7/1/13

മുത്തശ്ശിക്കഥകൾ ഉണ്ടാകുന്നത് ....


THE FAMILY THRILLER

ഇത് നടന്ന സംഭവമാണ് 

ഒരു കഥയുടെ ഡിസ്ക്കഷനിലായിരുന്നു ഞാൻ. ഏറെ പുതുമകളുള്ള ഒരു തട്ടുപൊളിപ്പൻ ത്രില്ലർ!! സകല ദൈവങ്ങളെയും വിളിച്ച് ഞാൻ എന്റെ കയ്യിലുള്ള കഥ പറയാൻ തുടങ്ങി.

"പണ്ട് പണ്ട്  മുട്ടു എന്ന പേരിൽ ഒരു കുട്ടിയുണ്ടായിരുന്നു. മുട്ടു ഒരു ദിവസം രാവിലെ എഴുന്നേറ്റ് അമ്മയോട് പറഞ്ഞു:

(ഒരു പ്രത്യേക ട്യൂണിൽ നീട്ടി വിളിച്ച് ) അമ്മേ...... അമ്മേ ... എനിക്ക് ഐസ്ക്രീം വേണം."

"Noooo!! Not ice cream. Muttu wants to eat Choco Pie...Choco Pie..."

കഥ കേട്ടുകൊണ്ടിരുന്ന Producer നിഹാരിക, എന്റെ നാല്  വയസുകാരി മകൾ, അലറി.

തിരക്കഥ തിരുത്തുന്നത് എനിക്ക് അത്ര ഇഷ്ടമുല്ല കാര്യമല്ല  എങ്കിലും ഞാൻ എന്റെ അനിഷ്ട്ടം പുറത്ത് കാണിച്ചില്ല. 

പടം --- ഇവിടെ നിഹാരികയുടെ ഉറക്കം -- ഹിറ്റാവുകയാണ് പ്രധാനമായ കാര്യം. സമയം രാത്രി 12 നോടടുക്കുന്നു. കഥപറച്ചിലിന്റെ  വിജയം പോലെയാവും നിഹരികയുടെ ഉറക്കവും പിന്നെ അടുത്ത പ്രഭാതത്തിലെ ഉണരലും.

മുട്ടുവിനെ പരിചയപ്പെടുത്തിത്തരാൻ മറന്നു! മുട്ടു ഒരു 4-5 വയസ്സുകാരൻ ബംഗ്ലൂർ മലയാളിച്ചെറുക്കൻ, സർവ്വോപരി സർജാപ്പുര നിവാസിയാണ്. നിഹാരികക്ക് ഒരു രണ്ടര വയസ്സുള്ളപ്പോൾ ഞാൻ കണ്‍സീവ് ചെയ്തതാണ് ഈ കഥാപാത്രത്തെ. 

ഞാൻ പറഞ്ഞു വന്നത് 'തിരക്കഥ തിരുത്തൽ' എന്ന ഗുലുമാലിനെ കുറിച്ചാണ്.

കഴിഞ്ഞ രണ്ടു വർഷമായി വിജയകരമായി പ്രദർശനം തുടരുകയായിരുന്ന മുട്ടു വിന്റെ തിരക്കഥയിൽ ഈയിടെയായി നിഹാരിക ഇടപെട്ടു തുടങ്ങിയിട്ടുണ്ട്. ഒടുവിൽ ഇപ്പോൾ, ഞാൻ കണ്സീവ്‌ ചെയ്ത കഥയുമായി ഇപ്പോളത്തെ മുട്ടുക്കഥക്ക്‌  പുലബന്ധം പോലുമില്ലാത്ത അവസ്ഥയിൽ കാര്യങ്ങൾ എത്തി നില്ക്കുകയാണ്!

എന്റെ ഒറിജിനൽ മുട്ടുക്കഥ ഏകദേശം ഇങ്ങനെ ആയിരുന്നു. പെട്ടന്ന് പറഞ്ഞു തീർക്കാം: കഥയുടെ ഒപ്പെനിങ്ങ് ലയിൻ ഒരു ടെമ്പ്ലേറ്റ് ആണ്. അതിപ്പോളും നിലനില്ക്കുന്നു:

"പണ്ട് പണ്ട് ഒരു മുട്ടു ഉണ്ടായിരുന്നു. മുട്ടു ഒരു ദിവസം രാവിലെ എണീറ്റ് അമ്മയോട് പറഞ്ഞൂ: അമ്മേ അമ്മെ എനിക്ക് ചോക്കൊലെറ്റ് / ഐസ്ക്രീം (അങ്ങിനെ ഏതെങ്കിലും  - 'ചോക്കോ പൈ' ലേറ്റസ്റ്റ്  എൻട്രി ആണ്) വേണം"

അപ്പൊ അമ്മ പറഞ്ഞു: No, you shud not eat that. that is junk food. you should only eat healthy food. 

അപ്പൊ പാവം മുട്ടു ഒരു കരച്ചിൽ വച്ചു കൊടുക്കും, കൊടുക്കണം. എന്നിട്ട് പറയണം: No, I want that only. please....

അമ്മയുടെ മനസ് ഇവിടെ അലിയും. അലിയണം. പിന്നെ രണ്ടു പേരും കൂടെ ഒരു യാത്രയാണ് - ഷോപ്പിംഗ്‌. ആവശ്യമായ സാധനങ്ങള വാങ്ങി അത് തിന്നു കൊണ്ടായിരിക്കും  വിജയാശ്രീലാളിതനായ മുട്ടുവിന്റെ തിരിച്ചു വരവ്.

തിരക്കഥ അത് വരെ ഏകദേശം ഇന്റാക്റ്റ് ആണ്. പിന്നെത്തെ പൊർഷൻസിലാനു ഭയങ്കരമായ മാറ്റംമറിച്ചിലുകൾ നടന്നിരിക്കുന്നത്.

ഒറിജിനൽ വേർഷനിൽ ഇങ്ങനെ ആയിരുന്നു: ഐസ് കീം അല്ലെങ്കിൽ അങ്ങിനെ എന്തെങ്ങിലും തിന്നു കൊണ്ട് തിരിച്ചെത്തുന്ന മുട്ടു അമ്മയുടെ കൂടെ സർജാപ്പുര ബാസ്സ്ടോപ്പിൽ ബസ്സിരങ്ങി തന്റെ ഫ്ലാറ്റിലേക്ക് നടക്കുമ്പോൾ പപ്പി സ്പൈഡറെ കാണാനിടയാകുന്നു. മുട്ടുവിന്റെ ഒരു കൂട്ടുകാരൻ. ഒറിജിനൽ സ്പൈഡർ തന്നെ - കുട്ടി ചിലന്തി. 

മുട്ടു തിന്നുന്നത് കണ്ടു കൊതി കയറിയ പപ്പി സ്പൈഡർക്കും വേണം മുട്ടു തിന്നു കൊണ്ടിരിക്കുന്ന ആ സാധനം. പക്ഷെ മുട്ടു കൊടുക്കുന്നില്ല. പപ്പി സ്പൈഡർ മുട്ടുവിനെ കുത്തുന്നു. കുത്തേറ്റ മുട്ടു കരഞ്ഞു കൊണ്ട് തന്റെ അമ്മയോട് പരാതി പറയുന്നു.

മുട്ടുവിന്റെ അമ്മ വന്നു പപ്പി സ്പൈഡറിനു ഒരടി വച്ചു കൊടുക്കുന്നു. പപ്പി സ്പൈഡർ കരഞ്ഞു കൊണ്ട് അതിന്റെ അമ്മ മമ്മ സ്പൈഡറിനോട് പരാതി പറയുന്നു. മമ്മ സ്പൈഡർ മുട്ടുവിന് ഒരു കുത്ത് വച്ചു കൊടുക്കുന്നു. (ചിലന്തികളുടെ കുത്തുകൾ ഏറ്റു വാങ്ങാൻ മുട്ടുവിന്റെ ജീവിതം പിന്നെയും ബാക്കി!) 

കുത്തേറ്റ മുട്ടു കരഞ്ഞു കൊണ്ട് തന്റെ അമ്മയോട് വീണ്ടും പരാതി പറയുന്നു. പിന്നെ മുട്ടുവിന്റെ അമ്മയും മമ്മ സ്പൈഡറും തമ്മിലുള്ള സംഘട്ടനം - ഒടുവിൽ തോറ്റുപോയ മമ്മ സ്പൈഡർ ഓടി ഒളിക്കുന്നു. മുട്ടുവും അമ്മയും കുഞ്ഞി നിഗ്ഗുവും ചോക്കൊലെറ്റ് അല്ലെങ്കിൽ ഐസ് ക്രീം ഒക്കെ തിന്നു കിടന്നുറങ്ങുന്നു .. .. കഥ കഴിഞ്ഞു...

(കുഞ്ഞി നിഗ്ഗുവായി എപ്പോളും അവസാന രംഗത്തിൽ പ്രത്യക്ഷപ്പെട്ട്  മുട്ടുവിന്റെ കയ്യിലുള്ള ആ special something തിന്നുക എന്നത് പ്രോട്യൂസർ നിഹാരികക്ക് നിർബ്ഭന്ധമുള്ള കാര്യമാണ്)

മുകളിൽ പറഞ്ഞത് ഒറിജിനൽ വേർഷൻ. ഒരു ആറു മാസം മുമ്പ് ഈ തിരക്കഥയിൽ ഒരു വലിയ മാറ്റം സമ്മതിച്ചു. ഒരു രാത്രിയിൽ ഷോ നടന്നു കൊണ്ടിരിക്കുമ്പോൾ പ്രോട്യൂസർ പെട്ടന്നങ്ങ് തീരുമാനിച്ചു: ഷാജികൈലാസ് പടം സത്യൻ അന്തിക്കാട് പടമാക്കുക - പോരേ പൂരം! ആക്ഷൻ ത്രില്ലർ സ്വയമ്പൻ ഫാമിലി കൊമെടി ആയി. 

പ്രസ്തുത വേർഷനിൽ മുട്ടു ഫാമിലിയും സ്പൈഡർ ഫാമിലിയും ഭയങ്കര സ്നേഹത്തിലാണ്. പപ്പി സ്പൈഡർ  ചോദിക്കേണ്ട താമസം, മുട്ടു ചോക്കോ പൈ കൊടുക്കുന്നു! പിന്നെ അമ്മമാർ വരെ  നീളുന്ന കെട്ടിപ്പിടികളും താങ്ക്യൂ പറച്ചിലുകളുമാണ് !

പ്രോട്യൂസർ മാഡം തന്റെ LKG ക്ലാസ്സിൽ "Sharing sharing" concept പഠിച്ചതിന്റെ പരിണിതഫലമാവാം ഈ മാറ്റം - ഞാൻ സമാധാനിച്ചു...

ഏറ്റവും ഒടുവിലായി മുട്ടുവിന്റെ കഥ തിരുത്തപ്പെട്ടത് ഇന്നലെ ആയിരുന്നു!!

ഞാൻ കഥ പറഞ്ഞു തുടങ്ങി, പപ്പിസ്പൈഡരിന്റെ ഭാഗം എത്തിയപ്പോൾ പ്രോട്യൂസർ മാഡം പെട്ടന്ന് പറഞ്ഞു:

"നിഗ്ഗു വലുതായില്ലെ? ഇനി കുഞ്ഞി നിഗ്ഗു ഒന്നും വേണ്ട. വല്ല്യ നിഗ്ഗു മതി. പപ്പി സ്പൈഡരിനു പകരം വല്ല്യ നിഗ്ഗു ആയിക്കോട്ടെ ഇനി മുതൽ..."

അങ്ങിനെ മുട്ടുവിനോട് ചോക്കോ പൈ ചോദിക്കുന്ന കഥാപാത്രത്തിന്റെ ഭാഗം പ്രോട്യൂസർ സ്വയം ഏറ്റെടുത്തു. തിരക്കഥയിൽ നിന്നും വളരെ നിസ്സാരമായി ഒഴിവാക്കപ്പെട്ട  പപ്പി സ്പൈഡറിന്റെ രോദനം പക്ഷെ കഥാകൃത്തായ എനിക്ക് കേൾക്കാമായിരുന്നു...!


വാല്ക്കഷണം: ഇതിനിടെ പ്രോട്യൂസർ നിഹാരിക ഒരു പുണ്ണ്യ പുരാതന കഥ തിരുത്താനും ഒരു ശ്രമം നടത്തി. 

പപ്പി ഹനുമാന്റെ കഥ.

പപ്പി ഹനുമാൻ സൂര്യനെ കണ്ട് പഴുത്തമാങ്ങ ആണെന്ന് തെറ്റിദ്ധരിച്ച് അതിനു നേരെ എടുത്തു ചാടുന്നു. സൂര്യൻ കോപിഷ്ഠനായി വാൾ എടുത്തു ഹനുമാന് നേരെ വീശുന്നു, ഹനുമാൻ ബോധരഹിതനായി ഭൂമിയിൽ പതിക്കുന്നു.

അത് കണ്ടു ഹനുമാന്റെ പിതാവ് വായുഭാഗവാൻ പണി മുടക്ക് പ്രഖ്യാപിക്കുന്നു. പിന്നീട് സൂര്യനടക്കമുള്ള ദേവന്മാരുടെ സമ്മർദ്ദഫലമായി വായു പണിമുടക്ക് പിൻ‌വലിക്കുന്നു. സുര്യൻ ഹനുമാന് ചില സമ്മാനങ്ങൾ നല്കുന്നു - ഇതാണ് കഥ.

സുര്യൻ ഹനുമാനെ ഉപദ്രവിച്ചു കഴിഞ്ഞ ഉടനെ ഉള്ള സീനിൽ - പണി മുടക്കുന്നതിന് പകരം വായുഭഗവാൻ സുര്യഭഗവാനെ ആക്രമിച്ചു വധിക്കുന്നതായി കാണിക്കാനാണ് നിർമ്മാതാവ് എന്നോടാവശ്യപ്പെട്ടത്!

"ശാന്തം, പാപം! സൂര്യനെ വധിക്ക്വയോ!! കുഞ്ഞേ അതൊരിക്കലും സാധ്യമല്ല. സൂര്യൻ ഇല്ലെങ്കിൽ നമ്മൾ എങ്ങിനെ ജീവിക്കും? സൌരോർജ്ജം വിറ്റു ജീവിതം കഴിക്കുന്ന തിരുവന്തപുരത്തെ പട്ടിണിപ്പാവങ്ങൾ എന്ത് ചെയ്യും? വേണ്ട കുഞ്ഞേ....," ഞാൻ കാലു പിടിച്ചു.

നമ്മുടെ എല്ലാവരുടെയും ഭാഗ്യത്തിന് ഈ കഥ തിരുത്തുന്നതിൽ നിന്നും നിർമ്മാതാവ് പിൻവാങ്ങി ...

തന്റെ റോൾ കഷ്ട്ടിച്ച് രക്ഷപ്പെട്ടത് ഒന്നും അറിയാതെ സൂര്യൻ അപ്പോൾ അമേരിക്കയിൽ ആക്ഷനിലായിരുന്നു ... 


6 comments:

  1. തകറ്ത്തൂന്ന് പറയാണ്ട് വജ്ജ... സൌരോർജ്ജം വിറ്റു ജീവിതം കഴിക്കുന്ന തിരുവന്തപുരത്തെ പട്ടിണിപ്പാവങ്ങൾ എന്ത് ചെയ്യും?...

    ReplyDelete
  2. ഹൊ തിരുത്താഞ്ഞത് നന്നായി മ് , :)

    ReplyDelete
  3. valare nannyirikunu, katha vayichu tudangiyappol onnu samsayichu "the bluest eye" anno ennu, ee kathokoru puthuma undu kidilan , pinne parayaathe nihaarikakkum appo baavi undu :-) achanum molkum ashmsakal :-)

    ReplyDelete
  4. Naharika rocks! Ee kadhakal ellaam kelkkan irunnu tharunnallo! :D Nannaayittund. :)

    ReplyDelete
  5. Nihaamol rocks! Ee kadhakal okke kettu adangi irikkunnundallo kutti. Athu thanne vallya karyam. :D Nannayittund. :)

    ReplyDelete