4/10/13

THE GHOSTS OF KROORAMANGALA - 2

നേരം പുലർച്ചയാവാറായിട്ടും മത്തായിക്ക് ഉറക്കം വന്നില്ല. തമ്പുരാന്റെ ഔട്ട്‌ഹൗസിലെ പഴയ കട്ടിലാണ്. ഒന്ന് തിരിഞ്ഞാലും മറിഞ്ഞാലും അത് ഞരങ്ങാൻ തുടങ്ങും. അപ്പൊ കൂടുതൽ പേടിയാവും

അയാൾ കിടക്കയിൽ നിന്നും എണീറ്റ് അങ്ങോട്ടും ഇങ്ങോട്ടും നടന്നു. കൂജയിലെ വെള്ളം മടമടാന്ന് കുടിച്ചു. എന്നിട്ടും പരവേശം മാറുന്നില്ല. 

കഴുത്തിലെ കുരിശു മാല അഴിച്ച് തലയിണക്ക് മേലെ വച്ച്, കതക് ഒക്കെ ശരിക്ക് പൂട്ടിയിട്ടുണ്ടെന്നു ഉറപ്പു വരുത്തി കുരിശു വരച്ച് മത്തായി വീണ്ടും കിടന്നു.


കതകിലൊരു മുട്ട്. മത്തായി ഒന്ന് ഞെട്ടി. പിന്നെ കണ്ണുമടച്ച് കിടന്നു. അപ്പോൾ പുറത്ത് നിന്നും നെട്ടൂരാനച്ചന്റെ വിളി.

"ഡാ മത്തായ്യെ ഒന്ന് തുറക്കെടാ...."

മത്തായി ഞെട്ടി എണീറ്റ്‌ വാതിൽ തുറന്നു. പുറത്ത് തണുപ്പത്ത് കിടുകിടാന്നു വിറച്ചു കൊണ്ട് അച്ചൻ!

"അല്ലച്ചൊ ....ഉറങ്ങിയില്ലായോ?"

"ഉറക്കം വരുന്നില്ല മത്തായി. എന്തോ ഒരു ശങ്ക! എവിടെയോ ഒരു കുഴപ്പം പോലെ."

കള്ളൻ! അപ്പൊ അച്ചനും പേടി കാരണം ഉറങ്ങാൻ കഴിയാതെ വന്നതാണ്....ശങ്ക പോലും. ഇതിങ്ങനെ വിട്ടാൽ  പറ്റില്ല..

"അച്ചോ, വൈകിട്ടത്തെ ആ സംഭവത്തിനു ശേഷം എനിക്കും ഒരു സ്റ്റേഷൻ കിട്ടുന്നില്ല,"  മത്തായി പറഞ്ഞു.

അച്ചൻ കയറി വന്നു ഒരു കസേരയിൽ ഇരിപ്പുറപ്പിച്ചു. മത്തായി ഫ്ലാസ്ക്കിൽ നിന്നും ഒരു ഗ്ലാസ് ചൂട് കാപ്പി പകര്ന്നു അച്ചനു കൊടുത്തു.

"അച്ചോ, ഇതൊരു മാതിരി വിക്ക്രം ഭട്ട് പടം പോലെ! ചെറിയ പേടി തോന്നുന്നുണ്ട്, എന്നാൽ കഥയൊന്നും ഒട്ടും പിടികിട്ടുന്നില്ലാ താനും!! പണ്ട് ഇവിടെ എന്താണ്ടോ സംഭവം നടന്നു എന്ന് അച്ചനും തമ്പുരാനും കൂടെ  പറഞ്ഞല്ലോ, അതെന്താ സംഭവം?"

കാപ്പിക്കപ്പ് താഴെ വച്ച് അച്ചൻ എഴുന്നേറ്റു. മത്തായിയുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു: "മത്തായിക്ക് അതറിയാൻ ആഗ്രഹമുണ്ട് അല്ലെ?"

"ഉണ്ടച്ചോ, തീർച്ചയായും."

"കഥ കേട്ടാൽ പേടിക്കുമോ മത്തായീ?"

"കഥയല്ലേ അച്ചോ .....പേടിക്കണോ വേണ്ടയോ എന്ന് കഥ കേട്ടിട്ട് തീരുമാനിക്കാം. പോരെ?"

"കഥ അങ്ങനെ വെറുതെ പറയാൻ അത്ര എളുപ്പമല്ല മത്തായീ ... കഥയോടോപ്പം അല്പ്പം സഞ്ചരിക്കേണ്ടി വരും." 

നെട്ടൂരാൻ അച്ചൻ മത്തായിയെ സൂക്ഷിച്ചു നോക്കി, എന്നിട്ട് തുടർന്നു : "മത്തായിക്ക് ഉറക്കം വരുന്നില്ലെങ്കിൽ ആ കഥ ശരിക്കും മനസ്സിലാക്കാൻ നമുക്ക് ഒരിടം വരെ പോകാം?"

"എന്റച്ചോ .... ഉറക്കം ഒക്കെ പണ്ടേ പോയതാ....പക്ഷെ ഈ രാത്രീല് എങ്ങോട്ട് പോകണം എന്നാ?"

"നീ വാ" -  അച്ചൻ പുറത്തോട്ടു നടന്നു.

പുറത്തിറങ്ങിയ മത്തായി അന്തം വിട്ടു. നല്ല  മഴക്കാറ് , ഒരു കൊടുങ്കാറ്റിനുള്ള  ലക്ഷണവും ഉണ്ട് !!

കുറച്ചു മുമ്പ് വരെ നല്ല നിലാവ്  ഉണ്ടായിരുന്നതാ...!

പക്ഷെ മത്തായി ശരിക്കും ഞെട്ടിയത് പുറത്ത് പാർക്ക് ചെയ്ത ഒരു BMW കണ്ടപ്പോളാണ്! പഴയ ഒരു വണ്ടിയാണ് - നമ്പർ പ്ലേറ്റ് ഒന്നും കാണാനില്ല. പക്ഷെ ഇതിവിടെ എപ്പോ, ആര് കൊണ്ട് വന്നിട്ടു?

കാറിനെക്കുറിച്ചുള്ള സംശയം തീർക്കാൻ അച്ചനു നേരെ തിരിഞ്ഞ മത്തായി ഒന്നു ഞെട്ടി! തന്റെ കൂടെ പുറത്തേക്ക് ഇറങ്ങിയ നെട്ടൂരാൻ അച്ചൻ എവിടെ പോയി?

പെട്ടെന്ന് തന്നെ ആരോ ബലമായി മുൻപോട്ടു തള്ളുന്നത് പോലെ മത്തായിക്ക് അനുഭവപ്പെട്ടു. മത്തായി പുറകോട്ടു നോക്കാൻ ശ്രമിച്ചു - പറ്റുന്നില്ല! ബലം പ്രയോഗിച്ച് കാറിന്റെ അടുത്തേക്ക് കൊണ്ട് പോവുകയാണ്. മത്തായി നിലവിളിക്കാൻ ശ്രമിച്ചു. ശബ്ദം തൊണ്ടയിൽ കുടുങ്ങി.

വെറും രണ്ടു സെക്കണ്ട് കൊണ്ട് മത്തായി കാറിനു അടുത്ത് എത്തി. കാറിന്റെ വാതിൽ താനേ തുറന്നു! ഒരു തള്ളിനു മത്തായി കാറിനു അകത്തായി!

കാറിനു ഉള്ളിൽ കടന്ന മത്തായിക്ക് ശ്വാസം നിലക്കുന്നതു പോലെ തോന്നി. ദ്രവിച്ചു തുടങ്ങിയ സീറ്റുകൾ, സ്റ്റിയറിംഗ്, ഗീയർ എന്നിവ. മത്തായി ഒന്ന് കുതറാൻ ശ്രമിച്ചു - അനങ്ങാൻ പറ്റുന്നില്ല. 

പെട്ടന്ന് ഹെഡ്ലയിറ്റുകൾ തെളിഞ്ഞു! ഒരു വന്യമായ മുരൾച്ചയോടെ കാറിനു ജീവൻ വച്ചു.

ഡ്രൈവർ ഇല്ലാതെ തന്നെ, അത് മത്തായിയെയും കൊണ്ട് ഔട്ട്‌ഹൗസിന്റെ ലോണിലൂടെ കുതിച്ച്, അടഞ്ഞു കിടന്ന ഗേറ്റിനു മുന്നില് ഒരു നിമിഷം നിന്നു. ഗേറ്റ് താനേ തുറന്നു. കാർ മത്തായിയെയും കൊണ്ട് പുറത്തേക്ക്. ഒഴിഞ്ഞു കിടക്കുന്ന റോഡിലൂടെ ആ BMW അകലങ്ങളിൽ മറഞ്ഞു.


ഭ്രാന്തമായി മുന്നോട്ടു പായുന്ന കാറിന്റെ മുൻസീറ്റിൽ കെട്ടിയിട്ടത് പോലെ മത്തായി ഇരുന്നു പിടഞ്ഞു. ഒന്ന് വിളിച്ചു കൂവാമെന്നു വച്ചാൽ ശബ്ദം പുറത്തേക്ക് വരുന്നില്ല. റോഡിലാണെങ്കിൽ വേറെ ഒറ്റ വാഹനവും ഇല്ല!


മത്തായി ഒന്ന് ഞരങ്ങി. തനിക്ക് മുന്നിലുള്ള, വശങ്ങൾ തുരുമ്പെടുത്ത, കണ്ണാടി യിലൂടെ അപ്പോൾ അയാൾ കാഴ്ച കണ്ടു - പുറകിലത്തെ സീറ്റിൽ തന്നെ തുറിച്ചുനോക്കിയിരിക്കുന്ന ആ  രൂപം!!

വിക്ക്രുത്തമ്പുരാനോട് നല്ല മുഖസാദൃശ്യം!!

മത്തായി ഒന്ന് കൂടി നോക്കി,  ആ രൂപം അവിടെ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു!

മത്തായിയുടെ ബോധം മറഞ്ഞു.  സീറ്റിന്റെ ഒരു വശത്തേക്ക് അയാൾ ചരിഞ്ഞു വീണു.


കാർ മുന്നോട്ട് പൊയ്ക്കോണ്ടേയിരുന്നു. 


******************


കുട്ടൂസന്റെ ശബ്ദം:

മുംബൈ വസായിറോഡിലെ നമ്മുടെ പഴയ ഫ്ലാറ്റ്  ഓര്മ്മയില്ലേ? അവിടെ ഇപ്പൊ ഗോപുമോൻ ഒറ്റയ്ക്കാണ്. അപ്രതീക്ഷിതമായാണ് ഗോപുമോന്, തല്ക്കാലത്തേക്ക് എങ്കിലും, ഒരു ഹൈ-പ്രൊഫയിൽ ഗസ്റ്റിനെ കിട്ടിയത്: കോട്ടയം വിനു അച്ചായൻ!

ഇറ്റാലിയൻ നാവികരെ കേരളത്തിൽ തിരിച്ചെത്തിച്ചത്തിനു പിന്നിൽ കോട്ടയം വിനു അച്ചായൻ ആണെന്ന വാർത്ത മലമൂപ്പന്റെ കാട്ടുതീ ചാനൽ ഒരു സ്റ്റിംഗ് ഓപ്പെറേഷൻ വഴി പുറത്ത് വിട്ടിരുന്നു. അത് അച്ചായന് വലിയ അടിയായി.

ചാനലുകാരും രാഷ്ട്രീയക്കാരും, എന്തിനു നാട് കാണാൻ വരുന്ന ഇറ്റലിപെണ്‍പിള്ളാർ വരെ, ഫാൻസ്‌ ആയതോടെ നില്ക്കക്കള്ളി ഇല്ലാതായ വിനു അച്ചായൻ മുംബൈലേക്ക് കടന്നു. പഴയ ചങ്ങാതി ആയ ഗോപുമോന്റെ ഫ്ലാറ്റിൽ അഭയം തേടി.

റെയിൽവേ സ്റ്റേഷനോടു ചേർന്ന് കിടക്കുന്ന ആ പഴയ ബാർ ഓർമ്മയില്ലേ? അവിടെ ഇപ്പൊ പഴയതിലും കൂടുതൽ തിരക്കാണ്!

കാരണമുണ്ട്: നഗരങ്ങളിൽ ഡാൻസ് ബാറുകൾ നിരോധിച്ചപ്പോൾ ആ തക്കത്തിനു പ്രസ്തുത ബാറിന്റെ ഉടമ സ്റ്റൈൽ രാജ്‌ എന്ന മാർവാടി കോടീശ്വരൻ  വസായിയിലെ തന്റെ ബാർ  ഒരു ഡാൻസ്‌ ബാർ ആക്കി മാറ്റി.

ഇപ്പോൾ,  സന്ധ്യ മയങ്ങിയാൽ, വസായിയിലെ റോഡുകളും ഗള്ളികളും നടവഴികളും ചെന്ന് അവസാനിക്കുന്നത് സ്റ്റൈൽ രാജിന്റെ  രാജ് പാരഡൈസ് ബാറിലാണ്. അവിടെ സ്വപ്ന സുന്ദരികൾ 'നൃത്ത - കൃത്യങ്ങൾ' കൊണ്ട് ആളുകളെ ആനന്ദിപ്പിച്ചു പോന്നു!

സ്റ്റൈൽ രാജിന് കൊച്ചിയിൽ ഒരു മാൾ തുടങ്ങാൻ സാങ്കേതിക സഹായം ചെയ്തു കൊടുത്ത വകയിൽ ഗോപുമോൻ കക്ഷിയുടെ അടുത്ത ചങ്ങാതിയായി. അത് വഴി വിനുഅച്ചായനുമായും പുള്ളി ബന്ധം സ്ഥാപിച്ചെടുത്തു.

ന്യൂ ഇയർ രാവിൽ തന്റെ ബാറിൽ വന്നു പ്രത്യേക പരിപാടികളിൽ ഫ്രീ ആയിട്ട്പ ങ്കെടുക്കാൻ രാജ് രണ്ടുപേരെയും ക്ഷണിക്കുന്നു.

രാജ് പാരഡൈസ് ബാർ. വന്യമായ ഒരു ഉത്സവാന്തരീക്ഷം. ബാറിനു അകത്തേക്ക് കയറുന്ന ഗോപുമോനും അച്ചായനും. അല്പ്പ വസ്ത്രധാരികളായി നൃത്തം ചെയ്യുന്ന പെണ്‍കുട്ടികളെ കണ്ടപ്പോൾ അച്ചായന്റെ മുഖത്ത് ഒരു ചമ്മൽ.

അച്ചായൻ, അല്പ്പം സംശയത്തോടെ: ഡേ ഗോപൂ ഇത് കുരിശാവുമോടാ?

ഗോപു: എന്തോന്ന് കുരിശ് അച്ചായോ? ഇതൊക്കെ ഒരു രസല്ലേ?

പെട്ടന്ന് അച്ചായന്റെ ഫോണ്‍ ശബ്ദിക്കുന്നു.

ബഹളങ്ങൾ ഇല്ലാത്ത ഒരു ഇടത്തേക്ക് മാറി ഫോണ്‍ അറ്റൻഡ് ചെയ്യുന്ന അച്ചായൻ. മുനുവിന്റെ ഫോണ്‍ ആണ്, നാട്ടിൽ  നിന്നും.

അച്ചായൻ: എന്താടാ കാര്യം? 

മുനു: എന്റെ അച്ചായോ, ഇവിടെ ആകെ പ്രശ്നമാ .... അച്ചന്റെ കൂടെ ബംഗ്ലൂരിൽ പോയ നമ്മുടെ മത്തായിച്ചനെ കാണാനില്ല...!!"

അച്ചായൻ: ന്ദേ!! ആ നാടകക്കാരന് എന്ത് പറ്റി?

മുനു: അറിയില്ല. തിരയുന്നുണ്ട് . അച്ചായനെ കാണണം എന്ന് പറഞ്ഞു നെട്ടൂരാനച്ചൻ ബഹളം വെയ്ക്കുന്നു. അച്ചായൻ അവിടുന്ന് നാളെ തന്നെ ബംഗ്ലൂരോട്ട് വിട്ടോളാനാ കൽപ്പന.

അച്ചായൻ: നീ അച്ചനോടു പറ, ഞാൻ എത്തിക്കോളാം എന്ന്. 

മുനു: അച്ചായോ പെട്ടെന്ന് എത്തണം. എന്നാൽ ഞാൻ പിന്നെ വിളിക്കാം. 

അവിടേക്ക് കടന്നു വരുന്ന സ്റ്റൈൽ രാജ്. 

"അരേ യാർ, ഇധർ ക്യാ കർ രഹാ ഹോ  ആപ് ലോഗ്? ആവോ ആവോ അന്തർ ആവോ"

ഗോപുമോനെയും അച്ചായനെയും ബാറിനു അകത്തുള്ള തന്റെ പ്രൈവറ്റ് റൂമിലേക്ക് നയിച്ചു കൊണ്ട് പോകുന്ന സ്റ്റൈൽ രാജ്. അയാൾ അവരെ ഒരു സീറ്റിലേക്ക് നയിക്കുന്നു. 

മനോഹരമായി സജ്ജീകരിച്ച സ്റ്റൈൽ രാജിന്റെ മുറിയിൽ അയാളുടെ പ്രത്യേക അതിഥികൾ ഇരുന്നു മദ്യപിക്കുന്നുണ്ട്. അവരെ സന്തോഷിപ്പിച്ചുകൊണ്ട് നൃത്തം ചെയ്യുന്ന കുറെ പെണ്‍കുട്ടികൾ. രണ്ടു മൂന്നു പെണ്‍കുട്ടികൾ ഗോപുമോന്റെയും അച്ചായന്റെയും ചുറ്റും നിന്ന് നൃത്തം ചെയ്യാൻ ആരംഭിക്കുന്നു.

ഗോപുമോനും അച്ചായനും ഇരിക്കുന്ന ടേബിളിന്റെ നേരെ എതിർവശത്തുള്ള ടേബിളിൽ ഇരിക്കുകയായിരുന്ന ഒരാൾ പെട്ടന്ന് ഉഷാറാവുന്നു. കാട്ടുതീ ചാനൽ MD മലമൂപ്പൻ!


തന്റെ രഹസ്യക്യാമറ പതുക്കെ പുറത്തെടുത്ത് മൂപ്പൻ പെണ്‍കുട്ടികളുടെ നൃത്തം ആസ്വദിക്കുന്ന അച്ചായനും ഗോപുമോനും നേരെ ഫോക്കസ് ചെയ്യുന്നു. അയാൾ അത് വീഡിയോ ക്യാമറയിൽ പകർത്തുകയാണ്.

അച്ചായൻ ഗോപുമോനോട്: ഡേ പാർട്ടി ഫ്രീ ആണെങ്കിലും ഈ ഡാൻസ് ചെയ്യുന്ന കൊച്ചുങ്ങക്ക് ടിപ്പ് കൊടുക്കണ്ടായോ?

ഗോപുമോൻ, ഒരു ബീറിന്റെ ബോട്ടിൽ കടന്നു എടുത്തു കൊണ്ട്: നമ്മൾ മലയാളികൾ അല്ലെ അച്ചായോ? നമ്മൾക്ക്  അടിച്ചു വീലായത്‌ പോലെ അഭിനയിക്കാം! 

പുതുവത്സരദിനാഘോഷങ്ങൾ.

പുലർച്ചെ, തങ്ങളുടെ സീറ്റുകളിൽ ഉറങ്ങിക്കിടക്കുന്ന അച്ചായനെയും ഗോപുമൊനെയും ഒഴിച്ചാൽ മുറി ഇപ്പോൾ ശൂന്യമാണ്. ഒഴിഞ്ഞ മദ്യക്കുപ്പികൾ അങ്ങോളമിങ്ങോളം ചിതറിക്കിടക്കുന്നുണ്ട്. 

ഗോപുമോനെയും അച്ചായനെയും തട്ടി ഉണർത്തുന്ന സ്റ്റൈൽ രാജ്. 

"കൈസാ ഗയാ പാർട്ടി? എന്ജോയ്‌ കിയാ ന, മസ്ത്ത്?"  

രണ്ടു പേരും സീറ്റിൽ നിന്നും എഴുന്നെൽക്കുന്നു. സ്റ്റൈൽ രാജ് അവര്ക്ക് ബിസ്ലെരിയുടെ ഒരു കുപ്പി നല്കിക്കൊണ്ട്::

"Sorry to break your sleep...ഏക്‌ സ്മാൾ ഹെല്പ് ചാഹിയെ. (പിന്നെ മുറി മലയാളത്തിൽ): ഇന്നലത്തെ കളക്ഷൻ എണ്ണാൻ ദയവായി ഒന്ന് സഹായിക്കാമോ? "

കണ്ണ് തിരുമ്മി എണീക്കുന്ന അച്ചായനെയും ഗൊപുമോനെയും മറ്റൊരു മുറിയിലേക്ക്‌ നയിക്കുന്ന രാജ്.

അച്ചായൻ ഗോപുമോനോട്: നെന്റെ ചങ്ങായി ശരിയല്ല! ഉറങ്ങുന്ന ആളെ വിളിച്ചുണർത്തിയാണോ കാശ് എണ്ണിക്കുന്നത്?


അച്ചായോ എന്നെ കരുതി ക്ഷമിക്ക്. ഒരു അര മണിക്കൂറു - അത്രയേ വേണ്ടി വരൂ. നമുക്ക് പെട്ടന്ന് സ്ഥലം വിടാം.

മുറിയിലേക്ക് കടന്ന അച്ചായനും ഗോപുമോനും ആ കാഴ്ച്ച കണ്ടു ഞെട്ടുന്നു. നോട്ടുകെട്ടുകൾ വാരി വലിച്ച് നിറച്ച 6-7 വലിയ ചാക്കുകെട്ടുകൾ! അത് ഒന്നൊന്നായി തുറന്നു സ്റ്റൈൽ രാജിന്റെ ശിങ്കിടികൾ എണ്ണുകയാണ്! 

രാത്രി മുഴുവൻ നൃത്തം ചെയ്ത പെണ്‍കുട്ടികളും കൂടിയിട്ടുണ്ട് കാശ് എണ്ണാൻ!!

മേക്കപ്പ് ഒലിച്ചിറങ്ങി വികൃതമായ പെണ്‍കുട്ടികളുടെ മുഖങ്ങൾ!  ഉറക്കം തളം കെട്ടിയ കണ്ണുകൾ. കഷ്ട്ടപ്പെട്ടു ജോലി ചെയ്യുന്ന ആ കോലങ്ങളായിരുന്നു തലേന്ന് രാത്രിയിലത്തെ ഗ്ലാമർ താരങ്ങൾ എന്നു വിശ്വസിക്കാൻ പ്രയാസം!!


ഒരു ചാക്ക് കേട്ട് തുറന്നു  കെട്ടുകളുടെ ഒരു കൂമ്പാരം ഗോപുമോന്റെയും അച്ചായന്റെയും മുന്നിലേക്കിടുന്ന രാജ്. ഗത്യന്തരമില്ലാതെ പണി തുടങ്ങുന്ന കൂട്ടുകാർ. സമയം പുലർച്ചെ ഒരു 4 മണി.


************

ഒരു ഏഴു മണിയോടെ തളർന്നവശരായി തങ്ങളുടെ ഫ്ലാറ്റിന്റെ വാതിൽ തുറന്നു അകത്തേക്ക് കയറുന്ന വിനു അച്ചായനും ഗോപുമൊനും. പൈസ ഒക്കെ എണ്ണിക്കൊടുത്തിട്ടുള്ള വരവാണ്. 

അച്ചായൻ ആകെ ചൂടിലാണ്: ഡാ ഗോവുമോനെ ഇനി ആ സ്റ്റൈൽരാജൻ ഈ പടി  കടന്നാൽ ഡാൻസ് ബാർ ഞാൻ പൂട്ടിക്കും - ഒരു കട്ടൻ ചായ പോലും വാങ്ങിത്തരാതെ അവന്റെ ഒരു ഹെൽപ്പിക്കൽ!

അടങ്ങ്‌ അച്ചായാ

ഫോണ്‍ ശബ്ദിക്കുന്നു - മുനുവാണ്. 

അച്ചായോ - ബോധമുണ്ടോ? ഫോണ്‍ എടുക്കില്ലാന്നാ ഞാൻ കരുതിയെ. എങ്ങിനെ ഉണ്ടായിരുന്നു ഡാൻസ് ബാർ പാർട്ടി?

തകർത്തെടാ ... അമ്മച്ചിയാണേ തകർത്തു വാരി. (പതുക്കെ)... ചാക്കിൽ ആണെന്ന് മാത്രം. 

അടുത്ത ന്യൂയീറിന്  ഗോപുവേട്ടനോട് പറഞ്ഞു ഈ സ്ഥലത്ത് എന്നെയും കൂടെ ഒന്ന് കൊണ്ട് പോകണം - പ്ലീസ് അച്ചായോ. 

നീ വിഷമിക്കണ്ട - നിന്നെ കൊണ്ട് പൊയിരിക്കും. നീ പോകേണ്ട സ്ഥലമാ ...
....ആ ഞാൻ ഇന്ന് വൈകിട്ടത്തെ ബസ്സിൽ ബംഗ്ലൂരൊട്ട്, നീയൂം  അവിടെ എത്തിയെക്കണം പെട്ടന്ന്.  (ഫോണ്‍ വയ്ക്കുന്നു)

ഗോപുമോൻ സംശയത്തോടെ: അല്ല അച്ചായോ ടിക്കെറ്റ് ഒക്കെ എപ്പോ ബുക്ക്‌ ചെയ്തു?

അച്ചായാൻ: നീ ബുക്ക്‌ ചെയ്തു - അല്ല ചെയ്യും, ഇപ്പൊ. എന്റെ പുതുവർഷം  തുലച്ചവനേ  ... അതാണ്‌ നിനക്കുള്ള  ശിക്ഷ. 

(തുടരും.... )

Also Read:

Blog - PART 1


1 comment:

  1. എന്നാലും ഇത് വല്ലാത്ത ഒരു ശിക്ഷയായി പോയി... ടിക്കറ്റ്‌ എടുത്തേച്ചും വരാം...

    ReplyDelete