3/10/15

OPKP PART 5




Also Read
PART 1
PART 2
PART 3
PART 4 

5

ക്ലോക്കിൽ 10 അടിച്ചപ്പോൾ അർജുനൻ നമ്പൂതിരി തട്ടിപ്പിടഞ്ഞെഴുന്നേറ്റു. അടുത്ത് കിടന്നിരുന്ന ന്റെ കേരളത്തെ കുലുക്കി വിളിച്ചു...
ന്താ കഥ! ചന്തീലു വെയില് അടിക്കുന്നറിയാതെ കിടന്നങ്ങട് ഉറങ്ങിപ്പോയല്ലോ... ശിവ ശിവ! ഇല്ലത്ത് എങ്ങാനും ആയിരുന്നെങ്കില് ഇപ്പൊ അഫൻ നമ്പൂരിയുടെ വായീന്ന് കേൾക്കാൻ ഇനിയൊന്നും ...
ന്താ തിരുമേനീ ഉറക്കം സുഖയില്ലേ?? മുറിയിലേക്ക് കയറിവന്ന സാത്ത് ചോദിച്ചു...
കിടന്നങ്ങട് ഉറങ്ങിപ്പോയെ.... ഇന്നലെ മേളത്തോട് മേളം ആയിരുന്നല്ലോ...ഒരു കഥകളി കണ്ട അനുഭവം...! അത് പോട്ടെ...ഇതെന്താ? ആരും പോകുന്നില്ലേ? ചുംബനസമരം കാണാൻ?
എന്റെ കേരളം എഴുന്നേറ്റ് കണ്ണ് തിരുമ്മിക്കൊണ്ട് പറഞ്ഞു: നശിപ്പിച്ചല്ലോ തിരുമേനി...! ഒരു ചൂടു ചുംബനം ഇങ്ങനെ ക്ലിക്ക് ആയി വരുകയായിരുന്നൂ... അതിനിടയ്ക്കാ ...
സാത്ത്: പുലർച്ചെ കാണുന്ന സ്വപ്നം ഫലിക്കൂന്നാണ് വിശ്വാസം...
അർജുനൻ നമ്പൂതിരി: പക്ഷെ കയ്യ്യീന്നു പോയി. ഫലിക്കണം എങ്കില് അതാരോടും പറയാൻ പാടില്ല്യാ... താനാണെങ്കില് അതിങ്ങട് വിളമ്പിത്തരുകേം ചെയ്തു...
എന്റെ കേരളം: അങ്ങിനെ ഒരു തത്വം ഞാൻ കേട്ടിട്ടില്ലല്ലോ...തിരുമേനീ...  If there is a will, there is a way എന്നല്ലേ... അപ്പൊ ഒരുങ്ങിക്കളയാം...
സാത്ത്: എടോ ഈക്കെ... താൻ ഇവിടെ വന്നു കൂടിയിരിക്കുന്നത് ചുംബന സമരം എന്നൊക്കെ പറഞ്ഞു തെണ്ടിത്തിരിയാനോ അതോ തിരക്കഥ എഴുതാനോ?
എന്റെ കേരളം: സാത്ത് സർ ഒന്ന് മനസ്സിലാക്കണം. ഒരു കലാകാരൻ ... അവൻ കലാകാരനാവുന്നത് പൊള്ളുന്ന ജീവിത യാഥാർഥ്യങ്ങളിലൂടെ കടന്നു പോകുമ്പോഴാണ്...
സാത്ത്: തന്നെ പറഞ്ഞിട്ട് കാര്യമില്ല...ഇന്ന് ലൊക്കേഷൻ സർച്ചിനു എന്റെ കൂടെ വരാൻ ഒരാള് വേണം... ബാലേട്ടനെ കിട്ടുമോ എന്ന് നോക്കട്ടെ....
പെട്ടന്ന് നമ്പൂതിരി ചോദിച്ചു: അല്ല സാത്ത് സാറേ... ഒരു സംശയം. നമ്മുടെ ഇടയിൽ മറ്റേതു പരത്തുന്നൂ ഇന്നലെ വന്ന മന്ത്രവാദി പറഞ്ഞത് ആരെ കുറിച്ച് ആയിരിക്കും?
സാത്ത്: മറ്റേതോ?
എന്റെ കേരളം: ഹഹഹ നെഗറ്റീവിറ്റി. അതല്ലേ തിരുമേനി ഉദ്ദേശിച്ചേ?
നമ്പൂതിരി: അതന്നെ! ആരായിരിക്കും ആ ശുംഭൻ?
എന്റെ കേരളം: ഭ്രാന്ത്. കാണുന്നതിൽ എല്ലാം നെഗറ്റീവിറ്റി കണ്ടുപിടിക്കുന്നവര് തന്നെയാ ഈ ലോകത്തിലെ ഏറ്റവും വലിയ നെഗറ്റീവ് എലെമന്റ്സ്. സാത്ത് സാർ ചിലപ്പോ എതിർത്തേക്കാം - എന്നാലും ഒരു കാര്യം പറഞ്ഞോട്ടെ?
സാത്ത്: എന്താടോ?
എന്റെ കേരളം: ഇന്നലെ താങ്കള് കൊണ്ടുവന്ന ആ ആള് ശരിയല്ല... അയാളെ സൂക്ഷിക്കണം. അല്ല, നമ്മുടെ ചാരന് എങ്ങിനെ ഉണ്ട്?
സാത്ത്: നിങ്ങളുടെ കൂടെ വരുന്നില്ല, ഇവിടെ ഇരുന്നോളാം എന്നൊക്കെ പറഞ്ഞു -- എഴുന്നേറ്റപ്പോൾ. പിന്നെ ബാലേട്ടൻ നിർബ്ബന്ധിച്ചപ്പൊൾ റെഡി ആവാൻ തുടങ്ങിയിട്ടുണ്ട്.
നമ്പൂതിരി: അത് നന്നായി. അല്പ്പം ശുദ്ധവായു ശ്വസിക്കട്ടെ പാവം. അല്ല... എന്ത് സ്വപ്നാ അങ്ങേരു കണ്ടത് എന്ന് വല്ലോം വിശദമായി പറഞ്ഞോ?
സാത്ത്: ബാലേട്ടൻ എന്തൊക്കെയോ ചോദിക്കുന്നത് കേട്ടു. ആ നമ്പൂതിരീ.. താൻ വരുന്നോടോ ലൊക്കേഷൻ സർച്ചിനു?
നമ്പൂതിരി: സാത്ത് സാർ sorry .... ഇവിടെ ഒന്ന് സെറ്റില് ആവട്ടെ.. നാളെ മുതല് നോം നിഴല് പോലെ അങ്ങയുടെ കൂടെ ണ്ടാവും... അതച്ചട്ടാ...
തിരുമെനിയായി, തിരുമേനിയുടെ പാടായി... ഞാൻ റെഡി ആവട്ടെ - എന്റെ കേരളം എഴുന്നേറ്റു...
ഇറങ്ങാൻ നേരം അഷ്ഫർ നമ്പൂതിരിയുടെ അടുത്തേക്ക് വന്നു.
തിരുമേനി എവിടെ എങ്കിലും പോകാൻ വല്ല പ്ലാനും?
ഇല്ല്യ... ഞാൻ ഇവിടെ തന്നെ കാണും.
തിരുമേനി ഒന്ന് സൂക്ഷിക്കണം. നമ്മുടെ ബാഗ് ഇവിടെ തന്നെ ഉണ്ട്. തിരിച്ചു വന്നിട്ട് പോലീസിനെ ഏൽപ്പിക്കാമെന്നാ തീരുമാനം. വരുന്നത് വരട്ടെ....
ഉവ്വ്... നോം ശ്രദ്ധിച്ചോളാം ... പേടിക്കണ്ട...
 *********************
എല്ലാവരും ഇറങ്ങിയപ്പോൾ കുറേ നേരം നമ്പൂതിരി വെറുതെ കിടന്നു. പിന്നെ മുറികളിലൂടെ വെറുതെ ചുറ്റി നടന്നു.
ബാൽക്കണിയിൽ നിന്നപ്പോൾ താഴെ സ്വിമ്മിംഗ് പൂളിൽ രണ്ടു തരുണീമണികൾ  നീന്തിത്തുടിക്കുന്നു..!!
നമ്പൂതിരി കുറച്ചു സമയം നോക്കി നിന്നൂ.. കേമായിട്ടുണ്ട് ... ശാന്തം..പാപം! പട്ടണക്കാഴ്ചകൾ! നോക്കി അങ്ങട് നിക്കുമ്പോ ഒരു ഹരം-ക്കെ തോന്നണുണ്ട് ...!
പക്ഷെ ഇത് നോക്കി നിന്നാൽ കാര്യം നടക്കില്ലല്ലോ... !
അയാളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.
അയാൾ തന്നോട് തന്നെ പതുക്കെ പറഞ്ഞു: തിരുമേനി കലക്കീട്ടോ...അഭിനയം കെങ്കേമം ...! പക്ഷേ വേഷം അഴിച്ചു വയ്ക്കാൻ നേരായിരിക്കുന്നൂ...
വെള്ള മുണ്ടും ഷർട്ടും ഹ്യൂഗോ ബോസ്സ് ഡിസയിനർ സ്യൂട്ടിനു വഴി മാറട്ടെ... തലമുടിയിലെ കാച്ചിയ വെളിച്ചെണ്ണയുടെ മണം ...അതാണ്‌ സഹിക്കാൻ പറ്റാത്തത്... കഴുകിക്കളയട്ടെ...
കുളിച്ച് വസ്ത്രം മാറിയതിനു ശേഷം അയാൾ അഷ്ഫർ പറഞ്ഞ അലമാരക്ക് മുന്നിൽ വന്ന് ഒരു നിമിഷം നിന്നു. പിന്നെ അത് വലിച്ചു തുറന്നു...
ആ നീല ബാഗ് .. അത് കടന്നെടുത്തു. പിന്നെ ഫ്ലാറ്റ് പൂട്ടി പുറത്തേക്ക് നടന്നു.
സെക്ക്യൂരിറ്റി കാബിനു സമീപം നിന്നിരുന്ന ഗാർഡ് ത്രിവിക്രമൻ ഒരു നിമിഷം ഞെട്ടി...
കോട്ടും സ്യൂട്ടും ധരിച്ച ഒരു ചെറുപ്പക്കാരൻ ഗേറ്റിനു നേരെ നടന്നു വരികയാണ്...എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു കൊണ്ട് അയാൾ അങ്ങിനെ വരികയാണ്.. !ഹിന്ദി സിനിമാനടൻ വല്ലതുമാണോ? ചിലപ്പോ ആയിരിക്കും...ഇതിനു മുമ്പ് കണ്ടിട്ടില്ല... ! കൈയ്യിൽ ഒരു നീല ബാഗ്‌. 
 ആ ചെറുപ്പക്കാരൻ ത്രിവിക്രമനെ ഒന്നു നോക്കി....ത്രിവിക്രമൻ ഒന്ന് ചൂളിപ്പോയി. അയാൾ ഒന്നും ചോദിക്കാതെ പെഡസ്ട്രിയൻ ഗേറ്റ് തുറന്നു കൊടുത്തു...
പുറത്തേക്കിറങ്ങിയ ചെറുപ്പക്കാരന്റെ മുന്നിലേക്ക് പെട്ടന്ന് ഒരു വാഹനം ഒഴുകി വന്നു. ഇപ്പോഴാണ് ത്രിവിക്രമൻ ശരിക്കും ഞെട്ടിയത്...
ദൈവമേ ജാഗ്വോർ XF സലൂണ്‍.ഇതിനു ചുരുങ്ങിയത് ഒരു 80 ലക്ഷം രൂപ എങ്കിലും കാണും. കാറുകളുടെ കാര്യത്തിൽ ത്രിവിക്രമൻ ഒരു വിക്കിപീഡിയ തന്നെയാണ്...
ഡ്രൈവർ പുറത്ത് ഇറങ്ങി ഭവ്യതയോടെ പുറകിലെ വാതിൽ തുറന്നു കൊടുത്തു... പക്ഷെ ഡ്രൈവറുടെ കയ്യിൽ നിന്നും കീ വാങ്ങി ചെറുപ്പക്കാരൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി. കാർ കുതിച്ചു പാഞ്ഞു.
************************
മറൈൻ ഡ്രൈവിന്റെ അടുത്ത് എല്ലാരെയും ഇറക്കിയതിനു ശേഷം എന്റെ കേരളം വണ്ടി തിരിച്ചു.
ചാരൻ ചോദ്യഭാവത്തിൽ നോക്കി. ബാലേട്ടൻ ചോദിച്ചു: എങ്ങോട്ടാ....
ഒരു ചെറിയ പ്രശ്നമുണ്ട്...
എന്ത് പ്രശ്നം? അഷ്ഫർ ചോദിച്ചു.
എന്റെ കേരളം: അതേ നമ്മൾ ഇങ്ങോട്ട് വരുന്ന വഴിയില് ഒരു ലേഡി നിക്കുന്നുണ്ടായിരുന്നൂ... നിങ്ങളാരേലും ശ്രദ്ധിച്ചോ?
ബാലേട്ടൻ: ഇല്ലാ..!
എന്റെ കേരളം: അതേ .. ഞാൻ ശ്രദ്ധിച്ചു. ഞാൻ പറഞ്ഞിട്ടില്ലേ ബാലേട്ടാ....ലിഫ്റ്റ്‌ ചോദിക്കുന്നവർ എന്റെ വലിയ വീക്ക്‌നസ്സാണ് ...
ബാലേട്ടൻ: അതിനു ആ കുട്ടി ലിഫ്റ്റ്‌ വേണം ന്നു തന്നോട് എപ്പോഴാ പറഞ്ഞെ?
എന്റെ കേരളം: അതൊക്കെ പറയണോ ബാലേട്ടാ...ആ കുട്ടിക്ക് ഒരു ലിഫ്റ്റ്‌ വേണം-ന്നു ആ കണ്ണുകൾ എന്നോട് മന്ത്രിക്കുന്നുണ്ടായിരുന്നൂ... ഞാൻ ഒന്ന് നോക്കിയിട്ട് ഇപ്പൊ വരാം...നിങ്ങള് ബ്രേക്ക് ഫാസ്റ്റ് ഒക്കെ കഴിച്ചു... ഒന്ന് റെഡിയായിക്കോ...
ബാലേട്ടൻ: എടൊ ഈക്കെ... തന്നെ ഇറക്കാൻ ഞങ്ങൾ പോലീസ് സ്റ്റേഷനിൽ കയറേണ്ടി വരുമോ?
 എന്റെ കേരളം: ബാലേട്ടൻ ഒന്നിങ്ങു വന്നേ ..ആ ചെവി ഇങ്ങു കാട്ടിക്കെ..
എന്താടാ
ബാലേട്ടാ...രാവിലെ കണ്ട സ്വപ്നം.. ഓർമ്മ ഇല്ലേ? വല്ലോം നടക്ക്വോ എന്ന് നോക്കട്ടെ... എന്താ?
ബാലേട്ടനെ നോക്കി കണ്ണിറുക്കിയതിനു ശേഷം എന്റെ കേരളം വണ്ടി തിരിച്ചു വിട്ടു.
ഹൈവയിലേക്ക് കയറിയപ്പോൾ അയാൾ വണ്ടി ഒതുക്കിയിട്ടു. 
പെട്ടന്ന് ഫോണ്‍ ശബ്ദിച്ചു. എന്റെ കേരളം ചെവിയോർത്തു.
സാർ നമ്മുടെ കക്ഷി ഹൈവെയീലെക്ക് കയറിയിട്ടുണ്ട്... ഇപ്പൊ അവിടെ എത്തും. 
എന്റെ കേരളം പുറത്തേക്ക് ഇറങ്ങി..അകലെ നിന്നും ഒരു ഇരമ്പലോടെ പാഞ്ഞു വരുന്ന ജാഗ്വോർ അയാൾ കണ്ടു. അത് അടുത്ത് എത്തിയപ്പോൾ അയാൾ റോഡിലേക്ക് കയറി നിന്നു.
കുതിച്ചു വന്ന കാർ പതുക്കെ സ്ലോ ചെയ്തു....എന്റെ കേരളം ഡ്രൈവറുടെ അടുത്തേക്ക് നടന്നു...
ഡ്രൈവിംഗ് സീറ്റിലെ വിൻഡോയിലൂടെ അകത്തേക്ക് ഉറ്റുനോക്കി എന്റെ കേരളം പറഞ്ഞു
അര്ജ്ജുനൻ നമ്പൂതിരി! ന്താ ഈ കാണണേ! നോം ഇത്രയങ്ങട് പ്രതീക്ഷിച്ചില്ല്യാ..തിരുമേനി ശരിക്കും ഞെട്ടിച്ചു കേട്ടോ...
കാറിന്റെ വിന്ഡോയിലൂടെ തല പുറത്തേക്കിട്ടു ചെറുപ്പക്കാരൻ പറഞ്ഞു:.
ഈക്കെ ... എന്റെ സ്വകാര്യതയിൽ ഇടപെടാതിരിക്കുന്നതാവും ബുദ്ധി..
ചെറുപ്പക്കാരനെ ഒരു നിമിഷം ഉറ്റു നോക്കിയതിനു ശേഷം എന്റെ കേരളം പറഞ്ഞു:
അർജ്ജുനൻ നമ്പൂതിരി അല്ല...! Mr.ഡിങ്കൻ ... The uncrowned don, the undercover drug lord of south India ...the best brain in the business. But your game is over! താങ്കളെ അറസ്റ്റ് ചെയ്യാൻ കഴിയുക എന്നത് എനിക്ക്, നാർക്കോട്ടിക്ക് CID വിനോദ് കുമാറിന് ഒരു ബഹുമതിയാണ്. ഇങ്ങനെ ഒരു അവസരം തന്നതിന് വളരെ നന്ദി...
ഈക്കെ, Can I buy you off? ഈ ബാഗിലെ 2 കോടി രൂപ.. അത് താൻ എടുത്തോ...
What about those cute blue transparent crystals? Methamphetamine! മേഥ് എന്ന പേരിൽ അന്താരാഷ്‌ട്രകമ്പോളത്തിൽ പ്രശസ്തമായ ന്യൂ   മെക്സിക്കൻ ഡ്രഗ്! ഫസ്റ്റ് ടൈം ഇൻ ഏഷ്യ!  അതിന്റെ വില 100 കോടിയോളം വരും.
പക്ഷെ നിന്റെ കൂലിക്കാരന് പിഴച്ചു. ഹോട്ടലിൽ ബാഗ് മാറി! അത് തിരിച്ചു പിടിക്കാൻ നിനക്കീ നാടകം കളിക്കേണ്ടി വന്നു. അര്ജ്ജുനൻ നമ്പൂതിരിയായി നിനക്ക് വേഷം കെട്ടേണ്ടി വന്നു.  കൊച്ചിയിലെ ഗ്ലാമർ വേൾഡിൽ നടക്കുന്ന ഡ്രഗ് ഡീല്സ് നിരീക്ഷിക്കാൻ ചുമതലപ്പെട്ട എന്റെ കയ്യിൽ പക്ഷെ വളരെ യാദൃശ്ചികമായി നീ വന്നു വീഴുകയായിരുന്നൂ...!
എന്റെ കേരളത്തിന്റെ കയ്യിൽ പെട്ടന്ന് ഒരു റിവോൾവർ പ്രത്യക്ഷപ്പെട്ടു... അത് ഡിങ്കന്റെ താടിയിൽ മുട്ടിച്ചു കൊണ്ട് അയാൾ പറഞ്ഞു:
മിസ്റ്റർ ഡിങ്കൻ ...Come and join me. We are going to take a small trip. പാലക്കാട്ടെ ഇല്ലത്ത് നിന്നും കൊച്ചിയിൽ സിനിമാ ക്യാമ്പിൽ ജോയിൻ ചെയ്യാൻ വേണ്ടി പുറപ്പെട്ട സാക്ഷാൽ അർജുനൻ നമ്പൂതിരിയെ താങ്കൾ തട്ടിക്കൊണ്ട്പോയി പാർപ്പിച്ചിരിക്കുന്ന സ്ഥലം, അത് കൂടെ കാട്ടിത്തന്നാൽ നമ്മുടെ ഈ നാടകം നമുക്ക് ഇവിടെ അവസാനിപ്പിക്കാം...
എന്റെ കേരളത്തിനെ അനുസരിച്ച് കൊണ്ട് വണ്ടിയിലേക്ക് കയറുമ്പോ ഡിങ്കൻ ചോദിച്ചു: അണ്ടർ കവർ കോപ്പ്! കേമായീട്ടോ... ഈക്കെ.. അല്ല... വിനോദ് കുമാര്...തന്നെ സമ്മതിച്ചു.. അല്ല ഇതെങ്ങിനെ ഒപ്പിച്ചു? ഈ ട്രാപ്പ്."
ഡിങ്കന്റെ കൈകളിൽ വിലങ്ങണിയിച്ചുകൊണ്ട് എന്റെ കേരളം പറഞ്ഞു: സാക്ഷാൽ അർജുനൻ നമ്പൂതിരി എന്റെ കോളേജ് മേറ്റ്‌ ആയിരുന്നൂഷ്ടാ ...
*********************
സന്ദർശകറെജിസ്റ്ററിൽ പേര് എഴുതിയതിനു ശേഷം ബ്രൂട്ടു ലെയിക്ക് പ്ലാസിഡിന് അകത്തേക്ക് പ്രവേശിച്ചു.
സിനിമാസംഘത്തിന്റെ 7/13/3 ഫ്ലാറ്റ് അടഞ്ഞു കിടക്കുന്നു. കൂടെ വന്ന സെക്യൂരിറ്റി ഗാർഡ് ചോദ്യഭാവത്തിൽ ബ്രൂട്ടുവിനെ നോക്കി.
ഒരു പുസ്തകം കയ്യിലെടുത്ത് ഇടനാഴിയിലെ ബഞ്ചിൽ ഇരുന്ന ശേഷം ബ്രൂട്ടു പറഞ്ഞു: അരമണിക്കൂർ ഞാൻ ഇവിടെ വെയിറ്റ് ചെയ്തോട്ടെ? ദൂരെ നിന്നും വരികയാണ്.
തലയാട്ടി, ഗാർഡ് ലിഫ്റ്റിലേക്ക് കയറി താഴേക്ക് ഇറങ്ങി. ബ്രൂട്ടു പതുക്കെ എഴുന്നേറ്റു. തന്റെ ബാഗ് തുറന്ന് electro magnetic frequency meter പുറത്തെടുത്തു... പിന്നെ അത് പ്രവർത്തിപ്പിച്ചുകൊണ്ട് 7/13/3-യെ സമീപിച്ചു. ഫ്രന്റ്‌ ഡോറിന് സമീപം അൽപ്പസമയം നിന്നതിനു ശേഷം അയാൾ ഇടനാഴിയിലൂടെ ഫ്ലാറ്റിനു സമാന്തരമായി കുറച്ചു ദൂരം നടന്നു. നിരാശയായിരുന്നൂ ഫലം. ഉപകരണത്തിലെ സൂചി അനക്കമില്ലാതെ കിടന്നു.
ബ്രൂട്ടു തിരിച്ചു വന്നു വീണ്ടും ബഞ്ചിൽ ഇരുന്നു. ഉപകരണം അരികിൽ വച്ച് സാത്തിനെ വിളിക്കാൻ ഫോണ്‍ എടുക്കാൻ തുടങ്ങിയപ്പോഴാണ് അയാൾ അത് കണ്ടത്....അതിവേഗതയിൽ ചലിക്കുന്ന സൂചി! EMF meter is on fire!!!
ലിഫ്റ്റിന്റെ വാതിൽ തുറന്നു. കുഞ്ഞമ്മു പുറത്തേക്ക് വന്നു. ബ്രൂട്ടു ചാടി എഴുന്നേറ്റു.
കുഞ്ഞമ്മുവിന്റെ നടത്തത്തിന്റെ വേഗത പെട്ടന്ന് കൂടി. ഒരു നിമിഷം കൊണ്ട് അവൾ ബ്രൂട്ടുവിനു മുന്നിലെത്തി. അയാളെ പൊക്കി എടുത്തു.. 
പിന്നെ പടവുകൾ കയറാൻ തുടങ്ങി... ഏതാനും നിമിഷങ്ങൾ കൊണ്ട് നാല് നിലകൾ കയറി  അവൾ പതിനൊന്നാം നിലയിലെ ടെറസിൽ പ്രവേശിച്ചു.
ഒരു നിമിഷം അവൾ ബ്രൂട്ടുവിന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു. ഒരു വേട്ടമൃഗത്തിന്റെ മാനസികാവസ്ഥയോടെ ബ്രൂട്ടു കുഞ്ഞമ്മുവിന്റെ കൈകളിൽ ഞരീഞ്ഞു.
അവൻ താഴോട്ടു നോക്കി.. തലകറങ്ങുന്നു....ഒരു മയക്കത്തിലേക്ക് വീഴുകയാണ് ...
**********************
ബ്രൂട്ടു പതുക്കെ കണ്ണുകൾ തുറന്നു.

ശരീരമാകെ നല്ല വേദന തോന്നുന്നു. താൻ എവിടെയാണ്?
അവൻ പെട്ടന്ന് ചാടി എഴുന്നേറ്റു...
ഒരു മുറിയിൽ കട്ടിലിൽ കിടക്കുകയാണ്....ഹോസ്പിറ്റലാണല്ലോ!

എങ്ങിനെ ഇവിടെ എത്തി? അവൻ കട്ടിലിൽ നിന്നും താഴെ ഇറങ്ങി.. പെട്ടന്ന് വാതിൽ തുറന്നു ഒരു ഡോക്ട്ടർ അകത്തേക്കു വന്നു. കൂടെ സാത്തും ബാലേട്ടനും.
ബാലേട്ടൻ പറഞ്ഞു: തനിക്ക് എഴുന്നേൽക്കാൻ ഒക്കെ കഴിയുന്നുണ്ടല്ലേ...ഭാഗ്യം. ഇവിടെ കൊണ്ട് വരുമ്പോ ബോധം ഉണ്ടായിരുന്നില്ലാ!
സാത്ത് അടുത്തേക്ക് വന്നിട്ട് ചോദിച്ചു: ബ്രൂട്ടു ...എന്താ ഉണ്ടായത്?
ഡോക്ടർ പറഞ്ഞു: ടെറസിൽ ബോധമില്ലാതെ കിടക്കുന്ന നിലയിലാണ് നിങ്ങളെ കണ്ടെത്തിയത്. ഭാഗ്യത്തിന് ലേറ്റ് ആയില്ല. you are now perfectly alright... could you tell us what exactly happened?
ഒറ്റ ശ്വാസത്തിൽ നടന്ന സംഭവങ്ങൾ ബ്രൂട്ടു വിവരിച്ചു. എല്ലാം കേട്ടപ്പോൾ ഒരു ദീർഘനിശ്വാസത്തോടെ ഡോക്ടർ പറഞ്ഞു: അവിശ്വസനീയമായിരിക്കുന്നൂ! നിങ്ങളീ പറഞ്ഞ പെണ്‍കുട്ടിയും ടെറസിൽ  ബോധം നശിച്ചു കിടക്കുന്നുണ്ടായിരുന്നൂ. അവൾ അപ്പുറത്തെ റൂമിലുണ്ട്...ബോധം തെളിഞ്ഞപ്പോൾ കുറച്ചു ഹിസ്റ്റീരിക്കലായി. മയങ്ങാനുള്ള മരുന്ന് കൊടുത്തു കിടത്തിയിരിക്കുകയാണ്.
ബ്രൂട്ടു ചോദിച്ചു: എനിക്കൊന്നു കാണാൻ പറ്റുമോ ഡോക്ടർ?
ഡോക്ടർ എഴുന്നേറ്റു, "അതിനെന്താ.. വരൂ.." അവർ മുറി വിട്ടു പുറത്തേക്കിറങ്ങി.
അവിടെ, പെണ്‍കുട്ടിയുടെ അടുത്ത് ഇരുന്നിരുന്ന സ്ത്രീ പതുക്കെ എഴുന്നേറ്റു. "എന്റെ മോളാ സാറേ. ഒരു രണ്ടു മാസമായി ഇങ്ങനെയാ...ചിലപ്പോ തോന്നും അവള് വേറെ ഏതോ ലോകത്താന്നു ... ചോദിച്ചാലും പറഞ്ഞാലും ഒരു മറുപടിയില്ല....വർത്തമാനം നിന്നു. വീട് പുലരുന്നത് ഇവള് പണി എടുത്തു കൊണ്ടുവരുന്ന കാശ് കൊണ്ടാ... ഭാഗ്യത്തിന് ഇപ്പോഴും പണിക്ക് പോകുന്നുണ്ട്... പക്ഷെ ഇതെന്തൊരു ജീവിതാ..." സ്ത്രീ കരയാൻ തുടങ്ങി...
ഡോക്ടർ അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് ചോദിച്ചു. "ഡ്യൂട്ടി സമയം അല്ലാതിരുന്നിട്ടും കുഞ്ഞമ്മു എന്തിനാ അപ്പാർട്ട്മെന്റിലെക്ക് പോയത്?"
സ്ത്രീ ഒന്നു മടിച്ചു. പിന്നെ പറഞ്ഞു തുടങ്ങി: ഇവൾക്ക് താഴെ ഒരുത്തനുണ്ട്... അവനു എഞ്ചിനീറിങ്ങിനു അഡ്മിഷൻ കിട്ടി. ആദ്യത്തെ ഫീസ്‌ അടക്കാനുള്ള പൈസ കയ്യിലുണ്ടായിരുന്നില്ല. വിവരങ്ങൾ അറിഞ്ഞപ്പോ അപ്പാർട്ടുമെന്റിലെ ഒരു മാഡം കുറച്ചു പൈസ തന്നു സഹായിക്കാം എന്നേറ്റിരുന്നൂ ...അത് വാങ്ങിക്കാൻ പോയതാ ന്റെ കുട്ടി...പക്ഷെ അന്യെഷിച്ചപ്പോൾ അറിഞ്ഞു അവളാ വീട്ടില് പോയതെ ഇല്ലാന്ന്...
മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ ബ്രൂട്ടു പറഞ്ഞു: ഓരോ ദിവസവും ഓരോ സംഭവങ്ങളാണല്ലോ. സാത്ത് പറഞ്ഞപ്പോൾ ഞാൻ ഇത്ര പ്രതീക്ഷിച്ചില്ല... നിങ്ങള്ക്ക് വിരോധമില്ലെങ്കിൽ, ഇന്ന് രാത്രി കൂടെ നിങ്ങളുടെ ഫ്ലാറ്റിൽ കുറച്ചു സമയം ചിലവഴിക്കാൻ എന്നെ അനുവദീക്കുമൊ?
ബാലേട്ടൻ: കുഴപ്പമില്ല...ഇതിപ്പോ സന്ധ്യയായല്ലോ... നമുക്ക് ഒന്നിച്ച് പോയ്ക്കളയാം....
പെട്ടന്ന് ബാലേട്ടൻറെ ഫോണ്‍ ശബ്ദിച്ചു. അഷ്ഫറാണ്. ബാലേട്ടാ... എവിടെയാ... പെട്ടന്ന് ഫ്ലാറ്റിലേക്ക് വരണം.
എന്താടാ?
കുഴപ്പമൊന്നുമില്ല... പെട്ടന്ന് വാ.....

***********************
ഫ്ലാറ്റിലെത്തിയപ്പോൾ അഷ്ഫറും ചാരനും കീലേരിയും ടീവീക്ക് മുന്നില് വായും പൊളിച്ച് ഇരിക്കുകയായിരുന്നു. എല്ലാവരെയും ഒന്ന് നോക്കി...സാത്ത് ചോദിച്ചു. തിരുമേനിയും എന്റെ കേരളവും എവിടെ?
അഷ്ഫർ പറഞ്ഞു: ചുംബനം അന്യേഷിച്ചു പോയ എന്റെ കേരളം ഇത് വരെ തിരിച്ചെത്തിയിട്ടില്ല... പക്ഷേ നമ്മുടെ തിരുമേനിയെ ഇതാ ടീവീലെടുത്തു...!
ടീവീല് എടുക്കാനോ?
ചാരൻ എഴുന്നേറ്റു. അയാൾ പറഞ്ഞു: അത് തിരുമേനി ആയിരുന്നില്ല. യഥാർഥ അർജുനൻ നമ്പൂതിരിയെ തട്ടിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ച് അയാൾക്ക് പകരം ഇവിടെ എത്തിയത് മയക്കു മരുന്നു സാമ്രാജ്യത്തിലെ ഒരു വലിയ പുള്ളി ആയിരുന്നു പോലും. Dinkan the Don!
അഷ്ഫർ: ഞങ്ങൾ മാറി എടുത്ത ആ ബാഗില് ഈ ഡിങ്കന്റെ 100 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നായിരുന്നുവത്രേ... അത് തിരിച്ചുപിടിക്കാനുള്ള സാഹസായിരുന്നൂ...ഇവിടുന്നു ബാഗും കൊണ്ട് ഇറങ്ങി രക്ഷപ്പെടുന്ന വഴി ഹൈവേ പോലീസ് പൊക്കീന്നാ ചാനലുകാരു പറേന്നെ...കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട !!
സാത്ത്: നമ്മുടെത് വെറും ഓണ്‍ലൈൻ പരിചയം മാത്രമാണെന്ന വസ്തുത ആ ഡോണ്‍ സമർഥമായി ഉപയോഗിക്കുകയായിരുന്നു! ഇപ്പൊ മനസ്സിലായില്ലേ... ബ്രൂട്ടു പറഞ്ഞ നെഗറ്റീവിറ്റി സത്യായിരുന്നൂന്ന്? ഇനി നമുക്ക് ധൈര്യായി പാരാനോർമൽ സംഭവം തുടങ്ങാം അല്ലെ.. ബ്രൂട്ടൂ?
ബ്രൂട്ടു തന്റെ ഉപകരണങ്ങൾ പുറത്തേക്ക് എടുക്കാൻ തുടങ്ങി.
പെട്ടന്ന് വാതിൽ തള്ളിത്തുറന്നു ന്റെ കേരളം അകത്തേക്ക് കയറി വന്നു... അയാൾ ഒറ്റശ്വാസത്തിൽ ചോദിച്ചു.
ശരിയാണോ.... ആ നമ്പൂതിരിയെ കുറിച്ച് കേട്ടത് ഒക്കെ ശരിയാണോ?
ബാലേട്ടൻ പറഞ്ഞു: ശരിയാണ് ഈക്കെ.. സിനിമ എടുക്കാൻ വന്ന നമ്മൾ സിനിമാക്കഥയേക്കാളും വിചിത്രങ്ങളായ സംഭവപരമ്പരകളിലൂടെയാണ് കടന്നു പോകുന്നത്... ഇതെവിടെ ചെന്ന് അവസാനിക്കും എന്ന് കണ്ടറിയണം...
സാത്ത്: അല്ല, എന്നിട്ട് യഥാർഥ അർജുനൻ നമ്പൂതിരി എവിടെ?
ചാരൻ: ചാനലുകാരു പറയുന്നത് അയാളുടെ ഇല്ലത്തൂന്ന് ആൾക്കാര് വന്നു കൂട്ടിക്കൊണ്ടോയീന്നാ...പുള്ളിയുടെ മൊബൈൽ ആണെങ്കിൽ സ്വിച്ച് ഓഫ്‌ ആണല്ലോ...
ന്റെ കേരളം: അതൊക്കെ പോലീസുകാര് വാങ്ങി വച്ചു കാണും. വിളിക്കാൻ ശ്രമിച്ച് വെറുതെ  കുഴിയിൽ .ചാടേണ്ട...
ബാലേട്ടൻ: അല്ല,.. ഇത് നമുക്ക് പുതിയ ഒരു കുരുക്കാവുമൊ? നമ്മുടെ ടീമിൽ ചേരാൻ വേണ്ടി ആയിരുന്നല്ലോ... ആ തിരുമേനി നാട്ടീന്നു പുറപ്പെട്ടത്... പിന്നെ ആ ഡ്രഗ്സ് ഉള്ള ബാഗ് കിട്ടിയത് ചാരനും അഷ്ഫരിനും ആണല്ലോ.... എന്താ ഇപ്പൊ ചെയ്ക.... ചാനലുകാരു എപ്പോ വേണെങ്കിലും കയറിവരാം....പുറകെ പോലീസുകാരും..
ന്റെ കേരളം: ബാലേട്ടാ... വിഷമിക്കണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല... നമ്മള് ക്ലിയർ ആണെന്ന് തോന്നുന്നു. SP ഇപ്പൊ കൊടുത്ത സ്റ്റേറ്റ്മെന്റ് കണ്ടില്ലേ... ഇപ്പറഞ്ഞ ഒന്നും മെൻഷൻ ചെയ്തിട്ടില്ല... അല്ലെങ്കിലും നമ്മള് കുറ്റമൊന്നും ചെയ്തിട്ടില്ലല്ലോ.. പിന്നെ എന്താ....
ബാലേട്ടൻ: അല്ല ഈക്കെ....താൻ എവിടെ ആയിരുന്നൂ... ലിഫ്റ്റ്‌ കൊടുക്കാൻ പോയിട്ട് സ്വപ്നം വല്ലോം ഫലിച്ചോ...
ന്റെ കേരളം: ഒന്നും പറയേണ്ട ബാലേട്ടാ... പുലർച്ചെ കാണുന്ന സ്വപ്‌നങ്ങൾ വല്ലവരോടും പറഞ്ഞാൽ പിന്നെ കുഴപ്പം തന്നെയാ.... ലിഫ്റ്റ്‌ കൊടുത്ത കുട്ടി എന്നെയും കൊണ്ട് ആദ്യം ആശുപത്രിയിലാ പോയത്... അവളുടെ അച്ഛൻ അവിടെ അഡ്മിറ്റ്‌ ആയിരുന്നൂ... പിന്നെ അയാളെ ഡിസ്ചാർജ് ചെയ്ത് വീട്ടില് കൊണ്ട് ചെന്നാക്കേണ്ടി വന്നൂ... ഒരു ഒന്നൊന്നര ദിവസമായിരുന്നൂ എന്റെ പൊന്നൂ.....ഹഹഹഹോഹോ...
ബ്രൂട്ടു പെട്ടന്ന് പുറത്തേക്ക് വന്നു... അയാളുടെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞിരുന്നൂ
ബ്രൂട്ടുവിന്റെ ഭാവമാറ്റം ശ്രദ്ധിച്ച സാത്ത് ചോദിച്ചു: എന്ത് പറ്റി ... any progress?
എല്ലാവരെയും ഒന്നു നോക്കി ബ്രൂട്ടു പറഞ്ഞു: വിശ്വസിക്കാൻ പറ്റുന്നില്ല... ! ആ നെഗറ്റീവ്‌ എലെമന്റ് .. അതിവിടെ തന്നെയുണ്ട്..... നമ്മുടെ ഇടയിൽ തന്നെ....ആ അപകടകാരി ഇപ്പോഴും നമ്മുടെ ഇടയിൽ തന്നെയുണ്ട്...!
(End of part 5)
Also Read
PART 1
PART 2
PART 3
PART 4 

No comments:

Post a Comment