്ലാസ്സിൽ വലിയ തിരക്ക് കണ്ടില്ല. ലഞ്ച് ടൈം ആണ്. ചുറുചുറുക്കോടെ ഭക്ഷണം വിളമ്പുന്ന എയർ ഹോസ്റ്റസ്സുമാരാണ് ചുറ്റും. 
ഒരു എയർ ഹോസ്റ്റസ്സുപെണ്‍കുട്ടി അടുത്തേക്ക് വന്നപ്പോൾ ഡിങ്കൂസ് നിവർന്നിരുന്നു.
"Mr. Pankil?" പെണ്‍കുട്ടി ഒരു ചെറു ചിരിയോടെ ചോദിച്ചു.
"Yes...?" 
"This is a surprise gift for you from our captain....please accept it sir," അലൂമിനിയം ഫോയിലിന്റെ ഒരു പൊതി നീട്ടിക്കൊണ്ട് അവൾ പറഞ്ഞു.
പെണ്‍കുട്ടി പുറകിൽ നടന്നു മറഞ്ഞപ്പോൾ, ആകാംക്ഷയോടെ ഡിങ്കൂസ് അലൂമിനിയം ഫോയിൽ തുറന്നു.
ഞെട്ടിപ്പൊയി്! നല്ല ചൂടുള്ള പഴംപൊരി!1
അയാളുടെ മനസ്സ് ഒരു നിമിഷം കൊണ്ട് മടിവാലയിലെ മൂസാക്കന്റെ കടയിലെത്തി...
ഡിങ്കൂസ് പങ്കിൽ കഴിഞ്ഞ നാളുകളെ കുറിച്ച് ഓർക്കുകയായിരുന്നു.
പങ്കിലക്കാട്ടിലെ ഒരു സാദാ ബീട്ടെക്കിൽ നിന്നും തുടങ്ങി, പ്രശസ്തമായ ചില ആപ്പുകളുടെ നിർമ്മാതാവ് എന്ന നിലയിൽ വളർന്നു, പിന്നെ ഇപ്പോൾ 'കൊളമാക്കാ അമ്പോ' എന്ന ലോകപ്രസിദ്ധ ഗവേഷണസ്ഥാപനത്തിന്റെ ജീവാത്മാവും പരമാത്മാവുമായി ഉയർച്ചയുടെ പുതുവഴികൾ വെട്ടിപ്പിടിച്ചുകൊണ്ടിരിക്കുകയാണ്.
എല്ലാം ഡിങ്കഭഗവാന്റെ അനുഗ്രഹം!

********

'കൊളമാക്കാ അമ്പോ' എന്ന MNC കമ്പനി സ്ഥാപിക്കുമ്പോൾ ഡിങ്കൂസ് പങ്കിലിനു ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ - ലോകപ്രശസ്തമായ ഏതെങ്കിലും ഒരു സമസ്യക്ക് ഉത്തരം കണ്ടെത്തുക.
അത് കൊണ്ട് തന്നെ, തന്റെ കമ്പനിയിലേക്ക് യുവശാസ്ത്രന്ജരെ തിരഞ്ഞെടുക്കുന്നതിലേക്ക് നടത്തിയ അഭിമുഖങ്ങളിൽ ഈ ചോദ്യം ചോദിച്ചു കൊണ്ടിരുന്നു.
"എന്തായിരിക്കണം നമ്മുടെ ആദ്യത്തെ ഗവേഷണ വിഷയം?"
പലരും പലതും പറഞ്ഞു. ഒടുവിൽ നാല് പേരെ അദ്ദേഹം തിരഞ്ഞെടുത്തു.
"കോഴിയാണോ മുട്ടയാണോ ആദ്യം വന്നത്????" - ഗവേഷണം നടത്തേണ്ട വിഷയവും തീരുമാനമായി.
ഗാവേഷണത്തിന്റെ ആദ്യ പടിയായി ഡിങ്കൂസ് താൻ തിരഞ്ഞെടുത്ത ആ നാലുപേരെയും അവരുടെ അഭിരുചിക്ക് ഇണങ്ങിയ രണ്ടു വ്യത്യസ്ത ടീമുകളിലാക്കി.
മുൻകാലപ്രവർത്തനപരിചയത്തിന്റെ അടിസ്ഥാനത്തിൽ അക്കൂട്ടർ "ടീം മുട്ട" എന്നും "ടീം കോഴി"എന്നും അറിയപ്പെട്ടു.
ടീം കോഴിയിലെ അംഗങ്ങൾ ലുട്ടാപ്പി, പീപ്പീ ദിവംഗതൻ എന്നിവരായിരുന്നൂ.
ടീം മുട്ട - ന്റെകേരളം, താന്തോന്നി എന്നീ യുവകാപാലികരാലും സമ്പുഷ്ടമായി.
ഒരു മത്സരം പോലെ രണ്ടു ടീമുകളും ഘോരം ഘോരം ഗവേഷണം നടത്തിക്കൊണ്ടിരുന്നു. ഗവേഷണം ഉഷാറാക്കാൻ വേണ്ടി ഡിങ്കൂസ് ഈ നാലുപേർക്കും ഗവിയിൽ ഓരോ ഏക്കർ തെങ്ങുംപറമ്പു വരെ വാങ്ങിക്കൊടുത്തു.
വർഷങ്ങൾ കടന്നു പോയി എന്നതല്ലാതെ ഇത് കൊണ്ടൊന്നും പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടായില്ല.

ഗവേഷണത്തിനു ഫണ്ടിംഗ് നടത്തുന്ന വിദേശ കമ്പനി തങ്ങൾ ഏതു നിമിഷവും ഫണ്ടിംഗ് പിൻവലിക്കും എന്ന് കാണിച്ചു ഒരു ദിവസം ഡിങ്കൂസ്നു മെയിൽ അയച്ചു.
ആ രാത്രി ഡിങ്കൂസ്നു ഉറക്കം വന്നില്ല. ലോഡ് കണക്കിന് പഴമ്പൊരിക അന്നദ്ദേഹം തിന്നുതള്ളി. പിറ്റേന്ന് രാവിലെ അദ്ദേഹം കമ്പനിയുടെ ഒരു എമെർജെൻസി മീറ്റിംഗ് വിളിച്ചു.
രണ്ടു ടീമിനും അന്ത്യശാസനം നല്കി: 3 ദിവസത്തിനുള്ളിൽ ഒരു തീരുമാനത്തിൽ എത്തിയില്ലെങ്കിൽ എല്ലാത്തിനെയും തിരിച്ച് നാട് കടത്തും.

***********

നടുങ്ങിപ്പോയ ടീമുകൾ, മുട്ട-കോഴി വ്യത്യാസമില്ലാതെ ഓഫീസിനു പുറത്തുള്ള ഗഫൂർക്കയുടെ ഒച്ചപ്പാട് ത്രീ സ്റ്റാർ ഹോട്ടലിൽ  ഒത്തു കൂടി.
"എന്താണ്ടാ അണ്ടി പോയ അണ്ണാന്മാരെ കൂട്ട്  ഇരിക്ക്ണത്?" - ഗഫൂർക്ക ചോദിച്ചു.
ന്റെ ഗഫൂർക്കാ, ങ്ങള് മനിഷമ്മാരെ ഗൾഫ് ആണെന്നും പറഞ്ഞു കണ്ട ഉരൂല് കയറ്റി ചെന്നൈ കടപ്പുറത്ത് കൊണ്ടോയിറക്കുന്ന പോലെ അല്ലിത്. സംഭവം സയൻസാ - ന്റെകേരളം പറഞ്ഞു.
അല്ല മക്കളെ, ശരിക്കും എന്താണ് നിങ്ങടെ പ്രശ്നം? - ഗഫൂർക്കാ വിടുന്ന മട്ടില്ല.
ലുട്ടാപ്പി എഴുന്നേറ്റു. "ഗഫൂർക്കാ - പ്രശ്നം ഇതാണ്. കോഴിയാണോ മുട്ടയാണോ ആദ്യം വന്നത് ..?
ഇതാണോ പ്രശ്നം? അതൊക്കെ ഡിപ്പണ്ട്സ് അല്ലെ! - ഗഫൂർക്കാ പറയാൻ തുടങ്ങി....
***********

തന്റെ മുന്നിലിരിക്കുന്ന മധ്യവയസ്ക്കനെ ഡിങ്കൂസ് തുറിച്ചു നോക്കി.
ഒരു ഹോട്ടല്കാരൻ എത്ര നിസ്സാരമായാണ് താൻ രണ്ടു വർഷമായി ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്ന വിഷയം കീറി മുറിച്ച് കയ്യിൽ തന്നിരിക്കുന്നത്!
ഡിങ്കൂസ് ജ്യൂസിന്റെ ഗ്ലാസ് ഗഫൂർക്കയുടെ അടുത്തേക്ക് നീക്കി വച്ചു. "ഉം കുടിക്ക്...."
"മാണ്ട..."
താന്തോന്നി മുന്നോട്ടു വന്നു. "ഗഫൂർക്ക പേടിക്കണ്ട. ഇത് ഞങ്ങളുടെ സാറ് ഡിങ്കൂസ്," 
"ജ്യൂസ് കുടിപ്പിക്കാനാ ഇതിപ്പോ എല്ലാരും കൂടെ എന്നെ പൊക്കി ഇതിനുള്ളിൽ കൊണ്ടുവന്നരിക്കുന്നെ?? ങ്ങള് കാര്യം എന്താന്നു വച്ചാൽ പറ.." - ഗഫൂർക്ക.
താന്തോന്നി തുടർന്നു പറഞ്ഞു:
"ഈ സ്ഥാപനം സാറിന്റെതാണ്. വർഷങ്ങളായി ഞങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയായിരുന്ന ഒരു വിഷയം താങ്കൾ സമീപിച്ച രീതി അദ്ദേഹത്തെ വളരെ ആകർഷിച്ചിരിക്കുന്നു. ഗഫൂർക്ക ഞങ്ങളോട് പറഞ്ഞ കാര്യങ്ങൾ അദ്ദേഹത്തിനു ഒന്ന് നേരിൽ കേൾക്കണമെന്നുണ്ട്," 
"ഏതു? കോഴിയോ മുട്ടയോ....? - കോഴിയാണോ മുട്ടയാണോ ആദ്യം വന്നത് എന്ന് ചിന്തിച്ച് ഇവന്മാര് എന്റെ ഹോട്ടലിൽ വന്നു തല പുകക്കുന്നു. അതൊക്കെ ഡിപ്പണ്ട്സ് അല്ലേ സാറേ?
....അതായത്, പാറക്കടവ് ചന്തേന്നു വേണം രാവിലെ ഞമ്മന്റെ കടേലൊട്ട് കോഴി വരാൻ. മുട്ട ഞമ്മള് സാധാരണ ബെരുത്തിക്കുന്നത് കുന്നത്തെ ചന്തെന്നു. രണ്ടു സ്ഥലത്തേക്കും ഇവിടുന്നു ഒരേ ദൂരാ, 25 കിലോമീറ്റർ. ചെല ദിവസം, കോഴി ആദ്യം വരും, ചെല ദിവസം മുട്ട ആദ്യം വരും. ഒക്കെ ഡിപ്പണ്ട്സ്, മെയിനായിട്ട് രാവിലത്തെ ട്രാഫിക്ക് ഉണ്ടല്ലോ.... അയിന് ഡിപ്പണ്ട്സ്."
ഗഫൂർക്ക പറഞ്ഞു നിർത്തി മേശപ്പുറത്തിരുന്ന ജ്യൂസ് എടുത്ത് കുടിച്ച് എണീറ്റ് ഒറ്റപ്പോക്ക്...!
ഗഫൂർക്കയെ തടയാൻ ഒരുങ്ങിയ പീപ്പീ ദിവംഗതനെ ഡിങ്കൂസ് വിലക്കി. അയാൾ എല്ലാരോടുമായി പറഞ്ഞു:
"ആ ഹോട്ടല്കാരന്റെ ആർഗ്യുമെന്റ് എനിക്കിഷ്ടായി. പക്ഷെ, നമുക്ക് അത് ബ്ലൈണ്ട് ആയിട്ട് ഫോളോ ചെയ്ത് തീസിസ് ഉണ്ടാക്കാൻ പറ്റില്ല. നമ്മുടെതായ മേത്തോഡോളജി വച്ച് നമുക്ക് ഇതു പരീക്ഷിക്കണം.
....അതിനായി, ടീം കോഴി, ടീം മുട്ട എന്നിവർ നാളെ രാവിലെ ഈ പറഞ്ഞ ചന്തകളിൽ പോകണം. ആരാണ് ആദ്യം തിരിച്ചെത്തുന്നത് എന്ന് നോക്കാം. അത് പ്രകാരം, നമുക്ക് നമ്മുടെ തീസിസ് തയ്യാറാക്കാം."
ടീം കോഴിയും ടീം മുട്ടയും സമ്മതഭാവത്തിൽ തല കുലുക്കി.

**************

ടീം കോഴി പാറക്കടവ് ചന്തേല് പിറ്റേന്ന് രാവിലെ തന്നെ എത്തി, കോഴി വാങ്ങാൻ. അതെ സമയം ടീം മുട്ട കുന്നത്തെ ചന്തേലും ചെന്നിറങ്ങി. മുട്ട അന്യേഷിച്ച്.
കോഴി കട അന്യേഷിച്ച് നടന്ന ടീം കോഴി അന്തം വിട്ടു. ഒറ്റ കോഴിക്കട പോലും തുറന്നിട്ടില്ല! അവിടെ ബസ്സ്റ്റാന്ടിൽ കണ്ട വായിനോക്കിയോട് അവർ കാരണം അന്യേഷിക്കാം എന്ന് വച്ചു.
"ചേട്ടാ ഞങ്ങള് ടീം കോഴി. ഒരു കാര്യം അറിയാനുണ്ടായിരുന്നു. ഇവിടെ എന്താ ഇന്ന് കോഴി കട ഒക്കെ ബന്താണോ?"
വായിനോക്കി ഞെട്ടിപ്പോയി. താനിരിക്കുമ്പോ ഈ സെന്ററിൽ വേറെ കോഴികളോ?? 
അയാൾ വിക്രമൻ മുത്തു-സ്റ്റൈലിൽ ആത്മഗതം നടത്തി: "അട്ടപ്പാടി ടീംസ് ആണെന്നു തോന്നുന്നു..!"
"ന്ദേ എന്താ??"
"അല്ല ഇന്നത്തെ ഫെയിസ്ബുക്ക് വായിച്ചില്ലേ??? തമിൾ നാട്ടീന്നുള്ള മുഴുവൻ ട്രക്കും പണി മുടക്കല്ലേ ഇന്ന് ? കോഴി കിട്ടില്ല, പിന്നെ ഫിഷ്‌ മതിയെങ്കിൽ  ഫിഷ്‌ മാർക്കറ്റ് അതാ അവിടെയാണ്..."
വായിനോക്കി ചൂണ്ടി കാട്ടിയ സ്ഥലത്തേക്ക് ടീം കോഴി നീങ്ങി. കോഴി ഇല്ലെങ്കിൽ ഒരു ഫിഷ്‌ എങ്കിലും കൊണ്ട് ചെല്ലണ്ടേ? പണി പോയാലോ?? 
കുന്നത്തെ ചന്തേല് മുട്ട അന്യേഷിച്ചു നടന്നു വശം കെട്ട ടീം മുട്ട എത്തിപ്പെട്ടത് സാക്ഷാൽ എമ്മേ ധവാന്റെ മുന്നിൽ.
"അല്ല, താടിയുള്ള ചേട്ടാ  - ഇവിടെ എന്താ മുട്ടക്കട ഒക്കെ പൂട്ടിക്കിടക്കുന്നെ?" - ന്റെ കേരളം ഭയഭക്തിബഹുമാനങ്ങളോടെ ചോദിച്ചു.
എമ്മേജി മറുപടിയൊന്നും പറഞ്ഞില്ല, പകരം ഒരു ലോഡ് പുച്ഛം ഇറക്കിക്കൊടുത്തു: കോഴിമുട്ടയുടെ വലുപ്പം മാത്രമുള്ള ഭൂമിയിൽ കോഴിമുട്ട അന്യേഷിച്ചു നടക്കുന്ന അൽപ്പന്മാർ!
ഭാര്യവീടായ ഭരണങ്ങാനത്തെക്കുള്ള ബസ് കിട്ടാതെ ഞെരിപിരികൊള്ളുകയായിരുന്ന കോട്ടയം കുഞ്ഞച്ചനാണ്  രക്ഷക്ക് എത്തിയത്:
"എന്നാ പറയാനാന്നേ! ഇന്ന് തമിൾ നാട്ടീന്നുള്ള ട്രക്ക് ഒക്കെ സമരമല്ല്യോ! മുട്ട വന്നിട്ടില്ല. അല്ല ഇനി ഫിഷ്‌ മതിയെങ്കിൽ ദാ അങ്ങോട്ട്‌ വിട്ടോ."
ഫിഷ്‌ എങ്കിൽ ഫിഷ്‌, ടീം മുട്ട മടിച്ചു നിന്നില്ല. ഫിഷ്‌ മാർക്കട്ടിലേക്ക് വച്ചു പിടിച്ചു.

***********

കോഴിയാണോ മുട്ടയാണോ ആദ്യം വരിക എന്നറിയാൻ ടെൻഷനടിച്ചു കാത്തിരുന്ന ഡിങ്കൂസിന്റെ മുന്നിലേക്ക് PA ഏഴാം തമ്പുരാൻ ആ വാർത്തയുമായി കയറിച്ചെന്നു.
ഞെട്ടിക്കുന്ന വാർത്തയാണാശാനേ! മുട്ടേം വന്നില്ല, ജ്യോതീം.....സോറി കോഴീം വന്നില്ല!
ന്ദേ ... പിന്നെ?
ഫിഷ്‌ ... ഫിഷ്‌ ... ഫിഷ്‌ ആണ് ആദ്യം വന്നത് എന്റെ സാറേ...!! ഫിഷിൽ നിന്നാണ് കോഴിയും മുട്ടയും ഒക്കെ ഉണ്ടായത് എന്ന് തെളിഞ്ഞു സാറേ....!!
-------------------
"Sir how was the gift? Did you like it?"
പുറകിൽ നിന്നും ഒരു കിളിനാദം!
ഡിങ്കൂസ് ഞെട്ടിത്തിരിഞ്ഞു നോക്കി. നേരത്തെ കണ്ട ആ എയർഹോസ്റ്റസ്സ് പെണ്‍കുട്ടി.
അയാൾ വാച്ചിൽ നോക്കി - ലഞ്ച് ടൈം കഴിഞ്ഞു ടീ ടൈം ആയിരിക്കുന്നു! ഓർമ്മകളിലേക്ക് ഊളിയിട്ടപ്പോൾ സ്ഥലകാലബോധം നഷ്ട്പ്പെട്ടു പോയി!
"Was a pleasant surprise! Thanks!!" ഡിങ്കൂസ് മറുപടി പറഞ്ഞു. പെണ്‍കുട്ടി ചിരിച്ചു കൊണ്ട് മുന്നോട്ട് നടന്നു മറഞ്ഞു.
'ഇവല്യൂഷൻ ത്രൂ ഫിഷ്‌' എന്ന തിയറിക്ക് ആ വർഷത്തെ നോബൽ സമ്മാനം പ്രഖ്യാപിക്കപ്പെട്ടപ്പോൾ കുറെ അഭിമുഖങ്ങൾ കൊടുത്തിരുന്നു. അതിനിടയിൽ എങ്ങനെയോ ഫ്ലൈറ്റ്കാര് പിടിച്ചെടുത്തതാകാം തന്റെ പഴംപൊരി പ്രേമം - ഡിങ്കൂസ് ഓർത്തു.
അതെ ഫ്ലൈറ്റിൽ ഇക്കണോമി ക്ലാസ്സിൽ യാത്ര ചെയ്യുന്ന കോഴി, മുട്ട ടീംസ് ഇപ്പൊ എന്ത് ചെയ്യുകയാണാവോ? ഓസിനു കിട്ടുന്ന വിസ്ക്കി മുഴുവൻ വാങ്ങിക്കുടിച്ച് നാളത്തെ ദിവസം ചളമാക്കാതിരന്നാൽ മതിയായിരുന്നു.
ഡിങ്കൂസ് പതുക്കെ സീറ്റിലേക്ക് ചാരിയിരുന്നു, കണ്ണടച്ചു. നാളെ ഈ സമയത്ത് സ്റ്റോക്ക്ഹോമിലെ വേദിയിൽ താനും തന്റെ ടീമും നോബൽ സമ്മാനം ഏറ്റു വാങ്ങുകയാവും. അയാളുടെ മുഖത്ത് ഒരു ചിരി വിടർന്നു.
പെട്ടന്നു സീറ്റിനു മുന്നിലെ ഇൻ-ഫ്ലൈറ്റ് ഫോണ്‍ ശബ്ദിച്ചു. ഡിങ്കൂസ് ഫോണ്‍ കടന്നെടുത്തു.
"ഹലോ"
"ഹലോ സാറേ, ഇത് ഇക്കണോമി ക്ലാസീന്ന് എഴാം തമ്പുരാനാണ്," തമ്പുരാന്റെ ശബ്ദത്തിൽ ഒരു പതർച്ച!
"എന്താ തമ്പുരാനേ കാര്യം?"
"എന്റെ സാറേ, നമ്മുടെ ഫ്ലൈറ്റ് ക്രാഷ് ചെയ്യാൻ പോവുകയാ....!"
"ന്ദേ ...??"
"വിവരം മണത്തറിഞ്ഞ ഞാനും ടീം കോഴി, ടീം മുട്ട മെമ്പർമ്മാരും ഇവിടുള്ള ടോയിലറ്റിന്റെ പൈപ്പ് ലൈനിൽ പിടിച്ച് ഭൂമിയിലേക്ക് ഇറങ്ങാൻ പോവുകയാണ്. സാറും വേണമങ്കിൽ എങ്ങനെ എങ്കിലും രക്ഷപ്പെട്ടോ...." .
ഡും എന്നൊരു ശബ്ദം, ഫോണ്‍ ഡിസ്കണക്റ്റായി ...
----------------------------
ഡും എന്നൊരു ശബ്ദം കേട്ടാണ് സുഖസുഷുപ്തിയിലായിരുന്ന ഞാനാരാ ഞെട്ടി ഉണർന്നത്. നോക്കിയപ്പോൾ, ലോഡ്ജിലെ മുറിയിൽ അടുത്ത് കിടന്നിരുന്ന ഡിങ്കൂസ് ദാ കിടക്കുന്ന താഴെ നിലത്ത്!
'എന്നെ രക്ഷിക്കണേ എന്നെ രക്ഷിക്കണേ' എന്ന് വിളിച്ചു കൂവുന്നുമുണ്ട്!!
ഞാനാരാ ചാടി എഴുന്നേറ്റു. അടുത്ത കട്ടിലിൽ ഒച്ച വൈസ് പ്രസിഡന്റ്‌ (സെക്യൂരിറ്റി) അച്ചു കീലേരി കൂർക്കം വലിച്ച് ഉറങ്ങുകയാണ്. അയാൾ നിലത്ത് മുട്ട് കുത്തിയിരുന്ന് ഡിങ്കനെ പിടിച്ചു കുലുക്കി...
"എന്ത് പറ്റി അളിയാ??"
"എല്ലാം പോയെടാ, ഫ്ലൈറ്റ് ഇപ്പൊ ക്രാഷ് ചെയ്യും. വേഗം ടോയിലെറ്റിന്റെ പൈപ്പ് കണ്ടു പിടിക്കണം...രക്ഷപ്പെടാൻ അതെ ഉള്ളു ഒരു മാർഗ്ഗം..!"
ഞാനാരാക്ക് ചിരി വന്നു. പാവം ഡിങ്കു, രാത്രി മുഴുവൻ, നാളെ നടക്കാൻ പോകുന്ന ആപ്പ് കേരള കോണ്‍ഫറൻസിനു വേണ്ട പ്രസംഗം കുത്തിയിരുന്നു പഠിച്ച് വട്ടായി എന്ന് തോന്നുന്നു....!
അയാൾ പതുക്കെ ഡിങ്കന്റെ ചെവിയിൽ മന്ത്രിച്ചു: ഡിങ്കൂസെ, പൈലറ്റ് ഫ്ലൈറ്റിന്റെ നിയന്ത്രണം വീണ്ടെടുത്തു. ഇനി ക്രാഷ് ചെയ്യില്ല, ധൈര്യമായി ഉറങ്ങിക്കോ...
"Dear friends, the cultural philosophy of Kerala is closely connected to the mobile applications of India of the Pakistan of the America...." ഡിങ്കൂസ് തന്റെ ഉറക്കത്തിന്റെ നിയന്ത്രണം വീണ്ടെടുത്തു....

Title Design: Lord Malayali

2 comments: