3/2/15

OPKP PART 1


Also READ 
Also Read
PART 2
PART 3
PART 4 

1


കുഞ്ഞമ്മുവും കുടുംബവും താമസിക്കുന്നത് കൊച്ചിയിലെ ഒരു ചേരിപ്രദേശത്താണ്. കായലിനോട് ചേർന്ന് കിടന്ന അവരുടെ ചേരി ഒഴിപ്പിക്കാൻ വന്ന തുക്കിടിസായിപ്പിനെ ഒറ്റ വെട്ടിനു കൊന്നു അച്ഛൻ ജയിലിൽ പോകുമ്പോ കുഞ്ഞമ്മുവിനു 15 വയസ്സ്. പിന്നെ ഒരു ജീവിതസമരമായിരുന്നു. 17 വയസ്സായപ്പോഴേക്കും പല ജോലികളും ചെയ്ത് അമ്മയെയും അനിയന്മാരെയും പട്ടിണി കൂടാതെ കൊണ്ട് പോകാനുള്ള സാഹചര്യം അവൾ ഉണ്ടാക്കി.
അതിനിടയിൽ ചേരിയുടെ കാര്യം ഒരു തീരുമാനമായി. ചേരിനിവാസികളെ മാറ്റിപ്പാർപ്പിച്ചു കൊണ്ട് ഒരു ബിൽഡർ അവിടെ ലക്ഷുറി അപ്പാർട്ട്മെന്റ് കെട്ടാൻ ആരംഭിച്ചു. പുതിയതായി താമസിക്കാൻ സ്ഥലവും കെട്ടിടവും, പിന്നെ ആപ്പാർട്ട്മെന്റ് പണി പൂർത്തിയായാൽ ചേരിയിലെ സ്ത്രീകള്ക്ക് അവിടെ ഹൌസ്കീപ്പിംഗ് ജോലി, പുരുഷന്മാർക്ക് സെക്യൂരിറ്റി ജോലി - ഇതായിരുന്നൂ കരാർ.
രണ്ടു വർഷം കൊണ്ട് പണി പൂർത്തിയായി ആളുകൾ താമസം തുടങ്ങിയപ്പോൾ കുഞ്ഞമ്മു ലെയിക്ക് പ്ലാസിഡ് അപ്പാർട്ട്മെന്റിലെ ഒരു ഹൌസകീപ്പിംഗ് സ്റ്റാഫ് ആയി തന്റെ ഔദ്യോഗികജീവിതം ആരംഭിച്ചു.
നയൻ റ്റു ഫൈവ് പെർമ്മനെന്റ് ജോലി കുഞ്ഞമ്മുവിനു നന്നേ ഇഷ്ടപ്പെട്ടു. നല്ല അന്തരീക്ഷം. നല്ല താമസക്കാർ. മോശമല്ലാത്ത ശമ്പളം. രണ്ടു വർഷം കഴിഞ്ഞുപോയത് അറിഞ്ഞില്ല.
അങ്ങിനെയിരിക്കെ ഒരു ദിവസം ലെയിക്ക് പ്ലാസിഡിൽ തന്നെ സെക്ക്യൂരിറ്റി ജോലി ചെയ്യുന്ന അടുത്ത വീട്ടിലെ ത്രിവിക്ക്രമൻ ചേട്ടനാണ് വന്നു പറഞ്ഞത്: എടീ കുഞ്ഞമ്മൂ... ഒരു കോള് ഒത്തു വന്നിട്ടുണ്ട്...
സംഭവം ഇതായിരുന്നൂ. രണ്ടു വർഷമായി പൂട്ടിക്കിടക്കുകയായിരുന്ന ലെയിക്ക് പ്ലാസിഡിന്റെ ഏഴാം ബ്ലോക്കിൽ പതിമൂന്നാം നിലയിലെ മൂന്നാം നമ്പർ ഫ്ലാറ്റ് ഒന്ന് തുറന്നു വൃത്തിയാക്കണം. നല്ല കാശ് കിട്ടും. സംഭവം സിമ്പിൾ...
പക്ഷെ, ജോലി എന്താണ് എന്ന് കേട്ടതേ ... കുഞ്ഞമ്മു വിറച്ചുപോയി...
ലെയിക്ക് പ്ലാസിഡിന്റെ ഏഴാം ബ്ലോക്കിൽ പതിമൂന്നാം നിലയിലെ മൂന്നാം നമ്പർ ഫ്ലാറ്റ്...
രണ്ടു വർഷം മുമ്പാണ് അവിടെ ഇരട്ടക്കൊല നടന്നത്. അവിടെ വാടകയ്ക്ക് താമസിച്ചിരുന്ന ഒരു യുവാവും അയാളുടെ ഒരു സന്ദർശകനുമായിരുന്നൂ കൊല്ലപ്പെട്ടത്.
കുഞ്ഞമ്മുവിനു നല്ല ഓർമ്മയുണ്ട്: ചോരയിൽ കുളിച്ചു കിടന്ന രണ്ടു മൃതദേഹങ്ങൾ ആംബുലൻസിൽ കയറ്റി കൊണ്ട് പോയ ആ രംഗങ്ങൾ.. ഇപ്പോഴും, കായലിനു അഭിമുഖമായി നിൽക്കുന്ന  ആ ഫ്ലാറ്റിനു അടുത്തേക്ക് പോകുമ്പോൾ ഒരു വിറ തോന്നും.. ഏകദേശം 3 മാസത്തോളം അപ്പാർട്ട്മെന്റിൽ പോലീസിനെ മുട്ടാതെ നടക്കാൻ പാടില്ലായിരുന്നു.
അപ്പൊ കൊല ചെയ്തവരെ പിടിച്ചോ വിക്രമൻ ചേട്ടാ?
എവിടെ! ഫ്ലാറ്റിന്റെ ഉടമസ്ഥൻ കോടതീൽ സ്പെഷ്യൽ പെറ്റീഷൻ പോയി. ഫ്ലാറ്റ് തുറന്നോളൂന്നു പറഞ്ഞുള്ള കോടതി വിധി ഇന്നലെ വന്നു. ടീവീലൊക്കെ ഉണ്ടായിരുന്നല്ലോ കോലാഹലം! ആ... നിനക്ക് പറ്റുമോ ഇല്ലയോ?
ഒരു രണ്ടു മണിക്കൂറു നേരത്തെ പണിക്ക് 500 രൂപ ഒരു ബമ്പർ കൂലി തന്നെയാണ്. കുഞ്ഞമ്മു പറഞ്ഞു:
വിക്രമൻ ചേട്ടാ... ഞാൻ ഒറ്റയ്ക്ക്..? ആരെങ്കിലും കൂട്ടിനു കിട്ടിയിരുന്നെങ്കിൽ...
നീ പേടിക്കേണ്ടെടീ .. കാറ് കഴുകാൻ വരുന്ന നമ്മുടെ ഘടോൽക്കചനില്ലേ ...അവനെ അയക്കാം കൂട്ടിനു. നീ വിട്ടോ..
ആര് ആ ഘടുവോ?
അതെ .. . അവനെ ഞാൻ അയച്ചോളാം ... ഫ്ലാറ്റ് തുറന്നിട്ടിട്ടുണ്ട് .. കുറച്ച് കാറ്റും വെളിച്ചവും കടന്നോട്ടെന്നു വച്ചു. നീ പോയി ജോലി തുടങ്ങ്. 
തുറന്നു മലർത്തിയിട്ടിരിക്കുന്ന ഫ്ലാറ്റിന്റെ പുറത്ത് കുഞ്ഞമ്മു പരുങ്ങി നിന്നു. ആ ഘടു ഒന്ന് വേഗം വന്നിരുന്നെങ്കിൽ...
അവൾ പതുക്കെ ഫ്ലാറ്റിന്റെ അകത്തേക്ക് പാളി നോക്കി... ഫ്ലാറ്റ് കുറേ ഒക്കെ കാലിയാണ്. അന്യേഷണങ്ങളുടെ ഭാഗമായി പ്രധാനപ്പെട്ട സ്ഥാവരജംഗമ വസ്തുക്കൾ ഒക്കെ പോലീസ് കസ്റ്റഡിയിൽ എങ്ങോട്ടോ കൊണ്ട്പോകുന്നത് കണ്ടിരുന്നു.
അകത്തു നിന്നും ഒരു തണുത്ത കാറ്റു പുറത്തേക്ക് വന്ന് കുഞ്ഞമ്മുവിനെ ഒന്ന് വലംവച്ച് കടന്നു പോയി. കുഞ്ഞമ്മുവിന് പെട്ടന്ന് എന്തോ ഒരു ഭീതി തോന്നി. ഘടു ഒന്ന് വേഗം വന്നിരുന്നെങ്കിൽ....
പെട്ടന്ന് അകത്തു നിന്നും ഒരു ശബ്ദം കേട്ടു ... എന്തൊക്കെയോ വീഴുന്ന പോലെ!
ദൈവമേ! കുഞ്ഞമ്മു വിറച്ചുപോയി. അവൾ ചെവിയോർത്തു. അകത്തെ ഏതോ റൂമിൽ ആരോ നടക്കുന്നതിന്റെ പതിഞ്ഞ ശബ്ദം അവൾ വ്യക്തമായി കേട്ടു. രണ്ടു വർഷമായി പൂട്ടിക്കിടന്ന വീടാണ്... അപ്പൊ പിന്നെ ...?
പെട്ടന്ന് കിട്ടിയ ഏതോ ഒരു ധൈര്യത്തിന്റെ പുറത്ത് അവൾ ഫ്ലാറ്റിനു ഉള്ളിലേക്ക് കയറി.
അകത്ത് കടന്നപ്പോൾ ആ ശബ്ദം കുറച്ചു കൂടി വ്യക്തമായി അവൾ കേട്ടു. ഇടത്ത്ഭാഗത്തെ ബെഡ്റൂമിൽ നിന്നാണ്. ശബ്ദമുണ്ടാക്കാതെ കുഞ്ഞമ്മു ബെഡ്റൂമിനെ സമീപിച്ചു.
വാതിലിന്റെ മറവിൽ നിന്നും കുഞ്ഞമ്മു ശ്വാസം അടക്കിപ്പിടിച്ച് പതിയെ അകത്തേക്ക് നോക്കിയ അതെ സെക്കണ്ടിൽ അവൾ ആ ശബ്ദം കേട്ടു
പെങ്ങളെന്താ ലേറ്റ് ആയത്.. ? ഞാൻ എത്ര നേരം നോക്കി നിന്നെന്നു അറിയോ? പിന്നെ ഞാൻ തന്നെ അങ്ങട് തുടങ്ങി..തൂക്കലും വെടിപ്പാക്കലും ഒക്കെ...
റൂമിൽ ഇരുട്ടായിരുന്നു. ഇരുട്ടിന്റെ മറവിൽ നിന്നും ജാലകത്തിലൂടെ വരുന്ന ചെറിയ പ്രകാശത്തിന്റെ വഴിയിലേക്ക് ആ രൂപം ഇറങ്ങി നിന്നു.
ഘടു .... ഘടോൽക്കചൻ ...!!
മനസ്സിന്റെ ആശ്വാസം വാക്കുകളെ മുറിച്ചു. അവ്യക്തമായി കുഞ്ഞമ്മു എന്തോ പറഞ്ഞു..പിന്നെ പെട്ടന്ന് പുറത്തേക്ക് പോയി വൃത്തിയാക്കാനുള്ള ആവശ്യത്തിനു കൊണ്ട്വന്നിരുന്ന സാധനങ്ങൾ അകത്തേക്ക് എടുത്ത് കൊണ്ട് വന്നു ജോലി തുടങ്ങി. ഘടു ചുമരോക്കെ തൂത്ത് വൃത്തിയാക്കുകയാണ്. പെട്ടന്ന് അവൻ പറഞ്ഞു.
കുഞ്ഞമ്മൂനു ഒരു കൂട്ടം കാണണോ? സ്പെഷ്യൽ സാധനാണ് കേട്ടാ..
എന്താടാ? വല്ല കാറിന്റെം ചിത്രമാണോ?
അതൊന്നുമാല്ലാന്നു. ദേ ഈ ഭിത്തീലേക്ക് നോക്കിയേ... ബെഡ്റൂമിലെ അലമാരയോട് ചേർന്ന ചുമരിലേക്ക് കൈ ചൂണ്ടി ഘടു പറഞ്ഞു. കുഞ്ഞമ്മു നോക്കി..
ശരിയാണല്ലോ. ഇതെന്താ സാധനം! "റ" ഷേപ്പിൽ കട്ടിയുള്ള ഒരു ലോഹത്തകിട് ചുമരിൽ അടിച്ചു പിടിപ്പിച്ചിരിക്കുന്നു... കുഞ്ഞമ്മു മുന്നോട്ട് വന്നു അത് തൊട്ടു നോക്കി... തണുപ്പ് ... ഒരു വല്ലാത്ത തണുപ്പ്...!
എന്താടാ ഘടൂ ഇത്? ഒരു പിടിയും കിട്ടുന്നില്ലല്ലോ...!!
പെങ്ങളെ... ഇതാണ് പ്രേതങ്ങളെ ഓടിക്കാനുള്ള സാധനം...
ന്ദേ ... അതെങ്ങിനെ?
ഇതാണ് കുതിര ലാടം. അതായത് കുതിരകളിടുന്ന ഷൂ... പണ്ടത്തെ സായിപ്പന്മാരുടെ വിശ്വാസാ.. ഇത് വീട്ടില് സ്ഥാപിച്ചാൽ പിന്നെ പ്രേതവും പിശാചും ഒന്നും അടുക്കില്ലാന്നു.. ഇന്നത്തെ കാലത്ത് ഇതൊരു ഷോ-നു വേണ്ടി ആള്വോള് വാങ്ങി ഇങ്ങനെ പിടിപ്പിക്കുന്നു...ഈ സംഗതി ഭാഗ്യം കൊണ്ട് വരൂന്നാ ഇപ്പോഴത്തെ വിശ്വാസം..... എന്തോന്ന് ഭാഗ്യം.... ഇത് വാങ്ങി വച്ചവൻ ഇപ്പൊ എവിടെയാ!
കുഞ്ഞമ്മു ഒരു നിമിഷം അന്തിച്ചു. ഘടുന്റെ വായിൽ നിന്നും കാര്യമായിട്ട് വല്ലതും കേൾക്കുന്നത് ആദ്യായിട്ടാണ്‌.
ഘടൂനു എങ്ങിനെ അറിയാം....ഇതൊക്കെ...?
ഘടു പെട്ടന്ന് തിരിഞ്ഞു നിന്ന്. അവന്റെ മുഖത്ത് ഒരു പ്രത്യേക ഭാവം....
ഘടു ഡ്യൂഡ് ... അങ്ങിനെ വിളിക്കണം....അങ്ങിനെ വിളിച്ചാൽ മതി..
എന്താടാ....കുഞ്ഞമ്മു ഘടുവിന്റെ ഭാവമാറ്റം കണ്ടു കണ്ണ് മിഴിച്ചു...
പെങ്ങള്ക്ക് അറിയോ.... ഇവിടത്തെ മരിച്ചു പോയ സാറ് എന്നെ വിളിച്ചിരുന്ന പേരാ അത്. ആറുമാസം, ഒരു ദിവസം പോലും മുടക്കാതെ അങ്ങേരുടെ കാറ് ഞാൻ കഴുകിയിട്ടുണ്ട്.
ഡാ...പുരാണം ഒക്കെ പിന്നെ പറയാം... വേഗം പണി തീർക്കാൻ നോക്ക്...
കുഞ്ഞമ്മു തിരിഞ്ഞു നിന്ന് തറ തൂക്കാൻ തുടങ്ങി.
തോളിൽ പെട്ടന്ന് ഒരു തണുത്ത സ്പർശം ...
കുഞ്ഞമ്മു ഒന്ന് നടുങ്ങിത്തിരിഞ്ഞു. ഘടുവിന്റെ കണ്ണുകളിൽ നിന്നും അഗ്നി പറന്നു
പെട്ടന്നൊന്നും എന്റെ പണി തീരില്ല കുഞ്ഞമ്മൂ..... ഒരു പാട് കാര്യങ്ങൾ പറയാനുണ്ട്....ഒരു പാട്...
അല്ല, ഇത് ഘടു അല്ല... വേറെ ആരോ! പരിചയമില്ലാത്ത ശബ്ദം...!
കുഞ്ഞമ്മുവിനു തല ചുറ്റി... അവൾ ഒന്ന് കൂടെ നോക്കി. പെട്ടന്നവൾക്ക് മനസ്സിലായി: മുറിയിൽ താൻ ഒറ്റയ്ക്കാണ്..!
കണ്ണുകളിൽ ഇരുട്ട് കയറി...കാലുകൾ അയഞ്ഞു.... തറയുടെ തണുപ്പ് കുഞ്ഞമ്മു അറിഞ്ഞില്ല.
അന്ന് ഒരു ദിവസം കുഞ്ഞമ്മുവിനു ഗവണ്‍മ്മെന്റ് ഹോസ്പിറ്റലിൽ കിടക്കേണ്ടി വന്നു. ചുട്ടു പൊള്ളുന്ന ദേഹവുമായി പിച്ചും പേയും പറയുന്ന മകളെ നോക്കി ഒന്നും മനസ്സിലാവാതെ അവളുടെ പാവം അമ്മ ഇരുന്നു.
പിറ്റേന്ന് രാവിലെയോടെ പനി കുറഞ്ഞു. എന്നിട്ടും കുഞ്ഞമ്മു പഴയ കുഞ്ഞമ്മു ആയില്ല, അവള് എന്തൊക്കെയോ പറയും.. പിന്നെ കുറച്ചു നേരം മിണ്ടാതിരിക്കും.
വീട്ടില് തിരിച്ചെത്തിയതോടെ സംസാരം നിന്നു. അമ്മയ്ക്ക് സമാധാനായി. പിറ്റേന്ന് മുതൽ വീണ്ടും ജോലിക്ക് പോകാൻ തുടങ്ങി. പക്ഷെ കുഞ്ഞമ്മു ആരോടും സംസാരിച്ചില്ല. ഇടക്ക് തന്നോട് തന്നെ സംസാരിച്ചു.
കുഞ്ഞമ്മു ആശുപത്രിയിൽ നിന്നും തിരിച്ചു വന്ന ദിവസം വൈകുന്നേരം ത്രിവിക്രമൻ ചേട്ടൻ കുഞ്ഞമ്മുവിന്റെ അമ്മയെ കാണാൻ ചെന്നു. കുറ്റബോധത്തോടെ അയാൾ കുഞ്ഞമ്മുവിന്റെ അമ്മയോട് പറഞ്ഞു:
അമ്മിണിച്ചേച്ചി ക്ഷമിക്കണം. ഒറ്റയ്ക്ക് ആ ഫ്ലാറ്റില് പോയി ജോലി ചെയ്യാൻ കുഞ്ഞമ്മൂനു ഇഷ്ടം ഉണ്ടായിരുന്നില്ല. പിന്നെ നമ്മുടെ ഘടോൽക്കചനെയും കൂട്ടിനു അയക്കാം എന്ന് പറഞ്ഞു അവളെ നിർബ്ബന്ധിച്ച് അങ്ങോട്ട്‌ അയച്ചത് ഞാനാ. പക്ഷെ ഘടുനെ അയക്കാൻ പറ്റിയില്ല... അവൻ സ്ഥലത്തുണ്ടായിരുന്നില്ല - ഒരാഴ്ചത്തേക്ക് കോയമ്പത്തൂര് പോയിരിക്ക്യായിരുന്നേ...സമയദോഷം!

**************
എടോ അഷ്ഫറേ ...
എന്താടാ ച്യാരാ?
തനിക്ക് പെണ്ണ് കെട്ടിക്കൂടെ?
26 വയസ്സായി. ഒരു അയക്കൂറേന കിട്ടിയാ ഇപ്പ കെട്ടും. പക്ഷെ വീട്ടുകാര് പറേന്നു മച്ചുരിറ്റി വന്നിട്ടില്ലാന്നു...
ഡാ ... നിനക്കിനിയും മച്ചുരിറ്റി വന്നിട്ടില്ലാ??
മൂന്നാലു പ്രാവശ്യം വന്നതാ...അതിപ്പം വീട്ടുകാരോട് എങ്ങിനെ പറയും?
പറയണ്ട .... പറഞ്ഞാൽ പ്രശ്നാ.... എനിക്കനുഭവോണ്ട് ...
അത് പോട്ടെ ച്യാരാ.... നീ എന്താ ഇതിപ്പ ചോദിക്കാൻ കാരണം?
നീ ഇതിപ്പോ അഞ്ചാമത്തെ ഹോട്ടലാ കൊള്ളൂലാന്നു പറഞ്ഞു വിട്ടു കളയുന്നത്.. നീ ഈ കൊച്ചി ടൌണ്‍ മുഴുവനും എന്നെ നടത്തുമോ?
ഇതും കല്ല്യാണോം തമ്മിലുള്ള ബന്ധമെന്താപ്പാ?
അല്ല ഒരു പെണ്ണൊക്കെ കെട്ടിയാല് പ്രാരബ്ധോം ടെൻഷനും ഒക്കെയായി നീ ഫുഡടി കുറക്കുമല്ലോ എന്നൊന്ന് ചിന്തിച്ചു പോയതാ..
ഡാ ച്യാരാ... ഇതാ എത്തിപ്പോയി...ഇവിടെ നല്ല വറുത്തരച്ച കോഴിക്കറി കിട്ടും.
കൊച്ചി ടൌണിലെ ഒരു ഇടത്തരം ഹോട്ടൽ. ഡൈനിങ്ങ്‌ ഏറിയ ഒന്ന് വലം വച്ച് കിച്ചണിലേക്ക് പ്രവേശിക്കുന്ന അഷ്ഫർ.
കിച്ചനിലേക്ക് തുറക്കുന്ന വാതിലിൽ ഒരു "No Admission" ബോർഡ്‌.
അഷ്ഫർ: ഇതെന്താ കോളേജോ?
ഉള്ളിൽ പാചകക്കാർ തിരക്കിട്ട് ഭക്ഷണം തയ്യാറാക്കുകയാണ്. ചിക്കൻ കറിയുടെ അടുത്തേക്ക് ചെന്ന് ആഹ്ലാദത്തോടെ അഷ്ഫർ: ഹായ് കോഴി!!
ചിക്കൻ തയാറാക്കിക്കൊണ്ട് നിന്നിരുന്ന കുക്ക്: ഫ! കോഴി നിന്റെ....ആരെടാ നീ...? ( അരിശത്തോടെ അയാൾ അഷ്ഫറിന്റെ കോളറിൽ കയറിപ്പിടിക്കുന്നു)
കുക്കിന്റെ കൈ വിടുവിക്കാൻ ശ്രമിച്ചു കൊണ്ട് അഷ്ഫർ:
അല്ല ചേട്ടാ... ചേട്ടൻ കോഴിക്കറി ഉണ്ടാക്കുന്നത്‌ കണ്ടതിലുള്ള സന്തോഷം കൊണ്ട് മനസ്സില് ഒരു സ്റ്റാറ്റസ് മെസേജ് ഇട്ടു പോയതല്ലേ...
കുക്ക്: നീ അത് മനപൂർവ്വം എന്നെ ഒന്ന് ആക്കാൻ വേണ്ടി ചോദിച്ചതല്ലെടാ? കോഴിയെ കാണുമ്പോ സന്തോഷം വരാൻ നീയാരാ ...ഈ കോഴീടെ നായരോ? ..
ഓടി വരുന്ന മറ്റു പാചകക്കാർ. അവർ കുക്കിനെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നു... അക്കൂട്ടത്തിൽ ഒരുത്തൻ ദേഷ്യത്തോടെ അഷ്ഫറിനോട്:
താൻ എങ്ങിനെ ഇതിനുള്ളിൽ കയറിഎടോ? കസ്റ്റമെർസിന് ഇങ്ങോട്ട് പ്രവേശനം ഇല്ല എന്നറിയില്ലേ?
അഷ്ഫർ: അതെന്തു മര്യാദയാ ചേട്ടാ? നിങ്ങൾ ആഹാരം പാകം ചെയ്യുന്നത് ഞങ്ങൾ കസ്റ്റമെർസിന് വേണ്ടി അല്ലെ? അപ്പൊ പിന്നെ ഞങ്ങള്ക്ക് ഇതൊക്കെ ഒന്ന് കാണാനുള്ള സ്വാതന്ത്ര്യം ഇല്ലേ?
കൂട്ടത്തിൽ ഒരു കുക്ക്: അല്ല എന്താ ഉദ്ദേശം?
പെട്ടന്ന് അവിടേക്ക് കയറി വരുന്ന ച്യാരൻ അഷ്ഫറിനെ പുറത്തോട്ടു വലിച്ചു കൊണ്ട്: ക്ഷമിക്കണം ചേട്ടന്മാരെ.... വിട്ടുകള...
അഷ്ഫറിനെ കിച്ചണിൽ നിന്നും പുറത്തെ ഹാളിലേക്ക് എത്തിക്കുന്ന ച്യാരൻ: എന്താടാ ഇത്?
അഷ്ഫർ: ആ കുക്ക് ചേട്ടന്റെ കൂടെ നിന്ന് ആ തിളയ്ക്കുന്ന കോഴിക്കറി പാശ്ചാത്തലമാക്കി ഒരു സെൽഫി ... അത്രയേ ഞാൻ ഉദ്ദേശിച്ചുള്ളൂ... അതിനാണ് അവന്മാര്..
ച്യാരൻ (അഷ്ഫറിനെ ഒരു കസേരയിൽ ഇരുത്തി, എതിർ വശത്തുള്ള കസേരയിൽ ഇരുന്നു കൊണ്ട്): ട്വിട്ടരിൽ പോസ്റ്റ്‌ ചെയ്യാനായിരിക്കും. ഡോ അല്ലേൽ തന്നെ തനിക്ക് ട്വിട്ടരിൽ നല്ലൊരു പേരുണ്ട്.... തീറ്റപ്രാന്തൻ-ന്നു
അഷ്ഫർ: ഇമ്മാതിരി കാര്യങ്ങൾ ഞാൻ ഇനിയും പോസ്റ്റും. സാമൂഹ്യപ്രതിബദ്ധത മാത്രം പോരല്ലോ സോഷ്യൽ മീഡിയായില്. അല്പ്പം ഫുഡും കിടക്കട്ടെടോ...അല്ല ച്യാരാ, താനിപ്പോ ചോർത്താൻ ഒന്നും പോകാറില്ലേ?
ച്യാരൻ, ചെറിയ ചമ്മലോടെ: റ്റ്വിട്ടറില് ച്യാരൻ-ന്നാണ് പേരെങ്കിലും, സൌത്ത് ഇന്ത്യയില് എന്റത്രേം സാമൂഹ്യപ്രതിബദ്ധത ഉള്ള ട്വീപ്പ് വേറെ കാണില്ല ബ്രോ. (ഗദ്ഗദത്തോടെ) നിനക്കറിയോ? രാവിലെ എണീറ്റാല് റ്റ്വിട്ടറില് കയറി HELP എന്ന ഹാഷ്ടാഗ് അടിച്ച് നോക്കിയില്ലെങ്കില് പിന്നെ എനിക്ക് ഉറക്കം വരൂല്ലാ..
അഷ്ഫർ, അൽപ്പമൊന്നു തണുത്ത്: വിഷമിക്കരുത് ച്യാരാ...നെന്താണെന്ന് വച്ചാൽ ഓർഡർ ചെയ്യ്‌..
മെനു നോക്കി ഓർഡർ ചെയ്യുന്ന ച്യാരൻ.
വെയിറ്റർ പോയതിനു ശേഷം അഷ്ഫർ: അല്ല സ്നേഹിതാ. ഒരു സംശയം.. സാത്ത് എടുക്കാൻ പോകുന്ന നമ്മുടെ ഈ ഷോർട്ട് ഫിലിമിന്റെ Producer ആരാണ്... ?
ച്യാരൻ : ഒരു ബാലേട്ടൻ. ലണ്ടനിൽ ബിസിനസ് ... മണ്ടനാ .. സാത്ത് അഭിനയിപ്പിക്കാം എന്നൊക്കെ പറഞ്ഞാണത്രെ കക്ഷിയെ ചാക്കിലാക്കിയത്.... അങ്ങേരു Lake Placid-ൽ വാടകയ്ക്ക് എടുത്തിരിക്കുന്ന ഫ്ലാറ്റിലേക്കല്ലേ നമ്മൾ ഇപ്പോൾ പോകുന്നത്. സാത്തും ബാലേട്ടനുമൊക്കെ വൈകിട്ടോടെ എത്തും..
അഷ്ഫർ: അല്ല... ഫുഡിന്റെ arrangement ഒക്കെ എങ്ങിനെയാ? എനി ഐഡിയ??
ച്യാരൻ: ഡോ ...താൻ ഈ പ്രൊജക്റ്റിന്റെ ക്യാമറമാനോ ... അതോ കറുമുറമാനോ??
അഷ്ഫർ: പട്ടിണി കിടന്നു പടം ചെയ്യേണ്ട ഗതികേട് ഒന്നും എനിക്ക് വന്നിട്ടില്ല... എന്നെ അങ്ങ് വിട്ടേക്ക്...
ച്യാരൻ: ഡോ...ബാലേട്ടന്റെ പേർസണൽ കുക്കുണ്ടാവും നമ്മുടെ കൂടെ.. ഒരു മിസ്റ്റർ കീലേരി
രണ്ടു പേരുടെയും മുന്നിൽ ഭക്ഷണം വിളമ്പുന്ന വെയിറ്റർ
അഷ്ഫർ, ഭക്ഷണം മുന്നില് വന്ന സന്തോഷത്തോടെ: എങ്കില് ഡബിൾ ഒക്കെ... എന്നാ, തുടങ്ങാ...
രണ്ടു പേരും ഭക്ഷണം കഴിക്കുന്നു. കൂടുതൽ ഫുഡ് ഓർഡർ ചെയ്യുന്ന അഷ്ഫർ .. അവനങ്ങിനെ ആസ്വദിച്ചു കഴിക്കുകയാണ്...
അവസാനം ഒരു ഐസ് ക്രീമിന് കൂടെ ഓർഡർ ചെയ്യാൻ തുടങ്ങുമ്പോ അഷ്ഫറിന്റെ കൈ കടന്നു പിടിച്ചു വേണ്ടാന്നു ആങ്ങ്യം കാട്ടുന്ന ച്യാരൻ .. അവൻ ധ്രുതിയിൽ വെയിറ്ററോട്: താനൊക്കെ കൂടെ ഇയാളെ ഭക്ഷണം കൊടുത്തു കൊല്ലും... പെട്ടന്ന് ബില്ല് കൊണ്ട് വാടോ...
വെയിറ്റർ: അതിനീ സാറ് മദ്യപിക്കൊന്നുമല്ലല്ലൊ ... ആഹാരം കഴിക്കുകയല്ലേ...
ച്യാരൻ: ആഹാ... തനിക്കീ സാറിനെ ഒന്ന് മദ്യപിപ്പിക്കണംന്നു തോന്നുന്നണ്ടല്ലേ...
വെയിറ്റർ (ഇതെന്താണ്... എന്ന് പിറുപിറുത്തുകൊണ്ട്): ഇപ്പ എത്തിക്കാം... സാറ് ഒന്ന് ക്ഷമിക്ക്...
ഇതിനിടയിൽ, അഷ്ഫർ: എനിക്ക് മദ്യം വേണ്ട... ഹറാമാണ് ..
ച്യാരൻ: ഹോ ഭാഗ്യം.. അതിന്റെ ഒരു കുറവ് കൂടെ ഉണ്ടായിരുന്നൂ....!
പോക്കറ്റിൽ തന്റെ പേഴ്സ് തപ്പുന്ന ച്യാരൻ .. അവന്റെ വിവിധ മുഖഭാവങ്ങൾ ഫോക്കസിൽ. ആത്മവിശ്വാസത്തിൽ തുടങ്ങി, സംശയത്തിലൂടെ കടന്നു പോയി പിന്നെ ചമ്മലാണെന്ന് തോന്നിക്കുന്ന ഞെട്ടലോടെ അവൻ അഷ്ഫറിനോട് പതുക്കെ: ഡാ ...
അഷ്ഫർ, പെട്ടന്ന് ച്യാരന്റെ ഭാവം മാറിയത് കണ്ട്: എന്താടാ?
ച്യാരൻ: ഇടി വെട്ടിയവനെ പാമ്പ്‌ കടിച്ചു...
അഷ്ഫർ: ന്താടാ?
ച്യാരൻ: ഡാ നിനക്ക് ഭക്ഷണം വാങ്ങിത്തരാൻ ഇറങ്ങിയ എന്റെ പേഴ്സ് ആരോ അടിച്ചു മാറ്റീ-ന്ന് ..
അഷ്ഫർ, അപ്പോൾ അത് വഴി വന്ന ഒരു വെയിറ്ററോട് : അതേ ചേട്ടാ.... ഇവിടെ അടുക്കളയിൽ പാത്രം കഴുകാൻ ഒരാള് വേണം-ന്നു പറഞ്ഞിരുന്നില്ലേ.... ആളെ കൊണ്ട് വന്നിട്ടുണ്ട്... അങ്ങട് തരട്ടെ?
വെയിറ്റർ, കാര്യം പിടികിട്ടാതെ: ആര് പറഞ്ഞു? ഇവിടൊന്നും വേണ്ട. ഇവിടെ ഡിഷ്‌ വാഷർ ഉണ്ട്...
അഷ്ഫർ, ച്യാരനോട്: അങ്ങനെ ആ പ്രതീക്ഷയും പോയി... ഇനി എന്താ ചെയ്യാ?
ച്യാരൻ: ഒടുക്കത്തെ തമാശ... തല്ക്കാലം നീ പൈസ ഇട് ... ഞാൻ പിന്നെ തരാം..
അഷ്ഫർ തന്റെ സീറ്റിന്റെ തൊട്ടടുത്ത സീറ്റിൽ വച്ചിരുന്ന തന്റെ ബാഗിനായി കൈ നീട്ടുന്നു. കയ്യിൽ ഒന്നും തടയുന്നില്ല...പെട്ടന്നൊരു ഞെട്ടലോടെ അവൻ നോക്കുമ്പോൾ ബാഗ് തൊട്ടപ്പുറത്തെ ടേബിളിന്റെ ഒരു സീറ്റിൽ ഇരിക്കുന്നതായി കാണുന്നു. (ആത്മഗതം: ഈ ബാഗ് എന്തിനാ സീറ്റ് മാറിയിരുന്നത്? ഞാൻ അറിഞ്ഞില്ലല്ലോ..)
ഒരു നീല മിനി ബാക്പാക്ക് ആണ് - ഫ്രന്റ്‌ സൈഡിൽ ഒരു ഭീമൻപാണ്ടയുടെ ചിത്രം പ്രിന്റ്‌ ചെയ്തിട്ടുണ്ട്...അതിനു അടിയിൽ GAP എന്ന് വലിയ അക്ഷരങ്ങളിൽ ഏഴുതിയിരിക്കുന്നു
എഴുന്നേറ്റ് പോയി ആ ബാഗ് എടുത്ത് സ്വന്തം സീറ്റിലേക്ക് വരുന്നതിനിടയിൽ, ബാഗ് ഒന്ന് കുലുക്കി നോക്കിക്കൊണ്ട് - ഇതിനെന്താപ്പാ വെയിറ്റ് കൂടിയത് പോലെ....
സീറ്റിൽ ഇരുന്നു ബാഗിന്റെ പോക്കറ്റ് തുറക്കുന്ന അഷ്ഫർ. പോക്കറ്റ് കാലിയാണ്. ഒരു ഞെട്ടലോടെ ച്യാരനെ നോക്കുന്ന അഷ്ഫർ. ച്യാരൻ അഷ്ഫറിന്റെ ഭാവമാറ്റം ശ്രദ്ധിച്ചുകൊണ്ട്, പതുക്കെ: കഥയില് ട്വിസ്റ്റ് ഉണ്ടല്ലേ? അങ്ങ് സ്കൂട്ടായാലോ?
അഷ്ഫർ: ഒരു മിനുട്ട്...
ബാഗിന്റെ പോക്കറ്റു കാലിയാണ് എന്ന് മനസ്സിലായതിനു ശേഷം, ബാഗ് താഴെ വച്ച് അതിന്റെ മെയിൻ സിബ്‌ തുറക്കുന്ന അഷ്ഫർ. അവൻ കൈ പതുക്കെ അകത്തേക്കിടുന്നു... തിരിച്ചെടുക്കുന്ന കയ്യിൽ 500 രൂപയുടെ ഒരു കെട്ട് ..ഞെട്ടലോടെ അവൻ അത് തിരിച്ച് ബാഗിലേക്ക് തന്നെ ഇടുന്നു.. ഒന്നും മനസ്സില്ലാവാതെ ച്യാരനെ നോക്കുന്നു.
ച്യാരൻ പതുക്കെ എഴുന്നേറ്റ് വന്നു ബാഗ് തുറന്നു നോക്കുന്നൂ.. അവന്റെ മുഖത്ത് ഞടുക്കം. ചുറ്റും നോക്കി, ആരും ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം ബാഗിനുള്ളിൽ കയ്യിട്ട് ഒരു 500 രൂപയുടെ നോട്ട് മാത്രം തിരിച്ചെടുത്ത് അത് ബില്ലിന്റെ കൂടെ വച്ച് പതുക്കെ അഷ്ഫറിനെയും വിളിച്ച്, ബാഗുമെടുത്ത് സ്ഥലം കാലിയാക്കുന്ന ച്യാരൻ.
അഴുക്കു പിടിച്ച ഒരു പ്രതലത്തിലേക്ക് വന്നു വീഴുന്ന നോട്ടുകെട്ടുകൾ, ഒപ്പം നീല നിറത്തിലുള്ള ഒരു പാക്കറ്റും.
ച്യാരൻ തന്റെ കയ്യിലുള്ള ബാഗിലെ സാധനങ്ങൾ നിലത്തേക്ക് കുടഞ്ഞിട്ടതാണ്. മെയിൻ റോഡിൽ നിന്നും ഏറെ മാറി, ഉപേക്ഷിക്കപ്പെട്ട ഒരു കെട്ടിടത്തിന്റെ വരാന്തയിലാണ് അവരിപ്പൊ.
നിലത്തേക്ക് കുനിഞ്ഞിരുന്നു താഴെ വീണു കിടക്കുന്ന നോട്ടുകെട്ടുകൾ തിരിച്ച് ബാഗിലേക്കിടുന്ന ച്യാരൻ. അവൻ ഒരു കെട്ട് എടുത്ത് കയ്യിൽ അല്പ്പനേരം പിടിച്ചുകൊണ്ട്: അഞ്ഞൂറിന്റെ കെട്ടുകളാണ് -- കുറഞ്ഞത് ഒരു അമ്പതെണ്ണം എങ്കിലും കാണും.
അഷ്ഫർ നിലത്തേക്ക് ഇരുന്നു, താഴെ വീണു കിടക്കുന്ന നീല നിറമുള്ള പാക്കറ്റ് എടുത്ത്, അത് തുറക്കുന്നു. അകത്തെ വേറെ ഒരു പാക്കറ്റിൽ നീല നിറത്തിലുള്ള transparent ക്രിസ്റ്റലുകലാണ്. അവൻ അതിലേക്ക് നോക്കി, സംശയത്തോടെ: ഇതെന്താ തുരിശോ?
ച്യാരൻ, നോട്ടുകെട്ടുകൾ ബാഗിൽ നിറച്ച് എഴുന്നേറ്റു നിന്നുകൊണ്ട്: മിക്കവാറും കുരിശാവാനാണ് സാധ്യത.... ഇതെന്താടാ ഇപ്പൊ ചെയ്യാ?
അഷ്ഫർ: തമാശയല്ല, തെങ്ങിന് ഒക്കെ ഇടുന്ന തുരിശു പോലുണ്ട്. (പെട്ടന്ന് എന്തോ ഓർത്തുകൊണ്ട്): അയ്യോ എന്റെ ഡ്രസ്സ്‌ .. ഇന്നലെ വാങ്ങിയ നാല് അണ്ടർവിയർ ആ പോയ ബാഗിൽ ഉണ്ടായിരുന്നു..... ഞാനിനി എന്താ ചെയ്ക?
ച്യാരൻ: എടോ മരത്തലയാ.. കയ്യില് പൈസ അല്ലെ വന്നിരിക്കുന്നത്.. താനെന്തിനാ ആ പോയ ബാഗിനെ പറ്റി ബേജാറാവുന്നേ??
അഷ്ഫർ, ഒരു ഞെട്ടലോടെ: എന്ത്... ഈ പൈസ നമ്മള് എടുക്കാനോ? പോലീസിൽ ഏൽപ്പിക്കുന്നതല്ലേ നല്ലത്? വല്ല കുഴൽപ്പണമോ മറ്റോ ആണെങ്കിലോ?
ച്യാരൻ: ഇപ്പൊ പിന്നെ ഹോട്ടലിൽ ബില്ലടച്ചില്ലേ ... അതെങ്ങിനെയാ? എടാ ...തല്ക്കാലം ഇത് നമ്മുടെ കയ്യില് ഇരിക്കട്ടെ... നമുക്ക് ഇപ്പൊ Lake Placid Apartments-ലേക്ക് വിടാം... ബാലേട്ടനും സാത്തും കൂടെ വന്നിട്ട്, അവരോടു കൂടെ ചോദിച്ചിട്ട്, എന്താണ് വേണ്ടത് എന്ന് വച്ചാൽ ചെയ്യാം.
മനസ്സില്ലാ മനസ്സോടെ ച്യാരനെ പിന്തുടരുന്ന അഷ്ഫർ. പെട്ടന്ന് എന്തോ ഓർമ്മിച്ച് തിരിഞ്ഞു നോക്കിക്കൊണ്ട്:. ഡാ ആ തുരിശ് ... സോറി ആ നീല സാധനമുള്ള പാക്കറ്റ് എടുത്തില്ല....
ച്യാരൻ: അത് നമുക്കെന്തിനാടാ... അതവിടെ കിടക്കട്ടെ...
അഷ്ഫർ, തിരിച്ചു പോയി ആ പാക്കറ്റ് എടുത്ത് തിരിച്ചു വന്നിട്ട്: ഇതിന്റെ ഉടമസ്ഥൻ വന്നു ഇതിനെ പറ്റി ചോദിച്ചാൽ എന്തോ പറയും.. നമുക്ക് കിട്ടിയത് നാം അങ്ങിനെ തന്നെ സൂക്ഷിക്കുന്നു..
അപ്പോഴേക്കും ഓട്ടോ അടുത്തെത്തിക്കഴിഞ്ഞു. രണ്ടു പേരെയും കയറ്റി അത് അകന്നകന്നു പോകുന്നു.

(End of Episode 1)

Also Read



6 comments:

  1. good.. Waiting for the next episode

    ReplyDelete
  2. മൊത്തത്തിൽ ഒരു റ്റ്വിത്തേപ്പു മയം. സംഗതി കൊള്ളാം

    ReplyDelete
    Replies
    1. opkp part 2 http://balettanblog.blogspot.in/2015/03/2.html

      Delete
  3. ഗൊള്ളാം ഗൊള്ളാം! - Blaschke

    ReplyDelete
    Replies
    1. opkp part 2 http://balettanblog.blogspot.in/2015/03/2.html

      Delete