1/8/14

എന്നെയങ്ങ് കൊല്ല്...! PART 1എന്നെയങ്ങ് കൊല്ല്...!


സീൻ 1 വൈകുന്നേരം

ദുബായ് നഗരത്തിലൂടെ കുതിച്ചു പായുന്ന ഒരു BMW i3 

ടൈട്ടിലുകൾ തെളിയുമ്പോൾ ക്യാമറ വണ്ടിയുടെ അകത്തേക്ക്

വണ്ടിയിൽ ഡ്രൈവറെ കൂടാതെ മൂന്നു പേർ: രണ്ടു പേർ ഏഷ്യക്കാരാണ്. മൂന്നാമൻ ഒരു ആഫ്രിക്കക്കാരനും.

വണ്ടി ഓടിക്കുന്ന മലയാളി - അൽമുനീഫ് - വളരെ സമർഥമായി അയാൾ തന്റെ BMW തിരക്ക് പിടിച്ച റോഡിലൂടെ പായിക്കുകയാണ്.

എല്ലാവരുടെയും മുഖത്ത് തെളിഞ്ഞു കാണുന്ന ആകാംക്ഷ

ഒരു റെസിഡെൻഷ്യൽ സ്ട്രീറ്റിൽ എത്തിയപ്പോൾ വണ്ടിയുടെ വേഗം കുറയുന്നു.

മുന്നിലെ ഒരു വലിയ അപ്പാർട്ട്മെന്റ് സമുച്ചയം ചൂണ്ടിക്കാട്ടിക്കൊണ്ട് അൽമുനീഫ്  മറ്റുള്ളവരോട്: "That is apartment. Flat Number K 235."

വണ്ടിയിൽ നിന്നിറങ്ങുന്ന യാത്രക്കാർ. അവസാനമിറങ്ങിയ ആഫ്രിക്കക്കാരൻ അൽ മുനീഫിനു ഒരു സ്യൂട്ട് കേയിസ് കൈ മാറുന്നു. അതേറ്റു വാങ്ങി, വേഗം വണ്ടിയോടിച്ച് തിരിച്ചു പോകുന്ന അൽമുനീഫ്.

വണ്ടിയിൽ നിന്നിറങ്ങിയ മൂന്നു പേർ സെക്ക്യൂരിറ്റി ക്യാബിനു നേരെ...


*******************

 സീൻ 1 A

ജോലി കഴിഞ്ഞു വരുന്ന ഗോപുമോൻ

തന്റെ ഫ്ലാറ്റിലേക്കുള്ള ഇടനാഴിയിലൂടെ വേഗത്തിൽ നടക്കുന്ന ഗോപുമോനെ പിന്തുടരുന്ന ക്യാമറ. തന്റെ പുറകെ ആരോ ഉണ്ടെന്ന തോന്നലിൽ പെട്ടന്ന് തിരിഞ്ഞു നോക്കുന്ന ഗോപുമോൻ - ആരെയും കാണുന്നില്ല.

അയാൾ ലിഫ്റ്റിലേക്ക് കയറാൻ തുടങ്ങുമ്പോ പെട്ടന്ന് ആദ്യത്തെ സീനിൽ നമ്മൾ കണ്ട മൂന്നു പേർ കൂടെ അതെ ലിഫ്റ്റിലേക്ക് കയറുന്നു.

ലിഫ്റ്റിന്റെ വാതിലടയുന്നു. ഒപ്പറെറ്റർ ഇല്ലാത്ത ലിഫ്ട്ടാണ്.

തനിക്ക് രണ്ടാം നിലയിലേക്കുള്ള ബട്ടണിൽ വിരലമർത്തുന്ന ഗോപുമോൻ. കൂടെ കയറിയവർ വെറുതെ നില്ക്കുകയാണ്. അവർക്കും രണ്ടാം നിലയിൽ തന്നെയാണ് ഇറങ്ങേണ്ടത് എന്ന് വ്യക്തം.

ലിഫ്റ്റിന്റെ വാതിൽ തുറക്കുമ്പോ ഗോപുമോനും മറ്റുള്ളവരും പുറത്തെക്കിറങ്ങുന്നു. തന്റെ ഫ്ലാറ്റിലേക്ക് വേഗത്തിൽ നടന്നു പോകുന്ന ഗോപുമോൻ.

K 235 എത്തിയപ്പോൾ നടത്തം നിർത്തുന്ന ഗോപുമോൻ. അതാണ്‌ അയാളുടെ ഫ്ലാറ്റ്. തന്റെ ഫ്ലാറ്റിലേക്ക് കയറുന്ന ഗോപുമോൻ.

ഫ്ലാറ്റിന്റെ വാതിൽ തുറന്നു കിടക്കുന്നത് കണ്ട് സന്തോഷത്തോടെ ആത്മഗതം: "നിഷ്ക്കു ഇന്ന് നേരത്തെ എത്തിയോ? എന്നാൽ ചായ റെഡി ആയിക്കാണും. കൂടെ ഒരു ഓഞ്ഞ ഉപ്പുമാവെങ്കിലും കാണാതിരിക്കില്ല. ഉപ്പുമാവെങ്കിൽ ഉപ്പുമാവ്..."

ഗോപുമോന്റെ പുറകെ വരികയായിരുന്ന മൂന്നുപേർ സ്വിച്ചിട്ടതു പോലെ നില്ക്കുന്നു.

ഗോപുമോന് പോകേണ്ടതും തങ്ങൾക്കു പോകേണ്ടതും ഒരേ ഫ്ലാറ്റിലേക്ക് ആവുമെന്നു അവർ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല എന്ന് വ്യക്തം. അവരുടെ മുഖത്ത് ഒരു സംശയഭാവം.

അവർ പതുക്കെ പിൻവലിയുന്നു.

സീൻ 1 B

തന്റെ ഫ്ലാറ്റിന്റെ അകത്തേക്ക് കയറിയ ഗോപുമോന്റെ മുഖം. അയാൾ വളരെ പതുക്കെ വാതിലിനു പുറത്തേക്ക് തലയിട്ട് നോക്കുന്നു. തന്റെ പുറകെ വരികയായിരുന്ന മൂന്നുപേർ പെട്ടന്ന് പിന്തിരിഞ്ഞു പോകുന്നത് കണ്ടപ്പോൾ ഗോപുമോന്റെ മുഖത്ത് ചെറിയ അത്ഭുതം. എന്തോ സംശയം. അയാൾ വാതിൽ ചേർത്തടക്കുന്നു.

ബാഗ് സെറ്റിയിൽ വച്ച് നേരെ അടുക്കളയിലേക്ക് കുതിക്കുന്ന ഗോപുമോൻ. അവന്റെ മുഖത്ത് നിരാശ. അവിടം ശൂന്യമാണ്. അയാൾ അല്പ്പം ഉറക്കെ: "ഒരു ചായ പോലും ഇട്ടിട്ടില്ല. ഒരു സഹമുറിയൻ മറ്റൊരു സഹമുറിയനോട്‌ ഇങ്ങനെ തന്നെ ചെയ്യണം!"

അപ്പോഴാണ്‌ ബെഡ്റൂമിൽ ലാപ്ടോപ്പിന്റെ വെളിച്ചം അയാൾ ശ്രദ്ധിക്കുന്നത്.

"ഇവൻ നേരത്തെ ഇങ്ങൊട്ടെഴുന്നള്ളിയത് ഇതും തുറന്നുവച്ചിരിക്കാനായിരുന്നോ? ഇവനെ ഇന്നു ഞാൻ...."

ഗോപുമോൻ ബെഡ്റൂമിലേക്ക്. അവിടെ നിഷ്ക്കു - ഒരു ലാപ്ടോപ്പും തുറന്നു വച്ച് അന്തം വിട്ടിരിക്കുകയാണ്. അയാളുടെ മുഖത്ത് അമ്പരപ്പ് - അവിശ്വസനീയത -

നിഷ്ക്കുവിന്റെ മുഖഭാവം ശ്രദ്ധിക്കുന്ന ഗോപുമോൻ. അയാൾക്കൊന്നും മനസ്സിലാവുന്നില്ല. നിഷ്ക്കുവിനെ കുലുക്കി വിളിച്ചു കൊണ്ട്: "എന്താടാ കുന്തം വിഴുങ്ങിയപോലെ ഇതും തുറന്നു വച്ച്? ആ ബാലേട്ടൻ വീണ്ടും ബ്ലോഗ്‌ ഇറക്കിയോ?"

ഗോപുവിനെ കണ്ടപ്പോ നിഷ്ക്കു ലാപ്ടോപ്പിലേക്ക് ചൂണ്ടിക്കൊണ്ട്: "ബാലേട്ടന്റെ ബ്ലോഗ്‌ ആണെങ്കിൽ ഇത്ര പ്രശ്നമില്ലളിയാ. വായിക്കാതെ തന്നെ ഒരു RT അടിച്ചാ അങ്ങേരു ഹാപ്പിയായിക്കൊള്ളും. ഇത്....പക്ഷെ.."

സ്ക്രീനിലേക്ക് വിരല ചൂണ്ടുന്ന നിഷ്ക്കു. ഗോപുമോൻ നോക്കുന്നു. അത് നിഷ്ക്കുവിനുള്ള ഈമെയിൽ ആണെന്ന് കാണുമ്പോ അയാളുടെ മുഖത്ത് ഒരു സംശയഭാവം. അത് മനസ്സിലാക്കി നിഷ്ക്കു: ഇത് വായിച്ച് ഞാൻ എന്ത് ചെയ്യണം എന്ന് പറ.

മെയിൽ വായിക്കുന്ന ഗോപുമോൻ

"പ്രിയപ്പെട്ട നിഷ്ക്കുവേട്ടാ ...your dearest Deepthi here. (അങ്ങ് വെബ്‌ ഡിസയിനിംഗ് കോഴ്സിനു പഠിക്കുമ്പോ അതെ ഇൻസ്റ്റിട്ട്യൂട്ടിൽ ഞാൻ പെയിന്റ്ബ്രഷ് പഠിക്കുന്നുണ്ടായിരുന്നു. എന്നെ മറക്കാൻ വഴിയില്ല, എന്നാലും ഓർമ്മിപ്പിച്ചെന്നേ ഉള്ളൂ.) ഇപ്പോൾ നിഷ്ക്കുവേട്ടാ, ഈ മെയിൽ അയക്കാൻ കാരണം: എനിക്ക് ഒരു കല്ല്യാണാലോചന വന്നിട്ടുണ്ട്. പക്ഷെ എന്റെ മനസ്സിൽ നിഷ്ക്കുവേട്ടൻ മാത്രമേ ഉള്ളൂ. നിഷ്ക്കുവേട്ടൻ എത്രയും പെട്ടന്ന് നാട്ടിലെത്തി എന്നെ രക്ഷിക്കണം. നാട്ടിലെത്തിയാൽ താഴെ കൊടുത്ത മൊബൈൽ നമ്പരിൽ വിളിക്കണം. ബാക്കി കാര്യങ്ങൾ ഞാൻ അപ്പോൾ പറയാം.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം: നാട്ടിലെത്തിയാൽ മാത്രമേ ഞാൻ ഇവിടെ കൊടുത്ത നമ്പരിൽ വിളിക്കാവൂ. അത് വരെ ക്ഷമിക്കണം - മെസേജ് പോലും അയക്കരുത്, പ്രശ്നമാവും. അത് പോലെ ഇന്ന് മുതൽ എന്റെ നെറ്റ് ആക്ക്സസ് വീട്ടുകാർ കട്ട് ചെയ്യുകയാണ്. അത് കൊണ്ട് ഈ മെയിലിനു മറുപടി അയച്ചാലും എനിക്ക് കിട്ടണം എന്നില്ല. എത്രയും പെട്ടന്ന് ഇവിടെ എത്തുക. നിഷ്ക്കുവേട്ടന്റെ സ്വന്തം ദീപ്തി."

ഗോപുമോൻ അല്പ്പമൊരു കണ്ഫ്യൂഷനിൽ: "ഡാ ഇത് പ്രശ്നമാണല്ലോ? ഇനി എന്ത് ചെയ്യും?"

"പ്രശ്നം തന്നെ അളിയാ. എത്രയും വേഗം നാട്ടിലെത്തണം."

"അതിപ്പോ എങ്ങിനെയാ?"

"അടുത്ത മാസത്തേക്ക് ബുക്ക് ചെയ്തിരിക്കുന്ന ലീവും ടിക്കെട്ടും പറ്റുമെങ്കിൽ നാളെയോ മറ്റന്നാളോ ആക്കാൻ നോക്കണം. അല്ലാതെ വേറെ രക്ഷയില്ല."

"ഇതൊക്കെ നടക്കുമോ നിഷ്ക്കൂ?"

"രണ്ടു ജീവിതങ്ങളുടെ പ്രശ്നമാണ് ഗോപുമോനെ ....അളിയാ നീ സഹായിക്കില്ലേ. എനിക്ക് കുറച്ചു കാശ് വേണ്ടി വരും. പിന്നെ ട്രാവൽ എജെന്സിയിലെ നിന്റെ ചങ്ങാതിയോട്‌ നീ ഒന്ന് പറയണം. ലീവ് ഞാൻ എങ്ങനെ എങ്കിലും ശരിയാക്കും."

"നീ പേടിക്കേണ്ട അളിയാ ... നിന്റെ കൂടെ ഞാനുണ്ട്. ഇപ്പൊ തന്നെ ഞാൻ എജെന്സിക്കാരെ വിളിക്കാം. നീ അറബിയോട് ലീവിന്റെ കാര്യം പറ."

കുറച്ചു നേരത്തേക്ക് രണ്ടു പേരും ഫോണിൽ. അറബി ബോസ്സിനോട് കേണപെക്ഷിക്കുന്ന നിഷ്ക്കുവിന്റെ മുഖഭാവങ്ങൾ. ടിക്കെറ്റ് ശരിയാക്കാൻ പെടാപ്പാട് പെടുന്ന ഗോപുമോൻ.

ഒടുവിൽ എല്ലാം ശരിയായ ഭാവം. നിഷ്ക്കുവിനെ കെട്ടിപ്പിടിച്ചു കൊണ്ട് ഗോപുമോൻ: "അപ്പൊ ഡാ, നാളെ രാവിലെ തന്നെ വിട്ടോ."

നിഷ്ക്കു അല്പ്പം സംശയത്തോടെ, "അല്ല അളിയാ, ടിക്കെറ്റ് ശരിയാക്കാൻ ട്രാവൽ എജെൻസിക്കാരന്റെ അടുത്ത് നീ എന്ത് വിദ്യയാ പ്രയോഗിച്ചത്?

ഗോപുമോൻ: വിദ്യക്കാണോടാ പഞ്ഞം? ഞാൻ പറഞ്ഞു നെന്റെ ഭാര്യ പ്രസവിച്ചെന്നു... ഇമോഷണൽ സെന്റി ലൈൻ --- എങ്ങനുണ്ട്?

നിഷ്ക്കു: അതൊക്കെ മോശമല്ലേഡേ ... ഒരു പെണ്ണിനെ കെട്ടാൻ തന്നെ പെടാപ്പാട് പെടുന്ന എനിക്ക് കുഞ്ഞുണ്ടായി എന്നൊക്കെ പറഞ്ഞാൽ ....

ഗോപുമോൻ: എന്തോന്ന് മോശം? നീ എപ്പോഴെങ്കിലും കല്ല്യാണം കഴിക്കില്ലേ? അപ്പൊ നിനക്ക് കുഞ്ഞുണ്ടാവില്ലെ? അപ്പൊ പിന്നെ എന്താ?

നിഷ്ക്കു: ശരിയെടാ .. നിനക്ക് അത്ര ഉറപ്പുണ്ടെങ്കിൽ പിന്നെ പ്രശ്നമില്ല....

ഗോപുമോൻ: അല്ല നിഷ്ക്കൂ ... നീ അറബി ബോസ്സിന്റെ അടുത്ത് എന്ത് കള്ളമാ പറഞ്ഞത്?

നിഷ്ക്കു: ഞാൻ പറഞ്ഞു എന്റെ വല്ല്യപ്പാപ്പൻ തട്ടിപ്പോയെന്നു....

ഗോപുമോൻ: ഡാ അങ്ങിനെ ഒക്കെ പറയാമോ......വേണമായിരുന്നോ?

നിഷ്ക്കു: എന്താ പ്രശ്നം? അങ്ങേരു ഇഹലോകവാസം വെടിഞ്ഞിട്ട് വർഷം അഞ്ചു കഴിഞ്ഞു. ആ മഹാത്മാവ് എനിക്ക് ഇങ്ങനെ എത്ര ലീവ് വാങ്ങിത്തന്നിരിക്കുന്നു!

ഗോപുമോൻ:  ഓൾ ദി ബെസ്റ്റ് അളിയാ...നീ രക്ഷപ്പെടും ഉറപ്പ്.


സീൻ 2 - പിറ്റേന്ന് രാവിലെ

ഗോപുമോന്റെ ഫ്ലാറ്റ്. നാട്ടിലേക്ക് പുറപ്പെടാൻ റെഡിയായി ഗോപുമോന്റെ ഒപ്പം പുറത്തേക്ക് വരുന്ന നിഷ്ക്കു. രണ്ടു പേരും ഗോപുമോന്റെ കാറിൽ എയർപോർട്ടിലേക്ക്.

എയർപോർട്ടിലേക്ക് പ്രവേശിക്കുന്ന ഗോപുമോന്റെ കാർ.

ആദ്യരംഗത്തിൽ നമ്മൾ കണ്ട BMW. ഡ്രൈവറുടെ ഭാഗത്തെ ഗ്ലാസ് പതുക്കെ താഴുന്നു. അൽമുനീഫിൽ ഫോക്കസ് ചെയ്യുന്ന ക്യാമറ. അയാൾ ഫോണിൽ സംസാരിക്കുകയാണ്. പാസ്സഞ്ചർ സീറ്റിന്റെ ഡോർ തുറന്നു പുറത്തെക്കിറങ്ങുന്ന ഒരു ഏഷ്യക്കാരൻ. അയാൾ ഗോപുമൊനെയും നിഷ്ക്കുവിനെയും അവർ അറിയാതെ വീക്ഷിച്ചുകൊണ്ട് അവിടെ തന്നെ. എയർപോർട്ട് വിട്ടു പോകുന്ന BMW. 

വണ്ടിയിൽ നിന്നിറങ്ങുന്ന നിഷ്ക്കുവും ഗോപുമോനും. നിഷ്ക്കുവിനെ കെട്ടിപ്പിടിക്കുന്ന ഗോപുമോൻ.

"ഡാ നിഷ്ക്കൂ ഇന്നലെ ചോദിക്കണം എന്ന് കരുതിയതാ. ഏതാ ഈ ദീപ്തി? ഇങ്ങനെ ഒരു സീരിയസ് സംഭവം ഉണ്ടായിട്ട് നീ എന്നിൽ നിന്നും മറച്ചു വച്ചത് ഒട്ടും ശരിയായില്ല...!"

നിഷ്ക്കു, ചെറിയ ഒരു ചമ്മലോടെ: ഗോപുമോനെ... സത്യം പറഞ്ഞാൽ ഈ ദീപ്തിയെ എനിക്കും ഇതുവരെ അങ്ങട് പിടികിട്ടിയിട്ടില്ല. ആ ഇൻസ്റ്റിട്ട്യൂട്ടിൽ പഠിക്കുന്ന കാലത്ത് കുറെ എണ്ണത്തിന്റെ പുറകെ നടന്നതല്ലേ? അക്കൂട്ടത്തിൽ ഈ ദീപ്തിയും കാണും. എന്തായാലും ഭാഗ്യമല്ലേ അളിയാ ... ഇത്ര കാലം കഴിഞ്ഞിട്ടാണെങ്കിലും ഒരുത്തി "Yes" പറഞ്ഞില്ലേ?"

എന്ത് പറയണം എന്നറിയാതെ ക്ഷീണത്തോടെ പതുക്കെ ഡ്രൈവർ സീറ്റിലേക്ക് ചായുന്ന ഗോപുമോൻ.

തന്റെ മുഖത്തിരുന്ന സണ്‍ഗ്ലാസ് ഗോപുമൊന്റെ മുഖത്ത് ഫിറ്റ്‌ ചെയ്തുകൊടുത്തുകൊണ്ട് നിഷ്ക്കു: പ്രേമത്തിനു വിസയും പാസ്പോർട്ടും ഒന്നും വേണ്ടളിയാ  .. എന്നാൽ ശരി, എത്തിയിട്ട് ഞാൻ വിളിക്കാം.."

ഗോപുമോന് നേരെ കൈ ഉയർത്തി വീശിയതിന് ശേഷം അയാൾ അകത്തേക്ക്. നിഷ്ക്കുവിനെ പതുക്കെ പിന്തുടരുന്ന ഏഷ്യക്കാരൻ.

എയർപോർട്ട്‌ വിട്ടു പോകുന്ന ഗോപുമോന്റെ കാർ.

(തുടരും)

2nd part

Final part

3 comments:

 1. എന്നെയും ബാലേട്ടന്റെ ബ്ലോഗിലെടുത്തതിനു നന്ദി. സന്തോഷമായി ഗോപിയേട്ടാ ഛെ ബാലേട്ടാ. ഇന്റ്രോ കലക്കി. അടുത്ത ഭാഗം ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

  ReplyDelete
 2. ബാലേട്ടാ... ഇപ്പൊ ഞങ്ങടെ ജീവിതത്തി നടക്കുന്ന സംഭവവുമായി വളരെ സാമ്യം ഉണ്ട്... നിഷ്ക്യുവിനോട് ചോതിച്ചുനോക്കൂ അല്ലേന്ന്‍...

  ReplyDelete
 3. എന്നെയങ്ങ് കൊല്ല്...!
  അങ്ങ് വെബ്‌ ഡിസയിനിംഗ് കോഴ്സിനു പഠിക്കുമ്പോ അതെ ഇൻസ്റ്റിട്ട്യൂട്ടിൽ ഞാൻ പെയിന്റ്ബ്രഷ് പഠിക്കുന്നുണ്ടായിരുന്നു :)

  ReplyDelete