1/12/14

എന്നെയങ്ങ് കൊല്ല്...! FINAL PARTകൊല .... അരുംകൊല!!സീൻ 6

അധികം ഫർണിഷിങ്ങ് ഒന്നും ചെയ്യാത്ത ഒരു സാധാരണ മുറി - വൈകുന്നേരം 

തറയിൽ കിടക്കുന്ന നിഷ്ക്കു. അയാളുടെ മുഖത്തേക്ക് പാറി വീഴുന്ന വെള്ളത്തുള്ളികൾ. ആരോ വെള്ളം തളിക്കുകയാണ്.

പതുക്കെ കണ്ണ് തുറക്കുന്ന നിഷ്ക്കു. രണ്ടു നിമിഷം എടുത്തു അയാൾക്ക് കഴിഞ്ഞ സംഭവങ്ങൾ മനസ്സിലേക്ക് വരാൻ.

നിഷ്ക്കുവിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് അയാൾക്ക് സമീപം ഇരിക്കുന്ന ഒരു മനുഷ്യന്റെ പുറംഭാഗം.

നിഷ്ക്കുവിനു അയാളുടെ മുഖം കാണാം. ചെറിയ ഒരു പരിചയ ഭാവം നിഷ്ക്കുവിന്റെ മുഖത്ത്. ചാടിയെണീക്കുന്ന നിഷ്ക്കു.

"എവിടെയോ കണ്ടു മറന്ന മുഖം....!"

"നിഷ്ക്കു അല്ലേടാ? ഞാൻ ഞാനാരാമോൻ  - നെന്റെ ഒരു  ട്വിറ്റെർ ഫെയിസ്ബുക്ക് ദോസ്ത് "

"My God!  പ്രസിദ്ധ Tweet മാഗസിൻ മറ്റ്വിഗ്രയുടെ എഡിറ്റർ ഞാനാരാമോൻ! എനിക്ക് വയ്യ! ചേട്ടാ എങ്ങിനെ ഇവിടെ എത്തിപ്പെട്ടു?"

"ഒന്നും പറയേണ്ട കൂവാ ... നെന്റെ ചൈന ട്വീറ്റ് തന്നെയാണ് എന്നെയും ഇതിൽ കുടുക്കിയത്. ആ തങ്ങള് എന്നെയാണ് ആദ്യം പൊക്കിയത്. ഇപ്പൊ ഇവിടെ രണ്ടു ദിവസമായി."
അവിശ്വസനീയമായ എന്തോ കേട്ടത് പോലെ ഞാനാരാമോനെ നോക്കുന്ന നിഷ്ക്കു. 

"അല്ല ഞാ. മോ. ചേട്ടാ, നിങ്ങളെ എങ്ങിനെയാണ് ഇവന്മാര് പൊക്കിയത്? നിങ്ങള് നാട്ടിൽ ഉണ്ടായിരുന്നോ?"
"എന്റെ നിഷ്ക്കൂ....എന്നെ ഇവിടേക്ക് വരുത്തിയതല്ലേ .. ഒരു കള്ളം പറഞ്ഞ്...!"

"എങ്ങിനെ?"

"ശ്രീ ബോബി ചെമ്മണ്ണൂർ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരുത്തൻ എന്നെ വിളിച്ചിട്ട് പറഞ്ഞു, ചെമ്മണ്ണൂരിന്റെ അടുത്ത പരസ്യത്തിൽ മറഡോണയുടെ കൂടെ അഭിനയിക്കാൻ എന്നെ തിരഞ്ഞെടുത്തിരിക്കുന്നു, എന്ന്. ഞാൻ ആരാ മോൻ! കേട്ട പാതി കേൾക്കാത്ത പാതി ഫുട്ബോൾ പ്രാന്തനായ ഞാൻ ഇങ്ങോട്ട് വിട്ടു."

"നീറ്റായി ഇവന്മാരുടെ വായിൽ കൊണ്ട് പോയി തലവച്ചു കൊടുത്തു, അല്ലെ?"

"അങ്ങനേം പറയാം."

"അത് ശരി, അപ്പോ കാള പെറ്റു എന്ന് കേക്കുമ്പോ കയർ എടുക്കുന്നത് ഞാൻ മാത്രമല്ല! ഈ ലോകത്ത് ഇതിനു മാത്രം എവിടെയാ ചേട്ടാ ഇത്രയധികം കയർ?"

"ഇവർ അന്യെഷിക്കുന്ന രേഖയെക്കുറിച്ച് എനിക്ക് ഒന്നും അറിഞ്ഞുകൂടാ എന്ന് കരഞ്ഞു പറഞ്ഞിട്ടും കാലു പിടിച്ചിട്ടും ഒന്നും ഇവന്മാര് എന്നെ വിട്ടില്ല. ഭയങ്കര പീഡനം ആയിരുന്നു! നിഷ്ക്കൂ, ക്ഷമിക്കണം -- ഗത്യന്തരമില്ലാതെ എനിക്ക് നിന്റെ കാര്യം പറയേണ്ടി വന്നു."

"അത് സാരമില്ല ചേട്ടാ. ചേട്ടനെ അവര് നല്ലവണ്ണം ഉപദ്രവിച്ചു കാണും അല്ലേ? പീഡനം എന്നൊക്കെ പറയുമ്പോ? അടി, ഇടി, പട്ടിണിക്കിടൽ..?"

"ഹേ അങ്ങനൊന്നും ഇല്ല. ഇവൻമ്മാരുടെ കോയി ബിരിയാണി ... എന്റെ നിഷ്ക്കു നീ ഒന്ന് കഴിച്ചു നോക്കണം...എന്താ അതിന്റെ ഒരു ടെയിസ്റ്റ്!"

"അത് ശരി! അപ്പൊ പിന്നെ പീഡനം എന്ന് പറഞ്ഞിട്ട്...?"

"എടാ വിവരം കെട്ടവനെ.... ഇന്ഗ്ലീഷ് പ്രീമിയർ ലീഗ് നടക്കുന്ന സമയമാണ് ഇതെന്ന് നെനക്കറിയാൻ പാടില്ലേ? ആ സമയത്താണ് ഇവന്മാർ ഒരു ടീവി പോലും തരാതെ എന്നെ ഈ മുറിയിൽ അടച്ചു പൂട്ടിയിരിക്കുന്നത്! ഒരു MU ഫാനിനു ഇതിലും വലിയ പീഡനം എന്താണെടാ?"

"നമിച്ചു ഗുരോ! അപ്പൊ എന്താണ് അടുത്ത പരിപാടി? ബിരിയാണി - കോയിയോ ബീഫോ?"

"നിഷ്ക്കൂ. തമാശ കള. നമ്മൾ ഇനി സൂക്ഷിച്ചു നീങ്ങണം. അല്ലെങ്കിൽ പുലിവാലാണ്. അങ്ങനെ ഒരു രേഖ ഇല്ല എന്ന് എത്ര പറഞ്ഞിട്ടും ഇവന്മാർക്ക് തലയിൽ കയറുന്നില്ല. ഇതിൽ നിന്നും ഊരാൻ നമ്മൾ എന്തെങ്കിലും ഒരു വഴി കണ്ടേ മതിയാകൂ."

പെട്ടന്ന് മുറിയുടെ വാതിൽ തുറക്കപ്പെടുന്നു. ഒരു ചെറുപ്പക്കാരൻ അകത്തേക്ക് കടന്നു വന്ന് ഞാനാരാമോനോട്: രണ്ടു പേരെയും ബോസ്സ് വിളിക്കുന്നു.

അന്യോന്യം നോക്കുന്ന ഞാനാരാമോനും നിഷ്ക്കുവും. ചെറുപ്പക്കാരനെ അനുഗമിച്ചുകൊണ്ട് അവർ പുറത്തേക്ക്.


സീൻ 7

നേരത്തെ നമ്മൾ കണ്ട മുറി. അവിടെ ഉപവിഷ്ട്ടനായിരിക്കുന്ന തങ്ങൾ.

അയാളുടെ ആലോചനാമഗ്നമായ മുഖം നിഷ്ക്കുവിനെയും ഞാനാരാമോനെയും കണ്ടപ്പോൾ അല്പ്പം തെളിയുന്നു. ഒരു ചെറുചിരിയോടെ: "അല്ല നിഷ്ക്കു സാർ .. പേടിച്ചു പോയി അല്ലെ....ഹഹഹഹ! നമ്മക്ക് ഇതൊന്നു തീർക്കേണ്ടേ ചങ്ങായിമാരെ?"

മറുപടി പ്രതീക്ഷിക്കാതെ രണ്ടു പേരോടും ഇരിക്കാൻ ആങ്ങ്യം കാട്ടുന്ന തങ്ങൾ.

അയാൾ തുടരുന്നു: "കൊല്ലാനുള്ള കാര്യം ഒന്നും അല്ലല്ലോ? ചീനെന്റെ കയ്യീന്ന് ആ രേഖ തിരിച്ചു വാങ്ങിക്കുക. കാര്യം അത്ര എളുപ്പല്ല എന്നെനിക്കറിയാം. അതിനല്ലേ കായി. എത്ര കായി വേണെങ്കിലും എറിയാൻ നമ്മള് തയ്യാറാ. അനക്ക് അവിടത്തെ അതിന്റെ ആളെ നിങ്ങ ഒന്ന് മുട്ടിച്ച് തന്നാൽ മാത്രം മതി. "

അന്യോന്യം നോക്കുന്ന ഞാനാരാമോനും നിഷ്ക്കുവും. നിഷ്ക്കു എന്തോ തീരുമാനിച്ച് ഉറച്ച മട്ടിൽ, പെട്ടന്ന്: "ഊഹിച്ചതു ശരിയാണ്. കുറച്ചു ബുദ്ധിമുട്ടാണ്. ഞങ്ങൾക്ക് ആണെങ്കി അതിന്റെ അവിടുത്ത ആളെ നല്ല പരിചയോം ഇല്ല. പക്ഷെ ഇവിടെ കേരളത്തിൽ ഒരാളുണ്ട്. നിങ്ങളെ സഹായിക്കാൻ കഴിവുള്ള ഒരാള്."

നിഷ്ക്കുവിന്റെ മറുപടി ഞാനാരാമോനെ അല്പ്പം ഒന്ന് അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പക്ഷെ അതയാൾ പുറത്ത് കാട്ടുന്നില്ല.

ആകാംക്ഷാപൂർവ്വം തങ്ങള്: അതാരാപ്പാ? ഓന്റെ പേരും അഡ്രസും പറ.

നിഷ്ക്കു: "ക്ഷമിക്കണം, അഡ്രസ്‌ ഞങ്ങൾക്കും അറിയില്ല. അതോണ്ടാണ് ഞങ്ങൾ ഇത്ര നേരം ഇദ്ദേഹത്തെ പറ്റി ഒന്നും പറയാതിരുന്നത്. ഇദ്ദേഹം താമസം തിരുവനന്തപുറത്താണ് എന്ന് മാത്രം അറിയാം. പേര് വിക്രമൻ മുത്തു."

തങ്ങൾ: ഇത് ഇടങ്ങാറാണല്ലോ! എന്തെങ്കിലും ഒരു കുളൂ തന്നാൽ നമ്മടെ പുള്ളാരു തപ്പിപ്പിടിച്ചേനെ. ആളെങ്ങെനെ?

നിഷ്ക്കു: "ഭയങ്കരനാണവൻ! ഇപ്പൊ അദ്ദേഹം ഫ്രീ ആണെന്ന് തോന്നുന്നു. ഇത്രയും ദിവസം  ആന്ധ്രാപ്രദേശ്‌ വിഭജിച്ച് തെലുങ്കാനാ സംസ്ഥാനം ഉണ്ടാക്കിക്കികൊടുക്കുന്ന തിരക്കിലായിരുന്നു."

തങ്ങൾ: നമ്മള് എങ്ങിനെ പോയി കണ്ടെത്തും ഇദ്ദേഹത്തെ?

പെട്ടന്ന് ഇടപെട്ടു കൊണ്ട് ഞാനാരാമോൻ: ഇദ്ദേഹത്തിന്റെ ഒരു ഫോട്ടോ ഞങ്ങളുടെ കയ്യിൽ ഉണ്ട്. അതു വച്ച് കണ്ടുപിടിക്കാൻ ശ്രമിച്ചു കൂടെ?

തങ്ങൾ: ആഹാ എന്നിട്ടാ? ഫോട്ടോ എടുക്ക് എടുക്ക്. അപ്പൊ പിന്നെ എന്താ പ്രശ്നം! നമ്മടെ പുള്ളാര് കണ്ടെത്തിക്കോളുംന്നു!

ഞാനാരാമോൻ, അല്പ്പം ഉറച്ച ശബ്ദത്തിൽ: പക്ഷെ ഒരു കണ്ടീഷൻ ഉണ്ട് തങ്ങളേ. ഞങ്ങളെ ഇന്ന് തന്നെ വിട്ടയക്കണം.

തങ്ങള്: അതെങ്ങൈനെയാ? ജ്ജ് എന്താ പറേന്നെ? ഓനെ കിട്ടിയാൽ അല്ലെ നിങ്ങളെ വിട്ടയക്കാൻ പറ്റൂ.

ഞാനാരാമോൻ: ഞങ്ങളെ ഇനിയും ഇവിടെ കൊണ്ട് വരാനാണോ തങ്ങൾക്ക് ബുദ്ധിമുട്ട്? അപ്പൊ പിന്നെ ആ പറയുന്നതിൽ കാര്യമില്ല. ഞങ്ങൾ സഹകരിച്ചോളാം.

തങ്ങള്, അല്പ്പം ഒന്നാലോചിച്ചു. എന്നിട്ട്: ശരി നിങ്ങള് പറേന്ന പോലെ. ഫോട്ടോ എടുക്ക് 

ഞാനാരാമോൻ തന്റെ പോക്കറ്റിൽ നിന്നും ഒരു ഫോട്ടോ എടുത്തു കൊടുത്ത് കൊണ്ട്: ഇതാണ് പുള്ളിയുടെ ഫോട്ടോ. കയ്യില് വച്ചോളൂ.

ഫോട്ടോ വാങ്ങി നോക്കുന്ന തങ്ങൾ. ഞാനാരാമോന്റെയും നിഷ്ക്കുവിന്റെ മുഖങ്ങൾ സംഘർഷഭരിതം. നിഷ്ക്കുവിനു ഫോട്ടോ കാണാൻ കഴിയുന്നില്ല. അത് കൊണ്ട് ഞാനാരാമോൻ ആരുടെ ഫോട്ടോ ആണ് തങ്ങൾക്ക് കൊടുത്തിരിക്കുന്നത് എന്ന് അയാൾക്ക് ഒരു ഊഹമില്ല.

ഫോട്ടോ നോക്കിക്കൊണ്ട് തങ്ങൾ: ഇത് മതി ഇത് മതി.ഇങ്ങനെ ഒരാള് ഉണ്ടെങ്കിൽ അത് ആദ്യേ പറഞ്ഞൂടായിരുന്നോ പഹയാ. ഇദ്ദേഹത്തെ ഞമ്മള് കണ്ടെത്തിക്കോളും.

തന്റെ സമീപം നില്ക്കുന്ന ഒരു അനുചരന് ഫോട്ടോ കൈമാറുന്ന തങ്ങൾ. എന്തോ മന്ത്രിക്കുന്നു.

തിരിഞ്ഞു ഞാനാരാമോനോടും നിഷ്ക്കുവിനോടുമായി അയാൾ: അപ്പൊ പിന്നെ ബുദ്ധിമുട്ടിച്ചത്തിനു ക്ഷമിക്കണം. ഇന്നിവിടെ താമസിച്ച് നാളെ പോയാ പോരെ? ദുബായിലേക്കുള്ള നാളത്തെ ഫ്ലൈറ്റ് ടിക്കെറ്റ് ടൌണിൽ കോയാസ് ട്രാവൽ എജെന്സീ പോയാ ഫ്രീ ആയിട്ട് കിട്ടും. ഞാൻ പറഞ്ഞു അറെഞ്ച് ചെയ്തോളാം.

ഞാനാരാമോൻ പെട്ടന്ന് ചാടിക്കയറി, നിഷ്ക്കുവിന് സംസാരിക്കാൻ അനുവാദം കൊടുക്കാതെ: വളരെ നന്ദി തങ്ങളെ! ഞങ്ങക്ക് ഇന്ന് തന്നെ പോകണം. ഇന്ന് രാത്രി ടൌണിൽ താമസിച്ചോളാം. ഞങ്ങളുടെ ബാഗും ഫോണും ഒക്കെ തിരിച്ചു തരാൻ ദയവുണ്ടാകണം.

തങ്ങൾ: അതിനെന്താ! എന്നാൽ പിന്നെ നിങ്ങളെ ടൌണിൽ കൊണ്ടാക്കാൻ വണ്ടി അയക്കാം. എന്തെ?

ഞാനാരാമോൻ: അതൊന്നും വേണ്ട. ബാഗും സാധനങ്ങളും കിട്ടിയാൽ ഞങ്ങൾ അങ്ങ് പോക്കോളാം.

തങ്ങൾ: നിങ്ങടെ ഇഷ്ടം പോലെ.

ഇവനിതെന്തു പറ്റി എന്ന ഭാവത്തിൽ ഞാനാരാമോനെ നോക്കുന്ന നിഷ്ക്കു. രണ്ടുപേരുടെയും ബാഗുകളുമായി തങ്ങളുടെ ഒരു അനുചരൻ പ്രവേശിക്കുന്നു.

തങ്ങൾ: ഇതാ നിങ്ങടെ സ്ഥാവരജംഗമവസ്തുക്കൾ. എല്ലാം ഉണ്ടോന്നു നോക്കിക്കോണം. പിന്നെ തിരിച്ച് വന്നു ഇതില്ലായിരുന്നൂ അതില്ലായിരുന്നൂ എന്നൊന്നും പറഞ്ഞെക്കരുത്...!

തങ്ങളുടെ ബാഗുകൾ പരിശോധിക്കുന്ന ഞാനാരാമോനും നിഷ്ക്കുവും.

ഞാനാരാമോൻ, പെട്ടന്ന്: അയ്യോ എന്റെ മൊബൈൽ ഇതിൽ കാണുന്നില്ലല്ലോ! പുതിയ സാംസങ്ങ് മൊബൈൽ ആയിരുന്നു!

തങ്ങൾ: അല്പ്പം വിഷമത്തോടെ: ഉറപ്പാണോ? നല്ലോണം നോക്കിയാട്ടെ.

ഞാനാരാമോൻ: ഇല്ല തങ്ങളെ, ഇതിൽ കാണുന്നില്ല.

തന്റെ സ്ഥലത്ത് നിന്നും വേറെ ഒരാളുടെ ഒരു വിലപ്പെട്ട സാധനം നഷ്ട്ടപ്പെടുക എന്ന് പറഞ്ഞാൽ - തങ്ങൾക്ക് അത് ഒരു ക്ഷീണമാണ്. അയാളുടെ മുഖത്ത് ചിന്താഭാരം. തന്റെ അനുചരനോട്‌ എന്തോ കുശുകുശുക്കുന്ന തങ്ങൾ. അനുചരൻ പുറത്തേക്ക് പോയി രണ്ടു മിനുട്ട് കഴിഞ്ഞു ഒരു പാർസലുമായി തിരിച്ചു വരുന്നു.

ആ പാർസൽ വാങ്ങിച്ച് ഞാനാരാമോന് നല്കിക്കൊണ്ട് തങ്ങൾ: ക്ഷമിക്കണം. സാംസങ്ങിന്റെ കിട്ടിയില്ല. ഇത് ഐഫോണാണ്. കുട്ടികൾ ആരോ വന്നപ്പോ കൊണ്ട് വന്നതാണ്. ഇത് വരെ ഉപയോഗിച്ചിട്ടില്ല.

ആ പാർസൽ മനസ്സില്ലാമനസ്സോടെ ഏറ്റുവാങ്ങിക്കൊണ്ട് ഞാനാരാമോൻ: അത് സാരമില്ല തങ്ങളെ. ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം.

ഇതൊക്കെ കണ്ടുകൊണ്ട് അന്തം വിട്ടു നില്ക്കുകയായിരുന്ന നിഷ്ക്കു പെട്ടന്ന്: അയ്യോ, എന്റെ രണ്ടായിരം UAE ദിർഹം കാണുന്നില്ലല്ലോ! കഷ്ട്ടമായി!

തങ്ങളുടെ ഭാവം പെട്ടന്ന് മാറുന്നു. അയാൾ കോപിഷ്ഠനായി: ഹിമാറുകള്! ഇവിടെ കള്ളന്മാരോ? ശൈത്താന്മാരെ .. ഒന്നിനേം ഞമ്മള് വെറുതെ വിടില്ല. തുണി ഉരിഞ്ഞു പരിശോധിക്കും. പൈസ കളവു നടത്താനും തുടങ്ങിയാപ്പിന്നെ.

(തിരിഞ്ഞു നിഷ്ക്കുവിനോടായി) ക്ഷമിക്കണം മോനെ. ഞമ്മള് എല്ലാരേം ഒന്ന് പരിശോധിക്കുന്ന വരെ ക്ഷമിക്കണം. (ഞാനാരാമോനെ ചൂണ്ടി) ചങ്ങായി പൊയ്ക്കോട്ടേ. മോനെ ഞമ്മള് എന്റെ സ്വന്തം കാറിൽ കൊണ്ടാക്കി തരാം.

തങ്ങളുടെ ഇങ്ങനെ ഒരു നീക്കം നിഷ്ക്കു പ്രതീക്ഷിക്കുന്നില്ല. ഞാനാരാമോന് മൊബൈൽ ഫോണ്‍ കൊടുത്തത് പോലെ  തങ്ങൾ ഉടനെ പോയി പൈസ എടുത്തു കൊണ്ട് വന്നു തരും എന്നാ കണക്കുകൂട്ടലിലാണ് നിഷ്ക്കു ഇല്ലാത്ത ദിർഹത്തിന്റെ കാര്യം പുളു അടിച്ചത്.. അത് തെറ്റിയിരിക്കുകയാണ്.

ചെയ്തത് അബദ്ധമായോ എന്ന ഭാവം നിഷ്ക്കുവിന്റെ മുഖത്ത്. അയാൾക്ക് എന്ത് ചെയ്യണം എന്ന് നിശ്ചയമില്ല.

നിഷ്ക്കു ദിർഹത്തിന്റെ കാര്യം വെറുതെ തട്ടി വിട്ടതാണെന്ന് മനസ്സിലാക്കിയ ഞാനാരാമോൻ പെട്ടന്ന് ഇടയ്ക്കു കയറി: വിട്ടുകള നിഷ്ക്കൂ. സമയത്തിനല്ലേ പൈസയെക്കാളും വില? നമുക്ക് ഇപ്പൊ തന്നെ പോകണം! സാരമില്ല തങ്ങളേ. അരുണാചൽ പ്രദേശ്‌ ഒക്കെ കയ്യിൽ വന്നതിനു ശേഷം ഈ നിഷ്ക്കുവിനു കാര്യമായി എന്തെങ്കിലും കൊടുത്താൽ മതി.

തങ്ങൾ, ആകെ വികാരാധീനനായി: നിങ്ങളുടെത് ബല്ല്യ മനസ്സാണ് കുട്ടികളെ. നന്ദിയുണ്ട്. വളരെ നന്ദിയുണ്ട്.

നിഷ്ക്കുവിനെയും കൂടെ കൂട്ടി, സാധനങ്ങളും എടുത്ത് പെട്ടന്ന് സ്ഥലം കാലിയാക്കുന്ന ഞാനാരാമോൻ. അവർ പോകുന്നതും നോക്കി നില്ക്കുന്ന തങ്ങൾ.


സീൻ 9 

തങ്ങളുടെ വീട്ടിൽ നിന്നും കുറച്ച് അകലെ എത്തി എന്ന് ബോധ്യം വന്നതിനു ശേഷം,ഞാനാരാമോൻ, കോപാകുലനായി, നിഷ്ക്കുവിനോട്: ഒരു മാതിരി വൃത്തികേടു കാട്ടരുത്. ജീവനും കയ്യിൽ പിടിച്ച് നിക്കുമ്പോഴാണോടെ ഓവർസ്മാർട്ട് ആവുന്നത്? അവിടുന്ന് ഒരു വിധത്തിൽ തടിയൂരാൻ നോക്കുമ്പോഴാ അവന്റെ ഒരു ദിർഹം...

നിഷ്ക്കു, മുഖത്ത് വലിയ ഒരു ചമ്മൽ ഉണ്ട്. രക്ഷപ്പെട്ടതിന്റെ സന്തോഷവും ആ മുഖത്ത് ഉണ്ട്. ക്ഷമാപണപൂർവ്വം ഞാനാരാമോനോട്: ക്ഷമീര് ഞാ മോനെ. ഞങ്ങളെ ഇസ്പേഡ് ആക്കിയതല്ലേ ആ തങ്ങള്. തിരിച്ച് ഒന്ന് അങ്ങോട്ട്‌ വെക്കാം എന്ന് കരുതി. അല്ലാതെ...

"അത് വിട്. നമുക്ക് എത്രയും വേഗം ടൌണിൽ എത്തണം. എന്നിട്ട് SP ഓഫീസിൽ പോയി ഈ സംഭവം റിപ്പോർട്ട് ചെയ്യണം. അല്ലെങ്കിൽ ഈ തങ്ങള് നമ്മളുടെ പുറകീന്ന് മാറില്ല."

നിഷ്ക്കു: അതൊക്കെ വേണോ ഞാ മോ ചേട്ടാ? അങ്ങേരു അത്ര പ്രൊഫെഷണൽ ക്രിമിനൽ ആണെന്ന് തോന്നുന്നില്ല. ഭൂമിഭ്രമം തലയ്ക്കു പിടിച്ച ഒരു വട്ടൻ.

"വേണം നിഷ്ക്കൂ. അങ്ങിനെ എഴുതിത്തള്ളേണ്ട. നമ്മളെ രണ്ടാളെയും പുല്ലു പോലെ ഇവിടെ എത്തിച്ച വമ്പനാ. പക്ഷെ, ആ ഫോട്ടോയിലെ ആളെ കണ്ടെത്താൻ അങ്ങേരു കുറച്ചു ബുദ്ധിമുട്ടും!"

"അതെന്താ നിനക്ക് ഇത്ര ഉറപ്പ്?"

"എടാ അത് എന്റെ തന്നെ ഒരു പഴയ ഫോട്ടോ ആയിരുന്നു. ഗൾഫിൽ പോകുന്നതിനു കുറെ മുമ്പ് എടുത്ത ഫോട്ടോ. അഞ്ചുകൊല്ലം മുമ്പുള്ള ആ എന്നെ എനിക്ക് തന്നെ ഇപ്പൊ കണ്ടാൽ മനസ്സിലാവാറില്ല. പിന്നെയല്ലേ ആ തങ്ങൾക്ക്..!"

"സമ്മതിച്ചു ഉസ്താദെ. നിങ്ങളാരാ മോൻ! പക്ഷെ ടൌണിലേക്ക് നടന്നു പോകാം എന്ന് നിങ്ങള് തീരുമാനിച്ചത് അത്ര ശരിയായില്ല! എത്ര വച്ച് ഇങ്ങനെ നടക്കണം എന്നാ?"

"നിഷ്ക്കൂ, ഇവന്മാരുടെ കൂടെ നമ്മൾ ഉള്ള ഓരോ നിമിഷവും അപകടകരമാണ് എന്നറിയില്ലേ? വിഷമിക്കാതിരി. വല്ല വാഹനവും വരാതിരിക്കില്ല. ടൌണിലേക്ക് ചിലപ്പോ ഒരു ലിഫ്റ്റ്‌ കിട്ടിയേക്കാം."

ഒഴിഞ്ഞ റോഡിലൂടെ മുന്നോട്ടു നടക്കുന്ന നിഷ്ക്കുവും ഞാനാരാമോനും. വല്ലപ്പോഴും ചില ഇരു ചക്രവാഹനങ്ങൾ പോകുന്നത് ഒഴിച്ചാൽ റോഡ്‌ വിജനമാണ്. ഒരു റിക്ഷ പോലും കാണ്മാനില്ല.

പെട്ടന്ന് പുറകിൽ നിന്നും ഒരു വലിയ വാഹനത്തിന്റെ ശബ്ദം. തിരിഞ്ഞു നോക്കുന്ന നിഷ്ക്കുവിന്റെയും ഞാനാരാമോന്റെയും മുഖം തെളിയുന്നു. ആ വരുന്നത് ഒരു ടാക്സിയാണ്. ഒരു ടവേറ. ലിഫ്റ്റിനു വേണ്ടി ആങ്ങ്യം കാട്ടുന്ന നിഷ്ക്കു.

നിർത്താതെ രണ്ടു പേരെയും കടന്നു മുന്നോട്ടു പോകുന്ന ടവേറ. നിഷ്ക്കുവിന്റെയും ഞാനാരാമോന്റെയും മുഖം മങ്ങുന്നു.

കുറച്ചു ദൂരം മുന്നോട്ടു പോയതിനു ശേഷം പതുക്കെ നില്ക്കുന്ന ടവേറ. അതിന്റെ ഡ്രൈവർ ഒരു ഹോണ്‍ മുഴക്കുന്നു. അത് തങ്ങൾക്കുള്ള സിഗ്നൽ ആണെന്ന് മനസ്സിലാക്കുന്ന നിഷ്ക്കുവും ഞാനാരാമോനും ആശ്വാസത്തോടെ, സന്തോഷത്തോടെ ഓടിച്ചെന്നു വണ്ടിയുടെ പുറകിൽ കയറുന്നു.ഡോർ അടയുന്നു.

മുന്നോട്ടു കുതിക്കുന്ന ടവേറയുടെ മുന്നിൽ നിന്നുള്ള ദൃശ്യം. ക്യാമറ പതുക്കെ വണ്ടിയുടെ മുൻസീറ്റുകളിലേക്ക് ഫോക്കസ് ചെയ്യുന്നു.

മുഖത്ത് ഒരു ചെറു പുഞ്ചിരിയോടെ വണ്ടി ഡ്രൈവ് ചെയ്യുന്ന അൽമുനീഫ്!

മുന്നിലെ പാസ്സഞ്ചർ സീറ്റിൽ, നമ്മൾ ആദ്യ രംഗത്തിൽ ദുബായിയിൽ വച്ച് കണ്ട ആഫ്രിക്കക്കാരൻ!

തൊട്ടുപുറകിലെ സീറ്റിൽ രണ്ടു പേരുടെയും ബോസ്സ് ആണെന്ന് തോന്നിക്കുന്ന വേഷഭൂഷാദികളോടെ ഒരു ചൈനാക്കാരൻ!

ഏറ്റവും പുറകിലെ സീറ്റിൽ ഇതൊന്നും അറിയാതെ, ആശ്വാസം നിറഞ്ഞ മുഖഭാവവുമായി നിഷ്ക്കുവും ഞാനാരാമോനും.

Sign-off caption:

"തങ്ങള് നിർത്തിയിടത്ത് നിന്ന് ചൈന തുടങ്ങിയിട്ടുണ്ട്. അരുണാചൽപ്രദേശിന്റെ ചരിത്രത്തിൽ ശ്രീ നിഷ്ക്കുവിന്റെയും ഞാനാരാമോന്റെയും പേരുകൾ തങ്കലിപികളാൽ എഴുതിച്ചേർക്കപ്പെടുമോ? നമുക്ക് കണ്ടറിയാം..!"

(The End)

3 comments:

 1. ഇങ്ങനെ കൊല്ലണോ പാവങ്ങള്‍

  ReplyDelete
 2. ഏന്‍ഡ് ക്രെഡിറ്റ്‌സ് എഴുതിക്കണിക്കുമ്പോള്‍ "അവനവന്‍ കുരുക്കുന്ന" റീപ്രൈസ്ഡ് വേര്‍ഷന്‍ കേള്‍ക്കുന്നു....

  ശുഭം

  ReplyDelete
 3. ഞാനാരാമോനെ കൊണ്ടുവന്നില്ലായിരുന്നെങ്കില്‍ ഒരു പൂര്‍ണ്ണത കിട്ടില്ലായിരുന്നു. ഇപ്പൊ എല്ലാമായി...
  പിന്നെ എന്‍റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ബാലേട്ടന്‍റെ തുടര്‍ക്കഥകളെക്കാളും രസകരം ഒറ്റ എപ്പിസോഡില്‍ തീര്‍ക്കുന്ന ഐറ്റംസാണ്..കാത്തിരിക്കാനുള്ള എന്‍റെ ക്ഷമയില്ലായ്മയാകാം കാരണം :)

  ReplyDelete