8/22/13

THE ONION FILES - STORM IN THE PRESSURE COOKER




THE ONION FILES 1
STORM IN THE PRESSURE COOKER


"ഉള്ളി സാറിനെ ബാലേട്ടൻ വിളിക്കുന്നു ..."

പ്യൂണ്‍ പച്ചമുളകിന്റെ ശബ്ദം കേട്ട് ഉള്ളി തലയുയർത്തി നോക്കി.

എന്താണാവോ ഇപ്പൊ കാര്യം? ഇനി പെട്ടന്ന് പുതിയ പ്രോജക്റ്റ് വല്ലതും? വല്ല വിരുന്നുകാരും?

ഇപ്പൊ ചെയ്തു കൊണ്ടിരിക്കുന്ന ചിക്കെണ്‍ പ്രോജക്റ്റ് കൂടാതെ വേറെ വല്ല സാമ്പാർ പ്രോജക്റ്റും തലയിൽ ഇട്ടു തരാനാണ് ഭാവമെങ്കിൽ ചെറിയ ഒരു ഇങ്ക്രിമെന്റ് ചോദിക്കണം. ഈ ചിന്തകളോടെ ഉള്ളി പ്രോജക്റ്റ് മാനേജർ ബാലേട്ടന്റെ കാബിനിലെക്ക് നടന്നു.

പോകുന്ന വഴിക്ക് ഫ്ലോറിന്റെ ഒരു മൂലയിലിരുന്നു സൊറ പറയുന്ന തക്കാളിയെയും ഉരുളക്കിഴങ്ങിനെയും കണ്ടു.

ഇന്ന് സാമ്പാർ ഉണ്ടാക്കുന്നില്ല എന്നത് കൊണ്ട് ഉരുളക്കിഴങ്ങിനു പ്രത്യേകിച്ചു ജോലി ഒന്നും ഇല്ല എന്നത് മനസ്സിലാക്കാം. എന്നാൽ തക്കാളിക്ക് വന്നു തന്നെ ഒന്ന് സഹായിച്ചു തന്നു കൂടെ? യൂസ്ലെസ്സ് ജൂനിയെർസ്! ഉള്ളി മനസ്സിലോർത്തു.

കാബിനിന്റെ വാതിലിൽ തട്ടിയപ്പോൾ ഉള്ളിൽ നിന്നും ബാലേട്ടന്റെ മൃദുമന്ത്രണം: കടന്നു വരൂ മിസ്റ്റർ ഉള്ളീ...

ബാലേട്ടന്റെ ക്യാബിനിലേക്ക് കയറിയ ഉള്ളി അമ്പരന്നു. ബാലേട്ടന്റെ മുഖം ഫെയിസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ട സക്കർബർഗിന്റെ മുഖം പോലെ ഇരിക്കുന്നൂ!

എന്ത് പറ്റി? ഇനി ഇങ്ങേരുടെ ആ കൂതറ ബ്ലോഗ്‌ വല്ലതും ഹാക്കായോ? എങ്കിൽ നന്നായിപ്പോയി. എത്ര ട്വീപ്പ് ജീവിതങ്ങൾ രക്ഷപ്പെടും!

"ഉള്ളി ഇരിക്കൂ", ബാലേട്ടന്റെ ശബ്ദത്തിനു പതിവിലും ഗൌരവം.

ബാലേട്ടൻ തുടർന്നു: "വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഈ വീട്ടിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വിലയുള്ള കിച്ചൻ എമ്പ്ലോയീ ഉള്ളി ആണെന്നറിയാമല്ലോ?"

"അറിയാം ബാലേട്ടാ. രൂപ ഇങ്ങനെ ചതിക്കുമെന്ന് കരുതിയിരുന്നില്ല...!"

"ന്ദേ! ഏതു രൂപ?"

"ബാലേട്ടാ നമ്മുടെ കറൻസി - രൂപ.."

"കസിൻ രൂപ ചതിച്ചെന്നോ? തെളിച്ചു പറ, ഞാനൊന്ന് കുറിച്ചെടുക്കട്ടെ...."

അടുത്ത ബ്ലോഗിന് മാറ്റർ കിട്ടിയ സന്തോഷത്തോടെ ബാലേട്ടൻ നോട്ട്പാട് കടന്നെടുത്തു.

ഇയാൾടെ ഒരു കാര്യം! ഇതന്നെ വിചാരം! ബ്ലോഗ്‌ ബ്ലോഗ്‌ ബ്ലോഗ്‌ ....

"അല്ല ബാലേട്ടാ.......ഞാൻ ഉദ്ദേശിച്ചത് നമ്മുടെ കറൻസിയുടെ വിലയിടിവാ...."

"ഓ അങ്ങിനെ ച്ചെ....ഞാനെന്തൊക്കെയോ പ്രതീക്ഷിച്ചു പോയി....ആ ശരി നമുക്ക് കാര്യത്തിലേക്ക് തിരിച്ചു വരാം...."

ബാലേട്ടന്റെ ശബ്ദം വീണ്ടും ഗൌരവമാർന്നു ....

"ഒരാൾ മാത്രം ജോലി ചെയ്യുന്ന വളരെ ചെറിയ ഈ വീട്ടിലെ കിച്ചണിൽ ഇത്രയധികം ശമ്പളം നല്കി ഉള്ളിയെ ജോലിക്ക് നിർത്തുക എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം അപ്രായോഗികമായി മാറിയിരിക്കുകയാണ്.

അത് കൊണ്ട് വളരെ വിഷമത്തോടെ ആണെങ്കിലും ഉള്ളിയുടെ ഉപയോഗം പൂർണ്ണമായും നിർത്താൻ ബാലേട്ടൻസ് കിച്ചൻ നിര്ബ്ബന്ധിതമായിരിക്കുകയാണ്. നാളെ മുതൽ ഞങ്ങൾ ഉള്ളി വാങ്ങുന്നതല്ല...."

ഉള്ളിയുടെ കണ്ണുകളിൽ ഇരുട്ട് കയറി. ആളുകളെ കരയിച്ചു മാത്രം പരിചയമുള്ള ഉള്ളിയുടെ കണ്ണുകളിൽ അന്നാദ്യമായി നനവൂറി ....

"അപ്പൊ, ബാലേട്ടാ....ഞാൻ ചെയ്യുന്ന ജോലി ആര് ചെയ്യും? നിങ്ങൾ എങ്ങിനെ ഉള്ളി വളരെ ആവശ്യമുള്ള ചിക്കെണ്‍ പോലുള്ള കറികൾ വയ്ക്കും?"

"താങ്കളെക്കാളും ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്ന തക്കാളി, ഉരുളക്കിഴങ്ങ് തുടങ്ങിയവരെ കൂടുതലായി ഉപയോഗപ്പെടുത്തിയുള്ള ഒരു സംവിധാനമാണ് ഈ പരീക്ഷണഘട്ടത്തിൽ ഞങ്ങൾ ഉദ്ദേശിക്കുന്നത്.....

എന്നാൽ ശരി, ഉള്ളീ....അക്കൌണ്ട്സ് ഒക്കെ സെറ്റിൽ ചെയ്യാൻ ഞാൻ സഹായിക്കാം.....മൻമോഹൻസിങ്ങോ നരേന്ദ്രമോഡിയോ കനിഞ്ഞാൻ നമുക്ക് വീണ്ടും കാണാം...!"

ബാലേട്ടൻ എഴുന്നേറ്റ് കൈ നീട്ടി.... ആ കൈകളിൽ പിടിച്ചു കുലുക്കി മനസ്സില്ലാമനസ്സോടെ പുറത്തിറങ്ങിയപ്പോൾ ഉള്ളി ഞെട്ടിപ്പോയി.....പുറത്തൊരു പച്ചക്കറിത്തോട്ടം തന്നെയുണ്ട്.....

തന്നെ പിരിച്ചു വിട്ട വാർത്ത എങ്ങിനെയോ ചോർന്നിരിക്കുന്നു!

ഇഞ്ചിയും വെളുത്തുള്ളിയും പാവക്കയും കോവക്കയും ഒക്കെ വന്നു കെട്ടിപ്പിടിച്ചു കരഞ്ഞു....എങ്ങിനെ കഴിഞ്ഞിരുന്നവരാണ്! ഒരുമിച്ചൊരു വഴറ്റൽ, വേവൽ ഇനി എന്നാണു.....???

ഉള്ളി പതുക്കെ പുറത്തേക്ക് നടന്നു....


*******************


അപ്പൊ ബാലേട്ടന്റെ ഫ്രിഡ്ജിലെ തക്കാളിയുടെ അപ്പാര്ട്ടമെന്റിൽ ആഘോഷം തുടങ്ങിയിരുന്നു...

തക്കാളിയും ഉരുളക്കിഴങ്ങും ഓരോ ബിയർ ഗ്ലാസ്സുകളും കയ്യിലേന്തി പുറത്തെ ബോട്ടിൽ റാക്കിലേക്ക്  ഇറങ്ങി.

തക്കാളി ഇപ്പ്രകാരം പറഞ്ഞു: ഉള്ളിയെ പറഞ്ഞു വിട്ടാൽ നമ്മൾ രണ്ടാളും ചെറിയ ഒരു ശമ്പളവർധനവോടു കൂടി കൂടുതൽ ജോലി ചെയ്തു കൊള്ളാമെന്നു ബാലേട്ടന് ബുദ്ധി ഉപദേശിച്ചു കൊടുത്തത് ഞാനാണ്....ഉരുളെ നീ എനിക്കൊരു ട്രീറ്റ് തന്നെ മതിയാവൂ...

ബാലേട്ടന്റെ പൂജാമുറിയിൽ നിന്നും അടിച്ചു മാറ്റിയ ചന്ദനത്തിരി പുകച്ചു കൊണ്ട് ചിന്താഭാരത്താൽ തോല് പൊളിയുന്ന മുഖത്തോടെ ഉരുള മറുപടി പറഞ്ഞു:

"ശരി തന്നെ. പക്ഷെ ഒന്നും പറയാൻ പറ്റില്ല തക്കാളീ.....ഇന്ന് ഞാൻ നാളെ നീ....ഈ പരട്ട ഭരണം മിക്കവാറും നമ്മളുടെയും പുക കണ്ടേ അടങ്ങൂ....ബാലേട്ടൻ പട്ടിണി ആകുന്നതിനു മുമ്പ് ഇതിലും നല്ല വേറെ വല്ല സ്ഥലത്തേക്കും ചാടാൻ നോക്കുക എന്നതാണ് ഇനി നമ്മൾ ചെയ്യേണ്ടത്..."

ഉരുളയുടെ വാക്കുകൾ ശരി വയ്ക്കുന്നത് പോലെ അപ്പോൾ അടുക്കളയിൽ നിന്നും പ്രെഷർ കുക്കർ നീട്ടി ഒരു വിസിൽ അടിച്ചു...



9 comments:

  1. ബ്ലോഗിങ്ങിലും ന്യൂ ജെനറേഷൻ- കൊള്ളാം നനായിട്ടുണ്ട്. ഭാവന വല്ലാതങ്ങ് കൂടുന്നുണ്ട്.
    "ഉള്ളിയുടെ കണ്ണുകളിൽ ഇരുട്ട് കയറി. ആളുകളെ കരയിച്ചു മാത്രം പരിചയമുള്ള ഉള്ളിയുടെ കണ്ണുകളിൽ അന്നാദ്യമായി നനവൂറി ...." - സൂപ്പർ

    ReplyDelete
  2. തകര്‍ത്ത്!!! ഒന്നും പറയാനില്ലാ... സിംബ്ലി ഔസം

    ReplyDelete
  3. യൂ റോക്ക് ബാലേട്ടാ. വീണ്ടും വീണ്ടും റോക്ക്!! :D

    ReplyDelete
  4. ബാലേട്ടന് പാറകൾ

    ReplyDelete
  5. Baletta balettaa bb bbbaa balettaa

    ReplyDelete
  6. Wow..this is the apt way of writing satire...superb!!

    ReplyDelete
  7. അതു കലക്കീ പാവം ഉള്ളി !!!!
    ബാലേട്ടാ സൂപ്പറായിട്ടോ

    ReplyDelete