1/17/13

ഒരു പഞ്ചറും കൊറേ അണ്ണന്മാരും


ഓപ്പ പഞ്ചര്സ്റ്റൈല്
-- ഒരു പഞ്ചറും കൊറേ അണ്ണന്മാരും --

ബാലേട്ടന്റെ അനിയന്‍ ഞാനാരായുടെ കൊട്ടക്കലുള്ള പുതിയ വീട്ടില്‍ നടന്ന ട്വീട്ടപ്പ് ഒരു ഭയങ്കര സംഭവം തന്നെ ആയിരുന്നു. മലപ്പുറത്ത് നടന്ന സംസ്ഥാന യുവജനോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ മൊബൈല്‍ പ്ലോട്ട് സംവിധാനം ചെയ്തത് ഞാനാരയുടെ ഫാദര്‍ ആയിരുന്നു. അതിന്റെ സന്തോഷത്തില്‍ ആയിരുന്നു ട്വീട്ടപ്പ്.

(ഞാനാരാ പുലി ആണേല് ഫാദെര് പുപ്പുലിയാ...ഇതാ പ്ലോട്ടിന്റെ ചിത്രങ്ങള്‍ )

പ്ലോട്ടിന്റെ ശബ്ദസംവിധാനം നിര്‍വ്വഹിച്ചത് താന്‍ ആണെന് അവകാശപ്പെടുന്ന ഞാന്‍-ആരാക്ക് രണ്ടു ബിയര്‍ അടിച്ചപ്പോള്‍ തന്നെ തന്റെ ശബ്ദം നഷ്ടപ്പെട്ട് "ഹാ ഴാ" സ്ഥിതിയില്  ആയത്  അണികളില്‍ അല്‍പ്പം അങ്കലാപ്പ് സൃഷ്ടിച്ചു.

പക്ഷെ,  അടുക്കളയില്‍ നുഴഞ്ഞു കയറി, ഒരു സംഭാര ചികിത്സ വഴി സമചിത്തത വീണ്ടെടുത്ത്,  ചെക്കന്‍ കോട്ടക്കലിന്റെ അഭിമാനം സംരക്ഷിച്ചു!

കോഴിക്കോട് വയനാട് റൂട്ടിലുള്ള താമരശ്ശേരിച്ചുരത്തിലെക്ക് തന്റെ ആള്‍ട്ടോ 800 പ്രവേശിച്ചപ്പോള്‍ ഡ്രൈവര്‍ സുകുവേട്ടന്‍ ട്വീട്ടപ്പ് ഓര്‍മ്മകള്‍ക്ക് തല്‍ക്കാലം കടിഞ്ഞാണ്‍ ഇട്ടു.

"മ്വാനേ സൂക്ഷിച്ച് ...സൂക്ഷിച്ച് .." താമരശ്ശേരി-ചുരം ഫെയിം കുതിരവട്ടം പപ്പുവേട്ടന്‍ തന്റെ ചെവിയില്‍ മന്ത്രിക്കുന്നത് പോലെ അയാള്‍ക്ക് തോന്നി.

മലമുകളില്‍ നിന്നും മഞ്ഞും മഴയും ഇട കലര്‍ന്ന തണുപ്പ് ജാലകത്തിനുള്ളിലൂടെ അരിച്ചെത്തിയപ്പോള്‍ അയാള്‍ വണ്ടിയുടെ വേഗത കുറച്ച്, ഒരു സിഗരറ്റിനു തീ കൊളുത്തി.

 ഈശ്വരാ സമയം 9 മണി! എത്രയും വേഗം കല്പ്പറ്റ-ബെയിസ്ഡ് ട്വീപ്പ് വയനാടന്‍ ചേട്ടന്റെ വീട്ടില്‍ എത്തണം. 11 മണി കഴിഞ്ഞാല്‍ ചോറില്‍ വെള്ളം ഒഴിച്ച് കളയും എന്നാണാ ചേട്ടന്റെ ഭീഷണി. ആ ചോറ് എന്റെതാണ്.... സുകുവേട്ടന്‍ പതുക്കെ ആക്സിലേറ്റരില്‍ കാലമര്‍ത്തി.

ഒരു ആറാമത്തെയോ ഏഴാമത്തെയോ ഹെയര്‍പിന്‍ എത്തിക്കാണും - വണ്ടി ഒന്ന് കുലുങ്ങി....സ്റ്റീയരിങ്ങിന്റെ നിയന്ത്രണം നഷ്ട്ടപ്പെടുന്ന പോലെ സുകുവേട്ടന് തോന്നി. അയാള്‍ വണ്ടി ഒരു ഓരത്തേക്ക് ചേര്‍ത്ത് നിര്‍ത്തി.

ഈശ്വരാ.....ഫ്രന്റ് ടയര്‍ പഞ്ചര്‍ ആയിരിക്കുന്നു.... !

കയ്യില്‍ ആണേല്‍ സ്റെപ്പിനിയും ഇല്ല....!!

സുകുവേട്ടന്‍ പൊതുവെ ഇത്തരം സന്ദര്‍ഭങ്ങളില്‍ പാനിക്ക് ആവുന്ന ആളല്ല.....പക്ഷെ ചുരത്തിനു രണ്ടു വശവും നിക്കുന്ന യക്ഷിപ്പനകള്‍ തന്നെ കൈ നീട്ടി വിളിക്കുന്നത് കണ്ടപ്പോള്‍ പുള്ളിക്ക് മൂത്രം ഒഴിക്കാന്‍ മുട്ടി. ഒരു പാണ്ടി ലോറി പോലും കാണുന്നില്ലല്ലോ! കൂട്ടിനു ആകപ്പാടെ ഉള്ളത് ഒരു നശിച്ച ചാറ്റല്‍ മഴയാണ്.....
എന്ത് ചെയ്യും?

കുഞ്ഞാത്തോലിനോട് ട്വീട്ടാന്‍ കൊതിച്ചു ചെന്നപ്പോള്‍ ട്വിറ്റെര്‍ അക്കൌന്റ് ഹാക്ക് ചെയ്യപ്പെട്ടത് കാണേണ്ടി വന്ന അവസ്ഥ.....!

സുകുവേട്ടന്റെ തലയില്‍ ഒന്ന് മിന്നി. എത്തിക്കല്‍ ഹാക്കര്‍ ഗോവിന്ദ സുനില്‍ അടിവാരത്ത് എവിടെയോ ആണ് താമസം എന്നറിയാം. ബൈക്കില്‍ വൈത്തിരി വരെ എത്തിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചുകളയാം. നമ്പര്‍ ഡയല്‍ ചെയ്തു...

ഭാഗ്യം കക്ഷി പരിധിക്ക് ഉള്ളില്‍ തന്നെ ഉണ്ട്.

"എന്താ ചേട്ടാ ഈ സമയത്ത്? ട്വീട്ടപ്പ് ഒക്കെ എങ്ങനെ പോയി?"

"ഓ ഒന്നും പറയണ്ടേഡാ കൂവേ....ഞാനിപ്പ താമരശ്ശേരി ചുരത്തിലാ..ടയര് പഞ്ചര്‍ ആയി...സ്റെപ്പിനിയും കയ്യില്‍ ഇല്ല..."

"പാപി...!  സ്റ്റെപ്പിനി ഇല്ലാതെ ആണോ ചുരം കയറാന്‍ വന്നേ? എനിയിപ്പ എന്ത് ചെയ്യും?"

"നീ ഇപ്പ എവിട്യാ? എന്നെ ഒന്ന് വന്നു പിക്ക് ചെയ്യെടാ...."

"അയ്യോ ചേട്ടാ ഞാനിപ്പ ധനുഷ്കോടി കടാപ്പൊറത്ത് ഒരു ട്രക്കിന്റെ മുകളില്‍ കയറി തല കുത്തി നിക്കുവാ,,,,,കാലിന്റെ ഫോട്ടോ എടുക്കണം...."

"ന്ദേ! കാലിന്റെ ഫോട്ടോയോ? ആരുടെ കാല്?"

"എന്റേത് തന്നെ. ഫോട്ടോ അഞ്ചു മിനുട്ടിളിനുള്ളില്‍ ഫെയിസ്ബുക്കില്‍ വരും. ചേട്ടന് അവിടെ അക്സെസ് ഉണ്ടോ?"

"കാലാ.....താമരശ്ശേരി ചുരത്തില്‍ അന്തം വിട്ടു നിക്കുന്ന ഞാന്‍ ഇനി ഇവിടെ ഫെയിസ്ബുക്ക് കിട്ടുമോ എന്ന് നോക്കണം അല്ലേട.....? വല്ല ചുരയക്ഷിയും വന്നു എന്റെ പപ്പും പൂടയും പറിക്കുന്നതിനു മുമ്പ് എന്നെ രക്ഷിക്ക് ..."

"ചേട്ടന്‍ ബേജാറാവല്ലേ.. ..ഞാന്‍ കൂട്ടൂസനെ  കിട്ടുമോ എന്ന് നോക്കട്ടെ.....ഗൃഹാതുരത്വം അലട്ടുന്നില്ലെങ്കില്‍ പുള്ളി തീര്‍ച്ചയായും ചേട്ടനെ ഒരു വഴിക്കാക്കും....ഐ മീന്‍, പിക്ക് ചെയ്യും....ഞാന്‍ തിരിച്ചു വിളിക്കാം" - ഗോവിന്ദ ഫോണ്‍ വച്ചു.


(ഗോവിന്ദ ബടായി പറഞ്ഞതായിരുന്നില്ല. അമ്മച്ച്യാനെ, ഓന് ഫോട്ടോ എടുത്തു.  ഫോട്ടോ ഇതാ.)
കൂറ്റാക്കൂരിരിട്ട് ---- റോഡ്‌ പോലും ശരിക്ക് കാണാന്‍ പറ്റാത്ത വിധത്തില്‍ കോടമഞ്ഞു ചുരത്തെ മൂടുകയാണ്. ഇന്നെന്താ പാണ്ടി ലോറി ബന്ദ് ആണോ.....ഒന്നിന്റെയും പോടി പോലും ഇല്ല.....ഇനിയീ കുട്ടൂസന്‍ വരുമോ?  സുകുവേട്ടന്‍ പ്രതീക്ഷ കൈ വിട്ട മട്ടായി. തന്നെ ആരെങ്കിലും ഇവിടെ കൊന്നു തല്ലിയാല്‍ തന്നെ ആ വാര്‍ത്ത ഒരു ട്വീറ്റ് ആയിട്ട് പോലും പുറത്ത് വരാന്‍ പോകുന്നില്ല എന്നോര്‍ത്തപ്പോള്‍ അയാള്‍ ഒന്ന് ഞെട്ടി..

ബ്ലഡ്‌ പ്രഷര്‍ അങ്ങനെ കൂടിക്കൊണ്ടിരുന്നു......തണുപ്പും.

അപ്പോളാണ് സുകുവേട്ടന്‍ അത് ശ്രദ്ധിച്ചത് - റോഡിനെ മൂടിയിരിക്കുന്ന കോടമഞ്ഞിന്റെ ഇടയിലൂടെ ഒരു ഹെട്ലൈറ്റ് പതുക്കെ പതുക്കെ അടുത്തേക്ക് വരികയാണ്.....അല്ല ഒരു കാര്‍ ആണല്ലോ.....എന്റെ പറശ്ശിനിക്കടവ് മുത്തപ്പാ....രക്ഷപ്പെട്ടു.....കാര്‍ അടുത്ത് എത്തി സ്ലോ ചെയ്തപ്പോള്‍ ചോദിക്കുകയും പറയുകയും ഒന്നും ചെയ്യാതെ നമ്മടെ സുകുവേട്ടന്‍ പുറകു വശത്തെ വാതില്‍ തുറന്നു ഉള്ളിലേക്ക് ഒറ്റച്ചാട്ടം.

ഒരു പഴയ അംബാസടര്‍ ആണ് രക്ഷകനായിരിക്കുന്നത്! എന്നാലും, ഒന്നും ചോദിക്കാതെ കാറില്‍ കയറിയത് ശരിയായില്ല എന്ന് സുകുവേട്ടന് തോന്നി. “ടയര് പഞ്ചര്‍ ആയതാണ്, ഒന്ന് വൈത്തിരി എത്തിച്ചാല്‍ വല്യ ഉപകാരം ആയിരിക്കും” എന്ന് പറയാന്‍ വായ തുറന്ന സുകുവേട്ടന്‍ അതെ പടി കുറച്ചു നേരം സ്തംഭിച്ചിരുന്നു പോയി!

ഡ്രൈവിംഗ് സീറ്റില്‍ ഒരു മനുഷ്യനും ഇല്ല....എന്നിട്ടും കാര്‍ പതുക്കെ ഓടിക്കൊണ്ടിരിക്കുന്നു! വണ്ടിക്ക് അത്ര സ്പീഡ് ഇല്ല...വേണമെങ്ങില്‍ ചാടി രക്ഷപ്പെടാം....സുകുവേട്ടന്റെ തൊണ്ട വരണ്ടു....അയാള്‍ സീറ്റില്‍ മുറുകെ പിടിച്ചു ചുറ്റും നോക്കി... അന്തവും കുന്തവും ഇല്ലാതെ പ്രേതം കൂടിയ കാര്‍ അങ്ങനെ ഒരു ഹെയര്‍പിന്‍ വളവിനു നേരെ പോവുകയാണ്.

ഇന്ഗ്ലീഷ് സിനിമകളില്‍ ഒക്കെ കണ്ടിട്ടുണ്ട്....തനിയെ ഓടുന്ന കൊലപാതകി കാറുകളെ.....നേരെ പോയി ഇടിച്ചു കൊക്കയിലേക്ക് മറിയാനാവും ഉദ്ദേശം......ടൈം ലൈനിലെ മുഖങ്ങള്‍ സുകുവേട്ടന്റെ മനസിലൂടെ ഒരു സ്ലൈഡ് ഷോ നടത്തി...സുഹൃത്തുക്കളെ..........ഞാനിതാ പോവുന്നെ......

കാറിന്റെ ഡോര്‍ തുറന്നു പുറത്തേക്ക് ചാടുവാന്‍ തയ്യാറായ സുകുവേട്ടന്‍ പെട്ടെന്ന് ആ കാഴ്ച കണ്ടു ഒന്ന് കൂടെ ഞെട്ടി. ഡ്രൈവര്‍ സീറ്റിന്റെ തുറന്നു കിടക്കുന്ന വിന്‍ഡോവിലൂടെ അന്തരീക്ഷത്തില്‍ നിന്നും ഒരു കൈ...! അത് സ്റ്റീയരിംഗ് കണ്ട്രോള്‍ ചെയ്ത് വണ്ടി തിരിച്ചു ... ഹെയര്‍പിന്‍ വളവ് വിജയകരമായി കടന്നു കാര്‍ പിന്നെയും മുന്നോട്ട് പോയ്ക്കൊണ്ടിരിന്നു...... 

ഓരോ വളവിലും അന്തരീക്ഷത്തില്‍ നിന്നും അകത്തേക്ക് നീണ്ടു വരുന്ന ആ ഒരു കൈ കാര്‍ നിയന്ത്രിച്ചു കൊണ്ടിരുന്നു......ആകെ മരവിച്ച അവസ്ഥയില്‍ സുകുവേട്ടന്‍   സീറ്റില്‍ അള്ളിപ്പിടിച്ചിരുന്നു.

ഒരു ഹെയര്‍പിന്‍ വളവിനോടുവില്‍ ദൂരെ ഒരു പ്രകാശം സുകുവേട്ടന്റെ ശ്രദ്ധയില്‍ പെട്ടു - കണ്ടിട്ട് ഏതോ ചെറിയ ചായക്കട പോലെ ഉണ്ട്. ഇതാണ് തന്റെ അവസരം....ഇത് വിട്ടാല്‍ എല്ലാം പോയത് തന്നെ...വാതില്‍ തുറന്നു സുകുവേട്ടന്‍ പുറത്തേക്ക് ചാടി....പിന്നെ തിരിഞ്ഞു നോക്കാതെ പ്രകാശത്തിനു നേരെ ഓടി...

രാത്രി വണ്ടികളെ ഉദ്ദേശിച് പ്രവര്‍ത്തിക്കുന്ന ഒരു ചെറിയ ചായക്കട ആയിരുന്നു അത്. ഉള്ളില്‍ ഒരു വയസന്‍ ബെഞ്ചിലിരുന്നു ഉറക്കം തൂങ്ങുന്നുണ്ടായിരുന്നു. അയാളെ ഉണര്‍ത്താന്‍ നില്‍ക്കാതെ സുകുവേട്ടന്‍ അടുത്ത് കണ്ട കൂജ അങ്ങനെ തന്നെ എടുത്ത് അതിലെ വെള്ളം മടമടാന്ന് കുടിച്ചു.

അപ്പോളേക്കും വൃദ്ധന്‍ ഉറക്കം ഉണര്‍ന്നിരുന്നു....സുകുവേട്ടന്‍ അയാളുടെ കയ്യില്‍ കടന്നു പിടിച്ചു...പിന്നെ തനിക്ക് നേരിട്ട വിചിത്രമായ ലിഫ്റ്റിന്റെ കഥ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു.
 
"എടാ കീലേരി.....ഇതാണെന്ന് തോന്നുന്നു നമ്മടെ ഹീറോ..."  സുകുവേട്ടന്റെ സംഭാഷണം കേട്ടുകൊണ്ട്  അപ്പോള്‍ വാതില്‍ക്കല്‍ നിന്നും കടയുടെ ഉള്ളിലേക്ക് വന്ന കറുത്ത് തടിച്ച ഒരു ചെറൂപ്പക്കാരന്‍ പറഞ്ഞു.....

"എടാ പൂക്കേ, നീ പറഞ്ഞത് ശരി തന്നെ.....ഇതന്നെ പുള്ളി....."

കീലേരി എന്ന് പേരുള്ള ആള്‍ സുകുവേട്ടന്റെ അടുത്തേക്ക് വന്നു.....എന്നിട്ട പറഞ്ഞു:
"എന്താ ഇഷ്ടാ ലിഫ്റ്റ്‌ ചോദിക്കുമ്പോള്‍ ഒരു മയം ഒക്കെ വേണ്ടേ.....? നേരെ അങ്ങ് കയറുകയാ ചെയ്യക....? തന്നെ മൂന്നു കിലോമീട്ടെരാ ഞങ്ങള്‍ രണ്ടാളും ഞങ്ങള്‍ടെ കേടായ അംബാസഡറില്‍ തള്ളിക്കൊണ്ടാന്നത്....!!!"

"ആ പോട്ടെ..ഈ ഏരിയയില്‍ പുതിയതാ അല്ലെ...? വിട്ടുകളഞ്ഞിരിക്കുന്നു....എല്ലാര്‍ക്കും നല്ല ചൂട് ചായ പറ......"

ചുറ്റും അണ്ടര്‍സ്കോര്‍ പിടിപ്പിച്ചിട്ടുള്ള വിചിത്രരൂപിയായ പൂക്ക്  ഈ ഡയലോഗ് പറയുന്നതോടെ എല്ലാവരും ചിരിക്കുകയും സ്ക്രീനില്‍ "ബൈ ബാലേട്ടന്‍ ആന്‍ഡ്‌ ക്രൂ"   എന്നീ വാക്കുകള്‍ തെളിയുകയും ചെയ്യും...
********
ബാലേട്ടന്‍ ഇപ്പോള്‍ ഓടുകയാണ്.....ഈ കഥ വായിക്കാന്‍ ഇടയായ അനേകായിരം അദ്ദേഹത്തിന്റെ പുറകെ ഉണ്ട്.....അവര്‍ അദേഹത്തെ ഓടിച്ചു കൊണ്ട് പോകുന്നത് ഒരു ഹെയര്‍പിന്‍ വളവിന്റെ വക്കത്തെക്കാണല്ലോ!

സുകുവേട്ടന് കിട്ടിയ പോലെ ഒരു കൈ സഹായം അദ്ദേഹത്തിനും കിട്ടുമായിരിക്കും എന്ന് നമുക്ക് പ്രാര്‍ഥിക്കാം....

ആശയത്തിന് കടപ്പാട്: നെറ്റില്‍ കണ്ട ഒരു ഇംഗ്ലീഷ് കഥ 

7 comments:

  1. കലക്കീന്നു പറഞ്ഞാലും പോരാ....
    കലക്കിട്ടോ...

    ReplyDelete
  2. ബാലേട്ടാ.... സ്പാറി ബാലേട്ടാ സ്പാറി... ഹോ !!! :)

    ReplyDelete
  3. കടപ്പാട് വെച്ചാല്‍ മോഷണമല്ല എന്നാരൊക്കയോ പറഞ്ഞീക്കണീ, ഇങ്ങള്‍ ധൈര്യായി ഇനീം കട്ടോളി ബാലേട്ടാ....

    ReplyDelete
  4. ചീറിപൊളിച്ചു ബാലേട്ട. സൂപ്പര്. യൂ റിയല്ലി റോക്ക്ട്. :D

    ReplyDelete
  5. പരിഭാഷയ്ക്കുള്ള ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ഈ കഥയ്ക് കിട്ടാന്‍ സാധ്യത ഉണ്ട്..

    ReplyDelete
  6. എല്ലാവാര്‍ക്കും നന്ദി!

    ReplyDelete
  7. ഇനി ഞാനായിട്ട് കുറക്കണ്ടാ ...ബാലേട്ടാ മാരകം !!!

    ReplyDelete