3/12/15

OPKP PART 6


Also Read
PART 1
PART 2
PART 3
PART 4 

6

രാവിലെ എഴുന്നേറ്റപ്പോൾ എല്ലാവരോടുമായി ബാലേട്ടൻ പറഞ്ഞു.
വന്നത് വന്നു. പക്ഷെ നമ്മുടെ ജോലികൾ പെട്ടന്ന് തുടങ്ങണം. ഇവിടെ പ്രശ്നം തോന്നുണ്ടെങ്കിൽ നമുക്ക് വീട് മാറാം.
കീലേരിയുടെ കയ്യിൽ നിന്നും ഒരു ഒമ്ലെറ്റ് സ്വന്തം പ്ലേറ്റിലേക്ക് ഏറ്റുവാങ്ങിക്കൊണ്ട് സാത്ത് പറഞ്ഞു: No... No.. no need! ഇതാ ഞങ്ങള് ഇന്ന് തന്നെ തുടങ്ങുകയായി. ചില പ്രധാന കഥാപാത്രങ്ങളിൽ അഭിനയിക്കേണ്ടവരെ നമ്മൾ ഇന്ന് ഫിക്സ് ചെയ്യുന്നൂ! ആദ്യ റൌണ്ട് കാസ്റ്റിംഗ്! എല്ലാം പുതുമുഖങ്ങൾ.
എന്റെ കേരളം: അത് കലക്കി. കാശ് ലാഭിക്കാം...
ബാലേട്ടൻ ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു. ചാരൻ എവിടെ?
അഷ്ഫർ: ഇനിയും എണീറ്റിട്ടില്ല. കക്ഷിക്ക്, അന്നത്തെ സംഭവത്തിനു ശേഷം, എന്തോ പറ്റിയിട്ടുണ്ട്.
സാത്ത്: True. He seems yet to get over the shock, after that night's incident. He has stopped mingling with us.
അഷ്ഫർ: ഒന്നും തോന്നരുത്. എനിക്ക് ഒരു അഭ്യർത്ഥനയുണ്ട് . ആ ബ്രൂട്ടു ... അയാളെ ഒഴിവാക്കാൻ പറ്റുമോ? ഇവിടെ ഏറ്റവും അധികം നെഗട്ടീവിറ്റി ഇപ്പൊ ഉണ്ടാക്കിയിരിക്കുന്നത് അങ്ങേരു തന്നെയാ...ഒന്നുകിൽ നമ്മള് സിനിമ എടുക്കണം, അല്ലെങ്കിൽ ഇൻവെസ്റ്റിഗേഷൻ നടത്താൻ അങ്ങേർക്ക് ഈ ഫ്ലാറ്റ് വിട്ടു കൊടുക്കണം ... ഇതൊരു മാതിരി..
സാത്ത്: സിനിമക്ക് പുള്ളിയുടെ സഹായം ആവശ്യമാണ്‌. ഇൻവെസ്റ്റിഗേഷൻ നിർത്തിവയ്ക്കാൻ ഞാൻ പറയാം.
കോളിംഗ് ബെൽ ശബ്ദിച്ചു. കുട്ടന്മാഷ് അകത്തേക്ക് വന്നു. അയാൾ തന്റെ ക്യാമറയുടെ ബാഗ് മേശമേൽ വച്ച് കൊണ്ട് പറഞ്ഞു:
സ്ക്രീൻ പ്രസന്സ് അത്യാവശ്യം ഉണ്ടെന്നു എനിക്ക് ബോധ്യപ്പെട്ട ചിലരെ കൊണ്ടു വന്നിട്ടുണ്ട്. താഴെ കമ്മ്യൂണിറ്റി ഹാളിൽ ഇരുത്തിയിരിക്കുകയാണ്. കാസ്റ്റിംഗ് നമുക്ക് അവിടുന്നാകാം...അപ്പോ നമുക്ക് അങ്ങോട്ട്‌ പോകാം.
ഹാളിലെ കസേരകളിൽ ചടഞ്ഞു കൂടിയിരുന്ന നാല് പേർ സിനിമാസംഘത്തെ കണ്ടപ്പോൾ ചാടി എഴുന്നേറ്റു... ഭവ്യതയോടെ ഒതുങ്ങി നിന്നു. കുട്ടന്മാഷ് ഓരോരുത്തരെയായി പരിചയപ്പെടുത്തി.
ഇത് അനൂപ്‌ അരവിന്ദ് . നമ്മുടെ നായകനെ അത്യാവശ്യഘട്ടങ്ങളിൽ സഹായിക്കുന്ന കൊച്ചിയിലെ അധോലോകനായകാനായി ഇയാളാണ് എന്റെ മനസ്സിൽ. ബാക്കി ഉള്ളവർ ഇയാളുടെ ഗാങ്ങ് മെംബേർസ് ആയി അഭിനയിക്കാൻ ആഗ്രഹിക്കുന്നു. ഇത് ബിബിൻ കുമാർ, ഇത് പ്രസാദചന്ദ്രൻ, പിന്നെ ഇത് ശ്രീരാം മഹേഷ്‌.
എല്ലാവരെയും ഒന്ന് നോക്കിയിട്ട് എന്റെ കേരളം പറഞ്ഞു. ഒരു അഭ്യർത്ഥനയുണ്ട്. ഈ സിനിമയുടെ സ്ക്രിപ്റ്റ് റൈറ്റർ എന്ന നിലയിൽ ആദ്യ സ്ക്രീനിംഗ് ചെയ്യാനുള്ള അവസരം എനിക്ക് തരണം.
കുട്ടന്മാഷ്, സംശയത്തോടെ, സാത്തിനെ നോക്കി: അതൊക്കെ വേണോ??

എന്റെ കേരളം: വേണം വേണം...! എന്റെ മനസ്സിലുള്ള കഥാപാത്രങ്ങളെ ഉൾക്കൊള്ളാൻ ഇവർ പ്രാപ്തരാണോ എന്ന് എനിക്കറിയണം. അതിനു ശേഷം പോരെ സാത്ത് സാർ ..വിശദമായ സ്ക്രീനിംഗ്?
സാത്ത്: അത് മതി അത് മതി.. ഞങ്ങൾ അര മണിക്കൂറു കഴിഞ്ഞു വരാം... കുട്ടന്മാഷ് വാ...ഇന്നലെ എടുത്ത ലൊക്കേഷൻ സ്റ്റിൽസ് കാണാം.
സാത്തും കുട്ടന്മാഷും പോയപ്പോൾ എന്റെ കേരളം മുറിയുടെ വാതിൽ അടച്ചു കുറ്റിയിട്ടു..
പിന്നെ അഭിനയമോഹവുമായി ഇരിക്കുന്ന പുതുമുഖങ്ങളുടെ അടുത്തേക്ക് ചെന്നു.
എന്താ പേര്?
അനൂപ്‌ അരവിന്ദ്...
എന്താ??? ശരിക്കുള്ള പേര് പറയെടാ...
രാജക്കണ്ണ്.
അപ്പൊ ഇവനോ? ഈ ബിബിൻ കുമാർ?
RA ജപ്പാൻ
കടിച്ചാൽ പൊട്ടാത്ത പേരുമായി ഇരിക്കുന്ന ഈ രണ്ടു പേരുമോ? എന്താ .. ശ്രീരാം മഹേഷും പ്രസാദചന്ദ്രനും... ഹോഹോഹോ എന്താ പ്രസാദം ആ മുഖത്ത്..! എന്താ അവരുടെ പേര്?
കുമ്പിടിയും പിന്നെ സ്രാങ്കും.....
എന്റെ കേരളം: അതെ.. അതന്നെ.. അപ്പൊ ശരിയായി. ഈ പേരിലാണല്ലോ നിങ്ങളെ ഒക്കെ ഞാനറിയുന്നത്..
കൊച്ചീലു കൂലിത്തല്ലും ദാദാഗിരിയുമായി നടക്കുന്ന നിങ്ങൾ എങ്ങിനെയാടാ ഇവിടെ എത്തിയത്?
അല്ല ചേട്ടാ  ഒന്ന് ചോദിച്ചോട്ടെ .... - RA ജപ്പാൻ ഒന്ന് നിവർന്നിരുന്നു.
എന്റെ കേരളം: എന്താടാ?
ചേറായി ബീച്ചിലും മറൈൻ ഡ്രൈവിലും സ്മഗിൾട് ഐറ്റംസ് വിറ്റു നടക്കുന്ന എപ്പിഡപ്പിച്ചേട്ടൻ എന്ന് മുതലാണ്‌ സ്ക്രിപ്റ്റ് റൈറ്റർ ... ആയത്?
രാജക്കണ്ണ് എഴുന്നേറ്റു. കൂട്ടുകാരോട് പറഞ്ഞു: നമക്ക് പോകാടാ... ഈ എപ്പിടപ്പി ഒക്കെ ഉള്ള ഇടപാട് നമ്മക്ക് ശരിയാവൂല... കൊണാപ്പ് പരിപാടിയാവും...
എന്റെ കേരളം: ഡായി.... ചളമാക്കരുത്.... നിങ്ങ അഭിനയിക്ക്വോ സംവിധാനിക്ക്വോ എന്ത് വേണേലും ചെയ്തോ... ഞാനൊരു തമാശ പറഞ്ഞതല്ലേ..! നിങ്ങളെ ഇവിടെ കണ്ടാല് ആരായാലും സമനില തെറ്റില്ലെടാ...? അല്ല.. എന്താ ഉദ്ദേശം?
സ്രാങ്ക്: എന്താ ചേട്ടാ.. ... ഞങ്ങക്ക് അഭിനയിച്ചൂടെ ....ഞങ്ങ ജീവിതത്തില് നന്നായിട്ട് അഭിനയിക്കുന്നതല്ലേ...?
കുമ്പിടി: പിന്നെ ഇതൊന്നും ഞങ്ങ വേണോന്നു വീചാരിചിട്ട് ചെയ്യുന്നതല്ല കേട്ടാ...ഞങ്ങ ആ മറൈൻ ഡ്രൈവില് കാറ്റും കൊണ്ട് ദാ ഇങ്ങനെ ഇരിക്കുവാരുന്നൂ... അപ്പോഴാണ്‌ ആ പഹയൻ കുട്ടന്മാഷ് ഓടിക്കിതച്ച് വരുന്നത്. അടിയന്തിരമായി അഭിനയിക്കാൻ ആളെ വേണം-ന്നു. ഞങ്ങള് മതിയോന്ന്‌ ഞങ്ങളും.. അങ്ങിനെയാ ഇവിടെ എത്തിയത്....
സ്രാങ്ക്: പിന്നെ ഈ രാജാക്കണ്ണ് ചേട്ടന് ഇതിലെ അധോലോക നായകൻറെ നല്ല ലുക്ക് ഉണ്ടത്രേ... ഇപ്പോളത്തെ ന്യൂ ജെനറെഷൻ സിനിമകാള് ഒക്കെ കണ്ടിട്ടില്ലേ സാറേ.. ..ഇങ്ങനെ തല്ലിപ്പൊളി ലുക്ക്‌ ഉള്ള ആരേലും ആയിരിക്കും നായകൻറെ കൂട്ട്വാരൻ. ന്യൂ ജെനറേഷൻ വന്നതോടെ തറവാടി ലുക്ക്‌ ഉള്ള അമ്മാവൻ നടന്മാരോക്കെ ഷെഡിൽ കയറീലെ .!!
രാജാക്കണ്ണ് സ്രാങ്കിന്റെ കഴുത്തിനു പിടിച്ചു. ആർക്കാടാ.. തല്ലിപ്പൊളി ലുക്ക്‌?
അപ്പൊ കുമ്പിടി ചോദിച്ചു: അല്ല എപ്പിഡപ്പി ചേട്ടാ... അന്ന് ചെറായി ബീച്ചില് ആ സിനിമാക്കാരെ ഡ്രഗ്സ് അടിച്ചൂന്നു പറഞ്ഞു പോലീസ് പൊക്കിയ അന്ന് മുങ്ങിയതല്ലേ നിങ്ങള്? മരുന്നിന്റെ ഇടപാടും ഉണ്ടല്ലേ... കൊച്ചു കള്ളാ....
ന്റെ കേരളം കുമ്പിടിയുടെ വായ പൊത്തിക്കൊണ്ട് പറഞ്ഞു: അതൊന്നും മിണ്ടിപ്പോകരുത്ഡാ. .. നീ ഒക്കെ എന്നെയും കൊണ്ടേ പോകൂ... ദാ നമ്മുടെ സംവിധായകൻ ഇങ്ങോട്ട് വരുന്നുണ്ട്....
സ്രാങ്ക്: ആ കിളി പോയ ലുക്ക്‌ ഉള്ള കക്ഷിയാണോ ചേട്ടാ... സംവിധായകൻ? അവൻ ഇടുക്കി ഗോൾഡ്‌ അടിച്ചിട്ടില്ലേന്നൊരു സംശയം ഉണ്ട്..
ന്റെ കേരളം: മിണ്ടാതിരിയെടാ... അപ്പൊ പറഞ്ഞ പോലെ.. നിങ്ങ എല്ലാം സെലക്ടട് ... എന്നാ പിന്നെ കാണാം.. ഡാ വീണ്ടും പറയാ... ചളമാക്കരുത്.. ഗുഡ് ബൈ...
ന്റെ കേരളം ഹാളിൽ നിന്നും ഇറങ്ങി ഓടി.. ഒരു അണ്ടർ കവർ കോപ്പിന്റെ ഓരോ ധർമ്മസങ്കടങ്ങൾ.. ഇതൊക്കെ ആരോട് പറയാനാണ്..! പോകുന്ന വഴി അയാൾ വിളിച്ചുപറഞ്ഞു: സാത്ത് സാറേ... എല്ലാരും സെലക്ക്ടട് ..

****************
ഫാദർ കുരുടി പള്ളിമേടയുടെ മുറ്റത്തേക്ക് ഇറങ്ങി... കായലിൽ വെള്ളം കയറുന്ന സമയമാണ്. പള്ളിക്ക് ചുറ്റുമുള്ള ചെറിയ കനാലുകളിൽ വെള്ളം കയറിയാൽ പിന്നെ ഇടവകക്കാര്ക്ക് പള്ളീലേക്ക് വരാൻ വള്ളം തന്നെ ശരണം. ഇങ്ങനെ ഒരു പള്ളിയില് ജോലി ചെയ്യുന്നത് ആദ്യമായിട്ടാണ്...
ഫാദർ തിരിച്ചു പൂമുഖത്തേക്ക് കയറി. മോനൂട്ടൻ ഒറ്റയിരിപ്പാണ്. രാവിലെ വന്നതാണ്. പഞ്ചായത്ത് മെമ്പറാണ് മോനൂട്ടൻ. വന്ന കാര്യത്തില് ഒരു തീരുമാനമാകാതെ പോകില്ലാന്നാ മോനൂട്ടന്റെ വാശി...
മോനൂട്ടൻ: തൊണ്ട അനക്കി.. അച്ചൻ ഒന്നും പറഞ്ഞില്ലാ...
ഫാദർ: എന്റെ മോനൂട്ടാ... ഇതൊക്കെ പറയുന്ന പോലെ നിസ്സാരാ? കാര്യം നീ പറയുന്നത് ശരിയാ. ഇടവകയുടെ മുന്നിലെ രണ്ടു വീട്ടുകാര്. ജോയെട്ടനും അമ്പലങ്ങടനും. അവരുടെ സ്ഥലത്തൂടെ മെയിൻ റോഡീന്നു ഇങ്ങോട്ടൊരു പാലം.. അല്ലെങ്കിൽ റോഡ്‌. പക്ഷെ ഈ പറഞ്ഞ ജോയേട്ടനും അമ്പലങ്ങടനും സമ്മതിക്കൂന്നു നീ കരുതുന്നുണ്ടോ?
മോനൂട്ടൻ: അല്ല അച്ചോ. ഈ പറഞ്ഞ രണ്ടു പേരും ഇവിടെ വസ്തു വാങ്ങി സ്ഥിരതാമസം ആക്കീട്ട് രണ്ടു വർഷം .. അത്ര അല്ലെ ആയുള്ളൂ... നമ്മളൊക്കെ ഇവിടെ തന്നെയാണ് ജനിച്ചതും വളർന്നതും. എന്നിട്ടും നമ്മള് ഇങ്ങനെ ഒരു ആവശ്യം പറയുമ്പോ അവർക്ക് എന്താ ഇത്ര ധിക്കാരം? അച്ചൻ ഇടപെടേണ്ട സമയായി...
ഫാദർ: മോനൂട്ടാ.. നിനക്കും അറിയുന്നതല്ലേ? നേരെ കണ്ടാൽ കീരിയും പാമ്പുമാണ് ഈ ജോയെട്ടനും അമ്പലങ്ങടനും. കോടതിയില് ഇവര് രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും കൊടുത്തിരിക്കുന്ന വസ്തു കേസുകൾ എത്ര ഉണ്ടെന്നാ വിചാരം? വസ്തുവിന്റെ പേരിലു കൊല്ലാൻ നടക്കുന്ന ഈ കീരികളുടെ നടുക്കേക്ക് ...ഞാൻ എന്നെ തന്നെ എറിഞ്ഞു കൊടുക്കണോ മോനൂട്ടാ.. നീയ് പറയ് ...പിന്നെ ഇവന്മാരൊന്നും അത്ര നല്ല പുള്ളികളല്ല... പുറം രാജ്യത്തൂന്നു വന്നവരാ.. കളിക്കുമ്പോ നമ്മളൊക്കെ സൂക്ഷിക്കണം...
മോനൂട്ടൻ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ഇറങ്ങി നടന്നു. അച്ചൻ വീണ്ടും ദൂരെ കായലിലേക്ക് കണ്ണയച്ചു. പള്ളിക്കും പ്രധാന റോഡിനും നടുവിലായി, അഭിമുഖമായി നില്ക്കുന്ന ജോയെട്ടന്റെയും അമ്പലങ്ങടന്റെയും രമ്യഹർമ്മ്യങ്ങളെ നോക്കി അദ്ദേഹം കുരിശു വരച്ചു.
പെട്ടന്ന് പുറകിലൊരു ചുമ.
തിരിഞ്ഞു നോക്കി. അമ്പലങ്ങടൻ. അയാൾ മന്ത്രിച്ചു: അച്ചോ.... ഒന്ന് കുമ്പസാരിക്കണം...
ഫാദർ കുരുടി കുംബസാരക്കൂടിന്റെ അടുത്തേക്ക് നടന്നു. അയാളുടെ ദേഹമാകെ വിയർപ്പിൽ കുളിച്ചു. ചുണ്ടുകൾ വിറച്ചു. കണ്ണുകൾ ഇറുക്കി അടച്ച് അദ്ദേഹം കുമ്പസാരക്കൂടിന് മുന്നില് ഇരുന്നു.

****************


ഫാൻ ഫുൾ സ്പീഡിൽ കറങ്ങുന്നുണ്ടായിരുന്നു. എന്നിട്ടും ചാരന് വിയർത്തു. അവൻ ക്ലോക്കിൽ നോക്കി. സമയം പന്ത്രണ്ടു കഴിഞ്ഞിരിക്കുന്നു. ജാലകപ്പാളികൾ വലിച്ചു തുറന്നപ്പോൾ ഒരു സീൽക്കാരത്തൊടെ കായൽ കാറ്റ് മുറിയിലേക്ക് ഇരച്ചു കയറി.
കട്ടിലിൽ കൂടെ ഉറങ്ങുകയായിരുന്ന എന്റെ കേരളം എന്തോ ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് തിരിഞ്ഞു കിടന്നു. ചാരാൻ ജാലകപ്പാളികൾ ചേർത്തടച്ചു.
ചാരൻ ശബ്ദമുണ്ടാക്കാതെ അലമാര വലിച്ചു തുറന്നു. തന്റെ ബാഗ് പുറത്തെക്കെടുത്തു. മുറിയിലാകെ ചിതറിക്കിടന്നിരുന്ന വസ്ത്രങ്ങൾ അതിൽ നിറയ്ക്കുവാൻ തുടങ്ങി. അതിനു ശേഷം വേഷം മാറി.
പിന്നെ പതുക്കെ വീണ്ടും ജാലകത്തിനു അടുത്തേക്ക് ചെന്നു. ദൂരെ ഏതോ കപ്പൽ നങ്കൂരമിടുകയാണ്. നാവികരുടെ പാട്ട് അവ്യക്തമായി കേൾക്കാം.
ചാരൻ തന്റെ ഇടതു വശത്തേക്ക് നോക്കി. ചുമരിലെ കുതിരലാടം. മുറിയിലെ സ്ലീപ്‌ ലാമ്പിന്റെ വെളിച്ചത്തിൽ അതിനു എന്തൊക്കെയോ ദുരൂഹത തോന്നിച്ചു.
ചാരൻ കുതിരലാടത്തിനു മുകളിൽ കൈ വച്ചു. പിന്നെ അത് തിരിക്കുവാൻ തുടങ്ങി. ഒരു നാല് തവണ കറക്കിയപ്പോൾ കുതിരലാടം അടങ്ങിയ ഭിത്തിയുടെ ഭാഗം തെന്നി മാറി. ഒരു അറ പ്രത്യക്ഷപ്പെട്ടു. ചാരൻ കയ്യിലെ പെൻ ടോർച്ച് പ്രകാശിപ്പിച്ചുകൊണ്ട് ആ അറയിലേക്ക് കയ്യിട്ടു.
ഒരു നിമിഷം... ചാരൻ തെറിച്ചു പോയി...
തന്നെ ആരോ ചവിട്ടി തെറിപ്പിച്ചതു പോലെയാണ് അവനു തോന്നിയത്. അലമാരയുടെ മുന്നിൽ മുഖമടിച്ചു വീണതിന്റെ വേദനയിൽ ഒരു നിമിഷം കിടന്നതിനു ശേഷം അവൻ തല ഉയർത്തി നോക്കി...
മുന്നിൽ ആജാനുബാഹുവായ ആ രൂപം വീണ്ടും.. ജയശങ്കർ ...!
ഒരു പൂച്ചക്കുഞ്ഞിനെ എന്ന പോലെ ജയശങ്കർ ചാരനെ തൂക്കിഎടുത്തു... ചാരന്റെ കണ്ണുകളിലേക്ക് നോക്കി അയാൾ മന്ത്രിച്ചു:
നീ എന്ത് അന്യേഷിച്ച് ഇവിടെ എത്തിയോ, അത് നിനക്ക് കിട്ടാൻ പോകുന്നില്ല. ഇത് അന്യേഷിച്ച് നിനക്ക് മുന്നേ എത്തിയവനാണ് മാത്യൂസ്. അവനിന്നില്ല.. അവന്റെ മാർഗ്ഗം തന്നെയാണ് നീയും തിരഞ്ഞെടുത്തിരിക്കുന്നത്....നിന്നെ ഒരിക്കൽ ഞാൻ വാണ്‍ ചെയ്തതാണ്.. നീയത് ചെവിക്കൊണ്ടില്ല...ഇനി.. നിനക്കും പോകാം...
ചാരനെ തോളിലെറ്റികൊണ്ട് ജയശങ്കർ ബാൽക്കണിയിലേക്ക് നടന്നു. ചാരൻ അലറി വിളിച്ചു.... ശബ്ദം പുറത്തേക്ക് വരുന്നില്ല...!
പുറത്തേക്ക് പോകുന്ന വഴിയിൽ ഫ്രിഡ്ജിന്റെ മുകളിൽ കിടന്നിരുന്ന കത്തി ചാരൻ വലിച്ചൂരി എടുത്തു... അവൻ ജയശങ്കറിന്റെ പുറത്ത് ആഞ്ഞു കുത്തി...ഒരു അലർച്ചയോടെ ചാരൻ താഴേക്കു വീണു.. അവന്റെ കയ്യിൽ നിന്നും കത്തി ദൂരേക്ക് തെറിച്ചു പോയി...അവൻ ചുറ്റും നോക്കി ജയശങ്കർ എവിടെ...??
അപ്പോൾ അവൻ കണ്ടു... കട്ടിലിൽ കിടന്ന് ഉറങ്ങുന്നത്... അത് ജയശങ്കർ അല്ലെ???... അവൻ കത്തി കടന്നെടുത്തു... പിന്നെ ഒരു അലർച്ചയോടെ മുറിയിലേക്ക് കുതിച്ചു. 
ശബ്ദം കേട്ട് എന്റെ കേരളം കണ്ണ് തുറന്നു... കയ്യിലൊരു കത്തിയുമായി പാഞ്ഞടുക്കുന്ന ചാരനെ കണ്ട് അയാൾ ഒരു നിമിഷം വിറങ്ങലിച്ചു കിടന്നു.. പിന്നെ തെന്നി മാറി.. ബെഡിലേക്ക് കത്തി തുളച്ചു കയറി.. ചാരൻ കത്തി കൊണ്ട് വീണ്ടും വീണ്ടും ബെഡിലെക്ക് കുത്തി... പിന്നെ കത്തിയുടെ മുകളിലായി വീണു.. അവിടെ അയാൾ ചലനമറ്റു കിടന്നു.

*****************

തന്റെ മുന്നിലിരിക്കുന്നവരെ ഡോക്ടർ അനു ട്രീസ ജോണ്‍ സൂക്ഷിച്ചു നോക്കി. ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് മുറിയിലൂടെ ഒരു പ്രാവശ്യം നടന്നതിനു ശേഷം അവർ സംസാരിച്ചു തുടങ്ങി.
ചാരൻ is fine now - physically ... yes only physically. But mentally, he is a shattered soul. He is yet to recover himself from the delicate position that he is in now...അത് കൊണ്ടാണ് ഞങ്ങൾ ഒരു സൈക്കോളജിസ്റ്റിന്റെയും സഹായം തേടിയത്. ഒന്ന് രണ്ടു സെഷനുകൾ കഴിഞ്ഞെങ്കിലും, ഇപ്പോഴും ഷോക്കിൽ നിന്നും പൂർണ്ണമായി മുക്തനല്ല...
കൂടെ ഇരിക്കുന്ന എന്റെ കേരളത്തിന്റെയും അഷ്ഫറിന്റെയും കീലേരിയുടെയും മുഖങ്ങളിലേക്ക് സാത്ത് മാറി മാറി നോക്കി. എന്ത് പറ്റിയെന്നു ഒരു രൂപവുമില്ല.. എന്ത് വേണം എന്ന് ഒരു പിടി കിട്ടുന്നില്ല... !!
ഡോക്ടർ ചോദിച്ചു: ചാരന്റെ അഡ്രസ്സ്? വീട്ടുകാർ? അറിയിക്കേണ്ടേ?
സത്യത്തിൽ വീട്ടുകാരെ കുറിച്ചോ തന്നെ കുറിച്ച് തന്നെയോ കാര്യമായി ഒന്നും ചാരൻ ഇതേവങ്കു വച്ചിരുന്നില്ല എന്ന് ഒരു ഞെട്ടലോടെ സാത്ത് അപ്പോൾ ആദ്യമായി ഓർത്തു.
രണ്ടു മിനുട്ടിന്റെ ഇടവേളയ്ക്കു ശേഷം സാത്ത് പറഞ്ഞു: വെറും ഓണ്‍ലൈൻ ബന്ധം മാത്രമായതു കൊണ്ട് കൃത്യമായ വിവരങ്ങൾ അറിയില്ല. ബാലേട്ടൻ ഒരു ഊഹം വച്ച് അന്യേഷിച്ചു പോയിട്ടുണ്ട്... അദ്ദേഹം വരുന്നത് വരെ കാത്തിരിക്കുക, അതെ മാർഗ്ഗമുള്ളു...
ഡോക്ടർ: തല്ക്കാലം ഞങ്ങൾ ഈ സംഭവം പോലീസിൽ റിപ്പോർട്ട്‌ ചെയ്യുന്നില്ല... നിങ്ങൾ വീട്ടുകാരെ കണ്ടുപിടിച്ച് എത്രയും വേഗം അറിയിക്കൂ..
ഡോക്ട്ടറുടെ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി കാറിലേക്ക് നടക്കുമ്പോൾ എന്റെ കേരളം പറഞ്ഞു. ബാലേട്ടന്റെ മൊബൈൽ സ്വിച്ച് ഓഫ്‌ ആണ്... ഇങ്ങേരു ഇത് എങ്ങോട്ട് പോയി... ആ മൊബൈൽ എങ്കിലും മര്യാദക്ക് ചാര്ജ് ചെയ്ത് വയ്ക്കാൻ പറഞ്ഞാൽ അങ്ങേരു കേൾക്കില്ല .. ലണ്ടനിലെ ഒരു ബിസിനസ്കാരൻ..!

 *****************
കോഫീഷോപ്പിൽ അന്ന് പതിവില്ലാത്ത തിരക്കുണ്ടായിരുന്നു. തന്റെ പ്രിയപ്പെട്ട കോർണർ സീറ്റ് നഷ്ടപ്പെട്ടെന്നു കണ്ടപ്പോൾ ഗംഗയുടെ മുഖം ഇരുണ്ടു...പിങ്കി സമാധാനിപ്പിച്ചു.
"റിലാക്സ് ബേബ് ... ഇന്നത്തെ ചെലവ് എന്റെ വക...."
"ഇന്ന് കാക്ക മലർന്നു പറക്കും. ലോകമഹാത്ഭുതം തന്നെ! എന്താടീ നിന്റെ വിവാഹം നിശ്ചയിച്ചോ?"
"അതിനൊക്കെ എത്ര സമയം കിടക്കുന്നൂ. ഇത് അതൊന്നുമല്ല. ടീം ലീഡർ പോസ്റ്റിലേക്ക് ഇന്റർവ്യൂ കഴിഞ്ഞു.. നല്ല പ്രതീക്ഷയുണ്ട്..."
"Wow, good  luck! എന്നാൽ വേഗം ഓർഡർ ചെയ്താട്ടേ..."
എന്താടീ വേണ്ടത്? പിങ്കി ചോദിച്ചു. ഉത്തരം ഒന്നും കിട്ടാതെ വന്നപ്പോൾ മെനുവിൽ നിന്നും മുഖം ഉയർത്തി അവൾ ഗംഗയെ ശ്രദ്ധിച്ചു. ഗംഗ അകലേക്ക് നോക്കി ഇരിക്കുകയാണ്..
എന്താടീ? എന്ത് പറ്റി?
ബേബ് അവിടെ ഒരുത്തൻ ഇങ്ങോട്ട് തന്നെ നോക്കി ഇരിക്കുന്നു. ഒരുമാതിരി വൃത്തികേട്ട നോട്ടം.
കാണാൻ ഒരു അമ്മാവൻ ലുക്ക്. കൊച്ചുപയ്യനാന്നാ വീചാരം... ഞാൻ പോയി രണ്ടു ചോദിച്ചാലോ?
വേണ്ട. ഗംഗ പറഞ്ഞു. പിന്നെ വെയിറ്ററെ വിളിച്ച് അവൾ പറഞ്ഞു. "ചേട്ടാ.. ആ സീറ്റിൽ.. ദേ അവിടെ ഇരിക്കുന്ന മനുഷ്യൻ ഇങ്ങോട്ട് തന്നെ നോക്കി ഇരിക്കുന്നു. ഞങ്ങൾക്കിവിടെ ഇരിക്കാൻ സാധിക്കുന്നില്ല...അയാളെ ഒന്ന് വിരട്ടാമോ? നല്ല ടിപ്പ് തരാം..."
വെയിറ്റർ ഒരു പാട്ടും മൂളിക്കൊണ്ട് പോകുന്നത് നോക്കി ഗംഗ ഇരുന്നു. ഇവന്മാരെ ഒക്കെ വേണ്ടാ വേണ്ടാ എന്ന് വച്ച് വെറുതെ വിടുന്നതാണ് മണ്ടത്തരം. പ്രശ്നം തോന്നിയാൽ ഉടനെ confront ചെയ്യണം.
ഗംഗ ചൂണ്ടിക്കാട്ടിയ മനുഷ്യന്റെ അടുത്തേക്ക് ചെന്ന് വെയിറ്റർ ചോദിച്ചു: സാറേ.. എന്താ പേര്?
ബാലേട്ടൻ
ആഹാ നല്ല പേര്... ബാലൻ ചേട്ടാ.... ഒന്നും തോന്നരുത്. എന്തെങ്കിലും വേണമെങ്കിൽ ഓർഡർ ചെയ്തൂടെ? അല്ല വെറുതെ ടൈം പാസ് ആണോ ഉദ്ദേശം? - പറഞ്ഞു.
ബാലേട്ടൻ മുഖം ഉയർത്തി വെയിറ്ററെ നോക്കി. എന്നിട്ട് ചോദിച്ചു: തനിക്കെന്താ പ്രശ്നം? ഇത് കോഫീ ഹൗസ് അല്ലെ? പബ്ലിക് toilet അല്ലല്ലോ... എനിക്ക് ഇഷ്ടമുള്ളത്ര സമയം ഞാൻ ഇവിടെ ഇരിക്കും..
എനിക്ക് പ്രശ്നമൊന്നുമില്ല...
പിന്നെ ആർക്കാ?
വെയിറ്റർ ഗംഗ ഇരിക്കുന്ന ഭാഗത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. ദാ ആ പെണ്‍കുട്ടി ഒരു complaint പറഞ്ഞിട്ടുണ്ട്... പ്രശ്നമാക്കണോ? ഒന്ന് അട്ജസ്റ്റ് ചെയ്തൂടെ? അല്ലെങ്കിൽ ഇവിടുന്നു മാറിയിരിക്കാം...
ബാലേട്ടൻ എഴുന്നേറ്റു. "ആ പെണ്‍കുട്ടി ആണോ? അവരോടെ ഞാൻ സംസാരിക്കാം..." അയാൾ ഗംഗയുടെ അടുത്തേക്ക് നടന്നു.
ഗംഗയുടെ മേശമേൽ കൈമുട്ടുകൾ കുത്തി അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി, പോക്കറ്റിൽ നിന്നും ഐഡന്റിറ്റി കാർഡ്‌ പുറത്തെടുത്തു കൊണ്ട് ബാലേട്ടൻ പറഞ്ഞു:
I am Balachandran.  An intelligence agent from Indian spy organization RAW.  കഴിഞ്ഞ രണ്ടു മണക്കൂറുകളായി നിങ്ങൾ ഞങ്ങളുടെ നിരീക്ഷണത്തിലാണ്....

(End of part 6)


Also Read

3 comments:

  1. പാവങ്ങളുടെ ജെയിംസ് ബോണ്ട്‌. പൊളിച്ചു - Georgblaschke

    ReplyDelete
  2. എന്തായാലും ..തകര്ത്തു..ബാലേട്ടാ.

    ReplyDelete